മലയാളി ബ്ലോഗര്‍മാരുടെ എഴുത്തില്‍ ഞാന്‍ എന്ന വാക്കിന്‍റെ അതിപ്രസരം കാണണമെങ്കില്‍ മറ്റെങ്ങും പോകേണ്ട ആവശ്യമില്ല. ഇതാ, ഈയുള്ളവന്‍റെ ബ്ലോഗു തുറന്നുവച്ചു രണ്ടുവരി വായിച്ചാല്‍ മതി! സംസാരത്തിലും എഴുത്തിലും വര്‍ദ്ധിച്ചുവരുന്ന ഈ പ്രവണതയേക്കാള്‍ രസകരമെന്ന് തോന്നിയേക്കാവുന്ന മറ്റൊരു കാര്യമാണ്, പക്ഷേ, ഇവിടെ പ്രതിപാദ്യ വിഷയം.
പണ്ട് ഗോപാലപിള്ള സാറ് പറയാറുണ്ടായിരുന്നപോലെ; കുട്ടികളേ, നിങ്ങള്‍ക്കെല്ലാവര്‍ക്കും നിഷ്പ്രയാസം ചെയ്യാവുന്ന ഒരു അഭ്യാസമാണ് ഞാന്‍ നല്‍കാന്‍ പോകുന്നത്. എല്ലാവരും, ശബ്ദമുണ്ടാക്കാതെ ഉത്തരം കണ്ടു പിടിച്ച് ആര്‍ക്കും കാണിച്ചു കൊടുക്കാതെ ഉത്തരപ്പേപ്പറില്‍ എഴുതി പേപ്പര്‍ കമഴ്ത്തി വയ്ക്കുകയും പേന അടച്ചു വയ്ക്കുകയും ചെയ്യുക.
നമുക്കു കണ്ടുപിടിക്കാം:
(പണ്ടുകാലത്തെ മൂന്നാംക്ലാസ് സയന്‍സ് പാഠപുസ്തകത്തോട് കടപ്പാട്.)
൧. സ്വന്തമായി ബ്ലോഗുള്ളവര്‍ എല്ലാവരും അവരവരുടെ ബ്ലോഗ് തുറക്കുക (ബ്ലോഗില്ലാത്തവര്‍ സ്ഥിരം വായിക്കുന്ന ഏതെങ്കിലും നല്ല ബ്ലോഗ് തുറന്നു വയ്ക്കുക)
൨. “ഞാനും” എന്ന വാക്ക് (ഉദ്ധരണി ഉപേക്ഷിച്ച ശേഷം) ആ ബ്ലോഗില്‍ സേര്‍ച് ചെയ്യുക
൩. സേര്‍ച് റിസല്‍റ്റുകള്‍ ഓരോന്നായി പരിശോധിക്കുക
- ‘ഞാനും’ എന്നത് മറ്റു ആളുകളോടൊപ്പമോ ജീവികളോടൊപ്പമോ അല്ല പ്രയോഗിക്കപ്പെട്ടിട്ടുള്ളതെങ്കില്‍ അടുത്ത റിസല്‍റ്റിലേയ്ക്ക് നീങ്ങുക (ഉദാ: അതു തന്നെ ഞാനും ആലോചിച്ചു.)
- ‘ഞാനും’ എന്ന വാക്കിനുശേഷം, തൊട്ടടുത്ത വാക്കുകളില്‍, മറ്റാരെയെങ്കിലും പറ്റി പറയുന്നുണ്ടെങ്കില്‍ അങ്ങനെയുള്ളവയുടെ എണ്ണുമെടുക്കുക (ഉദാ: ഞാനും എന്‍റെ സുഹൃത്തും കൂടി അവിടെ പോയി.)
- ‘ഞാനും’ എന്ന വാക്കിനു മുമ്പ്, തൊട്ടടുത്ത വാക്കുകളില്‍, മറ്റാരെയെങ്കിലും പറ്റി പറയുന്നുണ്ടെങ്കില്‍ അങ്ങനെയുള്ളവയുടെ എണ്ണവും എടുക്കുക (ഉദാ: അനിയനും ഞാനും കൂടി കളിക്കുകയായിരുന്നു.)
ശരിതെറ്റുകളും പ്രയോഗസാധുതയും
ഞാനും സുഹൃത്തും എന്നു പറയുന്നതും സുഹൃത്തും ഞാനും എന്നു പറയുന്നതും തമ്മില്‍ ഭാഷാപരമായി വ്യത്യാസമൊന്നുമില്ല. ഇംഗ്ലീഷ് ഉള്‍പ്പെടെയുള്ള വിദേശ/അന്യ ഭാഷകളില്‍ ‘ഞാനും’ എന്നത് അവസാനം പറയുന്നതിനാണ് പ്രയോഗസാധുതയെന്നു മാത്രം (ഉദാ: My friends and I എന്നതാണ് I and my friends എന്നതിനേക്കാള്‍ അംഗീകരിക്കപ്പെട്ട പ്രയോഗം). നിത്യേന നമ്മുടെ ജീവിതത്തില്‍ നിറയുന്ന ഞാനെന്ന ഭാവത്തിന്‍റെ ആധിക്യം വച്ചു നോക്കുമ്പോള്‍, ഇക്കാര്യത്തില്‍ മാത്രം വിദേശിയെ അനുകരിക്കാതിരിക്കുന്നതില്‍ അര്‍ഥമില്ലെന്ന് തോന്നുന്നു.