തിരിച്ചറിവായ ദിനങ്ങളിലൊന്നില്‍
തനിച്ചു പോയൊരു വനാന്തരത്തില്‍ ഞാന്‍
വെറും വനമല്ല, ദിനകരന്‍ പോലും
വലഞ്ഞുപോയിടു, മതിഭയങ്കരം!
വഴിവക്കിലായി ചടഞ്ഞിരിപ്പതോ
വയോവൃദ്ധ, രവരനുഭവസ്ഥരായ്
ഇരുള്‍വനത്തിന്‍റെ ചരിത്രമാകവേ
കരുതിയുള്ളിലായുപദേശിവൃന്ദം.
ജനിച്ചനാള്‍തൊട്ടു ജപിച്ചുപോന്നൊരാ
വനകുസുമങ്ങള്‍ ഓരോന്നായിമെല്ലേ
മനസ്സിലേ ഞാനു, മപൂര്‍വരത്നവും
നിനച്ചുകൊണ്ടങ്ങു നടന്നേനന്നേരം.
നടന്നലഞ്ഞു ഞാന്‍ തളര്‍ന്നിരുന്നപ്പോ-
യടുത്തരികിലായൊരായിരം ജനം,
പതുക്കെ, യെങ്കിലും കൊതിച്ചിരുന്നൊരാ-
പുതുരത്നസ്വപ്നമുടയുന്നൂ വേഗം.
കടുത്ത സങ്കടച്ചുഴിയിലാഴവേ
അടുത്താ, യാളുകളതിലുമാഴത്തില്‍
പിടയ്ക്കയാണെന്നതറിഞ്ഞ നേരത്തും
അടക്കുവാനറിഞ്ഞതില്ല മോദവും.
അടുത്തനാളിലാ, യടുത്തവരൊന്നായ്
പടുത്തു പാതയുമടുത്തലക്‍ഷ്യവും
പെരുത്ത നൈരാശ്യമകറ്റിയാര്‍ത്തവര്‍:
“മരതകം വെറും തെളിഞ്ഞ പാറയും!”
വഴിയിതെങ്ങിതോ നയിക്കുന്നൂ നമ്മെ,
അഴലകറ്റിനാമലഞ്ഞു പിന്നെയും
പുഴയിതൊന്നതാ, തളര്‍ന്നുറങ്ങിയ-
ങ്ങൊഴുകുന്നുമുന്നില്‍, വഴിമുടക്കുവാന്‍.
കരിംകാടുതന്‍റെ ഹൃദയസൂത്രങ്ങ-
ളറിയുന്നോരുടെ ഗണിതം നോക്കവേ,
മരതകപ്പുഴ കടവിതു നൂനം
മറുകരയിലോ, മനസ്സിലുള്ളതും!
ഒടിഞ്ഞൊരു മുള്ളു തറഞ്ഞുകാലിതില്‍
പൊടിഞ്ഞു ചോരയു, മിരുന്നു ഞാന്‍ വേഗം.
തിരിഞ്ഞൊരു നോട്ടം തിരിച്ചുനല്‍കാതെ
ചരിക്കുന്നൂ ചിലര്‍, ചിരപരിചിതര്‍.
പകലുറങ്ങിടും പതിഞ്ഞ നേരമായ്
അകലെയക്ഷികള്‍ തിരഞ്ഞു നീങ്ങവേ,
തിളക്കമാര്‍ന്നൊരു പതക്കമെന്‍ മുന്നില്‍,
ഒരിക്കലാശിച്ച മരതകക്കല്ലും!
മനക്കണക്കുകള്‍ പലതുമോര്‍ത്തു ഞാന്‍
പുനര്‍വിചിന്തനം പ്രയാസപൂരിതം
പുഴകടക്കുകില്‍ പുതിയലോകവും
പുഴയോരത്തെന്‍റെ പഴയസ്വപ്നവും.
തെളിഞ്ഞയാറിതു കടന്നു ചെല്ലണോ
തിളങ്ങും കല്ലുമായ് മടങ്ങീടേണമോ,
മയങ്ങും സന്ധ്യതന്‍ മടിത്തലത്തിലായ്
ഭയന്നു; രാവിനെ ശപിച്ചു നിന്നു ഞാന്‍!