അച്ചുവിന് മൂന്നു വയസ്സ്

ഒന്നല്ല, രണ്ടല്ല, മൂന്നാണു നിന്‍ പ്രായ‍-
മെന്നൊത്തു കണ്ടിട്ടു മൊഞ്ചത്തികള്‍ കൂടി,
നിന്നങ്ങു ചുറ്റിത്തിരിഞ്ഞെന്നു വന്നാലെ-
നിന്നാണെ, യച്ഛന്നു കോപം ശമിക്കില്ല!

ആരും കാണാത്ത തക്കത്തിന് തരക്കാരായ പെണ്‍കുട്ടികളെ ‘ഹഗ്ഗും’ ‘കിസ്സും’ ചെയ്യുന്ന, പ്രായത്തിനു ചേരാത്ത ഒരു സ്വഭാവം നിനക്കു വന്നു ചേര്‍ന്നതായി അച്ഛന്‍ അറിയുന്നു. സൂക്ഷിച്ചാല്‍ എന്‍റെ കയ്യിലിരിക്കുന്നതു (പെണ്ണുങ്ങളുടെ കയ്യിലിരിക്കുന്നതും) വാങ്ങിക്കൂട്ടാതെ കഴിക്കാം!

ഈ വിഷയത്തിലുള്ള പഴയൊരു പോസ്റ്റ്: അച്ചുവിന് രണ്ടു വയസ്സ്.

പിന്നെഴുത്ത്: എന്നോടുള്ള ദേഷ്യം തേങ്ങയോട് കാട്ടണമെന്നില്ല.

ആദിത്യന്…

എപ്പാരും കല്ലും കുപ്പിച്ചില്ലും ധാരാളം കണ്ടീടു-
മപ്പുത്തന്‍ പന്ഥാവില്‍ യാത്രയ്ക്കായ് പോകുന്നെന്നാദിത്യാ,
എപ്പോഴും നിന്‍ സംസാരത്തില്‍ സ്വപ്നങ്ങള്‍ പെയ്യിച്ചീടാന്‍
ക്ഷിപ്രത്തില്‍ തൃപ്തിപ്പെട്ടീടും ദേവാ, പ്രാര്‍ഥിക്കുന്നൂ, ഞാന്‍!

(ഏപ്രില്‍ 21-ന് വിവാഹിതരാവുന്ന ആദിത്യനും ശമയ്ക്കും ആശംസകള്‍. വൃത്തസഹായി ഉപയോഗിച്ചും അല്ലാതെയും ഇതിന്‍റെ വൃത്തം കണ്ടു പിടിക്കുന്നവര്‍ പുറത്തു പറയരുതെന്നപേക്ഷ.)

Published in: on April 18, 2007 at 5:09 am Comments (18)

മെറി ക്രിസ്മസ്

ക്രിസ്മസ് ആശംസകള്‍ എല്ലായിടവും നിറഞ്ഞു നില്‍ക്കുന്നു. ചില മലയാളം റ്റി. വി. പ്രോഗ്രാമുകള്‍ കണ്ടപ്പോള്‍ നമ്മുടെ സെലിബ്രിറ്റികളില്‍ ചിലര്‍ ‘ഹാപ്പി ക്രിസ്മസ്’ എന്ന് ആശംസിക്കുന്നത് കേട്ടു. അപ്പോളൊരു സംശയം: മെറി ക്രിസ്മസോ ഹാപ്പി ക്രിസ്മസോ? ഏതാണ് ശരി? അല്ലെങ്കില്‍ ഏതാണ് കൂടുതല്‍ ശരി?

ക്രിസ്മസ് ആശംസിച്ച് പരിചയമില്ലാത്ത ഒരു കുട്ടിക്കാലമായിരുന്നു എന്‍റേത്. പത്താം തരം വരെയുള്ള പഠനത്തിനിടയ്ക്ക് എന്‍റെ സഹപാഠിയായത് ഒരേ ഒരു ക്രിസ്ത്യാനിക്കുട്ടിയായിരുന്നു: ദീപ്തി മൈക്കിള്‍. ഹ, അതേത് നാടെടേയ് എന്ന് ചോദിക്കാന്‍ വരട്ടെ, എന്‍റെ ഗ്രാമത്തില്‍ ഇത് അസാധാരണമായിരുന്നില്ല (അല്ലെങ്കില്‍ കൂമനോട് ചോദിച്ചു നോക്കൂ). പ്രീ-ഡിഗ്രി കാലം മുതലാണ് ക്രിസ്മസും എന്‍റെ ആഘോഷങ്ങളുടെ ലിസ്റ്റില്‍ പെട്ടത്. അന്നു മുതലിന്നോളം മെറി ക്രിസ്മസ് എന്ന് ആശംസിച്ചും ആശംസ ഏറ്റുവാങ്ങിയും ജീവിച്ചു പോന്ന എനിക്ക് ‘ഹാപ്പി ക്രിസ്മസി’ന്‍റെ ശീലമില്ലായ്മ ഒരു കല്ലുകടിയായവശേഷിക്കുന്നു. അതുകൊണ്ടാണ് ഏറ്റവും ചെലവു കുറഞ്ഞ, ഏറ്റവും വേഗതയേറിയ ഉപായത്തില്‍ ഇതിനൊരു വിധിയാകാമെന്നു വച്ചത്.

ഗൂഗിള്‍ സേര്‍ച്: മെറി ക്രിസ്മസ്: 2,68,00,000+ റിസല്‍ട്ടുകള്‍
ഗൂഗിള്‍ സേര്‍ച്: ഹാപ്പി ക്രിസ്മസ്: 25,90,000+ റിസല്‍ട്ടുകള്‍
ലൈവ് സേര്‍ച്: മെറി ക്രിസ്മസ്: 51,34,000+ റിസല്‍ട്ടുകള്‍
ലൈവ് സേര്‍ച്: ഹാപ്പി ക്രിസ്മസ്: 5,68,000+ റിസല്‍ട്ടുകള്‍
യാഹൂ സേര്‍ച്: മെറി ക്രിസ്മസ്: 6,15,00,000+ റിസല്‍ട്ടുകള്‍
യാഹൂ സേര്‍ച്: ഹാപ്പി ക്രിസ്മസ്: 28,40,000+ റിസല്‍ട്ടുകള്‍

സേര്‍ച് റിസല്‍ട്ടുകള്‍ കാണിക്കുന്ന എണ്ണത്തില്‍ അധികം ശ്രദ്ധ കൊടുക്കേണ്ടെന്ന് മൈക്രോസോഫ്റ്റ് സേര്‍ച് റ്റീമില്‍ ജോലി ചെയ്യുന്ന സുഹൃത്ത് ഷാജന്‍ പണ്ട് പറഞ്ഞതോര്‍ക്കുന്നു. സേര്‍ച് റിസല്‍ട്ടിന്‍റെ എണ്ണം ശാസ്ത്രീയമായ തെളിവല്ല എന്നും സമ്മതിക്കുന്നു. എന്നാലും ‘മെറി ക്രിസ്മസ്’ എന്നാവണം കൂടുതല്‍ ശരി എന്നൊരു തോന്നല്‍.

എല്ലാ സുഹൃത്തുക്കള്‍ക്കും ആഹ്ലാദകരമായ ക്രിസ്മസ് ആശംസകള്‍ നേരുന്നു: മെറി ക്രിസ്മസ്.

Published in: on December 25, 2006 at 10:38 pm Comments (30)

ചോദ്യം, ഉത്തരം

Nov 11

“പിറന്നാള്‍?”
“അല്ല.”
“ഭാര്യയുടെയോ മകന്‍റെയോ പിറന്നാള്‍?”
“അല്ല.”
“ദില്ലി മീറ്റ്?”
“ഇനിയും ശ്രമിക്കൂ!”
“വിവാഹ വാര്‍ഷികം?”
“അതെ!”

Published in: on November 11, 2006 at 7:32 pm Comments (46)

ചോദ്യം, ഉത്തരം

Nov 11

“പിറന്നാള്‍?”
“അല്ല.”
“ഭാര്യയുടെയോ മകന്‍റെയോ പിറന്നാള്‍?”
“അല്ല.”
“ദില്ലി മീറ്റ്?”
“ഇനിയും ശ്രമിക്കൂ!”
“വിവാഹ വാര്‍ഷികം?”
“അതെ!”

അച്ചുവിന് രണ്ടു വയസ്സ്


പുലര്‍ന്നുവല്ലോ, യിതുനാളു നിന്‍റേ
പിറന്ന നാളും, ഭരണീ, തുലാത്തില്‍.
മറന്നുവെന്നോ, യലയാഴി പോലേ,
കിടന്നു നീ പണ്ടലറിക്കരഞ്ഞൂ!
കടന്നുപോകേ ദിനരാത്രമൊന്നായ്
പകര്‍ന്നു തന്നൂ മനമാകെ മോദം.
കടന്നു പോയീ, യറിയാതെ വേഗം
പിറന്ന നാള്‍തൊട്ടിതുരണ്ടു വര്‍ഷം.
വളര്‍ന്നുപോലും, വലുതായിപോലും,
കുരുന്നു കള്ളാ, വളരില്ല മക്കള്‍!

Published in: on October 28, 2006 at 7:26 am Comments (139)