വെയില്‍മഴയും കുറുക്കന്മാരും

ജോലി ചെയ്യാതെ വെറുതേയിരിക്കാന്‍ പറ്റിയ രീതിയിലാണു് എന്‍റെ ഓഫീസ് മുറിയുടെ സ്ഥാനം. ഒന്നാം നിലയില്‍ ബില്‍ഡിംഗ് ലോബിയോടു് ചേര്‍ന്നു്. വലിയ ചില്ലുജാലകത്തിലൂടെ പുറത്തേയ്ക്കു നോക്കിയാല്‍ ഓഫീസില്‍ വരുന്നവരേയും പോകുന്നവരേയും കാണാം. അങ്ങനെ പുറത്തേയ്ക്കു നോക്കിയിരുന്നപ്പൊഴോ, അതാ, വെയിലും മഴയും ഒരുമിച്ചു്!

മഴയും വെയിലുമുള്ളപ്പോള്‍ കുറുക്കന്‍റെ കല്യാണമാണെന്നു് അറിയാത്തവരാരുണ്ട്‌? മലയാളികളില്‍ ആരുമില്ല എന്നാണോ ഉത്തരം പറയാന്‍ പോകുന്നത്‌? എന്നാല്‍ കേട്ടോളൂ, ഇക്കഥ ലോകത്തിന്‍റെ പലേടങ്ങളിലും നിലവിലുണ്ടു്.

വെയിലുള്ളപ്പോഴുണ്ടാവുന്ന മഴയെ പല രാജ്യക്കാരും സണ്‍ഷവര്‍ എന്നാണു് വിളിക്കുക. സൂത്രക്കാരായതും അല്ലാത്തതുമായ ജന്തുക്കള്‍ കല്യാണം കഴിക്കുന്ന സമയമാണിതെന്നാണു് പലദേശങ്ങളിലേയും നാടോടിക്കഥകള്‍ പറയുന്നതു്. വെയില്‍മഴ വരുമ്പോള്‍ കുറുക്കന്മാരെ (fox) കല്യാണം കഴിപ്പിക്കുന്ന രാജ്യക്കാര്‍ അനവധിയാണു്.

അനുഷ്ഠാനരീതി എന്ന നിലയിലല്ലാതെ, ഭാഷാപ്രയോഗമായതിനാല്‍ രാജ്യാതിര്‍ത്തിക്കപ്പുറത്തേയ്ക്കു് വളര്‍ന്നു പടരുക എന്ന സവിശേഷതയാലാവാം കുറുക്കന്‍റെ കല്യാണത്തിനു് സാര്‍വ്വലൌകികത ലഭിച്ചിട്ടുണ്ടാവുക. അതിനാല്‍ത്തന്നെ ഓരോ രാജ്യത്തും ഈ പ്രയോഗം നിലവിലുള്ളതു് ഏതു് ഭാഷയിലാണു് എന്ന വസ്തുതയ്ക്കു് പ്രാധാന്യമുണ്ടു്.

ഇന്ത്യയില്‍ കേരളത്തില്‍ മാത്രമല്ല, ബംഗാളുള്‍പ്പടെ പലേടത്തും കുറുക്കക്കല്യാണത്തിന്‍റെ മുഹൂര്‍ത്തം വെയില്‍മഴ സമയം തന്നെ. കിറ്റ്സ്നേ എന്നു പേരുള്ള ജപ്പാന്‍ കുറുക്കന്‍ ആളു ചില്ലറക്കാരനല്ല. കല്യാണസമയം പതിവുപോലെ വെയിലും മഴയുമുള്ളപ്പോള്‍. അര്‍മീനിയയിലും (ഭാഷ: അര്‍മീനിയന്‍) ബള്‍ഗേറിയയിലും (ബള്‍ഗേറിയന്‍) കാലബ്രിയയിലും ഇറ്റലിയിലും (രണ്ടും ഇറ്റാലിയന്‍) ഫിന്‍ലാന്‍ഡിലും (ഫിന്നിഷ്) വെയില്‍മഴ കാണുമ്പോള്‍ കുറുക്കന്മാരെ ഓര്‍ക്കുന്നവരുണ്ടു്.

വെയിലും മഴയുമുള്ളപ്പോള്‍ കല്യാണം കഴിക്കുന്ന മറ്റു ജീവജാലങ്ങളില്‍ ദക്ഷിണാഫ്രിക്കയിലെയും (ഇംഗ്ലീഷ്) ക്രൊയേഷ്യയിലേയും (ക്രൊയേഷ്യന്‍) കുരങ്ങന്മാരും കുറുനരികളുമുണ്ടു്. അവരോടൊപ്പം കൂടുന്നവരില്‍, അറബിനാട്ടിലേയും (അറബിക്) ഫിന്‍ലാന്‍ഡിലേയും എലികളും ബള്‍ഗേറിയന്‍ കരടികളും കൊറിയയിലേയും (കൊറിയന്‍) ഉഗാണ്ടയിലേയും (റുറ്റൂറോ) കടുവകളും ആഫ്രിക്കന്‍ (സുളു) പുള്ളിപ്പുലികളും ഇറാന്‍ (അരാമിക്) പ്രദേശങ്ങളിലെ ചെന്നായ്ക്കളും സ്വഹീലി ഭാഷ സംസാരിക്കുന്ന ആഫ്രിക്കന്‍ പ്രദേശങ്ങളിലെ ആനകളും സിംഹങ്ങളും ഉള്‍പ്പെടും.

മൃഗങ്ങള്‍ മാത്രമല്ല ഈ നല്ല അവസരം വിനിയോഗിക്കുന്നതു്. ഫിലിപ്പൈന്‍സിലെ (ഫിലിപ്പിനോ) കുട്ടിച്ചാത്തനും (elf) റ്റിക്ബലാങും സ്പെയിനിലേയും പോര്‍റ്റൊ റികോയിലേയും (സ്പാനിഷ്) ദുര്‍മന്ത്രവാദിനികളും ഗ്രീസിലെ (ഗ്രീക്ക്) പാവപ്പെട്ടവരും അബ്‌ഖാസിയയിലെയും (അബ്‌ഖാസ്) വാനുവാറ്റുവിലേയും റ്റര്‍കിയിലേയും (ബിസ്‍ലാമ ഭാഷ) പിശാചുകളും (devils) ഇങ്ങനെ പുതുജീവിതം തുടങ്ങുന്നവരത്രേ. ‘ഞങ്ങള്‍ക്കും വേണ്ടേ ഒരു ജീവിതം’ എന്നു ചോദിച്ചുകൊണ്ടു് അര്‍ജന്‍റീനയിലേയും ഉറുഗ്വേയിലേയും (സ്പാനിഷ്) വൃദ്ധകളും ഈ സമയത്തു് കല്യാണം കഴിക്കാറുണ്ടെന്നാണു് വിശ്വാസം.

നമ്മുടേതു മാത്രമെന്നു കരുതിയ മറ്റൊരു പ്രയോഗം കൂടി ലോകത്തങ്ങോളമിങ്ങോളമുള്ളതാണെന്നു വന്നിരിക്കുന്നു. ഗ്ലോബലൈസേയ്ഷന്‍റെ ഓരോ മറിമായങ്ങളേ!

Published in:  on November 14, 2008 at 10:51 pm Comments (15)

വിഷ്വല്‍ സ്റ്റുഡിയോ മലയാളം CLIP

വിഷ്വല്‍ സ്റ്റുഡിയോ 2008 മലയാളം റ്റൂള്‍റ്റിപുകള്‍ കാണിക്കാനുതകുന്ന ക്യാപ്ഷന്‍സ് ലാംഗ്വേജ് ഇന്‍റര്‍ഫേയ്സ് പായ്ക്ക് (CLIP) പുറത്തിറങ്ങി. ഒന്നാം വേര്‍ഷനില്‍ ഭാഗികമായ ലോകലൈസേയ്ഷന്‍ ആണു് ലഭ്യമാവുക. വിദ്യാര്‍ത്ഥികളേയും സോഫ്റ്റ്‍വെയര്‍ ഡെവലപ്മെന്‍റ് തുടങ്ങുന്നവരേയും ഉദ്ദേശിച്ചുള്ളതാണു് ഈ പായ്ക്ക്. വിഷ്വല്‍ സ്റ്റുഡിയോയുടെ പൂര്‍ണ്ണമായ ഭാഷാ വേര്‍ഷന്‍ ലഭ്യമാക്കുന്നതിന്‍റെ മുന്നോടിയായി CLIP-നെ കാണാം.

സെന്‍റ്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യന്‍ ലാംഗ്വേജസിലെ ഒരു സംഘമാണു് മലയാളം ലോകലൈസേയ്ഷന്‍ സാക്ഷാത്കരിച്ചതു്. ഈ പായ്ക്ക് ഇവിടെ നിന്നും ഡൌണ്‍ലോഡു ചെയ്യാം.

ഫോട്ടോഗ്രാഫിക് ഓര്‍മ്മ

കുറേക്കാലം നാട്ടില്‍ നിന്നു മാറി നില്‍ക്കുന്നവര്‍ക്കു് നാട്ടിലെത്തുമ്പോള്‍ നൊസ്റ്റാള്‍ജിയയുടെ അസുഖം ഉണ്ടാകുന്നതു് സാധാരണയാണല്ലോ. ബൈക്കോടിക്കണം, കേയെസ്സാര്‍റ്റീസീ ബസ്സില്‍ യാത്ര ചെയ്യണം, രവിയണ്ണന്‍റെ കടയില്‍ തയ്ച്ചെടുത്ത ഉടുപ്പിടണം, കുട്ടനാശാനെക്കൊണ്ടു് മുടിവെട്ടിപ്പിക്കണം, പാടത്തെ ചെളിയില്‍ ചവുട്ടി നടക്കണം, പണ്ടു തെക്കുവടക്കു നടക്കുമ്പോള്‍ മൈന്‍ഡു ചെയ്യാതിരുന്ന ഹിന്ദിറ്റീച്ചറെക്കാണുമ്പോള്‍ താണുവണങ്ങി ബഹുമാനിക്കണം, പഠിച്ച പ്രൈമറി സ്കൂളിന്‍റെ മുറ്റത്തു ചെന്നു നിന്നിട്ടു്, ‘ഇവിടെയായിരുന്നു തുടക്കം’എന്നതിശയിക്കണം തുടങ്ങിയ സാദാ ആഗ്രഹങ്ങള്‍ക്കുപരി മറ്റൊരു അത്യാഗ്രഹം കൂടി മനസ്സില്‍ വച്ചാണു് ഏകദേശം ഒമ്പതുവര്‍ഷങ്ങള്‍ക്കു മുമ്പു് ഞാന്‍ തിരുവനന്തപുരത്തു് പറന്നിറങ്ങിയതു്.

അമേരിക്കയില്‍ വന്ന ആദ്യകാലത്തു് ഏതൊരു കെട്ടിടം കണ്ടാലും അതിനുമുന്നില്‍ ഞെളിഞ്ഞു നിന്നു പടമെടുക്കുക എന്നതു് മറ്റുപലരേയും പോലെ എന്‍റേയും ബലഹീനതകളില്‍ ഒന്നായിരുന്നു. നാട്ടിലുള്ളവര്‍ക്കുകൂടി പരിചിതമായ സ്ഥലമോ സ്ഥാപനമോ മറ്റോ ആണെങ്കില്‍ പറയുകയും വേണ്ട. വേള്‍ഡ് റ്റ്രേഡ് സെന്‍റര്‍, വൈറ്റ് ഹൌസ്, നയാഗ്രാ വെള്ളച്ചാട്ടം എന്നിവയുടെയൊക്കെ അറ്റത്തു ചെന്നു നിന്നു് പടം പിടിച്ചു് പടം പിടിച്ചാണു് ആരംഭിച്ചതെങ്കിലും അതൊരു ജ്വരമായി മാറുമെന്നു കരുതിയിരുന്നില്ല. എഡിസന്‍, ഗ്രഹാം ബെല്‍ എന്നിവരുടെ പരീക്ഷണശാലകളിലൂടെ, അറ്റ്ലാന്‍റിക് സിറ്റിയിലെ റ്റാജ്മഹല്‍ കസീനോയിലൂടെ, ഹാര്‍വേഡ്, പ്രിന്‍സ്റ്റണ്‍ യൂണിവേഴ്സിറ്റികളിലെത്തിയപ്പോഴാണു് ഐഡിയ ഉദിക്കുന്നതു്. അഥവാ, അത്രയും താമസിച്ചേ ഐഡിയ ഉദിച്ചുള്ളൂ: എന്തുകൊണ്ടു് കേരള യൂണിവേഴിസ്റ്റി കെട്ടിടത്തിനു മുന്നില്‍ നില്‍ക്കുന്ന പടം ആയിക്കൂട?

ഒരുവട്ടം കൂടി ഓര്‍മ്മകള്‍ നിറയുന്ന കലാലയ തിരുമുറ്റങ്ങളില്‍ തിരുച്ചുപോയി അവിടെ നിന്നു് ഫോട്ടോ എടുക്കണം എന്നു് ഓയെന്‍‍വിക്ക് തോന്നിയ അതേ മോഹം തന്നെയാണു് എനിക്കുമുണ്ടായിരുന്നതു്. പല രൂപത്തില്‍, പല ഭാവത്തില്‍. ഒരു കാല്‍ മടക്കി തൂണില്‍ ചാരി നിന്നു് അകലേയ്ക്കു നോക്കുന്ന പോസ്, കൈവരിയില്‍ കയറിയിരുന്നു വിദൂരതയില്‍ കണ്ണുനട്ടു് ചിന്തിക്കുന്ന പോസ്, നീണ്ട ഇടനാഴിയിലൂടെ ഒറ്റയ്ക്കു ക്യാമറയ്ക്കു പുറം തിരിഞ്ഞു് നടക്കുന്ന പോസ്, രാജാരവിവര്‍മ്മ ബോയ്സ് ഹൈസ്കൂള്‍ എന്നും മാര്‍ ഈവാനിയോസ് കോളജ് എന്നും എഴുതിവച്ചിരിക്കുന്നതു കൂടി ഫ്രെയിമില്‍ വരത്തക്ക വിധത്തിലുള്ള പോസ്…

നാട്ടിലുണ്ടായിരുന്ന കാലത്തൊന്നും തോന്നാതിരുന്ന ആഗ്രഹമാണിതു്. ഫീസടയ്ക്കാനും, അടച്ച ഫീസിലെ തെറ്റു തിരുത്താനും, ഹോള്‍റ്റിക്കറ്റു വാങ്ങാനും, ഡിഗ്രി സേര്‍ട്ടിഫിക്കറ്റിന്‍റെ ഡ്യൂപ്ലിക്യേറ്റും റ്റ്രിപ്ലിക്യേറ്റും സംഘടിപ്പിക്കാനും, വെറുതേ ചെന്നിരിക്കാനും, തുടങ്ങി എത്രയോ തവണ പോയിട്ടും ഇന്നേ വരെ യൂണിവേഴ്സിറ്റിയുടെ ഫോട്ടോ എടുത്തിട്ടില്ല. ഇനി പടമെടുക്കണമെന്നു തോന്നിയിരുന്നെങ്കില്‍ത്തന്നെ, കയ്യില്‍ ക്യാമറയില്ലായിരുന്നു. ആയുധം കയ്യിലില്ലാത്തോന്‍, അങ്കക്കളത്തിലാണെങ്കിലും, അടരാടുന്നതെങ്ങനെ?

ഒരു ഞായറായാഴ്ച വൈകുന്നേരം ഒരുങ്ങിക്കെട്ടി കേരള യൂണിവേഴ്സിറ്റിയുടെ പാളയം ക്യാമ്പനിനു മുന്നില്‍ ചെന്നിറങ്ങി. തിരക്കില്ലാതെ സൌകര്യപ്രദമായി പടമെടുക്കാനാണു് ഞായറായാഴ്ച തെരഞ്ഞെടുത്തതു്. സന്ധ്യമയങ്ങും നേരം. നഗരച്ചന്ത, പക്ഷേ, പിരിയാറായിട്ടില്ല. ഗേയ്റ്റ് കടന്നു് ഇടതു വശത്തേയ്ക്കു് മാറി നിന്നു്, അന്തിവെയിലില്‍ കുളിച്ചു നില്‍ക്കുന്ന യൂണിവേഴ്സിറ്റി കെട്ടിടത്തിന്‍റെ പൌഢഭംഗി ക്യാമറയിലേയ്ക്കു് ആവാഹിച്ചു തുടങ്ങിയതും ഒരു മൊരടന്‍ അലര്‍ച്ച കാതുകളില്‍ വന്നു പതിച്ചു:

“ടേയ്… നിര്‍ത്തടേയ്‌!”

എന്നോടായിരിക്കില്ല എന്നുറപ്പുണ്ടായിരുന്നതിനാല്‍ തിരിഞ്ഞു നോക്കാന്‍ മെനക്കെട്ടില്ല. ഇന്നത്തെപ്പോലെ ഡിജിറ്റല്‍ ക്യാമറയൊന്നും ഉള്ള കാലമല്ല. വ്യൂഫൈന്‍ഡറിലൂടെ നോക്കിയുറപ്പിച്ചു് ആവശ്യമുള്ള ഭാഗങ്ങളെല്ലാം പടത്തില്‍ വരുമെന്നുറപ്പാക്കി ക്ലിക്കാന്‍ തയ്യാറായി നില്‍ക്കുമ്പോഴാരെങ്കിലും ‘എടേ പോടേ’ വിളിക്കു വിളികേള്‍ക്കുമോ?

“ടേയ്… നെനക്കു് കേക്കാന്‍ വയ്യേടേയ്? ഇവ്ട ഫോട്ടോ എടുത്തൂടന്നു് എഴ്ത്യേക്കണതു് നെനക്കു് കണ്ടൂടേടേയ്? ടേയ്, ടേയ്, ടേയ്!”

ഞാന്‍ തിരിഞ്ഞു നോക്കി. അതാ, യൂണിവേഴ്സിറ്റി മുറ്റത്തൊരു സെക്യൂരിറ്റി ഗാര്‍ഡ്.

“എന്താ, എന്താ ഞാന്‍ പടമെടുത്താലു്” എന്നു് നാഗവല്ലി സ്റ്റൈലില്‍ ചോദിക്കാനൊരുങ്ങിയതാണു്. എന്നാല്‍ ആവേശം അടക്കി, ഗൌരവം വിടാതെ ഞാന്‍ ചോദിച്ചു: “അതൊക്കെ ഓരോ അനാവശ്യ നിയന്ത്രണങ്ങളല്ലേ? ഒരു ഫോട്ടോ എടുത്തെന്നു വച്ചു് എന്താവാനാ?”
“എന്തായാലും ഇവിടെ പടമെടുക്കാന്‍ ഞാന്‍ സമ്മതിക്കില്ല.” സെക്യൂരിറ്റി ഗാര്‍ഡ് വിട്ടുതരുന്നില്ല.
“ചേട്ടന്‍ ഇങ്ങനെ ചൂടായാലോ? പരിഹാരമില്ലാത്ത പ്രശ്നമൊന്നുമില്ലല്ലോ.” ഞാന്‍ സോപ്പിടലിന്‍റെ വഴിയിലായി.
“ചേട്ടനാ? നെനക്കൊക്കെ തോന്നുമ്പം തരാതരം പോലെ വിളിക്കാനൊരു പേരാണല്ലു് ചേട്ടാന്നു്. ഒന്നു് പോടാ വെറുതെ.”

അതു ന്യായം. അദ്ദേഹത്തിനു് കുറഞ്ഞതു് ഒരു അമ്പതു വയസ്സു തോന്നിക്കും. അമ്പതുകാരനെ ചേട്ടാന്നു വിളിക്കുന്നതു് ഫീല്‍ ചെയ്യത്തക്ക വിധമുള്ള അപരാധമാണു് എന്നു ഞാന്‍ മനസ്സിലാക്കി.

ഏതായാലും ഇനി അധികം നിന്നാല്‍ പന്തികേടാവുമെന്നു മനസ്സിലായി. പതിയെ മുങ്ങുകതന്നെ. അതിനിടയില്‍ ‘ഗാര്‍ഡ് ചേട്ടന്‍റെ’ ഒരു സഹായി കൂടി എത്തിച്ചേര്‍ന്നു. ചേട്ടന്‍ സഹായിയോടു് കാര്യങ്ങളുടെ കിടപ്പു് ധരിപ്പിച്ചു. സഹായി എന്നോടു വന്നു പറഞ്ഞു:

“നിങ്ങള്‍ ഗേറ്റിനു പൊറത്തു പോണം. ഞങ്ങക്കു് വേറേ പണീണ്ടു്.”

പിന്നൊന്നും ആലോചിച്ചില്ല. ഞാന്‍ തിരിച്ചു് ഒരു നടത്തമല്ലായിരുന്നോ! നാളിതുവരെ ആള്‍ക്കാര്‍ കൈവയ്ക്കാത്ത തങ്കപ്പെട്ട ശരീരമാണു്. ഒരു പടത്തിനു വേണ്ടി എന്തിനു ആ റെക്കോഡ് തിരുത്തണം? പഠിച്ച യൂണിവേഴ്സിറ്റിയുടെ മുന്നില്‍ നിന്നു് പടം പിടിക്കണമെന്ന മോഹം തല്ക്കാലം ഉപേക്ഷിച്ചു തടികേടാക്കാതെ മടങ്ങുകതന്നെ.

ഈ സംഭവത്തിനു ശേഷം, കേരള യൂണിവേഴ്സിറ്റിയുടെ വെബ്സൈറ്റില്‍ കണ്ട ഒരു ഈ-മെയില്‍ അഡ്രസ്സിലേയ്ക്കു് ഞാനൊരു കത്തെഴുതി. പഠിച്ച യൂണിവേഴ്സിറ്റിയുടെ മുന്നില്‍ നിന്നും പടമെടുക്കണമെന്നതു് ഏതൊരു വിദ്യാര്‍ത്ഥിയുടേയും ആഗ്രഹമാണെന്നും അതിനാല്‍ കെട്ടിടങ്ങളുടെ പടമെടുക്കരുതു് എന്ന നിര്‍ദ്ദേശം പിന്‍‍വലിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു ആ കത്തു്. കത്തിനു യഥാസമയം മറുപടി വന്നു. തല്ക്കാലം നിര്‍ദ്ദേശം പിന്‍‍വലിക്കാന്‍ ഉദ്ദേശമില്ലെന്നും എന്നാല്‍ യൂണിവേഴ്സിറ്റി കെട്ടിടങ്ങളുടെ ഫോട്ടോ ലഭ്യമാക്കാന്‍ ഉടന്‍ നടപടി എടുക്കുന്നുണ്ടു് എന്നു കാണിച്ചുമായിരുന്നു മറുപടി.

ചില ചില്ലറ തിരക്കുകളില്‍ കുടുങ്ങിപ്പോയതിനാല്‍ കഴിഞ്ഞ ഒമ്പതു വര്‍ഷത്തിനിടയില്‍ നാളിന്നേവരെ ഈ സംഭവം ഫോളോ-അപ് ചെയ്യാന്‍ സാധിച്ചില്ല. (സോറി!) കേരള യൂണിവേഴ്സിറ്റി തന്ന ഉറപ്പു് പാലിച്ചിട്ടുണ്ടു് എന്നു് നിങ്ങളെ അറിയിക്കാന്‍ ഒരു പൂര്‍വ്വവിദ്യാര്‍ത്ഥി എന്ന നിലയില്‍ എനിക്കു് അതിയായ സന്തോഷമുണ്ടു്. യൂണിവേഴ്സിറ്റിയുടെ വെബ്സൈറ്റില്‍ പോയാല്‍, ഫോട്ടോ ഗ്യാലറിയാണു് മറ്റെന്തിനേക്കാളും മുന്നേ ഇപ്പോള്‍ നമ്മുടെ കണ്ണില്‍ പെടുന്നതു്.


(ഫോട്ടോ: കേരള യൂണിവേഴ്സിറ്റിയുടെ വെബ്സൈറ്റ് ഹോം പേയ്ജ്. കടപ്പാടു്: കേരള യൂണിവേഴ്സിറ്റി)

യൂണിവേഴ്സിറ്റി ഡിപാര്‍ട്മെന്‍റുകളുടെ ഹൈ-റെസല്യൂഷന്‍ പടം എന്ന പൂര്‍വ്വവിദ്യാര്‍ത്ഥികളുടെ ചിരകാല സ്വപ്നം സാദ്ധ്യമാക്കിയ കേരള യൂണിവേഴ്സിറ്റിയെ എത്ര അഭിനന്ദിച്ചാലാണു് മതിയാവുക? പടങ്ങളെടുക്കാന്‍ ശ്രമിച്ചു് ജീവനും കൊണ്ടോടിയിട്ടുള്ള എന്നെപ്പോലെയുള്ളവര്‍ മാത്രമല്ല, വിദ്യാലയ കെട്ടിടങ്ങളുടെ പടങ്ങളില്‍ താല്പര്യമുള്ള വരുംതലമുറയും കേരള യൂണിവേഴ്സിറ്റിയോടു് എന്നെന്നും കടപ്പെട്ടിരിക്കും. ഈ പടങ്ങള്‍ യഥേഷ്ടം ഡൌണ്‍ലോഡു ചെയ്യാന്‍ അനുവദിക്കുവഴി, കേരള യൂണിവേഴ്സിറ്റി തങ്ങളുടെ വിശാലമനസ്കതയും ഓപണ്‍ സോഴ്സിനോടുള്ള അനുഭാവവും തെളിയിച്ചു കഴിഞ്ഞു. വിദൂരദേശങ്ങളിലിരുന്നുകൊണ്ടു് യൂണിവേഴ്സിറ്റിയില്‍ നിന്നും കറസ്പോന്‍റന്‍സ് വഴി പഠിച്ചവര്‍ക്കു്, അവര്‍ ഒരിക്കല്‍ പോലും തിരുവനന്തപുരം സന്ദര്‍ശിച്ചിട്ടില്ലെങ്കിലും, ഈ ഫോട്ടോകള്‍ ഡിജിറ്റലി മാറ്റി താന്താങ്ങളുടെ ഡിപാര്‍ട്മെന്‍റിന്‍റെ മുന്നിലും വരാന്തയിലും മറ്റും നില്‍ക്കുന്ന പടമുണ്ടാക്കുക എന്നതു് ഇപ്പോള്‍ സാദ്ധ്യമായിരിക്കുന്നു. ഈ മാറ്റത്തിനു വഴിയൊരുക്കുക വഴി ഒമ്പതു കൊല്ലങ്ങള്‍ കൊണ്ടു് കേരളത്തിലെ മറ്റേതു സ്വയംഭരണ സ്ഥാപനത്തേക്കാളും അഭിമാനാര്‍ഹമായ നേട്ടമാണു് കേരള യൂണിവേഴ്സിറ്റിയ്ക്കുണ്ടായിരിക്കുന്നതു് എന്നതില്‍ രണ്ടഭിപ്രായമില്ല. എല്ലാം തുടങ്ങി വച്ചതു് ഈയുള്ളവന്‍റെ ഫോട്ടോഗ്രഫി ശ്രമമാണെന്നതു് ഈ മുന്നേറ്റത്തിനു് രത്നശോഭയേകുന്നു.

വരും കാലങ്ങളിലും, കേരളത്തിലെ ഉന്നതവിദ്യാഭ്യാസ രംഗത്തു് സമൂലപരിവര്‍ത്തനങ്ങള്‍ക്കു് നാന്ദികുറിച്ചേക്കാവുന്ന, ചെറുതെങ്കിലും പ്രാധാന്യമേറിയ ഇത്തരം ഇടപെടലുകള്‍ നടത്താനുള്ള എന്‍റെ സന്നദ്ധതയ്ക്കുള്ള പ്രതിജ്ഞ പുതുക്കിക്കൊണ്ടു് ഈ കുറിപ്പു് അവസാനിപ്പിക്കുന്നു.

(എന്‍. ബി. കുമാറിന്‍റെ യൂണിവേഴ്സിറ്റി കോളേജ് എന്ന പോസ്റ്റ് വായിച്ചപ്പോള്‍ ഓര്‍മ്മ വന്ന ഒരനുഭവം.)

Published in:  on October 23, 2008 at 2:21 am Comments (11)

സമാധാനം, പ്രിയേ!

നിങ്ങളെന്തിനാ ഇല്ലാത്ത സമയം ഉണ്ടാക്കി ഇങ്ങനെ ബ്ലോഗെഴുതുന്നതു് എന്നു് ഭാര്യയുടെ സംശയം. ഞാനങ്ങനെ ഇല്ലാത്ത സമയം ഉണ്ടാക്കുന്നില്ലല്ലോ എന്നു് എന്‍റെ ഉത്തരം. എന്തായാലും ചീട്ടുകളിച്ചു കളയുന്ന സമയം വല്ലതും രണ്ടക്ഷരം എഴുതുന്നതു് നല്ലതു തന്നെ എന്നു് ഭാര്യ. ഇതെഴുതിയിട്ടും ചീട്ടുകളി കുറയാത്തതില്‍ എനിക്കു് സന്തോഷം.

ഇതൊക്കെ ആരേലും വായിക്കുന്നുണ്ടോ എന്നു് ഭാര്യയ്ക്കു് സംശയം. അവളുടെ ഒടുക്കത്തെ സംശയം എന്നു് എന്‍റെ ആത്മഗതം.

ഹിറ്റ് കൌണ്ടര്‍ നോക്കി സായൂജ്യമടയൂ എന്നു് എന്‍റെ ഉപദേശം. പത്തുനൂറു് പേരു് ഇതുവഴികറങ്ങുന്നുണ്ടല്ലോ എന്നു് ഭാര്യയുടെ കമന്‍റ്. കമന്‍റില്ലെങ്കിലെന്താ ഹിറ്റുണ്ടല്ലോ എന്നു് എന്‍റെ കമന്‍റ്.

ആശ്വാസം അധികം നീളുന്നില്ലല്ലോ എന്നു് എനിക്കു് സങ്കടം. അവിനാശം അതിനാശമായി എന്നു് എനിക്കൊരു തോന്നല്‍. HITS എന്നാല്‍ How Idiots Track Success എന്നു് അദ്ദേഹത്തിന്‍റെ വെളിപാടു്.

സമാധാനത്തോടെയിരുന്ന എനിക്ക് ഹിറ്റിലുള്ള വിശ്വാസം പോയി എന്നതു് നിസ്തര്‍ക്കം. സമാധാനമില്ലാതിരുന്ന ഭാര്യയ്ക്ക് ആശ്വാസമായി എന്നതു് സംശയരഹിതം. അശ്രീകരം അവിനാശിന് സമാധാനമായി കാണും എന്നതു് മല്ലൂഹം മദൂഹം.

Published in:  on September 23, 2008 at 9:59 pm Comments (13)

വിജയരഹസ്യം

വെള്ളിയാഴ്ച രാവിലെ ഓഫീസിലിരിക്കുമ്പോള്‍ സുഹൃത്തിന്‍റെ ഫോണ്‍: “ഇന്നു് വൈകുന്നേരം അവിടെ കൂടാം!”
“അതിനെന്താ, അങ്ങനെയാവാം,” കൂടുതലാലോചിക്കാതെ ഞാന്‍ മറുപടി പറഞ്ഞു.
“വല്ലതും കഴിക്കാന്‍ കാണുമോ?” അദ്ദേഹത്തിനു് ആശങ്ക.
“എന്താ വേണ്ടതു്? അല്പസൊല്പം വീട്ടില്‍ കാണും. തികഞ്ഞില്ലെങ്കില്‍ വാങ്ങിയാല്‍ പോരേ? വേണ്ടതെന്താണെന്നു പറ, ഞാന്‍ വാങ്ങിവച്ചേക്കാം!”
“അതല്ല, ഭക്ഷണമുണ്ടാവുമോ എന്നാണു് ചോദിക്കുന്നതു്.”
“ഓ! അതു് ഭാര്യയോടു ചോദിക്കട്ടെ!”

ഭാര്യയുടെ അനുവാദം ചോദിക്കാതെ ഉത്തരവാദിത്തങ്ങളും പൊല്ലാപ്പുകളും വലിച്ചു് തലയില്‍ വച്ചിട്ടു് കുടുംബകലഹമില്ലാതെ എങ്ങനെ രക്ഷപ്പെടുന്നു എന്ന ചോദ്യം എന്‍റെ പല സുഹൃത്തുക്കളും എന്നോടു ചോദിച്ചിട്ടുണ്ടു്. ആ ചോദ്യത്തില്‍ രണ്ടു് factual errors ഉണ്ടു്.

  1. പൊതുവേ റിസ്ക് എടുക്കാന്‍ മടിയുള്ളയാളാണു് ഞാന്‍. അതിനാല്‍ തന്നെ, പൊല്ലാപ്പാണെന്നുറപ്പായാല്‍ ഞാന്‍ അതെടുത്തു് തലയില്‍ വയ്ക്കാറില്ല. (നിങ്ങള്‍ ആലോചിക്കുന്നതെന്തെന്നു മനസ്സിലായി: ഒരബദ്ധം ആര്‍ക്കും പറ്റില്ലേ!)
  2. കുടുംബകലഹമില്ലാതെ രക്ഷപ്പെടുന്നു എന്നതു് നിങ്ങളുടെ അനുമാനം മാത്രമാണു്.

എന്തായാലും ചോദിച്ച സ്ഥിതിക്കു് പറഞ്ഞേക്കാം. ഇനി ആരെങ്കിലും ചോദിച്ചാല്‍ ഈ പോസ്റ്റിലേയ്ക്കൊരു ലിങ്ക് കൊടുത്താല്‍ മതിയല്ലോ.

ഗ്രെയ്സ് ഹോപര്‍ എന്ന പേരു് ചിലര്‍ക്കെങ്കിലും പരിചിതമായിരിക്കും. അമേരിക്കന്‍ നേവല്‍ ഓഫീസറായിരുന്ന ഗ്രെയ്സ് അറിയപ്പെടുന്ന ഒരു കമ്പ്യൂട്ടര്‍ സയന്‍റിസ്റ്റു കൂടി ആയിരുന്നു. അമേരിക്കന്‍ നേവിയില്‍ ജോലി, കമ്പ്യൂട്ടര്‍ സയന്‍റിസ്റ്റ് എന്നിങ്ങനെയൊക്കെ ആയിട്ടും ഗ്രെയ്സ് നല്ല വിവരമുള്ള കൂട്ടത്തിലായിരുന്നു. എപ്പൊഴോ ഒരു ഉള്‍വിളിയുണ്ടായപ്പോള്‍ ഗ്രെയ്സ് ഇങ്ങനെ പറയുകയുണ്ടായി:

It’s easier to ask forgiveness than it is to get permission.

ആകസ്മികമായി ഇതു വായിക്കാനിടയായപ്പോള്‍ ഞാന്‍ ആനന്ദചിത്തനായിച്ചമഞ്ഞു. ഇതു തന്നെയായിരുന്നല്ലോ ഗ്രെയ്സേ ഞാന്‍ നോക്കി നടന്ന വാചകം! അന്നുമുതല്‍ ഞാന്‍ അനുവാദം ചോദിക്കല്‍ നിറുത്തി മാപ്പിരന്നു തുടങ്ങി.

എന്നാല്‍ ഗ്രെയ്സിനു തെറ്റിയെന്നും ഇതു പറയുന്നതുപോലെ അത്ര എളുപ്പപ്പണിയല്ലെന്നും മനസ്സിലാക്കാന്‍ അധികസമയം വേണ്ടിവന്നില്ല. മാപ്പു് കിട്ടിയില്ലെങ്കില്‍ എന്തു ചെയ്യണം എന്നതിനെപ്പറ്റി ഗ്രെയ്സിന്‍റെ സ്റ്റ്രാറ്റജിയില്‍ ഒന്നും പറയുന്നില്ല. ഇതു നടക്കുന്നകാര്യമല്ല എന്നു ഗ്രെയ്സിനോടു പറയാമെന്നുവച്ചാല്‍ 1992-ല്‍, ഞാന്‍ മാപ്പിരന്നു തുടങ്ങുന്നതിനും ഒന്‍‍പതു വര്‍ഷം മുമ്പു്, ഗ്രെയ്സ് ചോദ്യങ്ങളില്ലാത്തെ ലോകത്തിലേയ്ക്കു് യാത്രയാവുകയും ചെയ്തു.

ഇനിയെന്താണു വഴി? ഈ ക്വട്ടേഷന്‍ ഓപണ്‍ സോഴ്സായതു ഭാഗ്യം! നമുക്കു വേണ്ടുന്ന രീതിയില്‍ തിരുത്തി ഉപയോഗിക്കാമല്ലോ. ഇതൊക്കെ തിരുത്തുന്നതിനാവശ്യമായ റ്റെക്നോളജി എന്‍റെ കൈവശമുണ്ടുതാനും. പിന്നൊന്നുമാലോചിച്ചില്ല:

90% of the time it’s easier to ask forgiveness than it is to get permission. The key to success is determining where the other 10% is.

എന്നങ്ങു തിരുത്തി. സ്വയം നിര്‍മ്മിച്ച ഈ പെരുമാറ്റച്ചട്ടം ഉപയോഗിച്ചുതുടങ്ങിയതിനു ശേഷം എനിക്കു വച്ചടിവച്ചടി വിജയമല്ലേ! നിങ്ങളും ഈ വിജയരഹസ്യം (സ്വന്തം വീട്ടില്‍) പരീക്ഷിച്ചു നോക്കൂ.

Published in:  on September 12, 2008 at 7:24 pm Comments (7)

റ്റെര്‍മിനോളജി കമ്യൂണിറ്റി ഫോറം

വിന്‍ഡോസ് ലൈവ്, സാങ്കേതിക വിദ്യയുമായി ബന്ധപ്പെട്ട വാക്കുകള്‍ക്കു വേണ്ടി സ്വീകരിച്ചിരിക്കുന്ന മലയാള പദങ്ങള്‍ അനുയോജ്യമായവയാണോ എന്നു് നിങ്ങളുടെ അഭിപ്രായമാരായുന്നു.

നിങ്ങള്‍ ചെയ്യേണ്ടതു് ഇത്രമാത്രം:

  1. വിന്‍‍ഡോസ് ലൈവിന്‍റെ റ്റെര്‍മിനോളജി കമ്യൂണിറ്റി ഫോറം സൈറ്റ് സന്ദര്‍ശിച്ചു് നിങ്ങളുടെ ഹോട്മെയിലോ മറ്റേതെങ്കിലും ലൈവ്-ഐഡിയോ (ജി-മെയില്‍, യാഹൂ മെയില്‍ എന്നിവ ലൈവ് ഐഡി ആയി ഉപയോഗിക്കാം) ഉപയോഗിച്ചു് ലോഗിന്‍ ചെയ്യുക.
  2. ഗ്ലോസറി എന്ന ലിങ്കില്‍ ക്ലിക്കു ചെയ്യുക.
  3. നിര്‍ദ്ദേശങ്ങള്‍ ഉണ്ടെങ്കില്‍ Suggest Translation or Vote എന്ന ലിങ്കില്‍ ക്ലിക്കു ചെയ്തു്, റ്റെര്‍മിനോളജി കമ്യൂണിറ്റി ഫോറത്തില്‍ രജിസ്റ്റര്‍ ചെയ്ത ശേഷം അവ സമര്‍പ്പിക്കാം.

മലയാളത്തിനു പുറമേ, ഗുജറാത്തി, ഹിന്ദി, കന്നഡ, മറാത്തി, തമിഴു്, തെലുങ്കു് എന്നീ ഭാഷകളിലും ഇത്തരം വിന്‍‍ഡോസ് ലൈവിന്‍റെ റ്റെര്‍മിനോളജി കമ്യൂണിറ്റി ഫോറങ്ങളുണ്ടു്.

താങ്കളുടെ ഇഷ്ടം

ഞാന്‍: “ഹലോ, ഞാന്‍ വിളിച്ചതു് എനിക്കു തരാനുള്ള പണത്തെപ്പറ്റി വീണ്ടും ഓര്‍മ്മിപ്പിക്കാനാണു്!”

സുഹൃത്തു്: “ഓര്‍മ്മയുണ്ടു്, ഓര്‍മ്മയുണ്ടു്. അതു് ക്യാഷായിട്ടു വേണോ, അതോ ചെക്കു മതിയോ?”

ഞാന്‍: “മുമ്പു സൂചിപ്പിച്ചിരുന്നു… താങ്കളുടെ ഇഷ്ടം പോലെ. എങ്ങനെ ആയാലും വിരോധമില്ല.”

സുഹൃത്തു്: “എനിക്കു പ്രത്യേകിച്ചു പ്രിഫറന്‍സ് ഇല്ല. അതിനാല്‍ താങ്കളുടെ ഇഷ്ടം എന്താണെന്നു പറയൂ!”

ഞാന്‍: “ഞാന്‍ പറഞ്ഞല്ലോ. താങ്കള്‍ക്കു് സൌകര്യമേതാണെന്നു വച്ചാല്‍ അങ്ങനെ!”

സുഹൃത്തു്: “എന്നാലും പറയൂ. ഏതാണു് പ്രിഫറന്‍സ്?”

ഞാന്‍: “ഡിമാന്‍ഡ് ഡ്രാഫ്റ്റോ മണി ഓര്‍ഡറോ ആയിരുന്നു എനിക്കു സൌകര്യം. ഇനി ക്യാഷായിട്ടാണെങ്കില്‍ എല്ലാം നൂറിന്‍റേതു മതി. അതല്ല ചെക്കാണയയ്ക്കുന്നതെങ്കില്‍ കമ്മീഷന്‍ കൂടി ചേര്‍ക്കണേ.”

Published in:  on August 4, 2008 at 8:52 pm Comments (12)

അനിയന്മാരില്‍ നിന്നു് പഠിക്കേണ്ടതു്

നിങ്ങളുടെ ചെറുഗ്രാമത്തിലെ പഠന സംബന്ധമായ എല്ലാ റെക്കോഡുകളും തകര്‍ത്താണു് നിങ്ങളുടെ വിദ്യാഭ്യാസം മുന്നേറിക്കൊണ്ടിരിക്കുന്നതെന്നു് ബാര്‍ബര്‍ കുട്ടപ്പേണ്ണന്‍ നിങ്ങളെ കാണുമ്പോഴൊക്കെ പറയാറുണ്ടെന്നു വിചാരിക്കുക. പത്താം തരത്തില്‍, തൊട്ടടുത്ത എതിരാളി 1960-കളില്‍ സൃഷ്ടിച്ച 357 മാര്‍ക്ക് എന്ന നിങ്ങളുടെ പഞ്ചായത്തു് റെക്കോഡ് എത്ര ആയാസ രഹിതമായാണു് നിങ്ങള്‍ തകര്‍ത്തതു് എന്നു് അഭിമാനപൂര്‍വം നിങ്ങളെ ഓര്‍മിപ്പിച്ചതു് ആ റെക്കോഡിനുടമായിരുന്ന ശ്രീമാന്‍ പീതാംബരന്‍ മാമന്‍ തന്നെയാണെനും വിചാരിക്കുക. ഇത്രയും സങ്കല്പിക്കാനായാല്‍, നിങ്ങളുടെ ട്രാക്ക് റെക്കോഡ് കണ്ടു് അന്തം‍വിട്ട ആ നാട്ടിലെ കുഞ്ഞുപൈതങ്ങളുടെ മാതാപിതാക്കള്‍, തങ്ങളുടെ കുട്ടികള്‍ക്കു കൂടി ആ പഠന രീതി സ്വായത്തമാക്കാന്‍ എത്രയെത്രെ സന്ധ്യകളില്‍ നിങ്ങളുടെ വീട്ടില്‍ കയറിയിറങ്ങുന്ന കാര്യവും നിസ്സാരമായി സങ്കല്പിക്കാവുന്നതേയുള്ളൂ!

വന്നവരോടെല്ലാം നിങ്ങള്‍ ഉപദേശിക്കുകയാണു്: “കുഞ്ഞുങ്ങളേ, എന്‍റെ ഈ വിജയത്തിനു പിന്നില്‍ മന്ത്രമോ തന്ത്രമോ ഒന്നുമില്ല. നിങ്ങള്‍ ഒരു കാര്യം മനസ്സിലാക്കണം. ആരോഗ്യമുള്ള ശരീരത്തിലേ ആരോഗ്യമുള്ള മനസ്സുണ്ടാവുകയുള്ളൂ. പഠനത്തിന് ആരോഗ്യമുള്ള മനസ്സു് അത്യാവശ്യമാണ്. അതിനാല്‍, എല്ലിങ്കൂടുപോലിരിക്കുന്ന ഞാന്‍ ആരോഗ്യം നേടുവാന്‍ ഒരു സിമ്പിള്‍ റ്റെക്നിക് ഉപയോഗിക്കുന്നു. ഒരു മണിക്കൂര്‍ പഠനം കഴിഞ്ഞാല്‍ അര മണിക്കൂര്‍ കളി. ദാറ്റ്സ് ഓള്‍!”

നിങ്ങളുടെ ഉപദേശം അറിവില്ലാപ്പൈതങ്ങള്‍ക്കു് വേദവാക്യമായിരുന്നെങ്കിലും പൈതങ്ങളുടെ അമ്മമാര്‍ക്കു് സ്വീകാര്യമായിരുന്നില്ലെന്നതിനാല്‍ അവര്‍ തങ്ങളുടെ കുട്ടികളെ “ഓരോ ഒരു മണിക്കൂര്‍ പഠനത്തിനും അര മണിക്കൂര്‍ കളി” എന്ന ശീലം ശീലിപ്പിച്ചില്ല എന്ന കാര്യം പ്രത്യേകം പറയേണ്ടല്ലോ.

“ഒരു മണിക്കൂര്‍ പഠനം അര മണിക്കൂര്‍ കളി” എന്ന നിങ്ങളുടെ മന്ത്രം നടപ്പാക്കാന്‍ കൂട്ടാക്കാതിരുന്ന മറ്റൊരു മൂരാച്ചി നിങ്ങളുടെ അനിയനാവാനാണു് സാധ്യത. നിങ്ങള്‍ അനിയനെ പലവുരു ഉപദേശിച്ചു് നന്നാക്കാന്‍ ശ്രമിക്കും. എന്നാല്‍, ഒരു സ്ഥലത്തു അടങ്ങിയൊതുങ്ങിയിരുന്നു് പഠിച്ചാല്‍ മനസ്സു് മുരടിച്ചുപോകുമെന്നും, പഠനത്തില്‍ താല്പര്യം കുറയുമെന്നും മറ്റുമുള്ള നിങ്ങളുടെ ആധികാരികമായ വാദങ്ങള്‍ക്കു് അനിയന്‍ പുല്ലുവില പോലും കല്പിക്കുന്നില്ല. എന്നു മാത്രമല്ല, പ്രീ-ഡിഗ്രിക്ക് ആദ്യവര്‍ഷം ‘കിട്ടാതിരുന്ന’ ഇംഗ്ലീഷ് എഴുതി ജയിക്കാന്‍ അനിയന്‍റെ പഠന രീതി പ്രയോഗിച്ചു നോക്കാന്‍ അനിയന്‍ നിങ്ങളെ ഉപദേശിക്കുകയും ചെയ്യുന്നു.

അത്രമാത്രമേ സംഭവിച്ചിട്ടുള്ളൂവെങ്കില്‍ നിങ്ങള്‍ സഹിക്കും. നിങ്ങള്‍ പ്രതീക്ഷിക്കാതിരുന്നപോലെയും അനിയന്‍ പ്രതീക്ഷിച്ചതു പോലെയും നിങ്ങളുടെ പത്താം ക്ലാസിലെ മാര്‍ക്കിന്‍റെ റെക്കോഡ്, അനിയന്‍ വെറുതേ ഭേദിക്കുക മാത്രമായിരുന്നില്ല, തകര്‍ത്തു് തരിപ്പണമാക്കുകയായിരുന്നു. അന്നു നിങ്ങള്‍ മനസ്സില്‍ കുറിച്ചിട്ടു: അനിയന്മാര്‍ പ്രായത്തില്‍ കുറവുള്ളവരാണെങ്കിലും, അവരില്‍ ചിലര്‍ക്കു് നിങ്ങളേക്കാള്‍ വിവരമുണ്ടവാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. സത്യമല്ലേ?

ഇനി നിങ്ങള്‍ക്കു് മറ്റൊരനിയനും കൂടി ഉണ്ടെന്നു സങ്കല്പിക്കുക. ആറാം തരമോ ഏഴാം തരമോ കഴിഞ്ഞു നില്‍ക്കുന്ന ഒരു മദ്ധ്യവേനലവധിക്കാണു് ക്രിക്കറ്റ് ഒരു കായിക വിനോദം എന്ന രീതിയില്‍ നിങ്ങള്‍ അനിയന്മാര്‍ക്കു മുമ്പില്‍ അവതരിപ്പിക്കുന്നതു്. ഒരു കളിക്കാരന്‍ എന്ന നിലയില്‍ നിങ്ങള്‍ പടിപടിയായി വളര്‍ന്നു് സ്കൂള്‍ ടീമിന്‍റെ ഓപ്പണറും ഒരു പാര്‍ട്-ടൈം സ്പിന്നറുമായി മാറിയതു് വളരെപ്പെട്ടന്നായിരുന്നു. പത്താം ക്ലാസില്‍ പഠിക്കുമ്പോള്‍ സ്കൂള്‍ ടീമിന്‍റെ ഭാഗമായി വീട്ടുകാരറിയാതെ ഉപജില്ലാ ക്രിക്കറ്റ് മത്സരത്തില്‍ പങ്കെടുക്കാന്‍ പോയി, മത്സരം തോറ്റെങ്കിലും രണ്ടു് ഫോറുകളുടെ സഹായത്തോടെ പന്ത്രണ്ടു് റണ്‍സ് അടിച്ചവിവരം അനിയന്മാരോടു് പറയാനാവാതെ നിങ്ങള്‍ വീര്‍പ്പുമുട്ടിയിട്ടുണ്ടു് എന്നു സങ്കല്പിക്കാന്‍ പ്രയാസമുണ്ടോ? (അനിയന്മാരോടു പറഞ്ഞാല്‍ ഇക്കാര്യം വീട്ടില്‍ പറയുമെന്നു് ഭീഷണിപ്പെടുത്തി അവന്മാര്‍ എന്തൊക്കെ നേടിയെടുക്കില്ല!). പക്ഷേ, നിങ്ങളുടെ ഈ അമാനുഷികത അധികനാള്‍ നീണ്ടുനില്‍ക്കുന്നില്ല. നിങ്ങളുടെ ഇന്‍‍സ്വിംഗിംഗ് യോര്‍ക്കറുകള്‍ ലോംഗോഫ് ബൌണ്ടറിയിലേയ്ക്കും, റിബ്കേയ്ജ് ലാക്കാക്കി നിങ്ങളെറിയുന്ന ബൌണ്‍സറുകള്‍ മിഡ്‍വിക്കറ്റിനു മുകളിലൂടെ ദേവകിയമ്മയുടെ പുരയിടത്തിലേയ്ക്കും പറക്കാന്‍ തുടങ്ങിയതോടെ ഒരു കാര്യം നിങ്ങള്‍ മനസ്സിലാക്കുന്നു: ഇളയവനാണെന്നു പറഞ്ഞിട്ടു കാര്യമില്ല, “ഹി ഓണ്‍സ് യുവര്‍ ബൌളിംഗ്.”

അതായതു്, അനിയന്‍ എതിര്‍ ടീമിലായിരിക്കുന്നിടത്തോളം കാലം ഇനിയും നിങ്ങള്‍ ഈ കളി തുടരുന്നതിലര്‍ത്ഥമില്ല. അങ്ങനെ ഒരേ ടീമിന്‍റെ ഭാഗമായി നിങ്ങള്‍ കുറച്ചു നാള്‍ കൂടി ക്രിക്കറ്റ് കളിക്കുന്നു. പബ്ലിക്കായി നിങ്ങളുടെ റ്റെക്നികുകളിലെ കുറവുകളും കുറ്റങ്ങളും ചൂണ്ടിക്കാണിച്ചു തുടങ്ങുമ്പോള്‍ നിങ്ങള്‍ പെട്ടി മടക്കാന്‍ തീരുമാനിക്കുന്നു. ഒരിക്കല്‍ മറന്നു പോയ കാര്യം നിങ്ങള്‍ വീണ്ടും ഓര്‍ത്തെടുക്കുന്നു: അനിയന്മാര്‍ പ്രായത്തില്‍ കുറവുള്ളവരാണെങ്കിലും, അവരില്‍ ചിലര്‍ക്ക് നിങ്ങളേക്കാള്‍ നന്നായി ക്രിക്കറ്റ് കളിക്കാന്‍ അറിയാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. സത്യമല്ലേ?

Published in:  on July 30, 2008 at 6:14 am Comments (10)

പൊട്ടി പുറത്തു്

(സ്ഥിരം വായനക്കാര്‍ക്കു് ഒരു പക്ഷേ നിഷ്പ്രയോജനമായേക്കാവുന്ന പോസ്റ്റാണിതു്.)

ഓരോ വര്‍ഷവും അതാതു വര്‍ഷത്തെ പോസ്റ്റുകളിലൂടെ കണ്ണോടിച്ചു് അറ്റകുറ്റപ്പണികളെല്ലാം ഒറ്റപ്പോസ്റ്റില്‍ ഒതുക്കാനുള്ള ശ്രമമാണിതു്. ഇനി മുതല്‍ എല്ലാ കര്‍ക്കടക മാസവും ഇത്തരം വൃത്തിയാക്കലുകള്‍ പ്രതീക്ഷിക്കാം. ഈ സം‍രംഭത്തിന്‍റെ ആദ്യപടിയായി ഇതുവരെ പ്രസിദ്ധീകരിച്ച എല്ലാ പോസ്റ്റുകളിലേയും ലിങ്കുകളാണു് ഇവിടെ പരിശോധനാവിധേയമാക്കിയതു്. പ്രശ്നമുള്ള ലിങ്കുകള്‍ മാത്രമേ താഴെപ്പറയുന്നുള്ളൂ.

  1. എനിക്കു് ഇന്നും പ്രിയപ്പെട്ട എന്‍റെ പോസ്റ്റുകളിലൊന്നു്, മഴയുടെ സൌന്ദര്യം ആണു്. മലയാളം എഴുതാന്‍ പഠിച്ച കാലത്തു് ബുദ്ധിമുട്ടി സൗന്ദര്യം എന്നെഴുതിപ്പിടിപ്പിച്ചതോര്‍മ്മയുണ്ടു്. ഇന്ദുലേഖയിലെ ആഹാ…മഴ എന്ന ലിങ്ക് ഇപ്പോഴില്ല. ഇന്ദുലേഖ സൈറ്റില്‍ എവിടെയെങ്കിലും ഉണ്ടോ എന്നറിയാനും നിവൃത്തിയില്ല, മഴരാഗം എന്ന ഈ പേയ്ജ് പ്രതീക്ഷ തരുന്നുണ്ടെങ്കിലും.
  2. അടയാളമൂര്‍ത്തി പറഞ്ഞുതന്നത് എന്ന ലേഖനം IIT-പ്പയ്യന്മാര്‍ ഉണ്ടാക്കിയ ‘പരിത്രാണ’ എന്ന പാര്‍ട്ടിയെ പരിചയപ്പെടുത്തി. അവര്‍ ഇപ്പോള്‍ ‘ലോക് പരിത്രാണ്‍’ എന്നാണു് അറിയപ്പെടുന്നതു്. പോസ്റ്റില്‍ ലിങ്കു ചെയ്തിരിക്കുന്ന ഇകണോമിക് റ്റൈംസിലെ വാര്‍ത്ത ഇപ്പോള്‍ കാണാനില്ല. റ്റൈംസ് ഓഫ് ഇന്ത്യയുടെ വാര്‍ത്ത ഇവിടെ.
  3. അതിവേഗം ബഹുദൂരം എന്ന പോസ്റ്റിലെ India Rising എന്ന ലേഖനത്തിന്‍റെ പുതിയ ലിങ്ക് ഇതാണു്.
  4. ലൂസ് ചേയ്ഞ്ച് എന്ന ലേഖനത്തിലെ വിഡിയോ ലിങ്ക് പ്രവര്‍ത്തിക്കുന്നില്ല. ഇതാണു് പുതിയ ലിങ്ക്.
  5. വിരാജിനൊപ്പം, തളരാതെ എന്ന ലേഖനത്തില്‍ പറഞ്ഞിരുന്ന വിരാജിനെ ഓര്‍ക്കുന്നുവോ? ആ ലേഖനത്തിലെ ഈ ലിങ്കില്‍ ഇപ്പോള്‍ കൂടുതല്‍ വിവരങ്ങളൊന്നുമില്ല. വിരാജ് എന്ന കൊച്ചുമിടുക്കന്‍ സുഖമായിരിക്കുന്നു എന്നറിയിക്കാന്‍ സന്തോഷമുണ്ടു്.
  6. മിറവേള്‍ഡ് റ്റിവി എന്ന പോസ്റ്റില്‍ വിവരിക്കുന്ന ആപ്ലികേയ്ഷന്‍ ഇപ്പോള്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ പറ്റില്ല. ഈ ലിങ്കു പ്രകാരം അവര്‍ ചില കോപിറൈറ്റ് പ്രശ്നങ്ങള്‍ പരിഹരിക്കുകയാണു്.
  7. പഴയലിപി എന്‍റെ പുതിയ ലിപി എന്ന പ്രതിഷേധപ്പോസ്റ്റില്‍ നിന്നും ലിങ്കു ചെയ്തിരുന്ന കെ. സന്തോഷ് കുമാറിന്‍റെ വകയായി saturdaydigest.com എന്ന സൈറ്റില്‍ വന്ന ലേഖനം ഇപ്പോള്‍ കാണാനില്ല. ആ ലേഖനത്തിന്‍റെ കോപ്പി കൈപ്പള്ളി ഇവിടെ സൂക്ഷിച്ചിട്ടുണ്ടു്.
  8. ഫൊക്കാന പിളര്‍ന്നു് ഫോമ ഉണ്ടായതോടെ ചിലരുടെ അധികാരക്കൊതി മാത്രമല്ല അവസാനിച്ചതു്; ഫൊക്കാന വീണ്ടും എന്ന ലേഖനത്തില്‍ നിന്നും ഫൊക്കാനയുടെ കമ്മിറ്റി അംഗങ്ങളെ പരിചയപ്പെടുത്തുന്ന ലിങ്കു നല്‍കിയിരുന്നതും പ്രവര്‍ത്തിക്കാതായി. പുതിയ ഭാരവാഹികളെക്കണ്ടു് സായൂജ്യമടയാന്‍ ഇനിമേല്‍ ഈ ലിങ്കാണു് ഉപയോഗിക്കേണ്ടതു്. ഫൊക്കാനയുടെ ഫ്ലോറിഡ കണ്‍‍വെന്‍ഷനെപ്പറ്റിയറിയാന്‍ ഇപ്പോള്‍ ചരിത്രപേയ്ജ് നിലവിലില്ല. പങ്കെടുത്ത ആരോടെങ്കിലും ചോദിക്കുകയേ നിവൃത്തിയുള്ളൂ.

ബോണസ് ലിങ്കുകള്‍

  1. ഗൂഢവാക്കുകളായി മലയാളം വാക്കുകള്‍ ഉപയോഗിച്ചു തുടങ്ങിയിട്ടു നാളേറെയായി. ഗൂഢവാക്കുകള്‍ക്കിടയില്‍ ഇടം (space) അനുവദനീയമാണെന്നു് എത്രപേര്‍ക്കറിയാം? അതായതു്, MS-NET 1.0 റിലീസായ 1984 മുതല്‍ ‘ഗൂഢവാചകങ്ങള്‍’ അനുവദനീയമാണു്.
  2. ആരായിത്തീരണം എന്നത് ഇന്നും ഉത്തരം കിട്ടാത്ത ചോദ്യമാണ്. ഈ പേരിലൊരു പുസ്തകം പോലുമുണ്ടു്. ജീവിതം കുറേക്കൂടി അയത്നലളിതമായിരുന്നെങ്കില്‍…
Published in:  on July 27, 2008 at 7:10 am Comments (8)

പുനരുപയോഗം

പറഞ്ഞു വന്നാല്‍ ഞാന്‍ പുനരുപയോഗത്തിന്‍റെ ആളാണു്. ഉപഭോഗവസ്തുക്കള്‍ അവയുടെ ആയുസ്സിന്‍റെ പരമാവധി ഉപയോഗപ്പെടുത്തണമെന്നും ഉപയോഗം കഴിഞ്ഞാല്‍ ഭൌമോപരിതലത്തില്‍ അനാഥമായി വലിച്ചെറിയാതെ, പുനരുപയോഗം സാധ്യമാക്കുന്ന രീതിയില്‍ വേണം ഉപേക്ഷിക്കാനെന്നും വാദിക്കുന്നവരുടെ മുന്‍‍പന്തിയില്‍ ഞാനുമുണ്ടു്.

സഹിക്കവയ്യാണ്ടാണു് കഴിഞ്ഞയാഴ്ച കടയില്‍ പോയി ഒരു പുതിയ ചായയരിപ്പ വാങ്ങിയത്. എത്രനാളെന്നു കരുതിയാ തുളവീണ ചായയരിപ്പയിലൂടെ ചായക്കപ്പിലെത്തുന്ന തേയിലക്കൊത്ത് വലിച്ചു കുടിക്കുന്നത്? ഇന്നും തേയിലക്കൊത്തുതന്നെ പ്രാതല്‍. അതിനാല്‍, പ്രിയതമേ, ഇനിയെങ്കിലും പഴയതു് ചവറ്റുകൊട്ടയിലിട്ടിട്ടു് പുതിയ ചായയരിപ്പ ഉപയോഗിച്ചുതുടങ്ങിയാല്‍ ഉപകാരമായിരുന്നു. നന്ദി, നമസ്കാരം!

Published in:  on July 26, 2008 at 4:01 pm Comments (9)