അച്ചുവിന് രണ്ടു വയസ്സ്


പുലര്‍ന്നുവല്ലോ, യിതുനാളു നിന്‍റേ
പിറന്ന നാളും, ഭരണീ, തുലാത്തില്‍.
മറന്നുവെന്നോ, യലയാഴി പോലേ,
കിടന്നു നീ പണ്ടലറിക്കരഞ്ഞൂ!
കടന്നുപോകേ ദിനരാത്രമൊന്നായ്
പകര്‍ന്നു തന്നൂ മനമാകെ മോദം.
കടന്നു പോയീ, യറിയാതെ വേഗം
പിറന്ന നാള്‍തൊട്ടിതുരണ്ടു വര്‍ഷം.
വളര്‍ന്നുപോലും, വലുതായിപോലും,
കുരുന്നു കള്ളാ, വളരില്ല മക്കള്‍!

Published in:  on October 28, 2006 at 7:26 am Comments (139)

പഞ്ചേന്ദ്രിയാകര്‍ഷണം

ഇത് സമസ്യാപൂരണത്തിന്‍റെ ഉത്സവകാലം. വെളുത്തു പോമെന്നിഹ തോന്നിടുന്നു എന്ന സമസ്യയുടെ പൂരണങ്ങളാല്‍ ബ്ലോഗുലകം നിറഞ്ഞുകവിഞ്ഞതു കണ്ട്, രാജേഷ് വര്‍മ്മയ്ക്ക് തല്ലും നല്‍കി, അടുത്ത സമസ്യയുമായി ഉമേഷ് രംഗത്തിറങ്ങി. “ദിസ് വില്‍ സെപറേയ്റ്റ് മെന്‍ ഫ്രം ബോയ്സ്” എന്ന് അദ്ദേഹം ആകാശവാണിക്കു നല്‍കിയ അഭിമുഖത്തില്‍ അവകാശപ്പെട്ടില്ലെങ്കിലും, അങ്ങനെ ഒരു ധാരണയുണ്ടായിരുന്നവരെ നിരാശരാക്കി ശാര്‍ദ്ദൂലവിക്രീഡിതത്തിലും ശ്ലോകങ്ങള്‍ ചമയ്ക്കാന്‍ ധാരാളം പേര്‍ രംഗത്തെത്തി.

പന്ത്രണ്ടാല്‍ മസജം സതംത ഗുരുവും ശാര്‍ദ്ദൂലവിക്രീഡിതം എന്നാണ് വൃത്തലക്ഷണം.

എന്‍റെ പൂരണം:

കണ്ണിന്നുത്സവമേകി ഗന്ധമൊഴുകും കാര്‍കൂന്തലോടിങ്ങിതാ
പെണ്ണുങ്ങള്‍ വരവായ്, പതുക്കെയറിവൂ പഞ്ചാരതന്‍സ്വാദു ഞാന്‍,
സൂചിത്തുമ്പവരേറ്റി, ‘നിര്‍ത്തു കെളവാ!’ യെന്നാട്ടിയോ, രെങ്കിലും
കാലത്തുള്ളൊരുയാത്ര വേദനയിലും പഞ്ചേന്ദ്രിയാകര്‍ഷണം!

വയസ്സാകുന്തോറും മറ്റിന്ദ്രിയങ്ങളൊന്നും നന്നായി പ്രവര്‍ത്തിക്കുന്നില്ലെങ്കിലും, പഞ്ചാരയുടെ മധുരം നാവില്‍ നിന്നു വിട്ടുപോവതെങ്ങനെ?

Published in:  on October 18, 2006 at 4:48 am Comments (9)

ലാലേട്ടാ, രമ്യ വിളിക്കുന്നു

മലയാളം റ്റി. വി. തുറന്നു വച്ചാല്‍ സിംഹഭാഗവും സിനിമാസംബന്ധിയായ പരിപാടികളാവുമല്ലോ കാണാന്‍ കിട്ടുക. അതില്‍ തെറ്റു പറയാനില്ല. പരസ്യമാണ് റ്റി. വി. യുടെ വരുമാനം. പരസ്യം കിട്ടുന്ന പരിപാടിയാണ് റ്റി. വി. ക്കാര്‍ക്ക് പഥ്യം. സിനിമാ സംബന്ധിയായ പരിപാടികള്‍ കാണിക്കാന്‍ ചെലവ് കുറവ്. വരവ് കൂടുതലും. ഇതൊക്കെ മനസ്സിലാക്കിയെടുക്കാന്‍ അപാര ബുദ്ധിയൊന്നും വേണ്ടെന്നര്‍ഥം.

റ്റി. വി. അവതാരകര്‍ക്ക് അതിനാല്‍ തന്നെ സിനിമാക്കാരെക്കുറിച്ചാണ് എപ്പോഴും പറയാനുണ്ടാവുക. പൃഥ്വിരാജിന് പല്ലുവേദന, ഭാവനയ്ക്ക് നീര്‍വീഴ്ച, മോഹന്‍ലാല്‍ ഡബ്‍ള്‍ റോള്‍ അഭിനയിക്കണോ, മമ്മൂട്ടിയുടെ ഇനി കോമഡി ചെയ്യണോ എന്നു തുടങ്ങുന്ന വാര്‍ത്തകള്‍ അപ്പപ്പോള്‍ നമുക്കെത്തിക്കേണ്ടേ?

ഇതൊക്കെ സഹിക്കാം. ചലച്ചിത്ര ഗാനപരിപാടികളുടെയും സിനിമാവിശേഷ പരിപാടികളുടെയും അവതാരകരാണ് നമ്മുടെ സഹനശക്തി നന്നായി പരീക്ഷിക്കുന്നത്. ഈ പരിപാടിയൊന്നും അധികം കണ്ടുകൊണ്ടിരിക്കാത്തതിനാല്‍ വലിയ പ്രശ്നമില്ലാതെ, രക്തസമ്മര്‍ദ്ദം വരാതെ, കാലം കഴിഞ്ഞു പോകുന്നു. എന്നാലും അശ്വമേധവും സിംഗ് ആന്‍ഡ് വിന്‍-ഉം കഴിഞ്ഞാല്‍ ആപാദചൂഡം ചൊറിഞ്ഞുവരുന്ന മറ്റൊരു സംഗതി ഇക്കൂട്ടര്‍ ഒപ്പിക്കാറുണ്ട്.

അതെന്താണെന്നോ? “ഞമ്മ സ്വന്തം ആള്” എന്ന നെഗളിപ്പ്.

ഒരു പരിചയുമില്ലാത്തവരെ, മറ്റാരെങ്കിലും വിളിക്കുന്ന ലൈസന്‍സുപയോഗിച്ച്, സ്വന്തമാക്കല്‍. അവതാരക പറയുന്നു: “ദാസേട്ടന്‍ മനോഹരമായി പാടിയിരിക്കുന്നു!” ദാസേട്ടന്‍? ശ്രീ. കെ. ജെ. യേശുദാസ് ഇവളുടെ “ഏട്ട”നാണോ? യേശുദാസിനെ വളരെ അടുത്തറിയുന്നവര്‍ ദാസേട്ടന്‍ എന്ന് വിളിക്കുന്നതിലത്ഭുതമില്ല. അതനുകരിച്ച് കണ്ണില്‍ക്കാണുന്ന കൂത്താടിയും കുറുമാലിയുമൊക്കെ അങ്ങനെ വിളിക്കാന്‍ തുടങ്ങിയാലോ?

ലാലേട്ടനും മമ്മുക്കയും ഇങ്ങനെ നമുക്ക് ‘സ്വന്തമായതാണ്’. നമ്മുടെ സ്വകാര്യതകളില്‍ സ്നേഹപ്രകടനത്തിനായി ഇങ്ങനെ ചെല്ലപ്പേരിട്ടു വിളിക്കാമെങ്കിലും അവതാരകനും അവതാരകയും കലാകാരന്മാരുടെ പേരുപറയുമ്പോള്‍ സേയ്ഫ് ഡിസ്റ്റന്‍സ് ഇടണമെന്നാണെന്‍റെ അഭിപ്രായം. ഒന്നുമില്ലെങ്കിലും ഇതു കേള്‍ക്കുന്ന മോഹന്‍ലാലിനും മമ്മൂട്ടിയ്ക്കും തോന്നില്ലേ, ഒരു ‘ഇത്’?

ഗായിക ചിത്ര, എസ്. ജാനകിയെ ജാനകിയമ്മ എന്നാണ് വിളിക്കുക. ഇപ്പോള്‍ എസ്. ജാനകിയെ ജാനകിയമ്മയെന്ന് വിളിക്കാത്തവര്‍ ചുരുക്കം. സുശീലാമ്മയ്ക്കും ഈ ഗതിതന്നെ. എന്നാല്‍ പി. ലീലയാവട്ടെ, ഇതുവരെ ലീലാമ്മയായിക്കണ്ടിട്ടില്ല.

ഇവര്‍ക്കാര്‍ക്കും ലാലു അലക്സ് ചേട്ടനും ഇന്നസന്‍റ് ചേട്ടനും ശോഭനച്ചേച്ചിയും വഴങ്ങാത്തതെന്ത്?

സംഗീത സം‌വിധായകന്‍, അന്തരിച്ച ശ്രീ രവീന്ദ്രനും കവി പി. ഭാസ്കരനും ഇവരുടെ പ്രിയപ്പെട്ട മാഷന്മാരാണ്. എന്നാല്‍ അധ്യാപകരായിരിന്നിട്ടുകൂടി ഓയെന്‍‍വിയും, ജഗദീഷും മാഷ് പദവിയ്ക്കര്‍ഹരായില്ല.

ഗായകരില്‍ ജയചന്ദ്രനോ എം. ജി. ശ്രീകുമാറോ ഏട്ടന്മാരായിട്ടില്ല. എം. ജി. ശ്രീകുമാര്‍ ശ്രീക്കുട്ടന്‍ പോലും ആയിക്കണ്ടിട്ടില്ല (അത്രയും ഭാഗ്യം).

ഇങ്ങനെ ‘സ്നേഹബഹുമാനങ്ങളോടെ’ വിളിക്കുന്നത് പേരുവിളിക്കുന്നതിനേക്കാള്‍ നന്നല്ലേ എന്നു തോന്നിയേക്കാം. അവതാരകര്‍ ഇങ്ങനെ സ്വന്തം ആളു ചമയുന്നത് അതിരുകടന്ന പണിതന്നെയാണ്. മറിച്ച്, പേരുമാത്രം പറയുന്നത് ബഹുമാനമില്ലായ്മയാവുന്നുമില്ല. തങ്ങളേക്കാള്‍ കേമന്മാരും കേമികളുമില്ലെന്ന് ധരിക്കുന്ന അവതാരകരുടെ ചേട്ടാ, ചേച്ചീ, മാഷേ വിളികളാണ് കേള്‍വിക്കാര്‍ക്കും പേര് വിളിക്കപ്പെടുന്നവര്‍ക്കും ഒരുപോലെ അരോചകമാവുക.

ആകാശവാണിയുടെ മാതൃക തന്നെ നല്ലത്. “അടുത്ത ഗാനം ആലപിക്കുന്നത് യേശുദാസും ചിത്രയും. ചിത്രം: തിരകള്‍ക്കപ്പുറം. ഗാനരചന: യൂസഫലി കേച്ചേരി, സംഗീതം: ജോണ്‍സണ്‍.” യേശുദാസും ചിത്രയും യൂസഫലിയും ജോണ്‍സണുമൊപ്പം, നമ്മള്‍ കേള്‍വിക്കാരും അതാസ്വദിക്കുന്നു.

കുറിപ്പ്: രമ്യ സൂര്യ റ്റി. വി. യില്‍ മ്യൂസിക് മൊമന്‍റ്സ് എന്ന പരിപാടിയുടെ അവതാരകയാണ്.

Published in:  on October 14, 2006 at 7:40 am Comments (83)

വെളുത്തുപോകും എന്നൊരു തോന്നല്‍

ഉപേന്ദ്രവജ്രയിലോ ഉപജാതിയിലോ പടയ്ക്കൂ എന്ന വെല്ലുവിളിയുമായി ഉമേഷ് ഒരു സമസ്യാപൂരണം അവതരിപ്പിച്ചപ്പോള്‍ പിടിപ്പതുള്ള പണി മാറ്റി വച്ച് ശ്ലോകം ചമയ്ക്കാനിരുന്നതിന്‍റെ ഫലമാണ് ഇക്കാണുന്നവ.

കറുത്ത കാന്തന്‍ നഗരൂര്‍ക്കു പോകേ
കറുത്ത ഭാര്യയ്ക്കറിയാതെ ഗര്‍ഭം!
കണക്കു നോക്കി, ശ്ശിശുവന്നുവെന്നാല്‍
വെളുത്തുപോമെന്നിഹ തോന്നിടുന്നു.

നഗരൂര്‍ എന്‍റെ നാടിനടുത്തുള്ള ഒരു ഗ്രാമമാണ്. കിളിരൂര്‍, പരവൂര്‍, തവനൂര്‍, മടവൂര്‍, നിലമേല്‍ [അവസാനം പറഞ്ഞ രണ്ടെണ്ണവും എന്‍റെ നാടിനടുത്താണ്] എന്നീ സ്ഥലനാമങ്ങളും നഗരൂര്‍ക്കു പകരം ഉപയോഗിക്കാവുന്നതാണ്. നഗരൂരില്‍ എന്‍റെ അടുത്ത പരിചയക്കാരാരുമില്ലാത്തതിനാല്‍ ആര്‍ക്കും സംശയമുണ്ടാവില്ല എന്നതിനാലാണ് നഗരൂര്‍ ഉപയോഗിച്ചിരിക്കുന്നത്. നഗരൂര്‍ പ്രയോഗം ഇഷ്ടമായെന്നോതിയ കൂമനും, ശ്ലോകം തന്നെ തരക്കേടില്ല എന്നു പറഞ്ഞ പാപ്പാനും എന്നെ വികാരാധീനനാക്കി. പ്രേക്ഷകര്‍ അംഗീകരിക്കുന്നതിലും വലിയ അവാര്‍ഡുണ്ടോ എന്ന് ഞാന്‍ ഇത്തരുണത്തില്‍ അവാര്‍ഡു കമ്മറ്റിയോട് ചോദിച്ചുപോകയാണ്.

കൂട്ടത്തില്‍ പറയട്ടെ, ഉമേഷ് മൂന്നാം വരി ഒന്നുകൂടി മിനുക്കി (രഹസ്യമായി) ഇങ്ങനെ പറഞ്ഞു:

കറുത്ത കാന്തന്‍ നഗരൂര്‍ക്കു പോകേ
കറുത്ത ഭാര്യയ്ക്കറിയാതെ ഗര്‍ഭം!
കൊനഷ്ടു നോക്കൂ, ഇനിയുള്ള കുഞ്ഞും
വെളുത്തുപോമെന്നിഹ തോന്നിടുന്നു.

അതെനിക്ക് പെരുത്തിഷ്ടപ്പെടുകയും ചെയ്തു.

കാറ്റുള്ളപ്പോള്‍ തൂറ്റണമെന്നല്ലേ. അതിനാല്‍ എഴുതാനെളുപ്പമുള്ള ഉപേന്ദ്രവജ്ര കണ്ടപ്പോള്‍ ഒരെണ്ണത്തില്‍ നിര്‍ത്തുന്നതെങ്ങനെ എന്നൊരു സന്ദേഹം. ഒരു വരിയില്‍ത്തന്നെ ഇരുപത്തിമൂന്നക്ഷരമുള്ള മത്താക്രീഡയില്‍ (മത്താക്രീഡയ്ക്കെട്ടേഴെട്ടായ് മമതനനമൊടു നന ലഘു ഗുരുവിഹ) പൂരിപ്പിക്കാനുള്ള അടുത്ത സമസ്യയുമായിറങ്ങും മുമ്പ്, സമസ്യാപൂരണക്കൊതി തീരണമല്ലോ!

അങ്ങനെയാണ് കൊഴുകൊഴുത്ത ദ്രാവകങ്ങള്‍ അങ്ങോട്ടുമിങ്ങോട്ടുമൊഴിച്ചു കളിക്കുന്ന വക്കാരിയെ മനസ്സില്‍ ധ്യാനിച്ച് ഇങ്ങനെ കുറിച്ചു വച്ചത് (അല്ലാ, ആളെവിടെപ്പോയി, കാണാനേയില്ലല്ലോ):

നിറങ്ങളില്ലാത്ത ദ്രവങ്ങള്‍ ലാബില്‍
കലര്‍ത്തി വീണ്ടും ക്ഷമകെട്ടു മെല്ലേ,
ചുവന്നു കിട്ടേണ്ട പരീക്ഷണം, ദേ-
വെളുത്തുപോമെന്നിഹ തോന്നിടുന്നു!

പാവം, ഇങ്ങനെയാണെങ്കില്‍ വര്‍ഷങ്ങളായി റിസര്‍ച്ചു നടത്തുന്നവരെന്തു ചെയ്യും? അതു പറഞ്ഞപ്പോഴാണ് ഓര്‍ത്തത്, പണ്ടൊരിക്കല്‍ വായിച്ചതാണ്. ലാബുകള്‍ക്ക് ആസിഡും മറ്റും വിതരണം ചെയ്യുന്ന കടക്കാരന്‍ സള്‍ഫ്യൂരിക് ആസിഡിലോ മറ്റോ മായം ചേര്‍ത്തകാരണം യൂണിവേഴ്സിറ്റിയുടെ ലാബ് പരീക്ഷയ്ക്ക് കുട്ടികള്‍ക്ക് ആര്‍ക്കും ഫുള്‍മാര്‍ക്ക് കിട്ടിയില്ലത്രേ! ആസിഡില്‍ വെള്ളം ചേര്‍ത്തിട്ടുണ്ടോ എന്ന് കുടിച്ചു നോക്കിയിട്ട് പറയാനാവില്ലല്ലോ.

അങ്ങനെ പറഞ്ഞു വന്നപ്പോള്‍ ഇഞ്ചിയ്ക്കൊരു സംശയം. എനിക്ക് എത്ര ബാല്യകാല സഖികളുണ്ട്? (അവരാരെങ്കിലും ഈ ബ്ലോഗ് വായിക്കുന്നുണ്ടെങ്കില്‍ ഇവിടെ വന്ന് ഹാജര്‍ വയ്ക്കണമെന്നില്ല.) ആര്‍ക്കും മനസ്സിലാകാത്ത കഥകള്‍ എഴുതുന്നതിന്നിടയ്ക്ക് അദ്ദേഹം എന്‍റെ മുന്‍പോസ്റ്റുകളിലൂടെ ഒരു ഓട്ടപ്രദക്ഷിണം വച്ചിട്ടു “അമ്പതുണ്ടാവുമോ?” എന്ന് സന്ദേഹിച്ചു. ഇഞ്ചിയോടെന്നല്ല, ആരോടും ഞാന്‍ ഉത്തരം പറയാന്‍ പോകുന്നില്ല.

ഇഞ്ചിയാരെന്നറിയാത്തവര്‍ക്ക് ഒരു ലിങ്ക് കൊടുക്കാമെന്ന് വച്ചാല്‍, സ്വന്തം ബ്ലോഗും കത്തിച്ച് അതിന്‍റെ ചാരവും നെറ്റിയിലിട്ട് “എന്‍റെ വര്‍ക്കിച്ചോ, ഇനി ഞാനെന്തിനു ജീവിക്കണം” എന്ന് നിലവിളിച്ച് നടക്കുകയല്ലേ ആയമ്മ.

കഴിഞ്ഞ കാര്യങ്ങളൊരിക്കലും ഞാന്‍
പറഞ്ഞു വീണ്ടും ഞെളിയാതിരിപ്പൂ!
കളത്രമെങ്ങാനുമറിഞ്ഞിടുന്നാള്‍
വെളുത്തുപോമെന്നിഹ തോന്നിടുന്നു.

രസകരങ്ങളായ സമസ്യാപൂരണങ്ങള്‍ വായിക്കുവാന്‍ ഗുരുകുലത്തിലേയ്ക്ക് പോവുക.

Published in:  on October 13, 2006 at 11:38 pm Comments (12)

വെറുതേ ചില ചോദ്യങ്ങള്‍

ദൈവം പറഞ്ഞു:
    വെറുതേ ചില ചോദ്യങ്ങള്‍.
    ‘യാത്രയ്ക്കു മുമ്പ് ചോദ്യം പാടില്ല.’
    യാത്രയ്ക്കു മുമ്പും ചോദ്യമാവാം!

ആമുഖം കഴിഞ്ഞു.
അശരീരികള്‍ നിരന്നു.
വിലങ്ങില്ലാത്ത അശരീരികള്‍
എന്നെ വിലങ്ങു വച്ചു.

അച്ഛന്‍ പറഞ്ഞു:
    എന്‍റെ കണ്ണടച്ചാല്‍ നീ അനുഭവിക്കും.
    ‘ശരി.’
    നീ എന്‍റെ പണമപഹരിച്ചോ?
    ‘പിതാവേ, അങ്ങയുടെ പോക്കറ്റിലെ
    നാണയത്തുട്ടുകള്‍ ഞാന്‍ എണ്ണി നോക്കി.’

അമ്മ പറഞ്ഞു:
    എന്‍റെ കണ്ണടച്ചാല്‍ നീ അനുഭവിക്കും.
    ‘വളരെ ശരി.’
    നീ പഠിക്കുന്നുണ്ടോ?
    ‘പൈസയുള്ളപ്പോള്‍ മാതൃഹൃദയമേ പഠിക്കുവതെന്തിന്?’

ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍
ദിവസങ്ങള്‍ക്ക് പഴക്കം വന്നില്ല,
വര്‍ഷങ്ങള്‍ക്ക് പഴക്കം വന്നു.

പുസ്തകം പറഞ്ഞു:
    എന്‍റെ അറിവ് പഴയതാണ്.
    ‘പഴയ അറിവില്‍ തെറ്റുണ്ടാവില്ല.’
    വെള്ളിയാഴ്ചകളില്‍ നീ
    മദ്യപിക്കുന്നതെന്ത്?
    ‘വെള്ളിയാഴ്ചകളില്‍
    അക്ഷരത്തിന്‍റെ ഗന്ധത്തേക്കാള്‍
    മദ്യഗന്ധമാണെനിക്കിഷ്ടം!’

കൂടുതലിരുട്ടുന്തോറും
ഇരുട്ടിനു മടുത്തു.
ചിലപ്പോള്‍ ഇരുട്ടിന്‍റെ നിറം
വെളുപ്പാണ്.

ചന്ദ്രന്‍ പറഞ്ഞു:
    ഉദിക്കുന്നതിനേക്കാള്‍ പ്രയാസം അസ്തമിക്കാനാണ്.
    ‘ഉദയാസ്തമയങ്ങള്‍ക്കിടയിലുള്ള യാത്രയോ?’
    നിന്‍റെ കലണ്ടറില്‍ ഇന്ന് പൌര്‍ണമിയല്ലേ?
    ഞാന്‍ ഉദിച്ചോട്ടേ?
    ‘കറുത്ത തുണിയാലുള്ള കര്‍ട്ടന്‍ നീ കാണാത്തതെന്ത്?
    നീ ധൈര്യമായി ഉദിക്കുക,
    ഇരുളിന്‍റെ മറവിലുള്ള വേഴ്ചയെ കാലം അപലപിക്കുന്നില്ല.’

മരണത്തിനു കവികള്‍
കറുത്ത ചായം വരച്ചു.
കറുപ്പിനു ചിത്രകാരന്മാര്‍
മരണ ഗന്ധമേകി.

ഭാര്യ പറഞ്ഞു:
    ഞാന്‍ മരിക്കുന്നതാണ് നിങ്ങള്‍ക്കിഷ്ടം.
    ‘എന്നാല്‍ എന്‍റെ കാലില്‍ മുള്ളുകള്‍ തറയും.’
    നാഥാ, എന്‍റെ മാറിടം നിന്നെ ഭ്രമിപ്പിക്കുന്നതെന്ത്?    
    ‘ഉന്നതിയിലേയ്ക്കുള്ള പാത
    മാറിടങ്ങളിലാരംഭിക്കുന്നു പ്രിയേ!’

സൌന്ദര്യത്തിന്‍റെ നാനാര്‍ഥങ്ങള്‍
അവള്‍ എന്നെ പഠിപ്പിച്ചു.
പകരമായി, അവള്‍ സുന്ദരിയാണെന്ന്
ഞാന്‍ പറഞ്ഞു.

കണ്ടക്ടര്‍ പറഞ്ഞു:
    സുന്ദരികളായ യാത്രക്കാരെ എനിക്കിഷ്ടമാണ്.
    ‘ധിക്കാരിയായ നിയമപാലകനാണ് അങ്ങ്.’
    ദാനശീലനാം ഭവാന്‍ ടിക്കറ്റെടുക്കാത്തതെന്ത്?
    ‘ചില്ലറകള്‍ തെരുവു വേശ്യകള്‍ക്കായി
    മാറ്റി വച്ചു കഴിഞ്ഞു.’

സംസ്കാരം വളര്‍ത്തുവാന്‍
കെട്ടിടങ്ങള്‍ ഉയര്‍ന്നു.
സാഹിത്യം അളക്കുവാന്‍
പ്രതിഭകള്‍ ഊണുമേശ്യ്ക്കു ചുറ്റും നിരന്നു.

കാമുകി പറഞ്ഞു:
    സ്വര്‍ഗമേ നന്ദി:
    നിന്‍റെ ചെയ്തികളില്‍ സംസ്കാരം നിറഞ്ഞു നിന്നു.
    ‘അന്ത്യനാളില്‍ ഈ അവാര്‍ഡ് കാമ്യമല്ല,
    ജഡ്ജിംഗ് കമ്മിറ്റിയുടെ ദയാവായ്പാകുന്നു ഇത്.’
    എനിക്കു ശ്വസന തടസ്സമുണ്ടായിട്ടും
    ഇനിയും നീ മുഖമമര്‍ത്തുന്നതെന്ത്?
    ‘അന്ത്യശ്വാസം വരെ ചുംബിക്കാനാണ്
    ഭാര്യയുടെ ഉത്തരവ്.’

പണ്ട് ഹൃദയത്തിന്‍റെ നിറം
ചുവപ്പായിരുന്നു.
ഇപ്പോള്‍ ചുവപ്പിനു കറുപ്പിനോട്
അസൂയയാണ്.

രാത്രി പറഞ്ഞു:
    എന്‍റെ പൂക്കള്‍ക്കു വെളുപ്പു നിറമാണ്.
    ‘കറുത്ത വസ്തുക്കള്‍ക്കു കുപ്രസിദ്ധയാണു നീ.’
    എന്‍റെ നിഴലില്‍ നീ സന്മാര്‍ഗ ചിന്ത വെടിയുന്നതെന്ത്?
    ‘രാത്രി അസന്മാര്‍ഗികള്‍ക്കുള്ളതാണ്,
    നീയില്ലെങ്കില്‍ ഞാനില്ല!’

പൊടിപ്പും തൊങ്ങലുമുള്ള
കഥകള്‍ക്ക് നല്ല പ്രചാരമാണ്.
വില കുറവായതിനാല്‍ ആരും
ആത്മകവിത എഴുതാറില്ല.

ഞാന്‍ പറഞ്ഞു:
    ‘നിര്‍ഭാഗ്യവാനായ യോദ്ധാവ്’
    എന്നാണ് എന്‍റെ ആത്മകഥയുടെ പേര്.

ദൈവം പറഞ്ഞു:
    ചോദ്യങ്ങള്‍ നിര്‍ത്തുക.
    ഇനിയും ഭൂമിയില്‍ മരിക്കാനാളുണ്ട്.

ചോദ്യങ്ങള്‍ നിന്നു.
അശരീരികള്‍ ഓരോന്നായി മരിച്ചു വീണു.
ദൈവവും ഞാനും മാത്രമായപ്പോള്‍ മറ്റൊരു ദൈവം വന്നു.
‘ഒന്നാം ദൈവം കള്ള ദൈവം’:
ഞാന്‍ ഉറക്കെ വിളിച്ചു.
എന്നിട്ട് രണ്ടാമത്തെ ദൈവത്തോടൊപ്പം പോയി.
അടുത്ത പരീക്ഷ പ്രയാസമില്ലാതിരിക്കാന്‍
ഞാന്‍ ഏതു ദൈവത്തോടു
പ്രാര്‍ഥിക്കും—ഒന്നോ രണ്ടോ?

Published in:  on October 10, 2006 at 5:10 am Comments (16)

ഭാര്യാഗൃഹേ പരമ സുഖം

കുട്ടികളായിരിക്കുമ്പോള്‍, അമ്മൂമ്മയും അച്ഛനും ഞങ്ങള്‍ക്ക്—അനിയന്മാര്‍ക്കും എനിക്കും—കഥകള്‍ പറഞ്ഞു തരുമായിരുന്നു. മാസത്തിലൊരിക്കലോ മറ്റോ ആണ് വീട്ടില്‍ വരാറുള്ളത് എന്നതു കൊണ്ട്, ദിവസവും കഥ പറഞ്ഞു തരുന്ന അമ്മൂമ്മയെ കഥകളുടെ എണ്ണത്തിലോ അവയുടെ “വൌ ഫാക്ടറിലോ” തോല്പിക്കാന്‍ സാധ്യമല്ല എന്ന് ഞങ്ങള്‍ തര്‍ക്കത്തിനിടയില്ലാത്ത വിധം അച്ഛനെ ധരിപ്പിച്ചു പോന്നു.

അങ്ങനെയാണ് മറ്റേമ്മ (എന്നു ഞങ്ങള്‍ വിളിക്കുന്ന അമ്മൂമ്മ) യോട് പിടിച്ചു നില്‍ക്കാന്‍ അച്ഛന്‍ പുതിയ തന്ത്രം മെനഞ്ഞത്. അന്ന് നടന്നതോ നടക്കാനിരിക്കുന്നതോ ആയ ഏതെങ്കിലും സംഭവങ്ങളെ ആസ്പദമാക്കിയുള്ള പുരാണ/സാരോപദേശ കഥകള്‍ ആയിരിക്കും അച്ഛന്‍ പറയുക. കേട്ടുകൊണ്ടിരിക്കുന്ന ഞങ്ങളുടെ ഏറ്റവും വലിയ വിനോദം ആ കഥയും അന്നു നടന്ന സംഭവവുമായി ബന്ധപ്പെടുത്തുക എന്നതായിരുന്നു. കഥയുടെ നാടകീയ അവതരണത്തില്‍ മറ്റേമ്മയോട് ഒപ്പത്തിനൊപ്പമോ ഒരു പടി പിന്നിലോ ആയിരുന്ന അച്ഛന്‍, ഈ തന്ത്രത്തിലൂടെ മുന്നിലെത്തി. അച്ഛന്‍റെ കഥകള്‍ക്കായി ഞങ്ങള്‍ കാത്തിരിക്കാന്‍ തുടങ്ങി.

“മറ്റേമ്മാ, ചങ്കരന്‍ തുറുകൂട്ടിയപ്പം താഴെ വലുപ്പം കൂടുതലും മോളിലോട്ട് കൂര്‍ത്തും വച്ചില്ലേ? അങ്ങനെ വച്ചാല് അത് താഴപ്പോവൂലാന്ന്, പണ്ട് ഹനുമാന്‍ രാവണന്‍റെ മുമ്പില് വാലു ചുരുട്ടിയതീന്ന് ചങ്കരന്‍റെ അപ്പൂപ്പന്‍റെ അപ്പൂപ്പന്‍റെ അപ്പൂപ്പന്‍ പഠിച്ചതാത്രേ.”

ഒരു ദിവസം അത്താഴം കഴിഞ്ഞ് ഏതോ കഥ കേട്ട് കേട്ട് പകുതിയായപ്പോള്‍ ഞാന്‍ ഉറങ്ങിപ്പോയി. അന്ന് അനിയന് അഭിമന്യുവിന്‍റെ കഥ കൂടി കേള്‍ക്കാന്‍ സാധിച്ചു.

രണ്ടു ദിവസത്തില്‍ കൂടുതല്‍ തുടര്‍ച്ചയായി അമ്മ വീട്ടില്‍ അച്ഛന്‍ നിന്ന ഓര്‍മയെനിക്കില്ല. വിശാലമായ പറമ്പും ധാരാളം കളിക്കൂട്ടുകാരുമുള്ള അമ്മവീടായിരുന്നു ഞങ്ങള്‍ കുട്ടികള്‍ക്ക് കൂടുതല്‍ പഥ്യം. അച്ഛന്‍ ഞായറാഴ്ച ഉച്ചയ്ക്ക് ജോലിസ്ഥലത്തേയ്ക്ക് പോകാനൊരുങ്ങുമ്പോള്‍ രണ്ടുദിവസം കൂടി അച്ഛന്‍ ഞങ്ങളോടൊപ്പം ചെലവഴിച്ചിരുന്നെങ്കിലെന്ന് ഞങ്ങള്‍ ആഗ്രഹിക്കും. ഒരു ഞായറാഴ്ച അച്ഛന്‍ ഞങ്ങള്‍ക്ക് പറഞ്ഞു തന്നത് കവി ഭാരവിയെക്കുറിച്ചുള്ള കഥയാണ്.

ഭാരവി കല്യാണം കഴിഞ്ഞ് കുറേ നാള്‍ ഭാര്യവീട്ടില്‍ പൊറുത്താലോ എന്ന് വിചാരിച്ച് താമസം അവിടേയ്ക്കു മാറ്റി. നല്ല സുഖം. സമയത്ത് ഭക്ഷണം. പ്രത്യേകിച്ച് ജോലിയൊന്നുമില്ല. രാജകീയ റ്റ്രീറ്റ്മെന്‍റ്. കവിതയെഴുത്തിന്‍റെ അസുഖമുണ്ടായിരുന്ന ഭാരവി തന്‍റെ സന്തോഷം അടക്കിവച്ചില്ല. വീടിന്‍റെ പുറകിലുള്ള ഭിത്തിയില്‍ അദ്ദേഹം കരിക്കട്ടകൊണ്ട് ഇങ്ങനെ എഴുതിവച്ചു:

“ഭാര്യാ ഗൃഹേ പരമ സുഖം!”

പിറ്റേന്ന് ഭാരവിയുടെ അമ്മായിയപ്പന്‍ ഈ ലിഖിതം കണ്ടു. മരുമകന്‍റെ മനസ്സില്‍ ആവശ്യമില്ലാത്ത ആശയങ്ങളൊന്നും വരുത്തേണ്ട എന്നു വച്ച് അമ്മായിയപ്പന്‍ അടിയില്‍ കരിക്കട്ടകൊണ്ടു തന്നെ ഇങ്ങനെ എഴുതി:

“തവ രണ്ടു ദിനം.”

ഭാരവിക്ക് ഇതത്ര രുചിച്ചില്ല. എന്നാലും അതൃപ്തി പുറത്തു കാണിക്കാതെ, രാജതുല്യനായിത്തന്നെ, അദ്ദേഹത്തിന്‍റെ ഭാര്യവീട്ടിലെ പൊറുതി നാലാം ദിവസത്തിലേയ്ക്ക് കടന്നു. അമ്മായിയപ്പനു തെറ്റിയല്ലോ എന്നാഹ്ലാദിച്ച് ഭാരവി മൂന്നാം വരി കുറിച്ചു:

“മമ നാലു ദിനം…”

പിറ്റേന്ന് അതിരാവിലെ ഭാരവി കെട്ടും ഭാണ്ഡവുമെടുത്ത് സ്ഥലം കാലിയാക്കിയത്രേ. അതിനു കാരണം, നാലാം വരിയായി അമ്മായിയപ്പന്‍ ഇങ്ങനെ എഴുതിപ്പിടിപ്പിച്ചതാണെന്ന് അന്നാട്ടുകാര്‍ വിശ്വസിച്ചു പോന്നു:

“ശ്വാനനു സമം!”

പിന്നീട് ഞായറാഴ്ചകളില്‍ “അച്ഛന്‍ പോണില്ലേ?” എന്ന് ഞങ്ങള്‍ ചോദിച്ചു തുടങ്ങി.

[വിവാഹിതരുടെ ചില വീരകഥകള്‍ വായിച്ചപ്പോള്‍ ഓര്‍മ വന്നത്. എന്നെ ശല്യരാക്കിയ ഉമേഷിന്‍റെ ഭാവനയോട് കൂറു പുലര്‍ത്തണമല്ലോ.]

Published in:  on October 2, 2006 at 1:41 am Comments (56)