അളിയാ, അളിയന്‍റെ ക്ലോസ് ഫ്രണ്ട് ഷൈജു അഭിനയിച്ച നാടകമുണ്ട് ഇന്ന് സ്കൂള്‍ ഓഡിറ്റോറിയത്തില്‍, നമുക്ക് പോണം, കേട്ടോ?
ഷൈജുവും ഞാനും എട്ടാം ക്ലാസില്‍ ഫ്രണ്ട്സ് ആയിരുന്നു, പക്ഷേ അതു കഴിഞ്ഞ് ഇപ്പോള്‍ വര്‍ഷം കുറേ ആയില്ലേ?
ഇത് വെറും നാടകമല്ലളിയാ! കേരളത്തിലാകമാനം അറുനൂറ് സ്റ്റേജ് കളിച്ച നാടകമാണ്: ജനനായകന്‍ നായനാര്‍. ഷൈജു നായനാരായാണ് അഭിനയിക്കുന്നത്.
കാര്യമൊക്കെ ശരി, വൈകുന്നേരം നല്ല മഴയാവും. ഞാനില്ല.
അതല്ലന്നേ, ഷൈജുവിന് അളിയനെ നേരിട്ട് കാണണമെന്ന്…
ഏയ്, അവന്‍ അങ്ങനെയൊന്നും പറയാന്‍ വഴിയില്ല. നമ്മള്‍ കണ്ടിട്ട് പതിനഞ്ചു കൊല്ലത്തോളമാവുന്നു.
അളിയനേയും കൊണ്ട് ചെല്ലണം എന്നു പറഞ്ഞ് ദാ, മുന്‍ നിരയില്‍ രണ്ട് കോംപ്ലിമെന്‍ററി റ്റിക്കറ്റ് തന്നയച്ചിട്ടുണ്ട്.
ഓ, ഞാനില്ലെടാ. പെരുമഴയത്ത് മൂന്നു നാലു മണിക്കൂര്‍ നാടകം കാണാനുള്ള സ്പിരിട്ടൊക്കെ പോയി മകനേ.
വരുന്നില്ലേല്‍ വേണ്ട. അളിയന്‍റെ ബാച്ചിലെ എല്ലാരേം ക്ഷണിച്ചിട്ടുണ്ടെന്നാ കേട്ടത്.
ങേ, എല്ലാരേം ക്ഷണിച്ചിട്ടുണ്ടോ? അവരെല്ലാരും വരുമോ?
എല്ലാരും വരുമോന്നൊന്നും എനിക്കറിയില്ല. പക്ഷേ, അളിയന്‍റെ അടുത്ത കൂട്ടുകാരൊക്കെ വരും എന്നാ കേട്ടത്.
സത്യമാണോടാ പറയുന്നത്? അവര് നമ്മുടെ കക്ഷികളെയൊക്കെ വിളിച്ചിട്ടുണ്ടോ?
ഉണ്ടെന്നേ! അളിയനാണെങ്കില്‍ അവരെയൊക്കെ കണ്ടിട്ട് കുറേക്കാലമായില്ലേ?
അതെ, അതെ. ഈ നാടകത്തില്‍ എനിക്ക് വലിയ താല്പര്യമുണ്ടായിട്ടല്ല. പിന്നെ, മുന്‍ നിരയില്‍ കോംപ്ലിമെന്‍ററി റ്റിക്കറ്റൊക്കെയുള്ളപ്പോ…
അതാ, ഞാനും പറഞ്ഞത്…
[സ്കൂള്‍ ഓഡിറ്റോറിയത്തില്‍ അനൌണ്‍സ്മെന്‍റ്: കമ്യൂണിസ്റ്റ് മാര്‍ക്സിസ്റ്റ് പാര്‍ട്ടി മടവൂര്‍ ഘടകത്തിന്‍റെ ധനശേഖരണാര്‍ഥം...]
അളിയാ, ഒരു മൂവായിരം രൂപയിങ്ങടുത്തേ…
എടാ, നമ്മുടെ കക്ഷികളെയൊന്നും കാണുന്നില്ലല്ലോ?
അവരൊക്കെ വരുമളിയാ, ഒന്ന് ക്ഷമിക്ക്!
എന്നാലും ഇവിടെ എന്‍റെ ബാച്ചിലെ ഒരു കുഞ്ഞു പോലുമില്ലല്ലോടാ. വെറുതേ നിന്ന് മഴകൊള്ളാതെ തിരിച്ച് പോയാലോ?
അളിയന്‍ സമയം കളയാതെ കാശെടുക്ക്… കോംപ്ലിമെന്‍ററി റ്റിക്കറ്റിന്‍റെ പൈസാ ചോദിച്ച് അവര് ദാ, പിറകേ നടക്കുന്നു.
നമ്മുടെ കക്ഷികള്‍?
അളിയന്‍ ഇങ്ങനെ ആയിപ്പോയല്ലോ!
ഇതിലും ഭേദം നിന്‍റെ കയ്യീന്ന് എല്‍. ഐ. സി. എടുക്കുന്നതായിരുന്നു.