യാത്ര
“ഗമിക്കട്ടെ ഞാന്‍!” സകല-
സൌഭാഗ്യങ്ങളില്‍ നിന്നുമെന്‍
ജ്യേഷ്ഠന്‍ നടക്കുന്നു.
ഒപ്പം മൈഥിലി, ചുറ്റിയ മരവുരിക്കുള്ളില്‍
ഞെരിയും വിദ്വേഷവും
തുളുമ്പും കുചമാംസധാരയും.
ആരണ്യമാര്‍ഗ്ഗേ ചരിക്കവേ,
മറന്നൂ, യാത്രചോദിച്ചുവോ:
“ഗമിക്കട്ടെ ഞാന്‍!”
യാത്രാമൊഴി
വൃദ്ധയാം ദുഷ്ടമാതാവിന്‍
ഹൃദയം കാളകൂടശോചിതം
അല്ലായ്കിലോതുമോ സ്വപുത്ര-
നല്ലാകിലും, “കാനനമാര്‍ഗ്ഗം!”
നേരമായ്, പോകുവാന്‍ നേരമായാ-
നേരമോതുവാന്‍ ഞാനിതുമോര്‍ത്തുവച്ചു:
“നേരിനായ്, നല്ലൊരു രാമരാജ്യത്തിനായ്
പാരിതില്‍ നീ നിത്യം പ്രാര്‍ത്ഥിക്കണം!”
പഞ്ചവടി
കാലടികള്‍ തുടരുവാന്‍
ഞാന്‍ നടക്കുന്നു
കാലിടറി വീഴാതെ
കാഴ്ചകള്‍ കാണാതെ
കാമിനിയുമില്ലാതെ
ഞാന്‍ ചരിക്കുന്നു.
മടക്കം
അവളെവിടെ, ദീര്‍ഘമാം
ഒരു വ്യാഴവട്ടത്തിന്നുമപ്പുറം
ജീവിത രഥ്യയില്‍
വൈധവ്യമേറ്റൊരെന്‍
പ്രേയസ്സിയെവിടെയോ!
എവിടെയെന്നൂര്‍മ്മിള,
സര്‍വ്വം സഹിച്ച മല്‍-
പ്രേയസ്സിയിന്നെവിടെ?
പുന:സ്സമാഗമം
എന്തു നീയെന്നെ വിളിക്കുന്നു:
പതി ധര്‍മ്മമറിയാത്ത പാപിയെന്നോ?
കപടസ്നേഹത്തിന്‍ പ്രതീകമെന്നോ?
അരുത്! നീയെന്നോടടുക്കരുത്; വീണ്ടുമാ-
സ്നേഹവായ്പെന്നില്‍ ചൊരിയരുത്!
നിന്നെയുപേക്ഷിച്ച വനചാരിയാണു ഞാന്‍
മാപ്പേകല്ലൊരിക്കലും, മമനീച
കര്‍മ്മം മറക്കല്ലൊരിക്കലും,
സ്നേഹലതയായ് പടരരുതൊരിക്കലും!