കല്‍ക്കട്ട വിളിക്കുന്നു

വടക്കേ അമേരിക്ക (യു. എസ്. എ) യില്‍ സ്ഥിരതാമസമല്ലാത്ത പല ഇന്ത്യാക്കാര്‍ക്കും അമേരിക്കന്‍ ന്യൂസ് എന്നാല്‍ CNN എന്നാണ് ധാരണ. CNN-ന്‍റെ അമേരിക്കന്‍ ന്യൂസ് ഡെസ്ക് വല്ലപ്പോഴുമവതരിപ്പിക്കുന്ന ഇന്ത്യാ വിശേഷങ്ങള്‍ ഏറിയവയും പക്ഷപാതത്തിന്‍റെ കടുത്ത നിറക്കൂട്ടില്‍ ചാലിച്ചതായിരിക്കും. അമേരിക്കന്‍ മാധ്യമങ്ങളുടെ ഈ തോന്നിവാസത്തില്‍ അനല്പമായ അരിശത്തോടെ പ്രതികരിക്കാനും ഈ ചാനലുകളെ ബഹിഷ്കരിക്കാനും ഇത്തലമുറയിലെ അമേരിക്കന്‍വാസികളായ ഇന്ത്യാക്കാര്‍ (ഈയുള്ളവനുള്‍പ്പടെ) ശ്രദ്ധിക്കാറുണ്ട്.

ഈ സാഹചര്യത്തിലാണ് “കേള്‍ക്കാന്‍ കൊള്ളാവുന്ന” മാധ്യമങ്ങളായ Public Broadcasting Service (PBS)-ന്‍റെയും National Public Radio (NPR)-യുടെയും പ്രസക്തി വര്‍ദ്ധിക്കുന്നത്. ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഈ സ്ഥാപനങ്ങള്‍ സാധാരണഗതിയില്‍ വാര്‍ത്തകള്‍ സ്പിന്‍ ചെയ്യാറില്ല. PBS ഏതാനും മാസങ്ങള്‍ക്കു മുമ്പ് സംപ്രേഷണം ചെയ്ത ഒരു മണിക്കൂര്‍ നീണ്ട അമിതാഭ് ബച്ചനുമായുള്ള അഭിമുഖം ഒരു ഇന്ത്യക്കാന് ലഭിച്ച ഏറ്റവും നല്ല മീഡിയ കവറേജ് ആയിരുന്നു എന്ന് പറയാം. (ഓപ്പറ വിന്‍ഫ്രി ഷോയിലും ഡേവിഡ് ലെറ്റര്‍മാന്‍ ഷോയിലും ഐശ്വര്യാ റായ്-ക്ക് കിട്ടിയ “സ്ലോട്ട്” ഓര്‍ത്തുകൊണ്ട് തന്നെയാണ് ഞാനിതു പറയുന്നത്.)

കല്‍ക്കട്ടയിലെ ഒരു അനാധാലയത്തില്‍ ജനിച്ച്, അമേരിക്കന്‍ ദമ്പതികളാല്‍ ദത്തെടുക്കപ്പെട്ട മൂന്ന് പെണ്‍കുട്ടികള്‍ അവരുടെ വളര്‍ത്തച്ഛന്‍മാരോടും വളര്‍ത്തമ്മമാരോടുമൊപ്പം സ്വന്തം വേരുകള്‍ തേടി ഇന്ത്യയിലെത്തുന്ന കഥയാണ് “കല്‍ക്കട്ട വിളിക്കുന്നു” എന്ന 20 മിനിട്ടുമാത്രം ദൈര്‍ഘ്യമുള്ള ഡോക്യുമെന്‍ററിയിലൂടെ PBS അവതരിപ്പിക്കുന്നത്. സ്നേഹസമ്പന്നരായ മാതാപിതാക്കളാല്‍ “വെള്ളക്കാരന്‍റെ സംസ്കാരത്തില്‍” (തെറ്റായ അര്‍ഥത്തിലല്ല) വളര്‍ത്തപ്പെട്ട മൂന്നു പെണ്‍കുട്ടികള്‍ക്കും ചുറ്റുമുള്ള “ബന്ധുക്കളില്‍” നിന്നും തങ്ങള്‍ വ്യത്യസ്ഥരാണെന്ന് എന്നും തോന്നിയിരുന്നു. അവരോരോരുത്തരും തങ്ങളിലെ ഇന്ത്യക്കാരിയെ കണ്ടെത്തുകയാണ് യാത്രയ്ക്കൊടുവില്‍.

വായിക്കുക, കാണുക: http://www.pbs.org/frontlineworld/rough/2006/01/india_calcutta.html

Published in:  on January 25, 2006 at 11:28 pm Comments (6)