നിങ്ങള്‍ ഏറ്റവും വെറുക്കുന്ന വ്യക്തി ആരാണ്, അല്ലെങ്കില്‍ സംഗതി എന്താണ് എന്ന ചോദ്യം ഒരിക്കലെങ്കിലും നേരിടേണ്ടി വന്നിട്ടില്ലാത്തവരുണ്ടോ?
ഏറ്റവും വെറുക്കുന്ന വ്യക്തി ആരാണെന്ന് പറയാന്‍ മനസ്സില്ല! തല്‍ക്കാലം നിങ്ങളല്ല എന്നു മാത്രം.
ഇഷ്ടമല്ലാത്ത ഒരു സംഗതി പറയാം. പറഞ്ഞു കഴിയുമ്പോള്‍ ‘അയ്യേ, ഇതായിരുന്നോ’ എന്ന് ചോദിക്കരുത്. സംഗതി വളരെ നിസ്സാരമാണ്. നിങ്ങള്‍ ചോദിച്ചതു കൊണ്ട് പറയുന്നു എന്നു മാത്രം. സാധാരണ ഗതിയില്‍ ഇതൊരു പ്രശ്നമായി ഞാന്‍ അവതരിപ്പിക്കാറില്ല. എന്നാലും കാണുമ്പോള്‍ ചൊറിഞ്ഞു വരും. മലയാളം ചാനലുകളെല്ലാം ക്യാന്‍സല്‍ ചെയ്തതിനാല്‍ മറ്റു ചൊറിഞ്ഞു കേറുന്ന കാഴ്ചകളുടെ അഭാവത്തില്‍ ഇതിന് അല്പം പ്രാധാന്യമേറിയതുമാവാം.
ഏറ്റവും വെറുക്കുന്നത് എന്ന് പേരിടാന്‍ മാത്രമൊന്നുമില്ല. എന്നാല്‍ ഒട്ടും ഇഷ്ടമില്ലാത്ത സംഗതിയുമാണ്. പലപ്പോഴും നമുക്കിഷ്ടമില്ലാത്തതായ വസ്തുതകള്‍ കാണുകയോ കേള്‍ക്കുകയോ ചെയ്താല്‍ നാം അതിനെതിരെ പ്രതികരിക്കുമല്ലോ. എന്നാല്‍ ഈ സംഗതിയാവട്ടെ കണ്ടില്ലെന്ന് നടിക്കുകയാണ് പതിവ്. അതില്‍ നിന്നും ഇത് തീര്‍ത്തും അപ്രധാനമായതാണെന്ന് ധരിച്ചേക്കരുത്. അന്യരുടെ, അതും നമുക്ക് നല്ല പരിചയമില്ലാത്തവരുടെ സ്വഭാവവുമായി ബന്ധമുള്ള സംഗതിയായതിനാല്‍ ‘കറക്റ്റീവ് മെഷര്‍’ എടുക്കാന്‍ അമിത താല്പര്യം കാണിക്കാറില്ല എന്നു മാത്രം. ഇത് ‘ഇങ്ങിനി സംഭവിക്കാത്തവണ്ണം’ തിരുത്തുവാന്‍ വഴിയില്ലാതില്ല. എന്നാല്‍ അത്രയും ദൂരവ്യാപകമായ പ്രത്യാഘാതമുള്ള ഒരു നടപടി കൈക്കൊള്ളാന്‍ വിഷമമുണ്ട്. കാരണം മറ്റൊന്നുമല്ല, നമുക്ക് വളരെ വേണ്ടപ്പെട്ടവര്‍ ഇതു ചെയ്യുകയാണെങ്കില്‍ അത് അറിയാതിരിക്കാന്‍ ഇടവരരുതല്ലോ. ആള്‍ക്കാരെ നേര്‍വഴിക്കാക്കാന്‍ കിട്ടുന്ന ചാന്‍സ് നഷ്ടപ്പെടുത്തിക്കൂട!
ഇനിയും നിങ്ങളുടെ ക്ഷമ പരീക്ഷിക്കുന്നില്ല. എന്നെ അലട്ടുന്ന ആ പ്രശ്നമെന്താണെന്നോ? ഈ-മെയിലുകള്‍ക്ക് റീഡ് റെസീറ്റ് ആവശ്യപ്പെടുന്ന നീച കൃത്യമാണത്.
വഴക്കുണ്ടാക്കാനോ തെറിവിളിക്കാനോ മുതിരുന്നതിനു മുമ്പ് പറയട്ടെ: ഞാന്‍ പറഞ്ഞില്ലേ, തീരെ നിസ്സാരമെന്ന് നിങ്ങള്‍ക്ക് തോന്നിയേക്കാവുന്ന കാര്യമാണെന്ന്. റീഡ് റെസീറ്റ് ആവശ്യപ്പെടുന്നത്, ഒരുതരം വിശ്വാസമില്ലായ്മയും അതിലുപരി ചാരവൃത്തിയുമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. നിങ്ങള്‍ അയച്ച ഈ-മെയില്‍ വായിച്ച ശേഷം, അത് വായിച്ചിട്ടില്ല എന്ന് ഞാന്‍ എന്തായാലും നിങ്ങളോട് പറയാന്‍ പോകുന്നില്ല. മറുപടി കണ്ടില്ലെങ്കില്‍ അതിനര്‍ഥം ഞാന്‍ വായിച്ചിട്ടില്ല എന്നു മാത്രമല്ല. വായിച്ച ശേഷം മറുപടി അയയ്ക്കേണ്ട എന്നു കരുതിയവയും പിന്നീട് മറുപടി അയയ്ക്കാം എന്നു കരുതിയവയും തമ്മില്‍ വേര്‍തിരിച്ച് അവതരിപ്പിക്കാന്‍ റീഡ് റെസീറ്റിനാവില്ല എന്നതാണ് എന്‍റെ ഏറ്റവും വലിയ പരാതി. അതിനാല്‍ സുഹൃത്തേ, ഇനി എനിക്ക് ഈ-മെയില്‍ അയയ്ക്കുമ്പോള്‍ റീഡ് റെസീറ്റ് ചോദിക്കരുതേ!