ഫാര്‍ ഫ്രം ദ മാഡിംഗ് ക്രൌഡ്

കേരളത്തില്‍ വാലന്‍റൈന്‍സ് ഡേയുടെ വാണിജ്യവല്‍ക്കരണം തുടങ്ങുന്നതിനും മുമ്പുള്ള കാലത്താണ് തോമസ് ഹാര്‍ഡിയുടെ ഫാര്‍ ഫ്രം ദ മാഡിംഗ് ക്രൌഡ് എന്ന നോവല്‍ പാഠ്യപദ്ധതിയുടെ ഭാഗമായി ഞാന്‍ വായിക്കുന്നത്. (നോവല്‍ ഇവിടെ വായിക്കാം. കടപ്പാട്: ഇടങ്ങള്‍.) നോവലിലെ പതിമൂന്നാമധ്യായം “Sortes Sanctorum – The Valentine” ആരംഭിക്കുന്നത് ഇങ്ങനെയാണ്:

It was Sunday afternoon in the farmhouse, on the thirteenth of February.

വിദ്യാര്‍ഥികളില്‍ ചിലര്‍ക്ക് ആ നോവലില്‍ താല്പര്യമുണ്ടായിരുന്നതുകൊണ്ടോ, പഠിപ്പിച്ച അധ്യാപകന്‍ ചെറുപ്പക്കാരനായതിനാലോ, ക്ലാസില്‍ ‘ദിവ്യയാമവതാരചാരുതയാര്‍ന്ന രാഗപൂത’മാരുണ്ടായിട്ടോ വാലന്‍റൈന്‍ എന്നാല്‍ എന്താണെന്നും അതിന്‍റെ പ്രസക്തിയെന്താണെന്നും മറ്റും മറ്റും ഞങ്ങളെല്ലാവരും അറിവുനേടി. മേല്‍പ്പറഞ്ഞ വരി കാരണമാവണം, ഫെബ്രുവരി 13 ആണ് വാലന്‍റൈന്‍സ് ഡേ എന്നൊരു ധാരണ എനിക്കുണ്ടായിരുന്നു. എന്നാലും കാലാകാലങ്ങളില്‍ ഫെബ്രുവരി 14-ന് വാലന്‍റൈന്‍സ് ഡേയുടെ കോലാഹലങ്ങള്‍ അരങ്ങേറുമ്പോള്‍, ‘എന്നാലും എന്‍റെ ഹാര്‍ഡീ’ എന്ന് ഞാന്‍ ആലോചിച്ചു പോകാറുണ്ട്.

പഠിക്കാനുണ്ടായിരുന്ന പുസ്തകങ്ങളില്‍ എനിക്കിപ്പോഴും മനസ്സില്‍ തങ്ങുന്നതാണ് 1874-ല്‍ തോമസ് ഹാര്‍ഡി രചിച്ച ഫാര്‍ ഫ്രം ദ മാഡിംഗ് ക്രൌഡ്.

I’ve lost my love, and I care not,
I’ve lost my love, and I care not;
I shall soon have another
That’s better than t’other;
I’ve lost my love, and I care not.

എന്നും

‘The rose is red,
The violet blue,
Carnation’s sweet,
And so are you.’

എന്നും മറ്റും മറ്റുമുള്ള വരികള്‍ പിന്നീടെത്ര തവണ ഞങ്ങളില്‍ പലര്‍ക്കും സഹായകമായില്ല!

ഇടയ്ക്കിടെ മണിമുത്തുകള്‍ പോലെ പൊഴിഞ്ഞുവീഴുന്ന ഇത്തരം ‘ആശംസാ കാര്‍ഡ്’ വചനങ്ങള്‍ മാത്രമല്ല ഈ നോവലിന്‍റെ പ്രത്യേകത. അധ്യായങ്ങളുടെ തലക്കെട്ടുകള്‍ പോലും ജിജ്ഞാസയുണര്‍ത്തുന്നവയായിരുന്നു: Hot Cheeks and Tearful Eyes എന്നതും Beauty in Loneliness എന്ന അധ്യായവുമൊക്കെ പഠിപ്പിക്കുമ്പോള്‍ ആര്‍ക്കാണ് ക്ലാസ് കട്ട് ചെയ്യാന്‍ തോന്നുക!

ബാത്ഷേബാ എവര്‍ഡേയ്നിന്‍റെയും ഗബ്രിയേല്‍ ഓകിന്‍റെയും കാല്പനിക സൌന്ദര്യമാര്‍ന്ന പ്രണയ കഥ ഓര്‍ക്കാന്‍ ഇതിലും നല്ലൊരു ദിവസമുണ്ടോ?

Published in: on February 15, 2007 at 7:44 am Comments (16)

കുടുംബ പ്രവര്‍ത്തനം

ലോകത്തിന്‍റെ ഒരു മൂലയില്‍ വസിക്കുന്ന പ്രവാസിയായതിനാല്‍ പതിനഞ്ചോ അതിലധികമോ വരുന്ന മലയാളം ചാനലുകള്‍ കാണാനുള്ള ഭാഗ്യം എന്‍റെ നല്ലപാതിക്ക് ഇല്ല. മുജ്ജന്മ സുകൃതത്തിന്‍റെ സ്റ്റോക്ക് എന്നെക്കെട്ടിയ വകയില്‍ തീര്‍ന്നു പോയതിനാലും കഴിഞ്ഞ ജന്മത്തില്‍ ഞാന്‍ അധികം സുകൃതം ചെയ്തിട്ടില്ലാത്തതിനാലും എണ്ണിച്ചുട്ട അപ്പം പോലെ കിട്ടുന്ന ചാനലുകളായ കൈരളിയും സൂര്യയും മാത്രമാണ് നമ്മുടെ മലയാളം ദൂരദര്‍ശനമോഹങ്ങളെ ചെറുതായെങ്കിലും പൂവണിയിക്കുന്നത്.

ചൊറിഞ്ഞു കേറുന്ന പരിപാടികളുടെ ആധിക്യം കാരണം (ഉദാ: 1, 2), ന്യൂസിനും ക്രിക്കറ്റുകളിയുടെ തുണ്ടുകള്‍ കാണുന്നതിനും മാത്രമാണ് ഞാന്‍ ഇവയെ ആശ്രയിക്കാറ്. മറ്റെല്ലാ വീടുകളിലേയും പോലെ, ഒന്നും കണ്ടില്ലെങ്കിലും റ്റി. വി. ഓണ്‍ ആയിരിക്കണമെന്ന തത്വം കൃത്യമായി പാലിക്കുന്ന കൂട്ടരായതിനാല്‍ കൌതുകം ജനിപ്പിക്കുന്ന മറ്റുപരിപാടികളൊക്കെ കണ്ടു കഴിയുമ്പോള്‍ യാന്ത്രികമായി റ്റി. വി. ചാനല്‍ എണ്ണൂറോ എണ്ണൂറ്റിയൊന്നോ (സൂര്യയോ കൈരളിയോ) ആയി മാറും.

അങ്ങനെയുള്ള വൈകുന്നേരങ്ങളിലൊന്നിലാണ് ഞാന്‍ പളുങ്ക് എന്ന സിനിമയുടെ പ്രസക്ത ഭാഗങ്ങള്‍ കാണുന്നത്.

അവതാരിക: “തൊട്ടതെല്ലാം പൊന്നാക്കുന്ന, മലയാള സിനിമാ സം‌വിധായകരില്‍ അഗ്രഗണ്യനായ ബ്ലസ്സി…”
ഞാന്‍: “ഓ, പിന്നേയ്… (ഭാര്യയോട്) എടീ, അഗ്രഗണ്യന്‍ എന്ന വാക്കിന്‍റെ അര്‍ഥമെന്താണെന്ന് നിനക്കറിയാമോ?”
ദിവ്യ: “പ്രധാനപ്പെട്ടവന്‍? മുന്‍‍നിരയിലുള്ളവന്‍? അങ്ങേയറ്റത്തവന്‍?”
ഞാന്‍: “ഏറ്റവും നല്ലവന്‍, വഴികാട്ടുന്നവന്‍, നേതൃത്വം നല്‍കുന്നവന്‍, സര്‍വശ്രേഷ്ഠന്‍, പ്രഥമഗണനീയന്‍, പൂജ്യസ്ഥാനീയന്‍, മേന്മയും തികവും ഔന്നത്യവും വൈശിഷ്ട്യവും കുലീനതയും നിറഞ്ഞവന്‍…”
ദിവ്യ: “പാവങ്ങളല്ലേ… ജീവിച്ചു പോട്ടെ. ഇന്ന് വേറേയാരേയും കിട്ടിയില്ലേ കുതിരകേറാന്‍?”

ഇതൊന്നും വകവയ്ക്കാതെ, റ്റി. വി.-ക്കാരി കസര്‍ത്തു തുടരുകയാണ്. ഇടയ്ക്കിടയ്ക്ക് സിനിമയുടെ ചില ഭാഗങ്ങള്‍ കാണിക്കുന്നുമുണ്ട്. പകുതി ശ്രദ്ധ റ്റി. വി. യിലാക്കി, ഞാന്‍ ക്രിക്ഇന്‍ഫോയില്‍ സ്കോട്‍ലന്‍ഡ് അയര്‍ലന്‍ഡിനെ തോല്പിച്ച വാര്‍ത്ത വായിക്കാനിരുന്നു. പെട്ടന്നാണ് മമ്മൂട്ടിയും നായികയും തമ്മിലുള്ള ഈ സംഭാഷണം ശ്രദ്ധിക്കുന്നത്:

നായിക: “ഈ വീട്ടില്‍ ഇന്നേ വരെ കുടുംബ പ്രവര്‍ത്തനം നടന്നിട്ടുണ്ടോ?”*

ഞാന്‍ ചെറുതായൊന്നു ഞെട്ടി. എന്തായിരിക്കും നായിക ഉദ്ദേശിച്ച ഈ ‘കുടുംബ പ്രവര്‍ത്തനം’?

റ്റി. വി. യില്‍ നോക്കിയപ്പോള്‍ മമ്മൂട്ടി കട്ടിലില്‍ കിടക്കുന്നു, നായിക തറയില്‍ പായ് വിരിച്ച് അതിലും. മുകളില്‍ പറഞ്ഞ ചോദ്യം ചോദിക്കാന്‍ പറ്റിയ സെറ്റപ്പ്.

ഞാന്‍ (ദിവ്യയോട്): “ഇന്നേ വരെ ഈ വീട്ടില്‍ എന്ത് നടന്നിട്ടുണ്ടോന്ന്?”
ദിവ്യ: “ആ… എന്തോ കുടുംബ…”

ഞാന്‍ മീഡിയാ സെന്‍റര്‍ റീവൈന്‍ഡ് ചെയ്തു. (ഷെയിം‍ലെസ് പ്ലഗ് എന്നതിന്‍റെ മലയാളം എന്താണാവോ: നാണമില്ലാത്ത പരസ്യം എന്നാണോ?) വീണ്ടും കേട്ടു നോക്കി.

ഞാന്‍: “കൊള്ളാം, വീട്ടില്‍ കുടുംബ പ്രവര്‍ത്തനം നടന്നിട്ടുണ്ടോന്ന്! ഗ്രാമീണയായ നായിക ഇങ്ങനെ നേരേ വാ എന്ന രീതിയില്‍ ഭര്‍ത്താവിനോട് ‘പ്രവര്‍ത്തനമില്ലായ്മ’യെപ്പറ്റി പരാതി പറയുന്നതു കൊള്ളാമല്ലോ. ഇനി ഇതിലും വായില്‍ക്കൊള്ളാത്ത രണ്ട് ഡയലോഗ് മോളെന്നു പറയുന്ന പെങ്കൊച്ചിന്‍റെ വായില്‍ കൂടി തിരുകി വച്ചാല്‍ ബ്ലസ്സിക്ക് സം‌വിധായകരിലെ അഗ്രഗണ്യപദവി നിലനിറുത്താന്‍ ബുദ്ധിമുട്ടേയില്ല…”

“ആ റിമോട്ടിങ്ങു തന്നേ, ഞാന്‍ ഒന്നു കൂടെ കേള്‍ക്കട്ടെ.”
“ഇതൊന്നും അച്ചു കേള്‍ക്കേണ്ട, അവന്‍റെ ചെവി പൊത്തിക്കോ!” ഞാന്‍ തമാശയായി പറഞ്ഞു.

സീന്‍ റീവൈന്‍ഡാകുന്നു. ജൂറി പുറത്ത്: “അതേ, ആ ചെവി ഒന്ന് ഡോക്ടറെക്കാണിക്കുമോ? അവള്‍ ചോദിച്ചത്, ‘ഈ വീട്ടില്‍ കുടുംബ പ്രാര്‍ഥന നടന്നിട്ടുണ്ടോ’ എന്നാണ്!”

[*ഇതെഴുതുന്നതിനു മുമ്പ് നായികയുടെ ചോദ്യവും അതിനു മമ്മൂട്ടി നല്‍കുന്ന ഉത്തരവും ഒരിക്കല്‍ കൂടി കാണാന്‍ ശ്രമിച്ചെങ്കിലും ഇതുവരെ നടന്നിട്ടില്ല.]

Published in: on February 6, 2007 at 12:19 am Comments (43)

എല്ലാം കണക്കാ!

അമേരിക്കന്‍ ഐക്യനാടുകളില്‍ കണക്കും സയന്‍സും പഠിപ്പിക്കുന്നതിന്‍റെയും പഠിക്കുന്നതിന്‍റെയും നിലവാരം ഉയര്‍ത്തണമെന്ന വാദം ഉയര്‍ന്നു വന്നതില്‍പിന്നെ, ഈ വിഷയങ്ങള്‍ ഏറ്റവും മോശമായി പഠിപ്പിക്കുന്നത് വാഷിംഗ്ടണ്‍ സംസ്ഥാനത്തിലാണെന്ന് പല വിദ്യാഭ്യാസ വിചക്ഷണരും അഭിപ്രായപ്പെട്ടിട്ടുണ്ട്. ഹൈസ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ കുട്ടികള്‍ക്ക് ഗുണനവും ഹരണവും അനായാസം കൈകാര്യം ചെയ്യാന്‍ കഴിയുന്നില്ല എന്നത് പലരേയും അത്ഭുതപ്പെടുത്തുന്ന സംഗതിയായിരിക്കുന്നു.

മിക്ക രാജ്യങ്ങളിലും ഗുണനം പഠിപ്പിക്കുന്നത് സ്റ്റാന്‍ഡേഡ് അല്‍ഗരിഥം എന്ന പേരിലറിയപ്പെടുന്ന ‘സാധാരണ രീതി’യിലാണ്. ഉദാഹരണമായി, 34 നെ 51 കൊണ്ടു ഗുണിക്കണമെങ്കില്‍ താഴെപ്പറയുന്ന രീതിയിലാവും ഗുണനഫലം കണ്ടെത്തുക:


ചിത്രം: സ്റ്റാന്‍‍ഡേഡ് അല്‍ഗരിഥം

ഈ രീതിയാണല്ലോ നമ്മളില്‍ പലരും പഠിച്ചിരിക്കുന്നത്. (ഇപ്പോള്‍ ഈ രീതി വിട്ട് പുതിയ രീതികള്‍ പരീക്ഷിച്ചു തുടങ്ങിയിട്ടുണ്ടോ എന്നറിയാത്തതിനാലാണ് പലരും എന്നു പറഞ്ഞത്. ബ്ലോഗെഴുത്തുകാരെപ്പോലെ ബ്ലോഗുവായനക്കാരും കാല, ദേശ, പ്രായ, വര്‍ഗ്ഗ, വൈവിധ്യം നില നിറുത്തുന്നവരായതിനാല്‍ “നമ്മളില്‍ പലരും” എന്നൊക്കെ സൂക്ഷിച്ചേ പ്രയോഗിക്കാവൂ എന്ന് ആര്‍ക്കാണറിയാത്തത്?)

സ്റ്റാന്‍‍ഡേഡ് അല്‍ഗരിഥത്തിനെ ഇങ്ങനെ ചുരുക്കി എഴുതാവുന്നതാണ്:


ചിത്രം: സ്റ്റാന്‍‍ഡേഡ് അല്‍ഗരിഥം

എന്നാല്‍ കുട്ടികളില്‍ കണക്കു പഠനത്തോടൊപ്പം ചിന്താശീലവും അന്വേഷണത്വരയും ഗണിതേതര വിഷയങ്ങളില്‍ പ്രാഗല്ഭ്യവും വളര്‍ത്തിയെടുക്കുകയാണത്രേ ഇവിടുത്തെ കണക്കു പഠനം കൊണ്ട് ലക്ഷ്യമിടുന്നത്. അമേരിക്കയാണെന്നു കരുതി, ‘ഗണിതേതര വിഷയങ്ങളില്‍ പ്രാഗല്ഭ്യം’ എന്നു കേള്‍ക്കുമ്പോള്‍ വായനക്കാരുടെ ഭാവന അതിരുകടക്കരുതേ! കണക്കു പുസ്തകത്തില്‍ ലോക പരിചയം എന്ന പേരില്‍ ലോകരാജ്യങ്ങളുടെയും അമേരിക്കന്‍ സംസ്ഥാനങ്ങളുടെയും മറ്റും മാപുകളും മറ്റും ഉള്‍പ്പെടുത്തിയിരിക്കുന്നു എന്ന നിര്‍ദ്ദോഷമായ കൃത്യത്തെയാണ് ഞാന്‍ ഉദ്ദേശിച്ചത്.

ഈ പാഠ്യ രീതിയാണ് ഇപ്പോള്‍ വിമര്‍ശിക്കപ്പെട്ടിരിക്കുന്നത്. കണക്കു പഠനം നേരാം വണ്ണം നടക്കുന്നില്ലെന്ന് മാത്രമല്ല, അതിലുപരി നേടിയെടുക്കാന്‍ ലക്ഷ്യമിട്ടിരുന്ന മറ്റു പല ബൌദ്ധിക പ്രവര്‍ത്തനങ്ങള്‍ക്കും പുതിയ രീതി വിലങ്ങുതടിയാണെന്നാണ് കണ്ടെത്തല്‍.

ഇതിനൊരു മറുവശവുമുണ്ടെന്ന് മറക്കുന്നില്ല. ഇപ്പോഴത്തെ രീതിയുടെ വക്താക്കള്‍ പറയുന്നത്, എഞ്ചുവടിയും ലോഗരിഥം റ്റേയ്ബിളുമെല്ലാം പഴങ്കഥയായെന്നാണ്. ഇന്നത്തെ ലോകത്തിന്‍റെ ശാസ്ത്രീയാന്വേഷണത്തില്‍ പങ്കാളികളാവുവാന്‍ ഇത്തരം സാധാരണ ജോലികള്‍ കാല്‍കുലേയ്റ്ററിനു വിട്ടുകൊടുക്കണമെന്നും ചെറുതായിരിക്കുമ്പോള്‍ത്തന്നെ വലിയ കാര്യങ്ങള്‍ ചെയ്യുവാന്‍ കുട്ടികളെ പ്രാപ്തരാക്കണമെന്നുമാണ് അവരുടെ വാദം.

എന്നാല്‍ യഥാര്‍ഥത്തില്‍ സംഭവിക്കുന്നത് മറ്റൊന്നാണ്. ക്ലാസിലെ ബുദ്ധിമാന്മാരും ബുദ്ധിമതികളും തങ്ങള്‍ക്കുമുന്നില്‍ തുറന്നുകിട്ടുന്ന അവസരം ക്രിയാത്മകമായി വിനിയോഗിച്ച്, പാഠ്യപദ്ധതി ആവിഷ്കാരം ചെയ്തവരുടെ സ്വപ്നത്തിലുള്ള കണക്കു പഠനവുമായി അനന്താവസരങ്ങളുടെ ആകാശനീലിമയിലേയ്ക്കു പറന്നകലുന്നു. ആവറേയ്ജില്‍ താഴെയുള്ള ബഹുഭൂരിപക്ഷം, നാലും മൂന്നും ഏഴെന്നെണ്ണാനും ഗണനയന്ത്രങ്ങള്‍ക്കടിമപ്പെടുന്നു.

ഗുണനം അഭ്യസിപ്പിക്കാന്‍ നമ്മളില്‍ പലരും പഠിച്ച സാധാരണ രീതി മുകളില്‍ കണ്ടല്ലോ. എന്നാല്‍ വാഷിംഗ്ടണ്‍ സംസ്ഥാനത്തില്‍ കുട്ടികളെ ഗുണനം പഠിപ്പിക്കുന്നതെങ്ങനെ എന്ന് നോക്കാം:


ചിത്രം: വാഷിംഗ്ടണ്‍ സംസ്ഥാനം

ചില സ്കൂളുകളില്‍ റ്റേര്‍ക് നിര്‍ദ്ദേശപ്രകാരമുള്ള Investigations in Numbers, Data, and Space എന്ന പദ്ധതിപ്രകാരം ക്ലസ്റ്റര്‍ പ്രോബ്ലം പോലെയാണ് ഗുണനം പഠിപ്പിക്കുന്നത്. ചോദ്യത്തെ എളുപ്പത്തില്‍ ഉത്തരം കണ്ടുപിടിക്കാവുന്ന പല കൂട്ടങ്ങളായി തിരിക്കുന്നതാണ് ക്ലസ്റ്റര്‍ രീതി. മുന്‍ ഉദാഹരണം തന്നെയെടുക്കുക. 34 x 51 എന്നത്, എളുപ്പത്തില്‍ കണ്ടുപിടിക്കാവുന്ന 51- ന്‍റെ ഗുണിതങ്ങളാക്കുകയാണ് വേണ്ടത്.


ചിത്രം: ക്ലസ്റ്റര്‍ രീതി

ഗുണിക്കേണ്ട സംഖ്യകള്‍ വലുതാവുന്തോറും, കുട്ടികള്‍ക്ക് ചിന്താശീലത്തിനും അന്വേഷണത്വരയ്ക്കും പുറമേ പാഠ്യേതര വിഷയങ്ങളില്‍ പ്രാഗല്ഭ്യവും വരുന്നതെങ്ങനെയെന്ന് ഊഹിക്കാമല്ലോ!

മറ്റു ചില സ്കൂളുകള്‍ പിന്തുടരുന്ന Everyday Mathematics പാഠ്യരൂപം പാര്‍ഷ്യല്‍ പ്രോഡക്ട്സ് രീതി എന്നും ലാറ്റിസ് രീതി എന്നും പേരായ രീതികള്‍ പിന്തുടരാന്‍ നിര്‍ദ്ദേശിക്കുന്നു.

പാര്‍ഷ്യല്‍ പ്രോഡക്ട്സ് രീതി നമുക്കു പരിചിതമായ സാധാരണ രീതിയുമായി വളരെ സാമ്യമുള്ളതാണ്. ഈ രീതിയില്‍ സംഖ്യകളുടെ സ്ഥാനക്രമം കുട്ടികള്‍ക്ക് വ്യക്തമാക്കിക്കൊടുക്കുന്നുണ്ട്. ചിത്രം നോക്കുക. ഇവിടെയും സംഖ്യകള്‍ വലുതാവുമ്പോഴുണ്ടാകുന്ന പ്രശ്നങ്ങളെക്കുറിച്ച് ചിന്തിക്കുക.


ചിത്രം: പാര്‍ഷ്യല്‍ പ്രോഡക്ട്സ് രീതി

Everyday Mathematics നിഷ്കര്‍ഷിക്കുന്ന ലാറ്റിസ് രീതി വളരെ രസാവഹമാണ്. ഗുണിക്കേണ്ടുന്ന സംഖ്യകള്‍ മുകളിലും വലതും ആകത്തക്ക വിധം ഒരു ഗ്രിഡ് ഉണ്ടാക്കുകയാണ് ആദ്യപടി. രണ്ടു അക്കങ്ങള്‍ ചേര്‍ന്നു വരുന്നയിടം രണ്ടായി പകുത്ത് (ചിത്രം കാണുക) അവിടെ രണ്ടു പകുതിയിലും കൂടി ആ സംഖ്യകളുടെ ഗുണനഫലം എഴുതിവയ്ക്കുക. ഗുണനഫലം ഒരക്ക സംഖ്യയാണെങ്കില്‍ ഗുണനഫലത്തിന്‍റെ ആദ്യ അക്കമായി 0 ഉപയോഗിക്കാം. ഇങ്ങനെ ഓരോ അക്കങ്ങളുടെ ഗുണനഫലവും അതാതു ഗ്രിഡുകളില്‍ എഴുതുക. ഇങ്ങനെ ചെയ്ത ശേഷം, ഡയഗണല്‍ ആയി വരുന്ന അക്കങ്ങളുടെ തുക കണ്ടു പിടിക്കുക. ഇതില്‍ നിന്നും സംഖ്യകളുടെ ഗുണനഫലത്തിലെത്തുന്ന വിധം താഴെ കാണിച്ചിരുക്കുന്നു.


ചിത്രം: ലാറ്റിസ് രീതി

കണക്കു പരീക്ഷയില്‍ രണ്ടു സംഖ്യകളുടെ ഗുണനഫലം കാണേണ്ടിവരുമ്പോള്‍ ലാറ്റിസ് രീതി മാത്രമറിയുന്നവര്‍ സമയം പോകുന്നത് അറിയുകയേയില്ല.

ഇങ്ങനെയാണെങ്കിലും എനിക്ക് വളരെ പ്രിയങ്കരമായ പെസന്‍റ് രീതി സ്കൂളുകളില്‍ പഠിപ്പിക്കുന്നതായി കാണുന്നില്ല. ആദ്യ വരിയില്‍ ഗുണിക്കപ്പെടേണ്ട രണ്ടു സംഖ്യകള്‍ നിരത്തിയെഴുതുക. രണ്ടാം വരിയില്‍, ആദ്യ സംഖ്യയുടെ താഴെ ആദ്യ സംഖ്യയെ രണ്ടു കൊണ്ട് ഹരിച്ച ഫലം (ശിഷ്ടം ഉപേക്ഷിക്കാം) എഴുതുക. രണ്ടാം സംഖ്യയ്ക്കു താഴെ, രണ്ടാം സംഖ്യയുടെ ഇരട്ടി എഴുതുക. വരിയിലെ ആദ്യസംഖ്യ ഒന്ന് ആകുന്നതു വരെ ഈ പ്രക്രിയ തുടരുക. ഇനി, ഓരോ വരിയിലെയും ആദ്യ സംഖ്യ നോക്കുക. ഈ സംഖ്യ ഇരട്ട സംഖ്യയാണെങ്കില്‍ ആ വരിയിലെ രണ്ടാം സംഖ്യ വെട്ടിക്കളയുക. ഇങ്ങനെ ആദ്യ കോളത്തിലെ ഇരട്ടസംഖ്യകള്‍ക്കു നേരേ രണ്ടാം കോളത്തിലെഴുതിയിരിക്കുന്ന സംഖ്യകള്‍ വെട്ടി മാറ്റിയ ശേഷം, രണ്ടാം കോളത്തില്‍ ബാക്കിയാവുന്ന സംഖ്യകളുടെ തുകയായിരിക്കും ആ സംഖ്യകളുടെ ഗുണനഫലം.


ചിത്രം: പെസന്‍റ് രീതി

ഗുണനവും ഹരണവുമെല്ലാം പഠിക്കുന്നതിനൊപ്പം കുട്ടികളുടെ ശാസ്ത്രാഭിവാഞ്ഛ വര്‍ധിപ്പിക്കുന്നത് നല്ലതാണെന്നതിന് ആര്‍ക്കും രണ്ടഭിപ്രായമില്ല. എന്നാല്‍ പഠനം ലാറ്റിസ് രീതിയില്‍ മാത്രമാവുകയും ദൈനംദിന ജീവിതത്തിലെ ചെറിയ കണക്കു കൂട്ടലുകള്‍ക്ക് ഈ രീതി അഭികാമ്യമല്ലാതാവുകയും ചെയ്യുമ്പോഴാണ് കുട്ടികള്‍ക്കൊപ്പം രക്ഷിതാക്കളും അഭിനവ പഠന രീതികളോട് പുറം തിരിഞ്ഞു നില്‍ക്കുന്നത്. സ്കൂളുകളില്‍ സാധാരണ രീതി നിര്‍ബന്ധമായും പഠിപ്പിക്കണമെന്നും മറ്റു രീതികള്‍ കൂടുതല്‍ താല്പര്യമുള്ള വന്‍‍പുലികള്‍ വിഹരിക്കേണ്ടുന്ന ഘോരവിപിനങ്ങളാക്കുന്നതില്‍ തങ്ങള്‍ക്കെതിര്‍പ്പില്ലെന്നുമാണ് ഈ ‘മൂരാച്ചി’കളുടെ വാദം. അതില്‍ കഴമ്പുണ്ടെന്ന് സമ്മതിക്കാതെ വയ്യ.

Published in: on February 1, 2007 at 5:17 am Comments (69)