പണ്ടൊക്കെ മേലാകെ ചൊറിയാന്‍ രണ്ടു കാരണങ്ങളായിരുന്നു: ചേന കടിക്കലും ചൊറിയണം (ഒരു തരം ചെടി) ആട്ടലും. ഇപ്പോള്‍, ചൊറിയാത്ത നല്ല അസ്സല്‍ ‘ഫ്രോസണ്‍’ ചേന കിട്ടും. ചൊറിയണവും തൊട്ടാവാടിയുമൊക്കെ കണ്ട കാലം തന്നെ മറന്നു.
മലയാളിയുടെ ഈ ‘നൊസ്റ്റാള്‍ജിക് ഫീലിംഗ്’ നിലനിര്‍ത്താന്‍ ഇനി ചേനയും ചേമ്പുമൊന്നുമന്വേഷിക്കേണ്ടല്ലോ എന്നോര്‍ക്കുമ്പോള്‍ വല്ലാത്ത സന്തോഷം. കാര്യമായൊന്ന് ‘ചൊറിഞ്ഞു കേറണമെന്നു’ തോന്നിയാല്‍, റ്റെലിവിഷന്‍ ഓണ്‍ ചെയ്ത് ഈ പരിപാടികളിലേതെങ്കിലുമൊന്ന് കണ്ടാല്‍ മതി:
അശ്വമേധം: നല്ല ആശയം. മലയാളത്തില്‍ ആദ്യമായി വ്യത്യസ്തമായ ഒരു മത്സര രീതി. പക്ഷേ, എന്തു ചെയ്യാം, അവതാരകന്‍ മഹാ ധിക്കാരി. താന്‍ കഴിഞ്ഞേ മറ്റൊരു മഹാജ്ഞാനിയുള്ളൂ എന്ന് മൂപ്പര് ധരിച്ചുവശായിരിക്കുന്നു. ഈ കൂപമണ്ഡൂകം ചെമ്പഴന്തി കോളജില്‍ പഠിക്കുന്ന കാലത്ത് (അന്നും അഹങ്കാരത്തിന് അല്പവും കുറവുണ്ടായിരുന്നില്ല) മാര്‍ ഇവാനിയോസില്‍ പഠിക്കുകയായിരുന്ന എന്‍റെ സതീര്‍ഥ്യന്‍ മനോജ് രാമസ്വാമിയും തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളജില്‍ പഠിക്കുകയായിരുന്ന രാജീവ് നായരും മറ്റും മറ്റും ക്വിസ് മത്സരങ്ങളില്‍ ഈ ദേഹത്തിനെ തോല്പിച്ചു തുന്നം പാടിച്ചിരുന്നു. അവരിലാരെങ്കിലും ഈ പരിപാടി അവതരിപ്പിച്ചിരുന്നെങ്കില്‍. ഒരു കാര്യം കൂടി: ഈ അവതാരകന് വേഷം സ്പോണ്‍സര്‍ ചെയ്യുന്നവരുടെ കടയില്‍ ദയവായി ആരും കേറരുത്: അവര്‍ക്കും ഈ ക്രൂരതയില്‍ പങ്കുണ്ട്.
സിംഗ് ആന്‍ഡ് വിന്‍: മനോഹരിയും കോകിലസ്വനിയുമായ അവതാരിക. പറഞ്ഞിട്ടെന്തു കാര്യം? കൂടെനില്‍ക്കുന്ന അമ്പാഴപ്പൊണ്ണന്‍ (എം. ടി. യ്ക്കു സ്തുതി!) ഈ പരിപാടിയെ അസഹ്യതയുടെ പുതിയ തലങ്ങളിലേയ്ക്ക് അനായാസം കൊണ്ടുപോകുന്നു. പാടാനറിയാത്തവരൊക്കെ ബുദ്ധിഹീനരാണെന്നു കണ്ടുപിടിച്ച നമ്മുടെ മാന്യന്‍റെ തലമണ്ട ഉടന്‍ പരിശോധനാവിധേയമാക്കണം. (കൂട്ടത്തില്‍പ്പറയട്ടെ, ബുദ്ധിവികസിച്ചിട്ടില്ലെങ്കിലും ചില പാട്ടുകള്‍ ഇദ്ദേഹം തരക്കേടില്ലാതെ പാടും.)
കൈരളിയും സൂര്യയും മാത്രം ലഭ്യമാകുന്നതും ദിവസേന ഒരുമണിക്കൂറില്‍ താഴെ മാത്രം മലയാളം പരിപാടികള്‍ കാണുന്നതും എന്‍റെ ഭാഗ്യം.