1992 ജൂലായ് 4 ശനി
മറ്റു പണിയെന്നും കണ്ടെത്താനായില്ല എന്നതുകൊണ്ട് ചന്തയില്‍ പോകേണ്ടി വന്നു. വാളമീന്‍ വാങ്ങി, 8 രൂപയ്ക്ക്. പക്ഷേ, പ്രതീക്ഷിച്ച പ്രതികരണം തന്നെ: മീന്‍ കൊള്ളൂല്ലാ പോലും. തിരക്കുകള്‍ക്കിടയില്‍ മീന്‍ നല്ലതോ ചീത്തയോ എന്ന് പഠിക്കാന്‍ പറ്റീട്ടില്ല എന്ന് മറുപടി.
കിഷോറിന്‍റെ കത്തുവന്നു. പ്രസാദണ്ണന് ഒരു കത്തയച്ചു.
ഉച്ചയ്ക്കു ശേഷം മെച്ചപ്പെട്ട ഉറക്കം കാഴ്ചവച്ചു. അഗാസി-മക്കെന്‍റോ കളി കണ്ടു. വൈകുന്നേരം ഷട്ടില്‍ കളിക്കിടയില്‍ അഭിലാഷുമായി ഭീകര സംഘട്ടനം. സ്റ്റാറ്റിസ്റ്റിക്സിന്‍റെ പുസ്തകം കാണുന്നില്ല. തീയിട്ടെന്നാണ് റിപ്പോര്‍ട്ട്.
വൈകുന്നേരത്ത് അപ്പച്ചിയും ഭര്‍ത്താവും വന്നിരുന്നു. അങ്ങേര്‍ക്ക് എന്നെ കണ്ണെടുത്താല്‍ കണ്ടൂട. എനിക്കാണെങ്കില്‍ അതിലൊട്ടു വിഷമവുമില്ല എന്ന കാര്യം പുള്ളിയെ അലോസരപ്പെടുത്തുന്നുണ്ട്.
സ്റ്റെഫി-സെലസ് മത്സരം നടക്കുന്നു. കറണ്ടുകട്ട് 8-8:30 ആയതിനാല്‍ അവസാന നിമിഷങ്ങള്‍ കാണാന്‍ പറ്റിയേക്കും.
2007 ജൂലായ് 4 ബുധന്‍
ചന്തയില്‍ പോയില്ല. ആരുടേയും കത്തു വന്നില്ല, ആര്‍ക്കും കത്തയച്ചുമില്ല. ഉച്ചയ്ക്കുറങ്ങിയില്ല. ആരോടും അടിവച്ചില്ല. ആരും വിരുന്നു വന്നില്ല. കറണ്ടുകട്ടും ഇല്ല.
രാവിലെ 8 മുതല്‍ 11 വരെ ക്രിക്കറ്റ് കളിച്ചു. ഉച്ചയ്ക്ക് ജെസ്റ്റീന്‍-സെറീന മത്സരത്തിന്‍റെയും നാഡാല്‍-സോഡെറിംഗ് മത്സരത്തിന്‍റെയും പ്രധാന ഭാഗങ്ങള്‍ കണ്ടു.