മുരളീ സ്വരവീചി തളര്‍ന്നുറങ്ങി, മൂക-
ബന്ധത്തിന്‍ യമുനകള്‍ നേര്‍ത്തൊഴുകി,
രാധാവിലാപത്തിന്നലയൊടുങ്ങി, പ്രേമ-
സുരഭിയുമെങ്ങോ തകര്‍ന്നുറഞ്ഞു.
ഗോപകുമാരികള്‍, ഗോവര്‍ദ്ധനാദ്രിയു-
മെന്‍ കഥ ചൊല്ലുന്ന കാളിന്ദിയും,
കാളിയ മര്‍ദ്ദന വീരചരിതങ്ങള്‍
കാലം കുറിച്ചിട്ട കാപട്യങ്ങള്‍!
ദ്വാരക, മിന്നുന്ന കോട്ടകള്‍, കൊത്തളം
ആശിപ്പതെത്രയുമുന്നതങ്ങള്‍.
പീലിത്തിരുമുടി കെട്ടിപോലും
പീതാംബരം ചെമ്മേ ചുറ്റിപോലും
ഓടക്കുഴലതില്‍ പാടിപോലും
ഗോക്കളെ നോക്കുവോനാണു പോലും!
വെണ്ണകട്ടുണ്ടു നടക്കുന്നൊരീയെന്നെ
മണ്ണിന്‍റെ നാഥനാക്കുന്നു നിങ്ങള്‍.