വേണ്ടാ വേണ്ടാന്ന് വയ്ക്കുമ്പോള്‍

അല്ലാ, ഞങ്ങള്‍ക്ക് മനസ്സിലാകാണ്ട് ചോദിക്ക്വാ… എന്താ നിങ്ങളുടെ ഉദ്ദേശം?

ഞങ്ങള്‍ പൊതുവേ സമാധാനപ്രിയരായ ഒരു കൂട്ടമാണ്. ഞങ്ങളില്‍ ചിലരുടെ കയ്യില്‍ ശൂലവും കുന്തവുമൊക്കെയിരിപ്പുണ്ടെങ്കിലും, അവയൊക്കെ ഞങ്ങള്‍ അറ്റകൈക്കേ ഉപയോഗിക്കാറുള്ളൂ. അതുതന്നെ, പലപ്പോഴും, നിങ്ങളാകുന്ന അശുക്കളുടെ രക്ഷയ്ക്കാണു താനും. കഴിഞ്ഞയാഴ്ചയിലെ ‘ഓള്‍ ഹാന്‍ഡ്സ് മീറ്റിംഗി’ല്‍ ഈ പ്രശ്നം ഞങ്ങള്‍ ചര്‍ച്ച ചെയ്തെങ്കിലും, നിങ്ങളുടെ ഈ പുറപ്പാടിന് സര്‍വ്വസമ്മതമായ ഒരു കാരണം കണ്ടെത്താനായില്ല. അതുകൊണ്ട് ചോദിക്ക്വാ… എന്താ നിങ്ങളുടെ ഉദ്ദേശം?

ഞങ്ങളിവിടെ വളരെ ബിസിയായി ഓരോ പരാതിയും പരിഭവവും കേട്ടും ചിലതിനൊക്കെ നിങ്ങളാവശ്യപ്പെട്ട പരിഹാരം സമ്മതിച്ചും മറ്റുചിലതിന് ഞങ്ങളുടേതായ പരിഹാരമാര്‍ഗ്ഗം തേടിയും ആരേയുമുപദ്രവിക്കാതെ അടങ്ങിയൊതുങ്ങി നാളുകഴിക്കവേയാണ് നിങ്ങളുടെ പ്രകോപനം എന്നോര്‍ക്കണം. ഞങ്ങളായതുകൊണ്ട് ക്ഷമിച്ചും സഹിച്ചും അങ്ങനെ പോകുന്നെന്നേയുള്ളൂ. അല്ല, വല്ലവരും നിങ്ങളുടെ തോളില്‍ക്കേറിയിങ്ങനെ നിരങ്ങിയാല്‍ നിങ്ങള് സഹിക്കുമോ?

ഒരു കാര്യം നിങ്ങള്‍ മനസ്സിലാക്കണം: ഈ ആധുനിക യുഗത്തിലും ഞങ്ങളോരോരുത്തരും അവരവരുടെ വ്യക്തിത്വം സൂക്ഷിക്കുന്നവരാണ്. (നിങ്ങളില്‍ പലരേയും പോലെ നിമിഷം തോറും നിറം മാറുന്നവരല്ലന്നു സാരം, മനസ്സിലാകുന്നുണ്ടോ?) വളരെ ശക്തമായ ഇഷ്ടാനിഷ്ടങ്ങളുള്ളവരാണ് ഞങ്ങള്‍. അതത്ര രഹസ്യമൊന്നുമല്ല. ഉദാഹരണത്തിന്, ചിലര്‍ക്ക് താടിയും മുടിയും നീട്ടി വളര്‍ത്തുന്നതാണിഷ്ടം. മറ്റു ചിലര്‍ക്ക് ക്ലീന്‍ ഷേവത്രേ സുഖപ്രദം. ഇനി വേറേ ചിലര്‍ക്ക് സദാ കണ്ണടച്ചിരിക്കാനാണ് താല്പര്യം. ചിലര്‍ റീസന്‍റ് ഫോട്ടോയിലൊന്നും വിശ്വസിക്കാതെ ഇപ്പോഴും തന്‍റെ ഒന്നരവയസ്സിലെ ഫോട്ടോ വിതരണം ചെയ്ത് രസിക്കുന്നവരാണ്. ഇനി മറ്റു ചിലരാവട്ടെ, ഫോട്ടോ എടുക്കുന്നതുപോലും ഇഷ്ടമല്ലാത്തവരാണ്.

പാമ്പും ചുറ്റി, കരിയും പൂശി നടക്കാനിഷ്ടമുള്ളയാളിനെ കുന്തവും കൊടുത്ത് കുതിരപ്പുറത്തു കേറുന്നവനായി ചിത്രീകരിക്കുന്നത് ശരിയാണോ? അമ്മയും കുഞ്ഞുമിരിക്കുന്ന പടമെടുത്ത് കുഞ്ഞിനു പകരം കുഞ്ഞാറ്റയെ മോര്‍ഫു ചെയ്തു വയ്ക്കുന്നത് നല്ലതാണോ? വീണയേന്തും കൈകളില്‍ വാളേല്‍പ്പിക്കുന്നതക്രമമല്ലേ?

നിങ്ങളുടെ കൂട്ടത്തിലെ പല സാഹിത്യനായകന്മാരും വെള്ളമടിക്കാരാവാം. എന്നാലും ഈ പടം ഉചിതമായോ?

പടം എടുക്കാന്‍ സമ്മതമല്ലാത്ത ഒരാളിന്‍റെ രേഖാചിത്രം നിങ്ങള്‍ വരച്ചു. അതും പോരാഞ്ഞ്, ആ സമാധാനപ്രിയന്‍റെ കയ്യില്‍ ആയുധവും പിടിപ്പിച്ചു, അല്ലേ? എന്താ അടുത്ത പടി?

ഞങ്ങള്‍ക്ക് മനസ്സിലാകാണ്ട് ചോദിക്ക്വാ… എന്താ നിങ്ങളുടെ ഉദ്ദേശം? വേണ്ടാ വേണ്ടാന്ന് വയ്ക്കുമ്പോള്‍…

Published in:  on February 8, 2006 at 11:06 pm Comments (10)