വിരാജിനൊപ്പം, തളരാതെ

ഇക്കഴിഞ്ഞ മാര്‍ച്ചുമാസാവസാനമാണ് സീന സ്വയം പരിചയപ്പെടുത്തിക്കൊണ്ടുള്ള ഒരു മെയില്‍ സീയാറ്റിലിലെ കേരള അസ്സോസിയേഷന് അയയ്ക്കുന്നത്. തങ്ങള്‍ സീയാറ്റിലില്‍ പുതിയതായി വന്നവരാണെന്നും ഇവിടെ പരിചയക്കാരാരുമില്ലെന്നും ഇവിടെയുള്ള മറ്റ് മലയാളികളെ പരിചയപ്പെടാന്‍ താല്പര്യമുണ്ടെന്നുമായിരുന്നു മെയിലിലെ ഉള്ളടക്കം.

തന്‍റെ മകന്‍ വിരാജിന്‍റെ ചികിത്സാര്‍ത്ഥം, അച്ഛന്‍ വിപിനും, അമ്മ സീനയും, അച്ഛന്‍റെ അച്ഛനും അടങ്ങുന്ന കുടുംബം ഫീനിക്സില്‍ നിന്നും താല്കാലികമായി സീയാറ്റിലിലേയ്ക്ക് വന്നതാണെന്നും മെയിലില്‍ പറഞ്ഞിരുന്നു.

മെയില്‍ കിട്ടി അധികം വൈകാതെ, ഞാന്‍ വിപിനുമായി സംസാരിച്ചു.

2003 മാര്‍ച്ച് 3-നാണ് വിരാജ് ജനിച്ചത്. 2005 ഓഗസ്റ്റ് 29 വരെ വിരാജ്, കാര്യമായ അസുഖമൊന്നുമില്ലാതെ, ആരോഗ്യവാനായ കുട്ടിയായിരുന്നു. ഒരാഴ്ചയോളമായി ചെറിയ ഛര്‍ദ്ദിയും മറ്റും അനുഭവപ്പെട്ടിരുന്ന വിരാജിന്, ഓഗസ്റ്റ് 29-ന് ലുഖേമിയ ആണെന്ന രോഗനിര്‍ണയം നടന്നു. രോഗ നിര്‍ണയം വൈകിയതു കാരണം ലുഖേമിക് കോശങ്ങള്‍ മസ്തിഷ്കത്തെ ബാധിച്ചു തുടങ്ങിയിരുന്നതിനാല്‍, രണ്ടരക്കൊല്ലം കൊണ്ട് പഠിച്ചെടുത്തതെല്ലാം ആ കുരുന്നിന് നഷ്ടപ്പെട്ടിരുന്നു.

ഈ അവസ്ഥയില്‍ ജീവന്‍ നിലനിറുത്തുവാന്‍ വിരാജിന് ബോണ്‍ മാരോ ട്രാന്‍സ്പ്ലാന്‍റ് ആവശ്യമായിരുന്നു. അതിനുള്ള സൌകര്യങ്ങള്‍ ഫീനിക്സിനേക്കാള്‍ മെച്ചമായതിനാലാണ് ആ കുടുംബം സീയാറ്റിലിലേയ്ക്ക് വന്നത്. സീയാറ്റിലിലെ ചില്‍ഡ്രെന്‍സ് ഹോസ്പിറ്റലിലും ഫ്രെഡ് ഹച്ചിന്‍സണ്‍ ക്യാന്‍സര്‍ കെയര്‍ സെന്‍ററിലുമായാണ് ചികിത്സ. വിപിനും കുടുംബവും ആശുപതിയ്ക്കടുത്തുള്ള റൊണാള്‍ഡ് മക്ഡോണാള്‍ഡ് ഹോമിലാണ് താമസം.

ഏപ്രില്‍ പകുതിയോടു കൂടി വിരാജിന്‍റെ ട്രാന്‍സ്പ്ലാന്‍റ് പ്രക്രിയ ആരംഭിച്ചു. ഏപ്രില്‍ 15-ന് വിരാജിന് നല്‍കേണ്ടുന്ന ഖീമോ തെറാപ്പി ചികിത്സയുടെ അവസാന റൌണ്ടും കഴിഞ്ഞു. ഏപ്രില്‍ 17 മുതല്‍ നാലു ദിവസം, ദിവസം രണ്ടു നേരം, റ്റോറ്റല്‍ ബോഡി ഇറാഡിക്കേഷന്‍ പ്രക്രിയയിലൂടെ വിരാജ് കടന്നു പോയി. ഒരു മൂന്നു വയസ്സുകാരന് താങ്ങാവുന്നതിലുമധികമാണ് ഈ ചികിസകളെന്ന് ഓര്‍ക്കണം. വിരാജ് അതീവ ധൈര്യശാലിയാണ്. ചികിത്സാ ക്ഷീണം കഠിനമാണെങ്കിലും അത് സഹിക്കാനുള്ള കരുത്ത് ഈ കുരുന്നിനുണ്ട്. ഈ വേദനയ്ക്കിടയിലും, അവന്‍റെ മുന്നില്‍ വരുന്നവര്‍ക്ക് ഒരു ചിരി സമ്മാനിക്കാന്‍ അവന്‍ മറക്കാറില്ല.

റ്റോറ്റല്‍ ബോഡി ഇറാഡിക്കേഷന്‍ കഴിഞ്ഞതോടു കൂടി വിരാജ് തീര്‍ത്തും ക്ഷീണിതനായി. അവന്‍ ഭക്ഷണം കഴിക്കാതാവുകയും, IV-യെ മാത്രം ആശ്രയിക്കുകയും ചെയ്തു. റേഡിയേഷന്‍ മൂലം വിരാജിന്‍റെ നിറം മങ്ങി. ചികിത്സാ സമയത്ത് ഉപയോഗിക്കുന്ന മുഖംമൂടി ഉരഞ്ഞ് ആ മുഖത്ത് പാടുകള്‍ വന്നു തുടങ്ങി.

ഏപ്രില്‍ 21-ന്, സ്പെയിനില്‍ നിന്നും കൊണ്ടുവന്ന ഖോര്‍ഡ്ബ്ലഡ് ഉപയോഗിച്ച്, വിരാജിന് ട്രാന്‍സ്പ്ലാന്‍റ് നടന്നു. ഏകദേശം ഇരുപത് മിനുട്ട് മാത്രമേ ഈ പ്രക്രിയ നീണ്ടു നിന്നുള്ളൂ. ഈ സമയം വിരാജ് ഉറക്കമായിരുന്നു.

ട്രാന്‍സ്പ്ലാന്‍റ് കഴിഞ്ഞ ദിവസം മുതല്‍, വിരാജിന്‍റെ ശ്വാസോച്ഛ്വാസ നിരക്ക് കൂടുതലായിരുന്നു. ജലദോഷ വൈറസ് ആണ് ഇതിനു കാരണമെന്ന് കണ്ടെത്തി. ഇത് ഒരു പ്രശ്നം തന്നെയാണ്. ഫീനിക്സിലായിരിക്കുമ്പോള്‍ അതിശക്തനായ റെസ്പിറേറ്ററി സിന്‍സിഷ്യല്‍ വൈറസിനെ (RSV) പ്രതിരോധിച്ചവനാണ് വിരാജ്. ചികിത്സയുടെ പ്രധാനപ്പെട്ട ഈ ഘട്ടത്തില്‍ ഇങ്ങനെ ഒരു തടസ്സം ഉണ്ടാവുമെന്ന് കരുതിയതല്ല.

ദീര്‍ഘമായ ഒരാഴ്ച കടന്നു മേയ് 1 ആകുമ്പോഴേയ്ക്കും വിരാജിന് മുടിയെല്ലാം നഷ്ടപ്പെട്ടു. ചുണ്ടുകള്‍ വരണ്ട്, നീരുവന്നതു പോലെയായി. അസഹനീയമായ വേദനയാണത്രേ ഈ ഘട്ടത്തില്‍. മോര്‍ഫീന്‍ കൊടുത്ത് മയക്കിയാണ് അവനെ വേദനയില്‍ നിന്നും രക്ഷിക്കുന്നത്. ഈ സമയത്തെ വൈറസ് ചികിത്സയും കഠിനമാണ്: ഒരു ചെറിയ പ്ലാസ്റ്റിക് കൂടിനുള്ളില്‍ രണ്ടുമണിക്കൂര്‍ നേരം ഇരുത്തി ഒരുതരം പുക കടത്തിയാണ് ചികിത്സ. ഇങ്ങനെ ദിവസം മൂന്നു നേരമുണ്ട്. അച്ഛനുമമ്മയും ഈ സമയം കുഞ്ഞിനോടൊപ്പം കൂടിനുള്ളിലിരുന്ന് അവനെ ആശ്വസിപ്പിക്കണം.

മറ്റൊരു ദുരന്ത വാര്‍ത്തയുമായാണ് മേയ് 3 പുലര്‍ന്നത്. സീനയുടെ അമ്മ, നാട്ടില്‍ വച്ച് ഹൃദയാഘാതം മൂലം അന്തരിച്ചു. സീന ഒറ്റമകളാണ്. എങ്കിലും വിരാജിനെ ഈയവസ്ഥയില്‍ വിട്ട് നാട്ടില്‍ പോകാന്‍ ഡോക്ടര്‍മാര്‍ സീനയെ അനുവദിച്ചില്ല. ഒന്നോ രണ്ടോ മാസം കഴിഞ്ഞ് അവര്‍ സീയാറ്റിലിലേയ്ക്ക് വരാനിരിക്കുകയായിരുന്നു. വിധിയെത്തടുക്കാന്‍ ആര്‍ക്കു കഴിയും?

ട്രാന്‍സ്പ്ലാന്‍റിന്‍റെ സൈഡ് ഇഫക്റ്റായി ഉണ്ടാകുന്ന ചില അസുഖങ്ങളുടെ ചികിത്സയിലാണ് വിരാജിപ്പോള്‍. അവന്‍റെ ദേഹം മുഴുവന്‍ ചൊറിച്ചിലുണ്ട്. പനിയും പിടിപെട്ടിരിക്കുന്നു. വിരാജിന് ഇപ്പോള്‍ നാല് അസുഖങ്ങള്‍ ഉണ്ടെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്: RSV, സൈറ്റോ മെഗാലോ വൈറസ് (CMV), അഡെനോ, ഹെര്‍പസ് സിം‍പ്ലെക്സ് വൈറസ് (HSV).

വിരാജിന്‍റെ ചികിത്സയുടെ ഏറിയ പങ്കും ഇന്‍ഷുറന്‍സ് കമ്പനി കൊടുക്കുമെങ്കിലും, ധാരാളം ചെലവുകള്‍ ചികിത്സയുടെ ഭാഗമായി വന്നു ചേര്‍ന്നിരിക്കുന്നു. ഇന്‍ഷുറന്‍സിന്‍റെ പരിധി വളരെ വേഗം അടുത്തുകൊണ്ടിരിക്കുകയാണ്. ഒരു മില്യണ്‍ ഡോളറിനും മറ്റുമുള്ള ഇന്‍ഷുറന്‍സ് എന്ന് കേള്‍ക്കുമ്പോള്‍ അതൊരു വലിയ തുകയാണല്ലോ എന്ന് തോന്നുക സ്വാഭാവികമാണ്. എന്നാല്‍ ഈ സന്ദര്‍ഭത്തിലാണ് ഒരു മില്യന്‍റെ ചെറുപ്പം നാം മനസ്സിലാക്കുന്നത്. ഉദാഹരണമായി, ട്രാന്‍സ്പ്ലാന്‍റ് പ്രക്രിയയ്ക്ക് മാത്രം (ഏപ്രില്‍ 21-ന് നടന്ന പ്രക്രിയ‍) ആശുപത്രി ഇന്‍ഷുറന്‍സ് കമ്പനിയില്‍ നിന്നും ഈടാക്കുന്നത് ഏകദേശം രണ്ടുലക്ഷത്തി അമ്പതിനായിരം ഡോളറാണത്രേ.

കേരള അസ്സോസിയേഷന്‍ ഓഫ് വാഷിംഗ്ടണും ഷിക്കാഗോയിലെ കെയര്‍ ആന്‍ഡ് ഷെയര്‍‍ എന്ന ചാരിറ്റി സംഘടനയും ചേര്‍ന്ന് വിരാജിന്‍റെ കുടുംബത്തിന് ധനസഹായം നല്‍കാനുള്ള പ്രവര്‍ത്തനത്തിന് നേതൃത്വം കൊടുക്കുന്നു. നമ്മുടെ ചെറിയ സഹായവും പ്രാര്‍ഥനയും പോലും ഈ കുടുംബത്തിന് വലിയ ആശ്വാസമാവും.

Published in:  on May 22, 2006 at 7:52 pm Comments (17)