മാരിപെയ്യിക്ക!

ഇടവപ്പാതി കൊട്ടും ഘോഷവുമായി ആര്‍ത്തലച്ചു പെയ്തുകൊണ്ടിരുന്ന ഒരു ജൂണ്‍‍മാസ രാവിലാണ് ഈ വരികള്‍ കുറിക്കുന്നത്. മഴയ്ക്ക് അതിപ്രശസ്തമായ സീയാറ്റിലില്‍ വന്നു ചേരുന്നതിനും വളരെ മുമ്പ്. ഇവിടെ ഇങ്ങനെ മഴകണ്ടിരിക്കുമ്പോള്‍ ദൈവം എന്‍റെ പ്രാര്‍ഥന അറിഞ്ഞു നിറവേറ്റിയപോലെയുണ്ട്.

മാനസത്തില്‍ ഞാനോര്‍ത്തു ജപിക്കുന്നു
മാര്‍ഗദര്‍ശിയാം ദേവനേ, കേള്‍ക്കുക:
ഭൂയിഷ്ഠമാകും മണ്ണൊലിപ്പിക്കാതെ
ഭൂതലത്തിലെ തിന്മകള്‍ നീക്ക, നീ.
രാഷ്ട്രദ്രോഹങ്ങള്‍ കാട്ടി വാണീടുന്ന
രാവണന്മാരെയാകെ നടുക്കണേ!
മാരിപെയ്യിച്ചു മാനവരാശിക്കു-
മാനസോല്ലാസമേകണേ, കൈതൊഴാം!

Published in:  on May 24, 2006 at 5:40 am Comments (29)

പുഴകടക്കുമ്പോള്‍

തിരിച്ചറിവായ ദിനങ്ങളിലൊന്നില്‍
തനിച്ചു പോയൊരു വനാന്തരത്തില്‍ ഞാന്‍
വെറും വനമല്ല, ദിനകരന്‍ പോലും
വലഞ്ഞുപോയിടു, മതിഭയങ്കരം!

വഴിവക്കിലായി ചടഞ്ഞിരിപ്പതോ
വയോവൃദ്ധ, രവരനുഭവസ്ഥരായ്
ഇരുള്‍വനത്തിന്‍റെ ചരിത്രമാകവേ
കരുതിയുള്ളിലായുപദേശിവൃന്ദം.

ജനിച്ചനാള്‍തൊട്ടു ജപിച്ചുപോന്നൊരാ
വനകുസുമങ്ങള്‍ ഓരോന്നായിമെല്ലേ
മനസ്സിലേ ഞാനു, മപൂര്‍വരത്നവും
നിനച്ചുകൊണ്ടങ്ങു നടന്നേനന്നേരം.

നടന്നലഞ്ഞു ഞാന്‍ തളര്‍ന്നിരുന്നപ്പോ-
യടുത്തരികിലായൊരായിരം ജനം,
പതുക്കെ, യെങ്കിലും കൊതിച്ചിരുന്നൊരാ-
പുതുരത്നസ്വപ്നമുടയുന്നൂ വേഗം.

കടുത്ത സങ്കടച്ചുഴിയിലാഴവേ
അടുത്താ, യാളുകളതിലുമാഴത്തില്‍
പിടയ്ക്കയാണെന്നതറിഞ്ഞ നേരത്തും
അടക്കുവാനറിഞ്ഞതില്ല മോദവും.

അടുത്തനാളിലാ, യടുത്തവരൊന്നായ്
പടുത്തു പാതയുമടുത്തലക്‍ഷ്യവും
പെരുത്ത നൈരാശ്യമകറ്റിയാര്‍ത്തവര്‍:
“മരതകം വെറും തെളിഞ്ഞ പാറയും!”

വഴിയിതെങ്ങിതോ നയിക്കുന്നൂ നമ്മെ,
അഴലകറ്റിനാമലഞ്ഞു പിന്നെയും
പുഴയിതൊന്നതാ, തളര്‍ന്നുറങ്ങിയ-
ങ്ങൊഴുകുന്നുമുന്നില്‍, വഴിമുടക്കുവാന്‍.

കരിംകാടുതന്‍റെ ഹൃദയസൂത്രങ്ങ-
ളറിയുന്നോരുടെ ഗണിതം നോക്കവേ,
മരതകപ്പുഴ കടവിതു നൂനം
മറുകരയിലോ, മനസ്സിലുള്ളതും!

ഒടിഞ്ഞൊരു മുള്ളു തറഞ്ഞുകാലിതില്‍
പൊടിഞ്ഞു ചോരയു, മിരുന്നു ഞാന്‍ വേഗം.
തിരിഞ്ഞൊരു നോട്ടം തിരിച്ചുനല്‍കാതെ
ചരിക്കുന്നൂ ചിലര്‍, ചിരപരിചിതര്‍.

പകലുറങ്ങിടും പതിഞ്ഞ നേരമായ്
അകലെയക്ഷികള്‍ തിരഞ്ഞു നീങ്ങവേ,
തിളക്കമാര്‍ന്നൊരു പതക്കമെന്‍ മുന്നില്‍,
ഒരിക്കലാശിച്ച മരതകക്കല്ലും!

മനക്കണക്കുകള്‍ പലതുമോര്‍ത്തു ഞാന്‍
പുനര്‍വിചിന്തനം പ്രയാസപൂരിതം
പുഴകടക്കുകില്‍ പുതിയലോകവും
പുഴയോരത്തെന്‍റെ പഴയസ്വപ്നവും.

തെളിഞ്ഞയാറിതു കടന്നു ചെല്ലണോ
തിളങ്ങും കല്ലുമായ് മടങ്ങീടേണമോ,
മയങ്ങും സന്ധ്യതന്‍ മടിത്തലത്തിലായ്
ഭയന്നു; രാവിനെ ശപിച്ചു നിന്നു ഞാന്‍!

Published in:  on May 4, 2006 at 6:41 pm Comments (34)

കള്ളിപ്പെണ്ണ്

ഇതൊരു സാങ്കല്പിക സൃഷ്ടിയാണ്. കോട്ടയം മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി ക്യാം‍പസില്‍ ഞാന്‍ പഠിച്ചിട്ടില്ല. എന്‍റെ ക്ലാസില്‍ കലശ്ശലായ പ്രേമവുമായി രണ്ടുപേര്‍ ഉണ്ടായിരുന്നില്ല. പ്രേമം മൂത്ത്, ക്യാം‍പസ് സ്ഥിതി ചെയ്യുന്ന നാല്പാത്തിമല മുഴുവന്‍ അവര്‍ അലസഗമനം നടത്തിയിരുന്നില്ല. ആറുമാസത്തിലൊരിക്കല്‍ ഉണ്ടാവാറുള്ള ക്ലാസ് ടൂറിന്‍റെ തലേന്നു മദ്യലഹരിയില്‍ കുറിച്ചിട്ടതല്ല ഈ ‘സൃഷ്ടി’. ഇതില്‍പ്പറയുന്ന രണ്ടു പേരും ഇപ്പോള്‍ ലോകത്തിന്‍റെ രണ്ടു കോണുകളില്‍ സസുഖം ജീവിച്ചിരുപ്പുമില്ല.

* * *

വണ്ണപ്പുറംകാരി കള്ളിപ്പെണ്ണേ, നിന-
ക്കെങ്ങനെ കിട്ടിയീക്കള്ളച്ചിരി?

എന്നോമല്‍ച്ചെക്കനെക്കണ്ണാലെ കണ്ടപ്പം
താനേ മുളച്ചതീ കള്ളച്ചിരി!

കണ്ടാലും മിണ്ടാതെ കാര്യങ്ങളോതാതെ
മണ്ടിനടന്നൊരു കള്ളിപ്പെണ്ണേ,
രണ്ടാം സെമസ്റ്ററിലെന്തുകൊണ്ടിങ്ങനെ
കണ്ടിടം തോണ്ടുന്നു മണ്ടിപ്പെണ്ണേ?

എന്‍റെ മനസ്സിന്‍റെ മച്ചുമ്പിലപ്പൊഴേ
ഉണ്ടായിരുന്നവന്‍ കണ്ണനായി,
കണ്ടിടാതെ, യൊന്നും മിണ്ടാതെയെങ്ങനെ-
യുണ്ടാവും പ്രേമമെന്‍ കൂട്ടുകാരേ!

ഒക്കെമനസ്സിലായെങ്കിലും പെണ്ണേ, നീ
വെക്കമിതെങ്ങനെ സാധിച്ചെടീ?

മഞ്ഞപ്പൂവല്ലോ തുടങ്ങിവച്ചൂ, പിന്നെ
കൊഞ്ചലില്‍ വീണവന്‍ കൂട്ടുകാരേ!
കൊഞ്ചിക്കൊഞ്ചീപിന്നെത്തഞ്ചത്തില്‍ ഞാനുമാ-
പ്പഞ്ചാസ്ത്രമങ്ങു തൊടുത്തുവിട്ടൂ,
കട്ടിച്ചുവപ്പായി മഞ്ഞ പിന്നെ, ഞങ്ങള്‍-
കെട്ടിപ്പിടിച്ചില്ലയെന്നേയുള്ളൂ!
കണ്ടിട്ടു തീരാതെ കേട്ടിട്ടും തീരാതെ
കൊണ്ടു നടന്നു ഞാന്‍ നാല്പാത്തിയില്‍
‍ക്ഷേത്രത്തില്‍ പോയി നാം ലാബു ചെയ്തു, ഒറ്റ-
പ്പാത്രത്തില്‍ നിന്നും കഴിച്ചു പോന്നൂ.
മുറ്റത്തുകാട്ടുന്ന കോപ്രായം കണ്ടിട്ട്
ഏറ്റുമാനൂരപ്പനന്തം വിട്ടു.
ഉറ്റവനല്ലെങ്കില്‍ ചെയ്യുമോ കൂട്ടരേ,
തെറ്റി, നാളെന്നാലും, പുഷ്പാഞ്ജലി?
പൊട്ടിപ്പോയെക്സാമി, നെന്നാലും കൂട്ടരേ,
കിട്ടിയല്ലോ കുട്ടന്‍ കൂട്ടുകൂടാന്‍!

Published in:  on March 30, 2006 at 9:38 pm Comments (64)

മറുപടി പ്രതീക്ഷിക്കുന്നു

തിരക്കൊഴിഞ്ഞൊരു നേരത്ത്
കത്തൊന്നേലുമയച്ചൂടേ?
ഒരുവരിയെങ്കിലുമെഴുതാനും
മടിയെന്നോതിയിരുപ്പാണോ?
അതിനും വിഷമമതാണെന്നാല്‍
‍അഡ്രസ്സെഴുതിയൊരിന്‍ലന്‍ഡും
ഒപ്പമൊരൊപ്പും സംബോധനയും
ഒക്കേയും ഞാനെത്തിക്കാം.
‘സുഖ’മെന്നാകിയൊരേകപദത്തീ-
ന്നഖിലം ഞാനങ്ങൂഹിക്കാം.
ഇനിയുമമാന്തിക്കാതെന്‍ പൊന്നേ-
കനിവോടെഴുതുകയെന്തേലും!

Published in:  on March 16, 2006 at 6:55 am Comments (52)

സത്യം മധുരമാണ്

ദൂരെഗിരിക്കുമേലാകാശത്തില്‍
താരകം ചിമ്മുന്ന കാഴ്ചകാണാന്‍
താരിളം പൈങ്കിളിയെത്തിയില്ല;
പാരിതിലാരുമുണര്‍ന്നതില്ല.

ഏകനായിന്നുഞാന്‍ കണ്ടതാണാ-
മൂകസത്യത്തിന്‍റെ പൊന്‍‍വെളിച്ചം,
ആകുലമായൊരെന്‍ മാനസത്തില്‍
മാകന്ദമാധുര്യമായിനില്പ്പൂ!

Published in:  on March 1, 2006 at 10:15 pm Comments (43)

വാലന്‍റൈന്‍സ് ഡേ ഗിഫ്റ്റ്

വര്‍ഷങ്ങള്‍ക്ക് മുമ്പ് നീയെന്‍റെ
സുവര്‍ണ്ണ സ്വപ്നങ്ങളിലെ നായികയായി വന്നപ്പോള്‍
നീയറിയാതെ ഞാന്‍ നിന്നെ എന്‍റെ പ്രണയിനിയാക്കി.

നമ്മുടെ കല്യാണ നിശ്ചയം കഴിഞ്ഞ്
നമ്മള്‍ ഭൂമിയുടെ അതിര്‍വരമ്പിലുള്ള
മുന്തിരിത്തോട്ടങ്ങളില്‍ രാപ്പാര്‍ത്തു.

നമ്മുടെ വിവാഹ ശേഷം ഞാന്‍ നിനക്ക്
വിവാഹം എല്ലാക്കാലത്തേക്കുമെന്നു പറഞ്ഞ്
മൂന്നു കല്ലുള്ള വൈരമോതിരം തന്നു.

ആദ്യ കുഞ്ഞിന്‍റെ ജനന ശേഷമിതാ ഞാന്‍
വീണ്ടും വാലന്‍റൈസ് ഡേ ഗിഫ്റ്റുമായെത്തുന്നു:
“ഈ ദിവസം ഡയപ്പര്‍ ചേയ്ഞ്ച് ഡ്യൂട്ടി എനിക്ക്!”

നിന്‍റെ കണ്ണുകളില്‍ ഞാന്‍ ഡയമണ്ടുകള്‍ കാണുന്നു.

* * *

നീയെന്‍റെ ജീവന്‍റെയുള്‍ത്തുടിപ്പ്,
എന്നും ജ്വലിക്കുന്ന പ്രേമഭാവം,
നീലാംബരത്തിലെ മാരിവില്ല്,
പൂവിടും പിച്ചകപ്പൂനിലാവ്!
നീയെന്നും ചൂടേകും സൂര്യനാളം
ആലിലക്കാറ്റിന്‍റെ ഹര്‍ഷതാളം
പച്ചപ്പുതപ്പിടുമദ്രിതന്നുച്ചിയി-
ലാറിയുറയുന്ന വര്‍ഷഗീതം!

Published in:  on February 14, 2006 at 5:52 am Comments (20)

മിഴികള്‍ രാമപാദത്തില്‍, മനമെന്‍ മനോഹരിയിലും

യാത്ര
“ഗമിക്കട്ടെ ഞാന്‍!” സകല-
സൌഭാഗ്യങ്ങളില്‍ നിന്നുമെന്‍
ജ്യേഷ്ഠന്‍ നടക്കുന്നു.
ഒപ്പം മൈഥിലി, ചുറ്റിയ മരവുരിക്കുള്ളില്‍
ഞെരിയും വിദ്വേഷവും
തുളുമ്പും കുചമാംസധാരയും.
ആരണ്യമാര്‍ഗ്ഗേ ചരിക്കവേ,
മറന്നൂ, യാത്രചോദിച്ചുവോ:
“ഗമിക്കട്ടെ ഞാന്‍!”

യാത്രാമൊഴി
വൃദ്ധയാം ദുഷ്ടമാതാവിന്‍
ഹൃദയം കാളകൂടശോചിതം
അല്ലായ്കിലോതുമോ സ്വപുത്ര-
നല്ലാകിലും, “കാനനമാര്‍ഗ്ഗം!”

നേരമായ്, പോകുവാന്‍ നേരമായാ-
നേരമോതുവാന്‍ ഞാനിതുമോര്‍ത്തുവച്ചു:
“നേരിനായ്, നല്ലൊരു രാമരാജ്യത്തിനായ്
പാരിതില്‍ നീ നിത്യം പ്രാര്‍ത്ഥിക്കണം!”

പഞ്ചവടി
കാലടികള്‍ തുടരുവാന്‍
ഞാന്‍ നടക്കുന്നു
കാലിടറി വീഴാതെ
കാഴ്ചകള്‍ കാണാതെ
കാമിനിയുമില്ലാതെ
ഞാന്‍ ചരിക്കുന്നു.

മടക്കം
അവളെവിടെ, ദീര്‍ഘമാം
ഒരു വ്യാഴവട്ടത്തിന്നുമപ്പുറം
ജീവിത രഥ്യയില്‍
വൈധവ്യമേറ്റൊരെന്‍
പ്രേയസ്സിയെവിടെയോ!
എവിടെയെന്നൂര്‍മ്മിള,
സര്‍വ്വം സഹിച്ച മല്‍-
പ്രേയസ്സിയിന്നെവിടെ?

പുന:സ്സമാഗമം
എന്തു നീയെന്നെ വിളിക്കുന്നു:
പതി ധര്‍മ്മമറിയാത്ത പാപിയെന്നോ?
കപടസ്നേഹത്തിന്‍ പ്രതീകമെന്നോ?
അരുത്! നീയെന്നോടടുക്കരുത്; വീണ്ടുമാ-
സ്നേഹവായ്പെന്നില്‍ ചൊരിയരുത്!

നിന്നെയുപേക്ഷിച്ച വനചാരിയാണു ഞാന്‍
മാപ്പേകല്ലൊരിക്കലും, മമനീച
കര്‍മ്മം മറക്കല്ലൊരിക്കലും,
സ്നേഹലതയായ് പടരരുതൊരിക്കലും!

Published in:  on February 11, 2006 at 7:41 am Comments (31)

ഗുഡ് നൈറ്റ് ആന്‍ഡ് ഗുഡ് ലക്ക്

അര്‍ത്ഥമില്ലാതൊഴുകും പദങ്ങളാല്‍
അര്‍ദ്ധമാനസ്സേ നല്‍കുമാശംസകള്‍,
വ്യര്‍ഥമെന്നു കണ്ട്റിഞ്ഞീടുവാന്‍
ബുദ്ധിയുണ്ടാകും നാളെനിക്കെന്നേലും!

Published in:  on February 4, 2006 at 9:07 am Comments (14)