എന്‍റെ പരിമിതമായ സി. ഡി. ശേഖരം, നൂറോളം വരുന്ന മലയാള സിനിമാഗാന സി. ഡി.-കളിലൊതുങ്ങുന്നു. പിന്നെ പത്തോളം ഹിന്ദി സി. ഡികളും. എല്ലാം കൂടി ഏറിയാല്‍ ആയിരത്തിയഞ്ഞൂറു പാട്ട്. അവയെ വിന്‍ഡോസ് മീഡിയ പ്ലെയര്‍ ഉപയോഗിച്ച് WMA, MP3 എന്നീ ഫോര്‍മാറ്റുകളിലാക്കി വച്ചത് ക്യൂജാഡ എന്ന സൈറ്റില്‍ മ്യൂസിക് വിഭാഗം നിലവിലുണ്ടായിരുന്നപ്പോഴാണ്. പഴയതും പുതിയതുമായ അനേകം മനോഹരഗാനങ്ങള്‍ ഞങ്ങളില്‍ ചിലര്‍ ആ സൈറ്റിലൂടെ ലഭ്യമാക്കിയിരുന്നു. കാശുകൊടുത്തു വാങ്ങിയ പാട്ടുകളാണെങ്കിലും ചുമ്മാ സൈറ്റിലിട്ടു കേള്‍പ്പിക്കുന്നത് ശരിയല്ലാ എന്ന് ബോധ്യമായ ദിനങ്ങളിലൊന്നിലാണ് ഞങ്ങള്‍ ക്യൂജാഡ പൂട്ടിക്കെട്ടിയത്.
സി. ഡി. യില്‍ നിന്നും എണ്ണമറ്റ ക്യാസറ്റുകളില്‍ നിന്നും ഡിജിറ്റൈസ് ചെയ്തു വച്ച ആ ശേഖരം അല്ലലേതുമില്ലാതെ ആസ്വദിച്ചു വരുമ്പോഴാണ് എനിക്കൊരു ഉള്‍വിളിയുണ്ടാവുന്നത്. എന്തുകൊണ്ട് ഫയലിന്‍റെ പേരുകള്‍ മലയാളത്തിലാക്കിക്കൂടാ? അങ്ങനെ, ഒരു വൈകുന്നേരമിരുന്ന് കൂട്ടത്തിലുള്ള അഞ്ചുപത്തു പാട്ടുകളുടെ പേരുകള്‍ ഇംഗ്ലീഷില്‍ നിന്നും മലയാളത്തിലാക്കി. കാര്യങ്ങളുടെ പുരോഗതി അറിയാനായി ഉടന്‍ തന്നെ അവയിലൊന്നിനെ ‘പാടിപ്പിച്ചു’ നോക്കി.
എന്തോ ഒരു പന്തികേട്. ഇംഗ്ലീഷ് ഫയല്‍ പേരുകള്‍ മലയാളത്തിലാക്കിയതോടെ മീഡിയ പ്ലെയര്‍, ഫയലിന്‍റെ പേരിനു പകരം ശീര്‍ഷകം (Title) പ്രദര്‍ശിപ്പിച്ചു തുടങ്ങി. പ്ലേലിസ്റ്റ് നോക്കി പാട്ടുകള്‍ തിരഞ്ഞെടുക്കാമായിരുന്ന സൌകര്യമാണ് മൊഴിമാറ്റം മൂലം നഷ്ടമായിരുക്കുന്നത്.
ചെയ്തത് പുലിവാലായി എന്ന് ബോധ്യമായി. എന്നാലും പാട്ടിന്‍റെ പേരുകള്‍ മലയാളത്തില്‍ കാണാന്‍ കൊതി. പാട്ടുകള്‍ മീഡിയ സെന്‍ററിലേയ്ക്ക് മാറ്റി ഒന്നു കൂടി നോക്കി. പ്രതീക്ഷിച്ചതു പോലെ മീഡിയാസെന്‍ററും ശീര്‍ഷകമാണ് കാണിക്കുന്നത്.

ചിത്രം: മീഡിയസെന്‍റര്‍ പ്ലേലിസ്റ്റ് പോയ പോക്ക്
ID3 റ്റാഗുകള്‍ എന്നറിയപ്പെടുന്ന ഫയലിന്‍റെ ശീര്‍ഷകം, ആല്‍ബത്തിന്‍റെ പേര്, കലാവിഭാഗം, തുടങ്ങിയവ ഓരോ ഫയലിലുമായി എഴുതിച്ചേര്‍ക്കാവുന്നതേയുള്ളൂ. എന്നാലും ഓരോ ഫയലിന്‍റെ പേരും മലയാളത്തിലാക്കുന്നതിനൊപ്പം ഫയലിന്‍റെ ഗുണവിശേഷതകളില്‍ (file properties) ശീര്‍ഷകം കൂടി എഴുതിച്ചേര്‍ക്കുന്നത് ഇരട്ടിപ്പണിയാണല്ലോ. പരിഭാഷാശ്രമം ഉപേക്ഷിക്കണോ എന്നാലോചിച്ചു. എന്‍റെ ആവശ്യത്തിനുതകുന്ന ഒരു റ്റൂള്‍ തപ്പിയിട്ടു കിട്ടിയുമില്ല. ഫയലിന്‍റെ പേര് അതുപോലെയെടുത്ത് ശീര്‍ഷകമാക്കുന്ന ഒരു പ്രോഗ്രാമെഴുതിയാലോ എന്ന ആലോചന നടപ്പാക്കി. അങ്ങനെ ഒന്ന് എഴുതിയുണ്ടാക്കിയപ്പോള്‍ കാര്യം നടന്നു!
മുപ്പതോളം വരികള്‍ മാത്രമുള്ള ഒരു ചെറിയ ഖമാന്‍ഡ് ലൈന്‍ പ്രോഗ്രാമില്‍ നിന്നും മറ്റുള്ളവര്‍ക്കു കൂടി ഉപകാരപ്പെട്ടേക്കുന്ന പ്രോഗ്രാമായി മാറ്റിയപ്പോള്‍ വരികളുടെ എണ്ണം എഴുനൂറ്റമ്പതിലധികമായി! എന്തായാലും മെനക്കെട്ടില്ലേ, അല്പം മലയാളിത്തം പ്രോഗ്രാമിലും ഇരിക്കട്ടെ എന്നും കരുതി. ഇതാ നോക്കൂ:

ചിത്രം: റ്റാഗര്‍ യൂസര്‍ ഇന്‍റര്‍ഫെയ്സ്
ഈ പ്രോഗ്രാമുപയോഗിച്ചാല്‍ ഫയലുകളുടെ പേരുതന്നെ അതിന്‍റെ ശീര്‍ഷകമാക്കാനുള്ള ഓപ്ഷനുണ്ട്. അതല്ല, നിങ്ങള്‍ക്കിഷ്ടമുള്ള മറ്റെന്തെങ്കിലും പേര് നല്‍കുകയുമാവാം. മൊഴിമാറ്റത്തോടൊപ്പം ശീര്‍ഷകവും മാറിയപ്പോള്‍ ദാ ഇങ്ങനെയായിക്കിട്ടി:

ചിത്രം: മീഡിയാപ്ലേയര്‍ എന്‍റെ വരുതിയില്‍

ചിത്രം: മീഡിയസെന്‍റര്‍ അനുസരണയോടെ
താല്പര്യമുള്ളവര്‍ക്ക് പ്രോഗ്രാം ഇവിടെ നിന്നും ഡൌണ്‍ലോഡ് ചെയ്യാം. ഇന്‍സ്റ്റോള്‍ ചെയ്യുന്നവര്‍ readme.txt വായിക്കാന്‍ മറക്കരുതേ. ബഗ്ഗുകളും ഫീച്ചര്‍ റിക്വസ്റ്റുകളും ഇവിടെ ഒരു കമന്‍റായി ഇടുകയോ (എന്നാല്‍ ഈ പോസ്റ്റിന് നൂറടിക്കാന്‍ അധികം നേരം വേണ്ടിവരില്ല!) എനിക്ക് അയച്ചു തരികയോ ചെയ്യുമല്ലോ.
ശ്രദ്ധിക്കേണ്ടവ:
1. ഈ പ്രോഗ്രാം ഇന്‍സ്റ്റോള്‍ ചെയ്യുമ്പോള്‍ വിഷ്വല്‍ സ്റ്റുഡിയോ 2005 റണ്‍റ്റൈം ഇന്‍സ്റ്റോള്‍ ചെയ്യപ്പെടും.
2. ഇത് വിന്‍ഡോസ് ഉപയോക്താക്കള്‍ക്കു മാത്രമേ പ്രയോജനപ്പെടൂ.
3. ഈ പ്രോഗ്രാമില്‍ മൈക്രോസോഫ്റ്റ് ഫോര്‍മാറ്റ് എസ്. ഡി. കെ. ഉപയോഗപ്പെടുത്തിയിട്ടുള്ളതിനാല്‍ നിങ്ങളുടെ കമ്പ്യൂട്ടറില്‍ ഫോര്‍മാറ്റ് എസ്. ഡി. കെ. റണ്‍റ്റൈം ആവശ്യമാണ്. വിന്‍ഡോസ് മീഡിയ പ്ലെയര്‍ പത്തോ പതിനൊന്നോ ഇന്‍സ്റ്റോള്‍ ചെയ്തിട്ടുണ്ടെങ്കില്‍ നിങ്ങളുടെ കമ്പ്യൂട്ടറില്‍ ഈ റണ്‍റ്റൈം ഉണ്ട്.

