പുപ്പുലിയായ ജ്യോതി എഴുതിയ കിം ലേഖനം വായിച്ച ശേഷമാണ് ഞാന്‍ പുലി വേട്ടയ്ക്കിറങ്ങിയത്. സാമാന്യം തരക്കേടില്ലാത്ത വേട്ടയായിരുന്നു. പത്തമ്പത് വമ്പന്മാരെ കിട്ടി. ഉണ്ട തീര്‍ന്നു പോയതുകൊണ്ടു മാത്രം അമ്പതില്‍ ഒതുക്കിയതാണ്. പിന്നെയാണോര്‍ത്തത് അങ്ങനെ ചെയ്തത് നന്നായെന്ന്. വെടിവച്ചിട്ട പുലികളെയെല്ലാം സൂക്ഷിച്ചുവയ്ക്കാനുള്ള കോപ്പ് എന്‍റെ കയ്യിലില്ല. മഴ നനഞ്ഞാല്‍ കുളമാകും. സീയാറ്റിലിലാണെങ്കില്‍ ഒരാഴ്ചയായി നിര്‍ത്താതെ മഞ്ഞു വീഴ്ചയും. എന്തു ചെയ്യും എന്നാലോചിച്ച് ഏ. ആറിനെ സമീപിച്ചു. നല്ല കാര്യ വിവരമുള്ള ആളാണ്, അദ്ദേഹം ഒരു വഴികാണിച്ചു തരാതിരിക്കില്ല. തെറ്റിയില്ല. ഓച്ഛാനിച്ചു നിന്ന എന്നെ നോക്കി അദ്ദേഹം പറഞ്ഞു:
“ശംഭുനടനം!”
“എന്തോ?” ഞാന്‍ ചോദിച്ചു.
“ജകാരസനഭത്തൊടു ജകാരസനഭം ലഘുഗുരുക്കളിഹ ശംഭുനടനം” അല്പം നീരസം കലര്‍ന്ന മറുപടി.
എനിക്ക് സമാധാനമായി. ഞാന്‍ തിരിഞ്ഞോടി. വീര്യമുള്ള മദ്യം മോന്തിയിട്ട് കയ്യാഫാസിനെപ്പോലെ ഞാന്‍ അലറി:
“എനിക്ക് തൃപ്തിയായി! ആ പുലിക്കൂട്ടങ്ങളെ ഞാന്‍ തറച്ചു! എന്‍റെ ശത്രുവിനെയും. ഈ മദ്യം എന്‍റെ സന്തോഷം കൂട്ടും!”
കാലാവസ്ഥയില്‍ എന്തോ മാറ്റം പോലെ. പട്ടാപ്പകല്‍ സൂര്യന്‍ മറയുന്നു. കൊടുങ്കാറ്റടിക്കുന്നു. ഏയ്, തോന്നിയതാവണം. അല്ല, ഇവിടെ ഇതൊക്കെ പതിവുള്ളതല്ലേ?
പുലിക്കൂട്ടങ്ങളെ വാരിയടുക്കി. മൂന്നു നിര കഴിഞ്ഞപ്പോള്‍ ആകെ തളര്‍ന്നു. മദ്യം മനുഷ്യനെ ശക്തനാക്കില്ല. അവന്‍റെ ദൌര്‍ബല്യത്തെ മറച്ചു പിടിക്കുകയേയുള്ളൂ. പുലികള്‍ ഇനിയും നിരന്നു കിടക്കുന്നു. എന്നു മാത്രമോ, തീര്‍ച്ചയായും കളയാന്‍ വയ്യാത്ത ചില വന്‍ പുലികള്‍ അറയ്ക്കുള്ളില്‍ കൊള്ളുന്നുമില്ല.
“നീ മദ്യപിച്ചിട്ടുണ്ടോ?”
നടുവ് പരമാവധി വളച്ചുകൊണ്ട് ബോധിപ്പിച്ചു: “കാലിക്കുപ്പിയില്‍ അല്പം വെള്ളം കലക്കി മണപ്പിച്ചു. അത്രേയുണ്ടായിട്ടുള്ളൂ. മാടന്‍ തമ്പുരാനാണെ…”
“നിറുത്ത്!”
ഞാന്‍ നിറുത്തി. കള്ളയാണയിടാതെ രക്ഷപ്പെട്ടു. സുകൃതം.
“പുലികള്‍ പലതും പുറത്തായി, അല്ലേ?”
“അതെ, പ്രഭോ…”
“എട്ടുഭകാരമിരണ്ടുഗുരുക്കളുമായ് വരുകില്‍ കരുതീടതു ചന്ദനസാരം”
“വീണ്ടും ഇരുപത്താറ്?”
“ഇരുപത്താറിലധികമായാല്‍ ദണ്ഡകമാവും. മണത്തതിന്‍റെ വിഷമിറങ്ങും മുമ്പ് ശ്രമിച്ചു നോക്ക്.”
ശ്രമിച്ചു. എന്നിട്ടും പല പുലികളും പുറത്ത്.
ആദി, യതുല്യ, യുമേഷു, കുമാറു, നിഷാദു, വിശാല, ദിവാ, സിബു, ദില്‍ബനു, മിഞ്ചീം
ബിന്ദു, സു, ഡാലി, യമുല്ലയുമങ്ങനെ, ബെന്നി, മൊഴീ, മിടിവാള, രവിന്ദതു, സാക്ഷീ,
ലാപുട, വിശ്വ, മനൂ, കുറുമാ, നനിലും, ശനിയന്‍, പെരിയോന്‍, ഷിജു, ദേവ, മനു, ശ്രീ,
ജ്യോതി, കരിത്തലയന്‍, നള, നെന്നിവരൊക്കെ ബുലോഗ വനത്തിലെ പുപ്പുലികള്‍ താന്‍!
പുലികള്‍ക്ക് പേരിടുമ്പോള്‍ ആലോചിക്കണമായിരുന്നു. ഈ രക്തത്തില്‍ എനിക്ക് പങ്കില്ല.