അച്ഛന്‍റെ കുടുംബ വീട് ഭാഗം വച്ചപ്പോള്‍, മൂത്ത സന്തതിയായതു കാരണം, ബാക്കിയെല്ലാരും എടുത്തു കഴിഞ്ഞ് ആര്‍ക്കും വേണ്ടാതെ ബാക്കി വന്ന കിഴക്കേവിളയാണ് അച്ഛന് കിട്ടിയത്.
കുടുംബ വീടും അതിനു ചുറ്റുമുള്ള തൊടിയും കവുങ്ങിന്‍ തോപ്പും കുരുമുളകു തോട്ടവും വടക്കേവിളയും മറ്റും അച്ഛന്‍റെ അനിയത്തി (അപ്പച്ചി) ആദ്യമേ എടുത്തു. കൊച്ചച്ഛന്മാരില്‍ ഇളയയാള്‍ ഫലഭൂയിഷ്ഠമായ പടിഞ്ഞാറേ വിള തിരഞ്ഞെടുത്തു. കൊച്ചച്ഛന്‍ രണ്ടാമന്‍, ആള്‍ സഞ്ചാരമുള്ളതും ഭാവിയില്‍ ഒരു റോഡ് വന്നേക്കാവുന്നതും കശുമാവ്, മാവ്, തെങ്ങ്, പ്ലാവ് എന്നീ വൃക്ഷങ്ങള്‍ നിറഞ്ഞതുമായ മേലേ വിളയും സ്വന്തമാക്കി.
പിന്നെയുള്ള കിഴക്കേ വിളയില്‍, കുറെ മണ്ടപോയ തെങ്ങുകള്‍, വാഴ, മഞ്ഞള്‍, പയര്‍, കപ്പ, ആദിയായ സീസണല്‍സ് വിളഞ്ഞിരുന്നു. അവ ദൈനംദിനാവശ്യങ്ങള്‍ക്കുപകരിച്ചിരുന്നു എന്നല്ലാതെ, അവയില്‍ നിന്ന് ആദായം ഉണ്ടാവുക അസാധ്യമായിരുന്നു.
എല്ലാരും സ്വന്തമായി വീടുകള്‍ കെട്ടി താമസമായി അധികം കഴിയാതെ, അപ്രതീക്ഷിതമായി, കിഴക്കേവിളയ്ക്ക് മുന്നിലൂടെയുള്ള നടവഴിയ്ക്ക് ടാറിടാത്ത തടമായി പ്രമോഷന്‍ കൊടുക്കാന്‍ പഞ്ചായത്ത് തീരുമാനമെടുത്തു. മേലേ വിളയ്ക്ക് പ്രധാന ഗതാഗതമാര്‍ഗം എന്ന പദവി ക്രമേണ നഷ്ടമായി.
അതുകൊണ്ടാണ് പ്രഭാകരേട്ടന്‍ പഴയ വഴി ഉപേക്ഷിച്ച്, എന്നും രാവിലെ ടാറിടാത്ത തടത്തിലൂടെ സൈക്കിളില്‍ വന്ന് ഞങ്ങളുടെ വീട്ടിനു മുമ്പില്‍ രണ്ട് മനോരമ, ഒരു മാതൃഭൂമി, ഒരു ദേശാഭിമാനി എന്നീ പത്രങ്ങള്‍, നാലുവീട്ടുകാരും കൂടി പങ്കിട്ടെടുത്തോളൂ എന്നമട്ടില്‍ വലിച്ചെറിഞ്ഞിട്ട് പോയിരുന്നത്. കൂട്ടത്തില്‍ രണ്ട് എണ്ണം മനോരമ ആയതിനാലും, വീട്ടിലെപ്പത്രം മനോരമയാണെങ്കിലും അച്ഛനോ അനിയന്മാരോ മനോരമയില്‍ വായന തുടങ്ങാത്തതിനാലും, ഉണര്‍ന്നു വരുമ്പോള്‍ എനിക്ക് മിക്കവാറും കിട്ടുക മനോരമ ആയിരിക്കും. അങ്ങനെയാണ് ഞാന്‍ ക്രമേണ മനോരമ അഡിക്റ്റ് ആകുന്നത്.
കേരളത്തിനു പുറത്തായതു മുതല്‍ മുടങ്ങിപ്പോയ മനോരമ വായന, പിന്നെ വീണ്ടും തുടങ്ങിയത് അവര്‍ വെബ് സൈറ്റ് ആരംഭിച്ചപ്പോഴാണ്. കൂടുതല്‍ വേഗത്തില്‍, ചൂടാറാതെ, വാര്‍ത്തകള്‍ ദീപികയില്‍ കിട്ടിത്തുടങ്ങിയപ്പോള്‍ ഞാന്‍ വീണ്ടും മനോരമയെ ഉപേക്ഷിച്ചു. അതിനു ശേഷം ഞാന്‍ മനോരമ സൈറ്റില്‍ കാലു കുത്തുന്നത് (അതോ വിരലോ), എന്‍റെ ഒരു സുഹൃത്ത് മനോരമയുടെ ലൈഫ്സ്റ്റൈല്‍ വിഭാഗത്തിലേയ്ക്ക് മാറുമ്പോഴാണ്. എന്‍റെ ഒന്ന് രണ്ട് കുറിപ്പുകള്‍ ലൈഫ്സ്റ്റൈല്‍ വിഭാഗത്തില്‍ വന്നതോടെ അവിടെ പ്രത്യക്ഷപ്പെടുന്ന മറ്റ് ലേഖനങ്ങളും ഞാന്‍ വായിച്ചു തുടങ്ങി.
മലയാളം റ്റി. വി. പരിപാടികള്‍ ലഭ്യമായതോടെ, വാര്‍ത്തകള്‍ക്കായി മനോരമയിലും ദീപികയിലും പോകുന്ന പതിവ് നിന്നു. മനോരമയുടെ സൈറ്റില്‍ പോയിട്ട് ഒരു വര്‍ഷത്തിലധികമായി. അപ്പോഴാണ് വെറുതേയിരുന്ന എന്നെ വക്കാരി വിളിച്ച് മനോരമ കാണിക്കാന്‍ കൊണ്ടുപോകുന്നത്. സ്വാഭാവികമായും ഞാന്‍ പോയത് നേരേ ലൈഫ് സ്റ്റൈലിലേയ്ക്ക് (അതെ, ആദ്യ പേജിന്‍റെ വലതുവശത്തായിക്കണ്ട എല്ലാ പ്രലോഭനങ്ങളെയുമുപേക്ഷിച്ച്).
ആകെ വട്ടായി, ചെറുപ്പത്തിലേ വട്ട് പിടിച്ചു, വായിച്ചു വട്ടായി എന്നൊക്കെ ആലങ്കാരികമായി പറയാമെങ്കിലും അത് അനുഭവിച്ചറിയണമെങ്കില്‍, മറുനാട് എന്ന ഉപവിഭാഗത്തില്‍, ശ്രീയോ ശ്രീമതിയോ ആയ ബെര്‍ളി തോമസ് പടച്ചു വിടുന്ന ഒന്നോ രണ്ടോ ‘ഐറ്റം നമ്പര്‍’ വായിച്ചാല്‍ മതി. ഇതാ ചില ചില്ലറ സാമ്പിളുകള്‍.
മാന്യനായിരിക്കണം; ഓഫീസിനകത്തും പുറത്തും
“ഒന്നു ചിരിച്ചപ്പോള്‍ തന്നെ അവള്‍ അടുത്തു വന്നു. പിറ്റേന്ന് ഓഫ് ദിവസമാണ്. രാവിലെ പാര്‍ക്കില്‍ കാണാമെന്ന് പറഞ്ഞ് പിരിയുമ്പോള്‍ മസാല പുരണ്ട ഒരു അവധിയായിരുന്നു മനസ്സില്‍. പിറ്റേന്ന് പാര്‍ക്കില്‍ നിന്ന് തുടങ്ങിയ അവധി ഐസ്ക്രീം പര്‍ലറും തിയറ്ററും പിന്നിട്ട് വൈകിട്ട് ഹോട്ടല്‍ മുറിയിലവസാനിക്കുമ്പോള്‍ പിറ്റേന്നത്തെ ജോലിക്കുള്ള ഊര്‍ജവും അതിലേറെ ബാക്കി നില്‍ക്കുന്ന അഭിനിവേശങ്ങളും സ്വകാര്യതയുടെ ബാഗില്‍ ബാക്കിയായി.”
“ജീവനക്കാരുടെ വ്യക്തി ജീവിതം കൂടി സംശുദ്ധമായിരിക്കണമെന്ന് നിര്‍ബന്ധം പിടിക്കുന്ന കമ്പനികളുടെ നിലപാടുകള്‍ ചോദ്യം ചെയ്യപ്പെടുകയാണ്.”
“ജോലി ചെയ്യുന്ന സ്ഥാപനത്തിന്‍റെ ചിന്താഗതികളും ധാര്‍മിക ബോധവും നെഞ്ചിലേറ്റാന്‍ ജീവനക്കാരെ പ്രേരിപ്പിക്കുന്നത് കടുത്ത അനീതിയാണെന്നും ഇവര്‍ പറയുന്നു.”
ഓഫീസിലും വീട്ടിലും വര്‍ക്കഹോളിക്
“വര്‍ക്കഹോളിക് ഭര്‍ത്താക്കന്മാര്‍ പൊതുവേ വിശ്വസ്തരാണെന്നും ഒരു സര്‍വേ ചൂണ്ടിക്കാണിക്കുന്നു.”
“കുടുംബ ബന്ധം നന്നായി കൊണ്ടു പോകാന്‍ തന്നെ സമയം കുറവായതിനാല്‍ മറ്റൊരു ബന്ധത്തെക്കുറിച്ച് ചിന്തിക്കാന്‍ പോലുമാവില്ലെന്ന് പ്രഫഷനലുകള്‍ സാക്ഷ്യപ്പെടുത്തുന്നു.”
ചെറുപ്പക്കാര്‍ക്ക് താല്പര്യം ഫീമെയിലിന്‍റെ ഈ മെയിലില്‍
“നാട്ടിലിറങ്ങി സുന്ദരിമാരുടെ പേരും മേല്‍വിലാസവും ചികഞ്ഞെടുത്ത് അവരുടെ ഗേറ്റിനു മുന്നില്‍ ഒരു സൈക്കിളുമായി കറങ്ങാന്‍ ധൈര്യമുള്ള എത്ര ചെറുപ്പക്കാര്‍ ഇന്ന് കേരളത്തിലുണ്ട്.”
“അയലത്തെ സുന്ദരിയെക്കുറിച്ചറിയാനാണെങ്കില്‍ പോലും ബ്യൂട്ടിഫുള്‍ ഗേള്‍ നെക്സ്റ്റ് ഡോര്‍ എന്ന് ഗൂഗിളില്‍ ടൈപ്പ് ചെയ്ത് വിവരങ്ങള്‍ക്കായി കാത്തിരിക്കുന്ന ഒരു സമൂഹത്തിന് മാന്യതയുടെ പരിവേഷം കൂടി ലഭിക്കുന്നുണ്ടെന്ന് മാത്രം.”
“നഗരങ്ങളില്‍ പെണ്ണായി പിറന്നവരെല്ലാം സുന്ദരിമാരുമാണ്.”
“ജീവിതമെന്നാല്‍ നല്ലൊരു കംപ്യൂട്ടറും കൊള്ളാവുന്നൊരു ബ്രോഡ്ബാന്‍ഡ് കണക്ഷനുമാണ്.”
കൌശലവേലയുമായി പെണ്‍കുട്ടികള്‍ (അവിവാഹിതര്‍ സൂക്ഷിക്കുക)
“പെണ്‍കുട്ടികള്‍ കെ.എസ്.ആര്‍.ടി.സി. ബസ്സുകള്‍ പോലെയാണ്. എല്ലാ റൂട്ടിലും അവരുണ്ട്. കൈ നീട്ടുന്നവന് മുന്നില്‍ നിര്‍ത്തില്ല. വെറുതെ നില്‍ക്കുന്നവനെ നിര്‍ത്തി കയറ്റിക്കൊണ്ടു പോവുകയും ചെയ്യും.”
“ഓരോ പുരുഷനേയും കാണുമ്പോള്‍ പെണ്‍കുട്ടികള്‍ ആദ്യം ചിന്തിക്കുന്നത് അയാളെ തന്‍റെ ഭര്‍ത്താവാക്കാന്‍ കൊള്ളാമോ എന്നാണത്രേ.”
“നൂറുകണക്കിന് സ്ത്രീപുരുഷന്മാര്‍ ജോലി ചെയ്യുന്ന പ്രസ്ഥാനത്തില്‍ എല്ലാവരും ഒരേ ധാര്‍മിക മര്യാദ കാണിക്കുമെന്ന് പ്രതീക്ഷിക്കുന്നതില്‍ അര്‍ഥമില്ല. ചിലര്‍ ഓഫീസ് പരിസരത്തു വച്ച് വിശ്രമവേളകളില്‍ ലൈംഗികബന്ധത്തിലേര്‍പ്പെടുന്നുവെന്നത് സത്യമാണ്. പക്ഷേ അതിന്‍റെ പേരില്‍ അവരെ ശിക്ഷിക്കാനോ ജോലിയില്‍ നിന്ന് നീക്കം ചെയ്യാനോ കഴിയില്ല.”
ബാക്കി നിങ്ങള്‍ തന്നെ വായിച്ചോളൂ. ബെര്‍ളിക്കാണോ, എനിക്കാണോ, അതോ “മറുനാടന്‍” ജോലിക്കാര്‍ക്കാണോ വട്ട്?