ബ്ലോഗുകളുടെ വിശ്വാസ്യത

ഒരു മാധ്യമവും വായനക്കാരുടെയോ പ്രേക്ഷകരുടെയോ പൂര്‍ണവിശ്വാസ്യതയില്‍ പിറന്നുവീഴുന്നില്ല. പത്രങ്ങള്‍ എഴുതുന്നത് മുഴുവന്‍ വിശ്വാസയോഗ്യമല്ലാത്തതാണെന്നും ബ്ലോഗുകളെല്ലാം പരമസത്യങ്ങളാണെന്നും ഒരു വായനക്കാരനും പറയുമെന്നും തോന്നുന്നില്ല. വിശ്വാസ്യതയും പേരുമുള്ള പത്രങ്ങള്‍ വരുത്തുന്നത്ര തെറ്റുകള്‍, വിശ്വാസ്യതയും പേരുമുള്ള ബ്ലോഗുകളില്‍ കണ്ടെത്താനുള സാധ്യത കുറവായിരിക്കും എന്നുമാത്രമാണ് വാദം.

പത്ര, റ്റി. വി. മാധ്യമങ്ങളിലെന്നപോലെ ബ്ലോഗിലും വിശ്വാസ്യത ആര്‍ജിച്ചെടുക്കുന്നതാണ്. ഇന്ന് ഉപയോഗത്തിലിരിക്കുന്ന മാധ്യമങ്ങളില്‍ വിശ്വാസ്യത നേടിയെടുക്കാനും നഷ്ടപ്പെടുത്താനും ഏറ്റവും അനായാസം സാധ്യമാകുന്നത് ബ്ലോഗുകള്‍ക്കാണ്. കെട്ടിലും, മട്ടിലും, സൃഷ്ടിയിലുമുള്ള ഈ അനായാസതയാണ് മറ്റുമാധ്യമങ്ങളില്‍ നിന്ന് ബ്ലോഗുകളെ വേര്‍തിരിക്കുന്ന വലിയൊരു ഘടകം.

വര്‍ഷങ്ങളുടെ സദ്കൃത്യം (അതോ പരസ്യമോ) കൊണ്ട് നേടിയെടുക്കുന്നതാണ് പത്രങ്ങളുടെ പേരും വിശ്വാസ്യതയും. ന്യൂസ് ഏജന്‍സികളുടെ റിപ്പോര്‍ട്ടുകളെ ആശ്രയിച്ചും സ്വന്തം റിപ്പോര്‍ട്ടര്‍മാര്‍ ‘സംഭവസ്ഥലം’ സന്ദര്‍ശിച്ചും അല്ലാതെയും ‘ലൈവ്’ ആയും ഫയല്‍ ചെയ്യുന്ന വാര്‍ത്തകളിലെ ശരിതെറ്റുകള്‍ അന്വേഷിക്കാന്‍ കുറച്ചുകാലം മുമ്പുവരെ ആരും മിനക്കെട്ടിട്ടില്ല എന്നതാണ് സത്യം. ഇനി അഥവാ, തെറ്റുകള്‍ കണ്ടെത്തിയാലും അത് പത്രത്തെ അറിയിച്ച് തിരുത്തല്‍ പ്രസിദ്ധീകരിപ്പിക്കുന്നത് മുന്‍‍ഗണനയുള്ള ഒരു കാര്യമായി പലര്‍ക്കും അനുഭവപ്പെട്ടിരുന്നില്ല. ആളുകളുടെ പേരുകള്‍ മുതലായ ചില്ലറ തിരുത്തലുകളല്ലാതെ, കാര്യമായ ഒരു തെറ്റു തിരുത്തലും ഒരു പത്രത്തിലും ഞാന്‍ കണ്ടിട്ടില്ല. വന്‍ അബദ്ധങ്ങള്‍ എഴുതിപ്പിടിപ്പിച്ചിട്ട്, പിറ്റേന്ന് കുറച്ചുകൂടി ശരിയായ വാര്‍ത്ത അറിയിക്കുമ്പോഴും, തെറ്റ് സമ്മതിക്കലും ഖേദപ്രകടനവും നടത്തിയ സംഭവങ്ങള്‍ ഓര്‍മയില്‍ തെളിഞ്ഞുവരുന്നേയില്ല.

വസ്തുതകള്‍ ക്രോസ്ചെക്ക് ചെയ്യുന്നത് എളുപ്പമാവുകയും വാര്‍ത്താവിനിമയ രംഗം പുരോഗമിക്കുകയും ചെയ്തതോടെ ചെറിയ തെറ്റുകള്‍ പോലും പത്രത്തെ അറിയിക്കാനും വാര്‍ത്തകളുടെ നിജസ്ഥിതി ഉറപ്പുവരുത്താനുമുള്ള പ്രവണത കൂടി വന്നു. പത്രങ്ങള്‍ ലൈവ് വിപ്ലവത്തോട് അത്ര ആവേശകരമായ പ്രതികരണം കാണിക്കാതിരുന്നപ്പോള്‍ പ്രതികരണങ്ങള്‍ക്ക് ഇന്‍സ്റ്റന്‍റ് മറുകുറി കിട്ടുന്ന മറ്റുമാധ്യമങ്ങള്‍ക്ക് പ്രചാരമേറി. റ്റി.വി. യിലെ ഫോണ്‍-ഇന്‍ പരിപാടികളുടെ പ്രചാരം ഈ വസ്തുതയിലേയ്ക്കാണ് വിരല്‍ ചൂണ്ടുന്നത്.

പത്രങ്ങളെ വിമര്‍ശിക്കുമ്പോള്‍
ദേശാഭിമാനിയേയും മനോരമയേയും വായനക്കാരന്‍ ഒരേ കണ്ണില്‍ കാണാറില്ലല്ലോ. രണ്ടു കൂട്ടര്‍ക്കും വ്യക്തമായ രാഷ്ട്രീയ/സസമൂഹിക അജണ്ടകളുള്ളതു കാരണം, പല വാര്‍ത്തകളും ആ മുന്‍‍വിധിയോടു കൂടി മാത്രമേ ഈ മാധ്യമങ്ങളില്‍ നിന്ന് വായിക്കാനാവൂ.

എന്നാല്‍, മാധ്യമങ്ങളുടെ വിശ്വാസ്യത ചര്‍ച്ച ചെയ്യുമ്പോള്‍ നാം ഈവക പ്രത്യക്ഷമായ പക്ഷപാത റിപ്പോര്‍ട്ടിംഗിനെ അല്ല പ്രധാനമായും വിമര്‍ശിക്കുന്നത്. അച്ചുതാനന്ദന്‍റെ ഭരണം കെങ്കേമമെന്ന് ദേശാഭിമാനിയും (അവരെഴുതുമോ?) മഹാമോശമെന്ന് വലതുപക്ഷ പത്രങ്ങളും എഴുതിവിടുന്നതിനെ പൊക്കിപ്പിടിച്ച്, ഒരു കൂട്ടര്‍ പറയുന്നത് തെറ്റ്, മറ്റൊരു കൂട്ടര്‍ പറയുന്നത് ശരി എന്ന് വാദിക്കലല്ല ലക്ഷ്യം. മറിച്ച്, തെറ്റായ കണക്കുകള്‍, പേരുകള്‍, സ്ഥിതിവിവരങ്ങള്‍, പ്രത്യേകിച്ച് യാതൊരന്വേഷണവും കൂടാതെ വായില്‍ തോന്നിയ മാതിരി പടച്ചു കൂട്ടുന്ന “ഹ്യൂമന്‍ ഇന്‍ററസ്റ്റ് സ്റ്റോറീസ്‍” എന്നിവയാണ് ഇവിടെ വിമര്‍ശന വിധേയമാക്കേണ്ടുന്നത്, ആക്കുന്നത്. എന്നു കരുതി, പത്രങ്ങള്‍ വരുത്തുന്ന വളരെ നിര്‍ദ്ദോഷമായ തെറ്റുകളെ പൊക്കിപ്പിടിച്ച് കൊണ്ടാടുന്നത് അനാവശ്യമാണുതാനും. (‘ഇന്‍ പ്രെയ്സ് ഓഫ് മിസ്റ്റേക്സ്’ എന്ന പേരില്‍ പ്രീ-ഡിഗ്രിക്ക് ഒരു പാഠം പഠിക്കാനുണ്ടായിരുന്നു. നിസ്സാര തെറ്റുകളുടെ പേരില്‍ പത്രമോഫീസിലേയ്ക്ക് വിളിച്ചും എഴുതിയും പരാതിപറയുന്നവര്‍ക്ക് വേറേ പണിയില്ലേ എന്ന ചോദ്യമായിരുന്നു ആ ലേഖനത്തില്‍. ആല്‍ഡസ് ഹക്സ്‍ലി ആയിരുന്നു ലേഖകന്‍ എന്നാണോര്‍മ. തെളിവു തരാന്‍ ലിങ്കൊന്നും തെരഞ്ഞിട്ട് കിട്ടുന്നില്ല.)

ബ്ലോഗുകള്‍ക്ക് വിശ്വാസ്യത കൂടുന്നത് എന്തുകൊണ്ട്?

  • പലപ്പോഴും ‘സംഭവ സ്ഥലത്ത്’ പത്രറിപ്പോര്‍ട്ടര്‍ ഉണ്ടാവാനുള്ള സാധ്യതെയെക്കാളേറെയാണ് ബ്ലോഗര്‍ ഉണ്ടാവാനുള്ള സാധ്യത. മിനി-മൈക്രോസോഫ്റ്റ് ബ്ലോഗ് ഉദാഹരണമായെടുക്കുക. ഇത് ഒരു മൈക്രോസോഫ്റ്റ് ജീവനക്കാരന്‍റെ ബ്ലോഗ് ആണ് (ആള്‍ ഇപ്പോഴും അജ്ഞാതന്‍). മൈക്രോസോഫ്റ്റ് മാനേജ്മെന്‍റിനെ വിമര്‍ശിക്കുന്നതില്‍ മുമ്പന്തിയിലാണ് ഇദ്ദേഹം. ഒരു പത്രലേഖകനു സാധ്യമാകാത്ത കാര്യമാണ് ഇദ്ദേഹം ചെയ്യുന്നത്. പത്രങ്ങള്‍ വരെ, പലപ്പോഴും ഇദ്ദേഹത്തെ ഉദ്ധരിച്ചാണ് മൈക്രോസോഫ്റ്റ് രഹസ്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഒരു ഉദാഹരണം ഇവിടെ.
  • സിബു പറഞ്ഞിട്ടുള്ളതു പോലെ, ബ്ലോഗുകളില്‍ തെറ്റുകള്‍ തിരുത്തപ്പെടാനുള്ള സാധ്യതയും അതിനുള്ള വേഗതയും വളരെ കൂടുതലാണ്. ബ്ലോഗില്‍ എഴുതി വിട്ട തെറ്റായ കാര്യം വായനക്കാര്‍ തിരുത്തിയ കഥ എല്‍ജി പറഞ്ഞിട്ടുണ്ട്. ഇനി സ്വാനുഭവം പറയാം. ഈ പോസ്റ്റ് ഒന്നു വായിച്ചു നോക്കൂ. അതില്‍ എനിക്ക് അറിവില്ലാത്തതോ ഓര്‍മയില്ലാത്തതോ ആയ സംഗതികള്‍ എത്ര വേഗമാണ് തിരുത്തപ്പെട്ടത്. ബ്ലോഗുകളുടെ ഗുണം, “ഇന്‍ പ്ലെയ്സ്” തിരുത്തലുകള്‍ നല്‍കാമെന്നതാണ്. അതായത്, ഒരിക്കല്‍ തിരുത്തിയാല്‍, പിന്നെ ആ ലേഖനം വായിക്കുന്ന ആര്‍ക്കും ഈ തിരുത്ത് ലഭ്യമാണ്. പത്രങ്ങള്‍ക്കുള്ള ഒരു പരിമിതിയും ഇതാണ്. ഇന്നത്തെ പത്രത്തില്‍ കടന്നു കൂടിയ തെറ്റ് നാളത്തെ പത്രത്തിലാണ് തിരുത്തപ്പെടുക. അപ്പോള്‍ കുറേക്കാലം കഴിഞ്ഞ് ഇന്നത്തെപ്പത്രം മാത്രം നോക്കുന്നയാളിന് ആ തിരുത്ത് ലഭ്യമാകുന്നില്ല. ഈ സൌകര്യം ലഭ്യമായ ഓണ്‍ലൈന്‍ പത്രങ്ങള്‍ പോലും ഇത് ഉപയോഗപ്പെടുത്തിക്കണ്ടിട്ടില്ല.
  • കതിരും പതിരും തിരിച്ചറിയാന്‍ എളുപ്പം. ബ്ലോഗുകള്‍ ആര്‍ക്കും എന്തും എഴുതാനുള്ള ഇടങ്ങളാണെന്ന് ഒരു വിശ്വാസം ചിലേടങ്ങളിലെങ്കിലും നിലനില്‍ക്കുന്നു. ഇതില്‍ സത്യമില്ലാതില്ല. വിശ്വാസയോഗ്യമല്ലാത്ത ബ്ലോഗുകള്‍ക്കുദാഹരണം പലരും നിരത്തുകയുണ്ടായി. ഇത് ബ്ലോഗുകളുടെ മാത്രം കാര്യമല്ല. ഇന്‍റര്‍നെറ്റില്‍ അസത്യങ്ങളോ അര്‍ഥസത്യങ്ങളോ ആയ ഒരുപാട് കാര്യങ്ങള്‍ ഒരുപാടൊരുപാട് പേര്‍ എഴുതിപ്പിടിപ്പിച്ചിരിക്കുന്നതിനുദാഹരണം ദേവന്‍ ഇവിടെ പറയുന്നുണ്ട്. അങ്ങനെ വരുമ്പോള്‍ വായനക്കാരന്‍, പത്രങ്ങളുടെ കാര്യത്തില്‍ സെലക്ടീവാകുന്നതു പോലെ, ബ്ലോഗുകളുടെ കാര്യത്തിലും സെലക്ടീവായേ തീരൂ. വളരെ ചിട്ടവട്ടങ്ങളോടെ നടത്തിപ്പോരുന്നവ മാത്രമേ വിശ്വാസയോഗ്യമാവൂ എന്നത് ബാലിശമായ വാദമാണ്. എന്തുമേതും തന്നിഷ്ടം പോലെ എഴുതിപ്പിടിപ്പിക്കാമെന്ന് ആള്‍ക്കാര്‍ ധരിച്ചു വച്ചിരിക്കുന്ന വിക്കിപ്പീഡിയയാണോ, അതോ റെഫറന്‍സിന് അവസാനവാക്കെന്ന് കരുതപ്പെടുന്ന എന്‍സൈക്ലോപീഡിയ ബ്രിറ്റാനിക്കയാണോ കൂടുതല്‍ കൃത്യമായത് എന്നത് തര്‍ക്കവിഷയമാണല്ലോ. നേച്ചര്‍ മാഗസിന്‍ നടത്തിയ പഠനത്തില്‍, കൃത്യതയുടെയും വിശ്വാസ്യതയുടെയും കാര്യത്തില്‍ ഈ രണ്ട് എന്‍സൈക്ലോപീഡിയകളും ഒരുപോലെയാണെന്ന് കണ്ടെത്തുകയുണ്ടായി. (ഈ പഠനം അശാസ്ത്രീയമാണെന്ന് എന്‍സൈക്ലോപീഡിയ ബ്രിറ്റാനിക്ക പറഞ്ഞിട്ടുണ്ട്. അതിലത്ഭുതമില്ല.)

നല്ല നാളേയ്ക്ക്
ഒരു കണക്കിന് നോക്കിയാല്‍ ഇത് ഒരു അനാവശ്യ ചര്‍ച്ചയാണ്. എന്നാലും ബ്ലോഗുകളുടെ, പ്രത്യേകിച്ച് മലയാളം ബ്ലോഗുകളുടെ പ്രചാരം വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ കുത്സിതബുദ്ധിയോടും അല്ലാതെയും വിശ്വാസ്യതയുടെ പ്രശ്നം പല കോണില്‍ നിന്നും പൊങ്ങി വരാന്‍ സാധ്യത കാണുന്നു. ചാറ്റുറൂമുകള്‍ സൃഷ്ടിച്ച മോശം ഇമേജുകളാവാം, ഒരു പക്ഷേ, ഇന്‍റര്‍നെറ്റുമായി ബന്ധമുള്ളതെന്തും കാപട്യം നിറഞ്ഞതും അവിശ്വസനീയവും സുരക്ഷാരഹിതവുമാണെന്ന പൊതുധാരണയ്ക്ക് നിനാദം. ആ ധാരണ മാറ്റിയെടുക്കേണ്ടുന്നത് നമ്മുടെ കടമയാണ്. അതിലേയ്ക്ക് ഇത്തരം സം‌വാദങ്ങള്‍ സഹായകമാകണം എന്ന് ആശിക്കുന്നു. ഒപ്പം, പത്രങ്ങളുള്‍പ്പടെയുള്ള ഇതരമാധ്യമങ്ങളുടെ ഉത്തരവാദിത്തം ഓര്‍മിപ്പിക്കാനും ഈ ചര്‍ച്ച വഴിതെളിച്ചാല്‍ നന്ന്.

Published in:  on July 14, 2006 at 12:41 am Comments (36)