ഇരുപത്തയ്യായിരവും അതിനുമേലേയും രൂപ കൊടുത്തു് ഇന്ത്യയില്‍ മൊബൈല്‍ ഫോണ്‍ വാങ്ങുന്ന സുഹൃത്തുക്കളും ബന്ധുക്കളുമുള്ള എനിക്ക് നൂറു ഡോളറില്‍ കൂടുതല്‍ തുക നല്‍കി യു. എസ്. ഏ-യില്‍ മൊബൈല്‍ ഫോണ്‍ വാങ്ങിയ ഒരു സുഹൃത്തിനെ കിട്ടാന്‍ വര്‍ഷങ്ങള്‍ കാത്തിരിക്കേണ്ടി വന്നു. അതെ, നിങ്ങള്‍ ഊഹിച്ചതുതന്നെ: എനിക്ക് നേരിട്ടറിയാവുന്ന ഏക ഐഫോണ്‍ ഉടമ തന്നെയാണു് ഈ മാന്യ വ്യക്തി.
നാനൂറ്റി തൊണ്ണൂറ്റൊമ്പതു് ഡോളറും റ്റാക്സും എണ്ണിക്കൊടുത്തു്, രണ്ടുവര്‍ഷത്തെ ഉടമ്പടിയും ഒപ്പുവച്ചു്, കഷ്ടി ഒരു വര്‍ഷം മുമ്പു് ഐഫോണ്‍ ഒന്നാം വേര്‍ഷന്‍ സ്വന്തമാക്കിയവനു്, വമ്പിച്ച വിലക്കുറവില്‍ (വെറും നൂറ്റി തൊണ്ണൂറ്റി ഒമ്പതു ഡോളര്‍ മാത്രം) 3G, GPS തുടങ്ങിയ ‘ആധുനിക’ സങ്കേതങ്ങളുമായി ഇറങ്ങുന്ന രണ്ടാം പതിപ്പിന്‍റെ വാര്‍ത്ത കേള്‍ക്കുമ്പോള്‍ സങ്കടവും ദേഷ്യവുമൊക്കെ ഒന്നിച്ചു തോന്നേണ്ടതാണു്. എന്നാല്‍ ആപ്പിളിന്‍റെ ഫാന്‍ബോയ് ആയ സുഹൃത്തിനാണെങ്കിലോ, ഇതും ആഘോഷനിമിഷം!
ഈ വാര്‍ത്തയ്ക്കിടയില്‍ പ്രസ്താവ്യമായ സംഗതിയെന്താണുണ്ടായതെന്നുവച്ചാല്‍, ‘സാധനങ്ങളുടെ കഥ’ (The Story of Stuff) ഒന്നുകൂടി കാണാന്‍ തരമായി. തിരക്കേറിയ ജീവിതമാണെന്നറിയാം. എന്നാലും ഇരുപതുമിനിറ്റു് മാറ്റിവച്ചു് ഇതൊന്നു കണ്ടുനോക്കൂ.