സീയാറ്റിലിലെ കേരള അസോസിയേഷന്‍ വര്‍ഷാവര്‍ഷം ജൂലൈ മാസത്തില്‍ അംഗങ്ങള്‍ക്കായി പിക്നിക് നടത്താറുണ്ട്. ദിവസം മുഴുവന്‍ നീണ്ടുനില്‍ക്കുന്ന ഈ സംഗമത്തില്‍ വച്ചാണ് സാധാരണയായി പുതുതായി സീയാറ്റിലില്‍ വന്നവര്‍ സൌഹൃദങ്ങള്‍ തുടങ്ങുകയും പഴമക്കാര്‍ സൌഹൃദങ്ങള്‍ പുതുക്കുകയും ചെയ്യുന്നത്.
കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ദിവസം മുഴുവന്‍ ഉല്ലസിക്കുവാന്‍ തക്കവിധം സൌഹൃദസല്ലാപങ്ങളും മത്സരങ്ങളും മത്സരേതര കായിക വിനോദങ്ങളും സംഘടിപ്പിക്കാനും, വിജയിക്കുന്ന എല്ലാവര്‍ക്കുമെന്നപോലെ, പങ്കെടുക്കുന്ന എല്ലാ കുട്ടികള്‍ക്കും സമ്മാനങ്ങളും മറ്റും വാരിക്കോരി കൊടുക്കുവാനും സംഘാടകര്‍ ശ്രദ്ധിക്കാറുണ്ട്. മലയാളം മാത്രമേ സംസാരിക്കാവൂ തുടങ്ങിയ ചെറിയ ചെറിയ നിഷ്കര്‍ഷകളിലൂടെ മലയാളത്തോട് കുട്ടികള്‍ക്കുള്ള പ്രതിപത്തി നിലനിറുത്താനും പിക്നിക് ഉപകരിക്കുന്നു. ഇതിനെല്ലാമുപരി, പങ്കെടുക്കുന്ന എല്ലാ അംഗങ്ങള്‍ക്കും ഉച്ചഭക്ഷണവും മറ്റു ലഘു ഭക്ഷണ/പാനീയങ്ങളും അസോസിയേഷന്‍റെ ചെലവില്‍ നല്‍കാറുമുണ്ട്.
ഭക്ഷണം സൌജന്യമായി നല്‍കുന്നു എന്നു പറഞ്ഞെങ്കിലും, അതിലൊരു ചെറിയ ഫുട്നോട്ട് കൂടി ഉള്‍പ്പെടുത്തണം എന്ന് പറയേണ്ടതില്ലല്ലോ. ദിവസം മുഴുവന്‍ നിറയുന്ന ആഹ്ലാദത്തിനും ആരവങ്ങള്‍ക്കും മൂകസാക്ഷിയായി, ഒരു സംഭാവനപ്പെട്ടി, പിക്നിക് നടക്കുന്ന പാര്‍ക്കിന്‍റെ ഒരു മൂലയിലുണ്ടാവും. പിക്നിക് സംഘടിപ്പിക്കുന്നതിന്‍റെ ചെലവുകള്‍ (പാര്‍ക് റിസര്‍വു ചെയ്യുക, മത്സരങ്ങള്‍ സംഘടിപ്പിക്കുക, സമ്മാനങ്ങള്‍ വാങ്ങുക, ഭക്ഷണം തരപ്പെടുത്തുക) സ്വമേധയായുള്ള സംഭാവനകളിലൂടെ അംഗങ്ങളില്‍ നിന്ന് പിരിഞ്ഞു കിട്ടണമെന്നതാണ് അസോസിയേഷന്‍ ആഗ്രഹിക്കുന്നത്.
ഇക്കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി, പലവട്ടം അസോസിയേഷന്‍ ഭാരവാഹിയായ അനുഭവം വച്ച്, ഈ മാതൃക ഒരിടത്തും വിജയിക്കില്ല എന്ന സ്വാഭാവികമായ അനുമാനത്തില്‍ ഞാന്‍ എത്തിയിരുന്നു. മൊത്തം ചെലവിന്‍റെ പത്തു മുതല്‍ ഇരുപത് ശതമാനം വരെ മാത്രമേ സംഭാവന എന്ന രീതിയില്‍ അസോസിയേഷനു ലഭിച്ചിരുന്നുള്ളൂ. അതില്‍ തന്നെ, പകുതിയിലധികവും ഭാരവാഹികള്‍ തന്നെ നല്‍കുന്ന സംഭാവനയത്രേ!
അങ്ങനെയിരിക്കവേയാണ് ഞാന്‍ റ്റെറാ ബൈറ്റിനെക്കുറിച്ച് കേള്‍ക്കുന്നത്. എസ്പ്രസോയും, സാന്‍ഡ്‍വിചുകളും, ഡിസേര്‍ടുകളും, കോഫിയും സൌജന്യമായി കൊടുക്കുന്ന കട! പൂര്‍ണ്ണമായും സൌജന്യം എന്നു പറഞ്ഞുകൂട: മനസ്സുണ്ടെങ്കില്‍ പണം കൊടുത്താല്‍ മതി. അവരുടെ സൈറ്റു പ്രകാരം,
Terra Bite Lounge is an upscale voluntary payment cafe/deli. Patrons choose what to pay, and are encouraged to pay what they would elsewhere. We also cheerfully serve those who cannot pay, in a non-stigmatizing customer setting, with no political or religious message, and with full-time availability.
ഫ്രീ കിട്ടിയാല്‍ ഫീനോളും കുടിക്കുന്ന തരക്കാരെ ഈ വരികളിലൂടെയാണ് അവര്‍ അകറ്റി നിറുത്തുന്നത്:
We exclude those who ruin the experience for others.
ഇതു മാത്രമോ, ഈ കടയ്ക്കുള്ളില്‍ വയര്‍ലെസ് ഇന്‍റര്‍നെറ്റ്, X-Box/PS3 ഗെയിം ഖണ്‍സോളുകള്‍ എന്നിവ ഉപഭോക്താക്കള്‍ക്ക് സൌജന്യമായി ലഭിക്കും. അവരുടെ ഉദ്ദേശലക്ഷ്യങ്ങള്‍ വിവരിക്കുന്ന പേജില്‍, ഈ സംവിധാനം കുറ്റമില്ലാതെ പ്രവര്‍ത്തിക്കുന്നതായി സാക്ഷ്യപ്പെടുത്തുന്നു.
ലോകത്തിന്‍റെ ഏതോ കോണിലല്ല ഇതു നടക്കുന്നത്, ഞാന്‍ താമസിക്കുന്നതിനടുത്തു തന്നെ. അതിനാല്‍, ഇപ്പറഞ്ഞതെല്ലാം സത്യമാണെന്ന് സ്ഥിരീകരിക്കാന്‍ എനിക്കു സാധിക്കുന്നു. ഇത്തരം സംവിധാനം മറ്റെവിടെയെങ്കിലും നിലവിലുള്ളതായി അറിയുമോ?
