ബൂലോഗ ക്ലബ് ചവറുകൂനയാണെന്നും അഴുക്കുചാലാണെന്നും മറ്റുമുള്ള അഭിപ്രായങ്ങള്‍ ഈയടുത്ത കാലത്തായി ഉയര്‍ന്നിരിക്കുകയാണല്ലോ. ബൂലോഗ ക്ലബ് ഇത് രണ്ടുമല്ല-ആവരുത്-എന്ന എളിയ അഭിപ്രായമാണ് എനിക്കുള്ളത്. ഈ ഗതി തുടര്‍ന്നാല്‍ ക്ലബിനെ പിന്മൊഴി സംവിധാനത്തില്‍ നിന്നും വിലക്കും എന്ന് ഏവൂരാന് പറയേണ്ടി വന്നിരിക്കുന്നു.
തത്ത്വദീക്ഷയില്ലാത്ത പുതിയ പോസ്റ്റുകളാണ് ഇത്തരം അഭിപ്രായങ്ങള്‍ക്ക് കാരണമായി ഭവിക്കുന്നത്. ക്ലബിലെ അംഗങ്ങളെ, “ചുമ്മാ വാ” എന്ന് പറഞ്ഞാണ് ക്ഷണിച്ചിരിക്കുന്നത്. ‘സഭ്യവും നിയമാനുസൃതവുമായ’ എന്തും പോസ്റ്റാം എന്ന ക്ഷണം, സഭ്യവും നിയമാനുസൃതവുമായ എല്ലാം ഇവിടെ പോസ്റ്റൂ എന്ന് വ്യാഖ്യാനിക്കുന്നതാണബദ്ധം. ബൂലോഗ ക്ലബില്‍ ഒരു പോസ്റ്റ് ഇടുന്നതിനു മുമ്പ്, രണ്ടാവൃത്തി ആലോചിക്കൂ എന്നാണെന്‍റെ അപേക്ഷ.
ക്ലബില്‍ കൂട്ടായ്മയ്ക്കാണ് സ്ഥാനം, വ്യക്തിക്കല്ല. ബൂലോഗര്‍ക്ക് പൊതുവായി ചര്‍ച്ച ചെയ്യേണ്ടുന്ന വിഷയങ്ങളാവണം പോസ്റ്റു ചെയ്യാന്‍ ഏറ്റവും അനുയോജ്യം. ബൂലോഗം, മലയാളം, ഭാരതം എന്നിവയുമായി നേരിട്ട് ബന്ധമുള്ള പോസ്റ്റുകള്‍ അഭികാമ്യമത്രേ. മറ്റു ബ്ലോഗുകളില്‍ ഇടയ്ക്കിടെ ഉണ്ടാവാറുള്ള ആരോഗ്യകരമായ ചര്‍ച്ചകള്‍ (ഏത് വിഷയത്തെപ്പറ്റിയായാലും) ബൂലോഗ ക്ലബിലേയ്ക്ക് പറിച്ചുനടുന്നത്, പിന്നീട് തപ്പിയെടുക്കാന്‍ സഹായകമാവും.
സ്വന്തം കൃതിയുടെ പരസ്യവും പുതിയ സങ്കേതങ്ങളുടെ പരീക്ഷണവും ക്ലബില്‍ കല്ലുകടിയാണ്. പരസ്പരം മുതുകു ചൊറിയലും അരോചകമാണ്. വിശേഷദിവസങ്ങളുടെ ആശംസകള്‍ ക്ലബില്‍ നിന്നും ഒഴിവാക്കാവുന്നതേയുള്ളൂ. ഇതിനെല്ലാമാണ് സ്വന്തം ബ്ലോഗുകള്‍ ഉപയോഗിക്കേണ്ടത്. കാണേണ്ടവന്‍ വന്നു കണ്ടുകൊള്ളും. വിശപ്പില്ലാത്തവനെ നിര്‍ബന്ധിച്ചൂട്ടിക്കേണ്ട കാര്യമില്ല.
കമന്‍റുകളുടെ എണ്ണം പോസ്റ്റിന്‍റെ വില അളക്കുന്നതിന് മാനദണ്ഡമാകാന്‍ പാടില്ല. എന്നാലും ബൂലോഗ ക്ലബിനുവേണ്ടി ഇതൊരു മാനദണ്ഡമാക്കാവുന്നതേയുള്ളൂ. കുറഞ്ഞത് അഞ്ച് കമന്‍റുകളെങ്കിലും ഇല്ലാത്ത പോസ്റ്റുകള്‍ ബൂലോഗ ക്ലബില്‍ വരേണ്ടതായിരുന്നില്ല എന്ന് എഴുത്തുകാര്‍ മനസ്സിലാക്കേണ്ടതാണ്.
ക്ലബില്‍ പോസ്റ്റു ചെയ്യുന്നവര്‍ അക്ഷരത്തെറ്റുകള്‍ വരുത്തുന്നത് ക്ഷമയര്‍ഹിക്കാത്ത തെറ്റാണ്. അക്ഷരത്തെറ്റുകളുള്ള പോസ്റ്റുകള്‍ അവ ചൂണ്ടിക്കാണിക്കപ്പെടുമ്പോള്‍ എഴുത്തുകാര്‍ തിരുത്താത്തപക്ഷം, മറ്റൊന്നുമാലോചിക്കാതെ നീക്കം ചെയ്യാന്‍ ക്ലബില്‍ അഡ്മില്‍ റൈറ്റുള്ളവര്‍ തയ്യാറാവേണ്ടതാണ്. ബൂലോഗത്തിന്‍റെ കൂട്ടായ്മയുടെ കേന്ദ്രം എന്നൊക്കെ അച്ചടി മാധ്യമങ്ങള്‍ പുകഴ്ത്തിയ ക്ലബിലേയ്ക്ക് പുതുതായെത്തുന്ന വിരുന്നുകാരനെ അക്ഷരപ്പിശാച് കൊഞ്ഞനം കുത്തിക്കാണിക്കുമ്പോള്‍ “ഇതാണോ ഇവിടുത്തെ ഒരു നിലവാരം?” എന്ന് ചോദിച്ചുപോയില്ലെങ്കിലേ അത്ഭുതമുള്ളൂ.
ഇതൊരു പെരുമാറ്റച്ചട്ടമല്ല; അങ്ങനെ ഒന്ന് എഴുതിയുണ്ടാക്കാനുള്ള മുറവിളിയുമല്ല. എന്തിനുമേതിനും പെരുമാറ്റച്ചട്ടമില്ലെങ്കില്‍ തോന്നിയപോലെ ചെയ്തു ശീലിച്ചവര്‍ക്ക്, ആത്മസംയമനം പാലിക്കേണ്ടതിന്‍റെ ആവശ്യകത ബോധ്യമായാല്‍ ബൂലോഗ ക്ലബിലെ ചവറ്റുകുട്ട ഉപയോഗരഹിതമായി ഇരിക്കും; അത് അങ്ങനെ ഇരിക്കണം.