കേരളത്തില്‍ വാലന്‍റൈന്‍സ് ഡേയുടെ വാണിജ്യവല്‍ക്കരണം തുടങ്ങുന്നതിനും മുമ്പുള്ള കാലത്താണ് തോമസ് ഹാര്‍ഡിയുടെ ഫാര്‍ ഫ്രം ദ മാഡിംഗ് ക്രൌഡ് എന്ന നോവല്‍ പാഠ്യപദ്ധതിയുടെ ഭാഗമായി ഞാന്‍ വായിക്കുന്നത്. (നോവല്‍ ഇവിടെ വായിക്കാം. കടപ്പാട്: ഇടങ്ങള്‍.) നോവലിലെ പതിമൂന്നാമധ്യായം “Sortes Sanctorum – The Valentine” ആരംഭിക്കുന്നത് ഇങ്ങനെയാണ്:
It was Sunday afternoon in the farmhouse, on the thirteenth of February.
വിദ്യാര്‍ഥികളില്‍ ചിലര്‍ക്ക് ആ നോവലില്‍ താല്പര്യമുണ്ടായിരുന്നതുകൊണ്ടോ, പഠിപ്പിച്ച അധ്യാപകന്‍ ചെറുപ്പക്കാരനായതിനാലോ, ക്ലാസില്‍ ‘ദിവ്യയാമവതാരചാരുതയാര്‍ന്ന രാഗപൂത’മാരുണ്ടായിട്ടോ വാലന്‍റൈന്‍ എന്നാല്‍ എന്താണെന്നും അതിന്‍റെ പ്രസക്തിയെന്താണെന്നും മറ്റും മറ്റും ഞങ്ങളെല്ലാവരും അറിവുനേടി. മേല്‍പ്പറഞ്ഞ വരി കാരണമാവണം, ഫെബ്രുവരി 13 ആണ് വാലന്‍റൈന്‍സ് ഡേ എന്നൊരു ധാരണ എനിക്കുണ്ടായിരുന്നു. എന്നാലും കാലാകാലങ്ങളില്‍ ഫെബ്രുവരി 14-ന് വാലന്‍റൈന്‍സ് ഡേയുടെ കോലാഹലങ്ങള്‍ അരങ്ങേറുമ്പോള്‍, ‘എന്നാലും എന്‍റെ ഹാര്‍ഡീ’ എന്ന് ഞാന്‍ ആലോചിച്ചു പോകാറുണ്ട്.
പഠിക്കാനുണ്ടായിരുന്ന പുസ്തകങ്ങളില്‍ എനിക്കിപ്പോഴും മനസ്സില്‍ തങ്ങുന്നതാണ് 1874-ല്‍ തോമസ് ഹാര്‍ഡി രചിച്ച ഫാര്‍ ഫ്രം ദ മാഡിംഗ് ക്രൌഡ്.
I’ve lost my love, and I care not,
I’ve lost my love, and I care not;
I shall soon have another
That’s better than t’other;
I’ve lost my love, and I care not.
എന്നും
‘The rose is red,
The violet blue,
Carnation’s sweet,
And so are you.’
എന്നും മറ്റും മറ്റുമുള്ള വരികള്‍ പിന്നീടെത്ര തവണ ഞങ്ങളില്‍ പലര്‍ക്കും സഹായകമായില്ല!
ഇടയ്ക്കിടെ മണിമുത്തുകള്‍ പോലെ പൊഴിഞ്ഞുവീഴുന്ന ഇത്തരം ‘ആശംസാ കാര്‍ഡ്’ വചനങ്ങള്‍ മാത്രമല്ല ഈ നോവലിന്‍റെ പ്രത്യേകത. അധ്യായങ്ങളുടെ തലക്കെട്ടുകള്‍ പോലും ജിജ്ഞാസയുണര്‍ത്തുന്നവയായിരുന്നു: Hot Cheeks and Tearful Eyes എന്നതും Beauty in Loneliness എന്ന അധ്യായവുമൊക്കെ പഠിപ്പിക്കുമ്പോള്‍ ആര്‍ക്കാണ് ക്ലാസ് കട്ട് ചെയ്യാന്‍ തോന്നുക!
ബാത്ഷേബാ എവര്‍ഡേയ്നിന്‍റെയും ഗബ്രിയേല്‍ ഓകിന്‍റെയും കാല്പനിക സൌന്ദര്യമാര്‍ന്ന പ്രണയ കഥ ഓര്‍ക്കാന്‍ ഇതിലും നല്ലൊരു ദിവസമുണ്ടോ?