വെയില്‍മഴയും കുറുക്കന്മാരും

ജോലി ചെയ്യാതെ വെറുതേയിരിക്കാന്‍ പറ്റിയ രീതിയിലാണു് എന്‍റെ ഓഫീസ് മുറിയുടെ സ്ഥാനം. ഒന്നാം നിലയില്‍ ബില്‍ഡിംഗ് ലോബിയോടു് ചേര്‍ന്നു്. വലിയ ചില്ലുജാലകത്തിലൂടെ പുറത്തേയ്ക്കു നോക്കിയാല്‍ ഓഫീസില്‍ വരുന്നവരേയും പോകുന്നവരേയും കാണാം. അങ്ങനെ പുറത്തേയ്ക്കു നോക്കിയിരുന്നപ്പൊഴോ, അതാ, വെയിലും മഴയും ഒരുമിച്ചു്!

മഴയും വെയിലുമുള്ളപ്പോള്‍ കുറുക്കന്‍റെ കല്യാണമാണെന്നു് അറിയാത്തവരാരുണ്ട്‌? മലയാളികളില്‍ ആരുമില്ല എന്നാണോ ഉത്തരം പറയാന്‍ പോകുന്നത്‌? എന്നാല്‍ കേട്ടോളൂ, ഇക്കഥ ലോകത്തിന്‍റെ പലേടങ്ങളിലും നിലവിലുണ്ടു്.

വെയിലുള്ളപ്പോഴുണ്ടാവുന്ന മഴയെ പല രാജ്യക്കാരും സണ്‍ഷവര്‍ എന്നാണു് വിളിക്കുക. സൂത്രക്കാരായതും അല്ലാത്തതുമായ ജന്തുക്കള്‍ കല്യാണം കഴിക്കുന്ന സമയമാണിതെന്നാണു് പലദേശങ്ങളിലേയും നാടോടിക്കഥകള്‍ പറയുന്നതു്. വെയില്‍മഴ വരുമ്പോള്‍ കുറുക്കന്മാരെ (fox) കല്യാണം കഴിപ്പിക്കുന്ന രാജ്യക്കാര്‍ അനവധിയാണു്.

അനുഷ്ഠാനരീതി എന്ന നിലയിലല്ലാതെ, ഭാഷാപ്രയോഗമായതിനാല്‍ രാജ്യാതിര്‍ത്തിക്കപ്പുറത്തേയ്ക്കു് വളര്‍ന്നു പടരുക എന്ന സവിശേഷതയാലാവാം കുറുക്കന്‍റെ കല്യാണത്തിനു് സാര്‍വ്വലൌകികത ലഭിച്ചിട്ടുണ്ടാവുക. അതിനാല്‍ത്തന്നെ ഓരോ രാജ്യത്തും ഈ പ്രയോഗം നിലവിലുള്ളതു് ഏതു് ഭാഷയിലാണു് എന്ന വസ്തുതയ്ക്കു് പ്രാധാന്യമുണ്ടു്.

ഇന്ത്യയില്‍ കേരളത്തില്‍ മാത്രമല്ല, ബംഗാളുള്‍പ്പടെ പലേടത്തും കുറുക്കക്കല്യാണത്തിന്‍റെ മുഹൂര്‍ത്തം വെയില്‍മഴ സമയം തന്നെ. കിറ്റ്സ്നേ എന്നു പേരുള്ള ജപ്പാന്‍ കുറുക്കന്‍ ആളു ചില്ലറക്കാരനല്ല. കല്യാണസമയം പതിവുപോലെ വെയിലും മഴയുമുള്ളപ്പോള്‍. അര്‍മീനിയയിലും (ഭാഷ: അര്‍മീനിയന്‍) ബള്‍ഗേറിയയിലും (ബള്‍ഗേറിയന്‍) കാലബ്രിയയിലും ഇറ്റലിയിലും (രണ്ടും ഇറ്റാലിയന്‍) ഫിന്‍ലാന്‍ഡിലും (ഫിന്നിഷ്) വെയില്‍മഴ കാണുമ്പോള്‍ കുറുക്കന്മാരെ ഓര്‍ക്കുന്നവരുണ്ടു്.

വെയിലും മഴയുമുള്ളപ്പോള്‍ കല്യാണം കഴിക്കുന്ന മറ്റു ജീവജാലങ്ങളില്‍ ദക്ഷിണാഫ്രിക്കയിലെയും (ഇംഗ്ലീഷ്) ക്രൊയേഷ്യയിലേയും (ക്രൊയേഷ്യന്‍) കുരങ്ങന്മാരും കുറുനരികളുമുണ്ടു്. അവരോടൊപ്പം കൂടുന്നവരില്‍, അറബിനാട്ടിലേയും (അറബിക്) ഫിന്‍ലാന്‍ഡിലേയും എലികളും ബള്‍ഗേറിയന്‍ കരടികളും കൊറിയയിലേയും (കൊറിയന്‍) ഉഗാണ്ടയിലേയും (റുറ്റൂറോ) കടുവകളും ആഫ്രിക്കന്‍ (സുളു) പുള്ളിപ്പുലികളും ഇറാന്‍ (അരാമിക്) പ്രദേശങ്ങളിലെ ചെന്നായ്ക്കളും സ്വഹീലി ഭാഷ സംസാരിക്കുന്ന ആഫ്രിക്കന്‍ പ്രദേശങ്ങളിലെ ആനകളും സിംഹങ്ങളും ഉള്‍പ്പെടും.

മൃഗങ്ങള്‍ മാത്രമല്ല ഈ നല്ല അവസരം വിനിയോഗിക്കുന്നതു്. ഫിലിപ്പൈന്‍സിലെ (ഫിലിപ്പിനോ) കുട്ടിച്ചാത്തനും (elf) റ്റിക്ബലാങും സ്പെയിനിലേയും പോര്‍റ്റൊ റികോയിലേയും (സ്പാനിഷ്) ദുര്‍മന്ത്രവാദിനികളും ഗ്രീസിലെ (ഗ്രീക്ക്) പാവപ്പെട്ടവരും അബ്‌ഖാസിയയിലെയും (അബ്‌ഖാസ്) വാനുവാറ്റുവിലേയും റ്റര്‍കിയിലേയും (ബിസ്‍ലാമ ഭാഷ) പിശാചുകളും (devils) ഇങ്ങനെ പുതുജീവിതം തുടങ്ങുന്നവരത്രേ. ‘ഞങ്ങള്‍ക്കും വേണ്ടേ ഒരു ജീവിതം’ എന്നു ചോദിച്ചുകൊണ്ടു് അര്‍ജന്‍റീനയിലേയും ഉറുഗ്വേയിലേയും (സ്പാനിഷ്) വൃദ്ധകളും ഈ സമയത്തു് കല്യാണം കഴിക്കാറുണ്ടെന്നാണു് വിശ്വാസം.

നമ്മുടേതു മാത്രമെന്നു കരുതിയ മറ്റൊരു പ്രയോഗം കൂടി ലോകത്തങ്ങോളമിങ്ങോളമുള്ളതാണെന്നു വന്നിരിക്കുന്നു. ഗ്ലോബലൈസേയ്ഷന്‍റെ ഓരോ മറിമായങ്ങളേ!

Published in:  on November 14, 2008 at 10:51 pm Comments (15)

പഴയലിപി എന്‍റെ പുതിയ ലിപി

സൂക്ഷ്മദൃക്കുകളായ സ്ഥിരം വായനക്കാര്‍ ഇനി മുതല്‍ എന്‍റെ പോസ്റ്റുകളില്‍ ചില ലിപി വ്യത്യാസങ്ങള്‍ ശ്രദ്ധിച്ചെന്നു വരും.

എന്താണെന്നോ?

അവസാനത്തിന്‍റെ ആരംഭം എന്ന പോസ്റ്റില്‍, “അച്ചടിമാധ്യമങ്ങളുടെ വിശ്വാസ്യതയെപ്പറ്റിയുള്ള സംശയങ്ങള്‍ ശക്തമാക്കുന്ന [...] പ്രവണതകള്‍വഴി വലിയൊരു വായനക്കൂട്ടത്തെ നഷ്ടപ്പെടുത്തുന്നതു് കലാകൌമുദി തിരിച്ചറിയുമെന്നും അടിസ്ഥാനരഹിതവും തെറ്റിദ്ധാരണാപരവുമായ വിവരങ്ങള്‍ പ്രസിദ്ധീകരിച്ചതിന് [...] പരസ്യമായി മാപ്പപേക്ഷിക്കാന്‍ [കലാകൌമുദിക്കു്] ബുദ്ധിയുദിക്കുമെന്നും” ഞാന്‍ പ്രത്യാശിച്ചിരുന്നു.

എന്നാല്‍, അതുല്യ റിപ്പോര്‍ട്ടു് ചെയ്യുന്നതു പ്രകാരം, “ബ്ലോഗും പ്രിന്‍റും രണ്ടു് മീഡിയ ആണെന്നും ബ്ലോഗിനെ/ബ്ലോഗേഴ്സിനെ കുറിച്ചു് ശ്രീ ഹരികുമാര്‍ എഴുതിയതിനെ സംബദ്ധിച്ചു് ഒരു മറുകുറിപ്പു്/വിസ്താരം കലാകൌമുദിയില്‍ അച്ചടിയ്ക്കണ്ട ആവശ്യമില്ലെന്നും” കലാകൌമുദി പത്രാധിപസമിതി തീരുമാനിച്ചിരിക്കുന്നു. (കലാകൌമുദി ന്യൂസ് എഡിറ്റര്‍ പി. ശശിധരന്‍ ആണ്, ശശിധരന്‍ നായര്‍ അല്ല. പത്രങ്ങള്‍ക്കു് തെറ്റിയാലും ബ്ലോഗര്‍മാര്‍ക്കു് തെറ്റാന്‍ പാടില്ല!)

അങ്ങേയറ്റം നിര്‍ഭാഗ്യകരമായ ഒരു പ്രവണതയാണു് കലാകൌമുദി തുടങ്ങിവച്ചിരിക്കുന്നതു്. ഈ ബ്ലോഗില്‍ ഇനിമുതല്‍ വരാന്‍ പോകുന്ന ലിപിപരമായ മാറ്റങ്ങള്‍ക്കു് ഈ സംഭവവുമായി ബന്ധമുണ്ടു്. ബന്ധമുണ്ടു് എന്നും മറ്റും പറയുന്നതു് സൂക്ഷിച്ചു വേണം. മാല പൊട്ടിച്ചോടിയ കള്ളനെപ്പിടിച്ചു് ചെള്ളയ്ക്കടിക്കുന്നതിനു പകരം ചന്തിച്ചടിച്ചതു് ശരിയായില്ല എന്ന മട്ടില്‍ കൈപ്പള്ളിയുടെ പ്രതിഷേധത്തെപ്പറ്റി ആറുവര്‍ഷമായി ആരോഗ്യകരമായ ബ്ലോഗിംഗിലേര്‍പ്പെട്ടിരിക്കുന്ന കെ. സന്തോഷ് കുമാര്‍ എഴുതിക്കണ്ടു. ഇതു് എന്നെ അത്ഭുതപ്പെടുത്തുന്നില്ല. സഹോദരസ്നേഹത്തിന്‍റെ കാര്യം മുമ്പും അനുഭവിച്ചറിഞ്ഞിട്ടുണ്ടു്. കള്ളനെപ്പിടിച്ചു് അടികൊടുക്കുന്നതിനു പകരം വേദം വായിച്ചു കേള്‍പ്പിച്ചു എന്നു് ഈ പോസ്റ്റിനെപ്പറ്റി കെ. സന്തോഷ് കുമാര്‍ അഭിപ്രായപ്പെടാന്‍ സാദ്ധ്യതയുണ്ടു്.

കാര്യത്തിലേയ്ക്ക് വരാം. അച്ചടിമാദ്ധ്യമങ്ങളേയും റ്റൈപ്പു് റൈറ്റിംഗു് വ്യവസായത്തേയും സഹായിക്കാന്‍ കേരള സര്‍ക്കാര്‍ 1968-ല്‍ പുറപ്പെടുവിച്ചതും 1971 ഏപ്രില്‍ 15 മുതല്‍ നിലവില്‍ വന്നതുമായ ലിപി പരിഷ്ക്കരണ നിര്‍ദ്ദേശങ്ങള്‍ ഞാന്‍ നിഷേധിക്കുന്നു. ഈ ഉത്തരവുപ്രകാരം ‘പുതിയ ലിപി’ എഴുതിപ്പഠിക്കാന്‍ നിര്‍ബ്ബന്ധിതനായ ഒരു വ്യക്തിയാണ് ഞാന്‍. അച്ചടിമാദ്ധ്യമങ്ങളെ സഹായിക്കാന്‍ നമ്മുടെ ഭാഷയെത്തന്നെ ബലികൊടുക്കാന്‍ തയ്യാറായ ആ തലമുറയോടു് അച്ചടിമാദ്ധ്യമങ്ങള്‍ നീതിവിരുദ്ധമായ നിലപാടെടുക്കുക വഴി, ഈ ഉത്തരവു് അനുസരിക്കാനുള്ള എന്‍റെ ബാദ്ധ്യതയും ഇല്ലാതാവുന്നതായി ഞാന്‍ മനസ്സിലാക്കുന്നു. ഭരണഘടനപ്രകാരം അനുസരിക്കാന്‍ ബാദ്ധ്യതയുള്ള നിയമങ്ങളുടെ പരിധിയില്‍ വരുന്നതല്ല ഈ ഉത്തരവെന്നാണു് ഞാന്‍ മനസ്സിലാക്കുന്നത്. അതിനാല്‍ തന്നെ ഈ പോസ്റ്റു് നിയമ ലംഘനത്തിനുള്ള ആഹ്വാനമല്ല എന്നു് വായനക്കാര്‍ മനസ്സിലാക്കുമല്ലോ.

താഴെപ്പറയുന്ന മാറ്റങ്ങളാണു് ഈ ബ്ലോഗില്‍ കാണാന്‍ കഴിയുക:

  1. സം‌വൃതോകാരത്തിനു് ചന്ദ്രക്കല മാത്രം ഇടുന്ന രീതി ഉപേക്ഷിച്ചു്, ഉ ചിഹ്നവും ചന്ദ്രക്കലയും ഇനിമുതല്‍ ഒരുമിച്ചുപയോഗിക്കുന്നതാണു്. റ്റൈപ്പു് സെറ്റിംഗു് എളുപ്പമാക്കാന്‍ വേണ്ടി അച്ചടിമാദ്ധ്യമങ്ങള്‍ പ്രചരിപ്പിച്ച രീതിയില്‍ നിന്നും വരുംതലമുറയെ രക്ഷിക്കാനുള്ള അപൂര്‍വ്വാവസരമാണു് ഇങ്ങനെ ചെയ്യുന്നതു വഴി ബ്ലോഗര്‍മാര്‍ക്കു് കൈവന്നിരിക്കുന്നതു്. നിത്യേനെയെന്നോണം എഴുതിക്കൂട്ടുന്ന അനേകായിരം പേയ്ജുകളില്‍ ഇപ്പറഞ്ഞ രീതി ഉപയോഗിക്കുമ്പോള്‍ ഇന്നത്തെ തലമുറയിലും വരും തലമുറയിലും ഉള്ളവര്‍ക്കായി ഇതു് പ്രചരിപ്പിക്കുകയാണു് നാം യഥാര്‍ത്ഥത്തില്‍ ചെയ്യുന്നതു്.
  2. അക്ഷരങ്ങള്‍ ലാഭിക്കാനും (അതുവഴി മഷി ലാഭിക്കാനും) റ്റൈപ്പു് സെറ്റിംഗു് വേഗതകൂട്ടാനും വേണ്ടി അദ്ധ്യാപകന്‍, വിദ്യാര്‍ത്ഥി എന്നീ വാക്കുകള്‍ യഥാക്രമം അധ്യാപകന്‍, വിദ്യാര്‍ഥി, എന്നിങ്ങനെയെഴുതുന്നതു് സാധാരണയാണല്ലോ. ശീലം കാരണം ഇങ്ങനെ എഴുതിവന്ന ഞാന്‍, ഇനി മുതല്‍ (മഷി ലാഭിക്കേണ്ടതില്ലാത്തതിനാല്‍) അദ്ധ്യാപകന്‍, വിദ്യാര്‍ത്ഥി എന്നിങ്ങനെ എഴുതുന്ന രീതിയിലേയ്ക്കു് തിരിച്ചു പോകുന്നു.
  3. മുകളില്‍ പറഞ്ഞ അതേകാരണങ്ങളാലാണു് (ദേശാഭിമാനിപ്പത്രം സ്ഥിരമായി ഉപയോഗിക്കാറുള്ളതു പോലെ) നര്‍മം, വര്‍ഗം, സ്വര്‍ഗം, നിര്‍ദേശം തുടങ്ങിയ വാക്കുകളില്‍ നിന്നും ഇരട്ടിപ്പു് ഉപേക്ഷിക്കപ്പെട്ടതു്. ഇരട്ടിപ്പു് ഇല്ലാതെ അര്‍ത്ഥം മനസ്സിലാവുന്നിടങ്ങളില്‍ ഇരട്ടിപ്പു് ഉപേക്ഷിക്കാനായിരുന്നു എനിക്കു് അദ്ധ്യാപകരില്‍ നിന്നു് കിട്ടിയ നിര്‍ദ്ദേശം. എന്നാല്‍ ഇനിമുതല്‍ ഇത്തരം വാക്കുകകളില്‍ നിര്‍ബ്ബന്ധമായും ഇരട്ടിപ്പുപയോഗിച്ചു് നര്‍മ്മം, വര്‍ഗ്ഗം, സ്വര്‍ഗ്ഗം, നിര്‍ദ്ദേശം എന്നിങ്ങനെ എഴുതാനാണു് ഞാനാഗ്രഹിക്കുന്നതു്.

ഇവയ്ക്കു പുറമേ, നമുക്കു് ചെയ്യാവുന്ന മറ്റു കാര്യങ്ങള്‍:

  1. ഉ, ഊ, ഋ എന്നീ സ്വരങ്ങള്‍ വ്യഞ്ജനങ്ങളോടു ചേരുമ്പോള്‍ പ്രത്യേക ലിപികള്‍ രൂപമെടുക്കുന്ന ഇന്നത്തെ രീതിയ്ക്കു പകരം, അവയ്ക്കു് പ്രത്യേക ചിഹ്നങ്ങള്‍ ഏര്‍പ്പെടുത്തുക എന്നതാണു് മുകളില്‍ പറഞ്ഞ ഉത്തരവിലെ ഒന്നാമത്തെ നിര്‍ദ്ദേശം. പണ്ടുമുതല്‍ തന്നെ ഈ നിര്‍ദ്ദേശം എഴുത്തില്‍ ഞാന്‍ പ്രാവര്‍ത്തികമാക്കിയിരുന്നില്ല. അഞ്ജലി ഓള്‍ഡു് ലിപി പോലുള്ള ഫോണ്ടുകള്‍ ഉപയോഗിക്കുന്നവര്‍ക്കു് ഇതില്‍ പുതുമ തോന്നുകയുമില്ല. മൈക്രോസോഫ്റ്റിന്‍റെ കാര്‍ത്തിക ഫോണ്ടു് പഴയലിപിയാക്കാന്‍, മിക്കവാറും അസാദ്ധ്യമെങ്കിലും, എന്നാലാവുന്ന പ്രവര്‍ത്തനങ്ങള്‍ ഞാന്‍ നടത്തുന്നതാണു്. അതുപോലെ, നിങ്ങള്‍ ഫോണ്ടു ഡിസൈനറാണെങ്കില്‍, നിങ്ങള്‍ നിര്‍മ്മിക്കുന്ന പുതിയ മലയാളം ഫോണ്ടുകള്‍ പഴയലിപിയിലുള്ളവയാണെന്നു് ഉറപ്പുവരുത്തുക.
  2. രേഫം എന്‍‍കോഡു ചെയ്യുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കുകയും ആ ചര്‍ച്ചകളില്‍ സജീവമായി പങ്കെടുക്കുകയും ചെയ്യുക. എഴുതുമ്പോഴും ബാനറുകളും മറ്റും ഡിസൈന്‍ ചെയ്യുമ്പോഴും രേഫം ഉപയോഗിക്കാവുന്നിടത്തൊക്കെ അങ്ങനെ ചെയ്യുക. (ര്‍ എന്ന ചില്ലിനു പകരം അതുകഴിഞ്ഞു വരുന്ന അക്ഷരത്തിന്‍റെ മുകളില്‍ . ഇടുന്നതിനെയാണു് രേഫം ഉപയോഗിക്കുന്നു എന്നു പറയുന്നതു്. കൂടുതല്‍ വിവരങ്ങള്‍ ഇവിടെയുണ്ടു്.)
  3. ക്ക, ങ്ക, ങ്ങ, ച്ച, ഞ്ച, ഞ്ഞ, ട്ട, ണ്ട, ണ്ണ, ത്ത, ന്ത, ന്ന, പ്പ, മ്പ, മ്മ, യ്യ, ല്ല, വ്വ എന്നീ കൂട്ടക്ഷരങ്ങളൊഴികെയുള്ളവ ചന്ദ്രക്കലയിട്ടു് പിരിച്ചെഴുതിയാന്‍ മതി എന്ന നിര്‍ദ്ദേശം പാലിക്കാതിരിക്കുക. ഇപ്പോള്‍ത്തന്നെ, ക്ത, ശ്ച, ച്ഛ, ദ്ധ, തുടങ്ങിയ കൂട്ടക്ഷരങ്ങള്‍ കാര്‍ത്തിക ഫോണ്ടില്‍ പോലുമുണ്ടല്ലോ.
  4. റ്റ-യുടെ ഇരട്ടിക്കാത്ത വര്‍ണ്ണമാണു് T എന്ന അക്ഷരത്തെ മലയാളീകരിക്കുമ്പോള്‍ ഉപയോഗിക്കേണ്ടുന്നത്. ഈ വര്‍ണ്ണം ഭാഷയിലുണ്ടെങ്കിലും മലയാള ലിപിയിലില്ല. അതിനാല്‍ അച്ചടിക്കാര്‍ സൌകര്യാര്‍ത്ഥം (വീണ്ടും മഷി, സമയം എന്നീ സൂചനകള്‍ ശ്രദ്ധിക്കുക) അതിനെ ടി എന്നു് മലയാളീകരിച്ചു. ഇത് ഒഴിവാക്കി, ടെലിവിഷന്‍, പി. ടി. ചാക്കോ എന്നൊക്കെ എഴുതുന്നതിനു പകരം റ്റെലിവിഷന്‍, പി. റ്റി. ചാക്കോ എന്നൊക്കെത്തന്നെ എഴുതിത്തുടങ്ങുക. (ലേഖകന്‍ ഈ രീതിയാണു് കാലങ്ങളായി അവലംബിച്ചു വരുന്നതു്.) എബി ജോണ്‍ വന്‍‍നിലം എഴുതിയ ഈ പോസ്റ്റുകൂടി വായിക്കുന്നതു് നല്ലതായിരിക്കും. (മുകളില്‍ സൂചിപ്പിച്ച ഉദാഹരണങ്ങള്‍ എബി ജോണിന്‍റേതാണു്.)
  5. അച്ചടി മാദ്ധ്യമങ്ങളിലെഴുതുന്നവര്‍ തങ്ങളുടെ സൃഷ്ടികള്‍ ‘പഴയ ലിപി’യില്‍ അച്ചടിച്ചു വരണമെന്നു് ശഠിക്കുക. (അച്ചു നിരത്താത്ത ഇന്നത്തെ കമ്പ്യൂട്ടര്‍ യുഗത്തില്‍ ഇതു സാദ്ധ്യമാണല്ലോ!)

കേവലം പ്രതിഷേധത്തിനുപരി, അച്ചടിമാദ്ധ്യമങ്ങള്‍ക്കു വേണ്ടി വെട്ടിയെറിഞ്ഞ മലയാളലിപിയെ അതിന്‍റെ പൂര്‍ണ്ണ സൌന്ദര്യത്തില്‍ എത്തിക്കുവാന്‍ നിങ്ങളും ഈ നിര്‍ദ്ദേശങ്ങളില്‍ ചിലതെങ്കിലും പാലിക്കുമെന്നു് വിശ്വസിക്കട്ടെ. ശീലിച്ചതേ പാലിക്കൂ എന്നും ചൊട്ടയിലേ ശീലം ചുടല വരെ എന്നും പറയുന്നതു് എത്രത്തോളം ശരിയാണെന്നു് നോക്കണമല്ലോ!

Published in:  on February 13, 2008 at 11:44 pm Comments (31)

അജഗജാന്തരം

അനന്തമായ അറിവിന്‍റെ നിധിശേഖരം പങ്കുവയ്ക്കുന്നതുവഴി അപഥസഞ്ചാരം നടത്തുന്ന ഒരു സമൂഹത്തെത്തന്നെ ഉദ്ധരിക്കാമെന്നും, ഉറങ്ങുകയല്ലെങ്കിലും ഉറക്കംനടിക്കുന്ന മനസ്സിനെ തൊട്ടുണര്‍ത്തി സാമൂഹികാവബോധം കുത്തിവയ്ക്കാമെന്നുള്ള പ്രതീക്ഷയോടെയാണ്, മറ്റുപലരേയും പോലെ, ഞാനും ബ്ലോഗെഴുതുന്നത്. 2007-ലോ അതിനു മുമ്പോ നിലവില്‍ വന്ന ജനപ്രിയ അവാര്‍ഡുകളൊന്നും തരമായില്ലെങ്കിലും ‘ഏറ്റവും നല്ല നവോത്ഥാന ബ്ലോഗ്’ എന്ന വിഭാഗത്തില്‍ സ്പെഷല്‍ ജൂറി പരാമര്‍ശം ഉറപ്പിക്കുവാന്‍ കഴിഞ്ഞത് ഈ സാമൂഹിക പ്രതിബദ്ധത കൊണ്ടു മാത്രമാണ്. ‘കല ജീവിതം തന്നെ’ എന്ന സിദ്ധാന്തത്തിനോടുള്ള എന്‍റെ നിലപാട് ഒന്നുകൂടി വ്യക്തമാക്കാനാണ് ഇത്രയും ആമുഖമായി പറഞ്ഞുവയ്ക്കുന്നത്.

ഏതാദ്യം എഴുതും, ഏതാദ്യം എഴുതും എന്ന കണക്കില്‍ എന്നെ വലയ്ക്കുമാറ് പതഞ്ഞുപൊങ്ങുന്ന ആശയങ്ങളോട് മല്ലടിച്ച്, അവസാനം, ‘സൂപ്പര്‍ ഹൈ ഇം‍പാക്റ്റ് റ്റെസ്റ്റി’ല്‍ (ഡ്രാഫ്റ്റ് രൂപത്തില്‍ ഞാന്‍ സേവ് ചെയ്തിരിക്കുന്ന നിരവധി പോസ്റ്റുകളില്‍ ഏതാണ് ഉടന്‍ പ്രസിദ്ധീകരണയോഗ്യം എന്ന് മനസ്സിലാക്കാന്‍ ഞാന്‍ തന്നെ നിര്‍മ്മിച്ച പതിനൊന്നിന റ്റെസ്റ്റാണ് സൂപ്പര്‍ ഹൈ ഇം‍പാക്റ്റ് റ്റെസ്റ്റ്) പാസായി വന്ന ‘അമ്പട ഞാനേ’ എന്ന പോസ്റ്റ് വായനക്കാരുടേയും കമന്‍റര്‍മാരുടേയും കാര്യത്തില്‍ സര്‍വ്വകാല റെക്കോഡുകള്‍ സൃഷ്ടിച്ച വിവരം ഏവര്‍ക്കുമറിയാം. ഓഫ് റ്റോപിക് ആയി വന്നതും (എനിക്ക് അഹങ്കാരമാണെന്ന് ആരോപിച്ചതുള്‍പ്പടെയുള്ളവ) സ്വന്തം ബ്ലോഗു പരസ്യങ്ങളായി വന്നതുമായ കമന്‍റുകള്‍ ഒരു ബോട്ടുപയോഗിച്ച് ഡിലീറ്റ് ചെയ്തതുകൊണ്ടുമാത്രമാണ് (കൈ കൊണ്ടു ഡിലീറ്റു ചെയ്യുക കേവലം അസാധ്യമായിരുന്നു) ആ പോസ്റ്റില്‍ കമന്‍റുകള്‍ തീരെ കുറവാണല്ലോ എന്ന് ബ്ലോഗിലെ നവാഗതര്‍ക്ക് തോന്നുന്നത്. ആ പോസ്റ്റിന്‍റെ പ്രസിദ്ധീകരണത്തെത്തുടര്‍ന്ന് എനിക്കുണ്ടായ അഭൂതപൂര്‍വ്വമായ പ്രശസ്തി സാമൂഹികനന്മയ്ക്കുപകരിക്കും‍വിധം വഴിതിരിച്ചുവിടുന്നതിനു ചുക്കാന്‍ പിടിക്കുക എന്ന ഉദ്ദേശ്യത്തോടെ തിരുവനന്തപുരം നഗരത്തില്‍ രൂപം കൊള്ളാനിരുന്ന ‘ശേഷം ചിന്ത്യം ഫാന്‍സ് അസോസിയേഷന്‍’ എന്ന ജീവകാരുണ്യസംഘടയുടെ ആദ്യയോഗം എന്‍റെ തന്നെ നിര്‍ബന്ധപ്രകാരം മറ്റൊരവസരത്തിലേയ്ക്ക് മാറ്റിവച്ചതും പരസ്യമായ രഹസ്യം മാത്രമാണ്. ‘റൂമര്‍ മില്‍’ എന്ന പോസ്റ്റില്‍ പറഞ്ഞകാര്യം ഞാന്‍ ആവര്‍ത്തിക്കുന്നു: എന്‍റെ സമയം നന്നല്ല എന്ന് കലണ്ടര്‍, പഞ്ചാംഗം, ആദിയായ കാര്യങ്ങളില്‍ നിപുണനായ ഒരു സരസകവി എന്നെ അറിയിക്കുകയുണ്ടായി. അതുമൂലമാണ് യോഗം മാറ്റിവയ്ക്കേണ്ടി വന്നത്. അല്ലാതെ കുത്തകകമ്പനികളിലെ ജീവനക്കാര്‍ക്കെതിരെ കേരളത്തില്‍ ഇപ്പോള്‍ നിലനില്‍ക്കുന്ന സംഘര്‍ഷാവസ്ഥ മൂലമല്ല. എന്‍റെ സമയം നന്നായാലുടന്‍ SCFA അതിന്‍റെ രൂപീകരണയോഗവുമായി മുന്നോട്ടുപോകുന്നതാണ്.

പറഞ്ഞു കാടുകയറിയതുകാരണം പറയേണ്ട കാര്യം ഇതുവരെ പറഞ്ഞില്ല.

ഞാന്‍ അഭിപ്രായം മാറ്റി!

കാളപെറ്റെന്നു കേള്‍ക്കും മുമ്പ് കയറെടുത്തോടരുത്. പോസ്റ്റുമുഴുവന്‍ വായിച്ചിട്ടേ അഭിപ്രായം പറയാവൂ. പണ്ടൊക്കെയായുന്നെങ്കില്‍ നാഴികയ്ക്ക് നാല്പതുവട്ടം അഭിപ്രായം മാറ്റിയാലും ഒരു ചുക്കും സംഭവിക്കില്ലായിരുന്നു. ഇന്ന് അങ്ങനെയാണോ? പണ്ടു പറഞ്ഞതെന്ത്? ഇന്ന് പറയുന്നതെന്ത്? പണ്ടു പറഞ്ഞതു മൂലം ബ്ലോഗുലോകത്തിനുണ്ടായ മാറ്റങ്ങളെ ഇല്ലായ്മ (undo) ചെയ്ത് പുതിയ അഭിപ്രായത്തിലേയ്ക്ക് സമന്വയിപ്പിക്കുന്നത് സാധ്യമോ? അങ്ങനെയെങ്കില്‍ അതിന്‍റെ ചുമതല ആര്‍ക്ക്? പഴയ അഭിപ്രായത്തെ അധികരിച്ചുണ്ടാക്കിയ പ്രബന്ധങ്ങളെ പിന്താങ്ങിയവരുടെ ഗതിയെന്ത്? അങ്ങനെയുള്ളവരെ പിന്തിരിപ്പന്മാരെന്ന് മുദ്രകുത്തുമോ? അവരെ മുഖ്യധാരയിലേയ്ക്ക് കൈപിടിച്ചു നടത്തുവാന്‍ പറ്റിയ തത്വശാസ്ത്രം വല്ലതും പുതിയ അഭിപ്രായം മുന്നോട്ടു വയ്ക്കുന്നുണ്ടോ? ഇനിയും അഭിപ്രായം മാറാന്‍ സാധ്യതയുണ്ടോ? പഴയ അഭിപ്രായത്തോടു അന്ന് യോജിപ്പുപ്രകടിപ്പിച്ചവര്‍ക്ക് പുതിയ അഭിപ്രായത്തെ ഇപ്പോള്‍ പിന്താങ്ങാമോ? അവരെ അവസരവാദിയെന്ന് വിളിക്കാതിരിക്കാന്‍ മുന്‍‍കരുതലെടുത്തിട്ടുണ്ടോ? ഇങ്ങനെ നിരവധി ചോദ്യങ്ങള്‍ മറ്റുള്ളവര്‍ ചോദിക്കുന്നരൂപേണ സ്വയം ചോദിച്ച് അതിന് സ്വയം ഉത്തരം കണ്ടെത്തി, പരിക്കുകളേതുമില്ലാതെ രക്ഷപ്പെടാം എന്നു ബോധ്യമായശേഷമേ എന്നെപ്പോലുള്ളവര്‍ക്ക് അഭിപ്രായം മാറാന്‍ പറ്റൂ. (കാര്യം വളരെ കഷ്ടമാണ്. എന്നാലും പ്രശസ്തിയോടൊപ്പം വന്നുചേരുന്ന ഇത്തരം ചില്ലറ അസൌകര്യങ്ങള്‍ വിസ്മരിക്കാതെ വയ്യല്ലോ.)

പറയേണ്ട കാര്യം ഇനിയും പറഞ്ഞില്ല.

ഏതാദ്യം എഴുതും, ഏതാദ്യം എഴുതും എന്ന കണക്കില്‍ എന്നെ വലയ്ക്കുമാറ് പതഞ്ഞുപൊങ്ങുന്ന ആശയങ്ങളോട് മല്ലടിച്ച്, അവസാനം, ‘സൂപ്പര്‍ ഹൈ ഇം‍പാക്റ്റ് റ്റെസ്റ്റി’ല്‍ പാസായി വന്ന ‘അമ്പട ഞാനേ’ എന്ന പോസ്റ്റ് വായനക്കാരുടേയും കമന്‍റര്‍മാരുടേയും കാര്യത്തില്‍ സര്‍വ്വകാല റെക്കോഡുകള്‍ സൃഷ്ടിച്ച വിവരം ഏവര്‍ക്കുമറിയാമെന്ന് ഞാന്‍ നേരത്തേ സൂചിപ്പിച്ചല്ലോ. ആ പോസ്റ്റില്‍,

ഇംഗ്ലീഷ് ഉള്‍പ്പെടെയുള്ള വിദേശ/അന്യ ഭാഷകളില്‍ ‘ഞാനും’ എന്നത് അവസാനം പറയുന്നതിനാണ് പ്രയോഗസാധുതയെന്നു മാത്രം (ഉദാ: My friends and I എന്നതാണ് I and my friends എന്നതിനേക്കാള്‍ അംഗീകരിക്കപ്പെട്ട പ്രയോഗം). നിത്യേന നമ്മുടെ ജീവിതത്തില്‍ നിറയുന്ന ഞാനെന്ന ഭാവത്തിന്‍റെ ആധിക്യം വച്ചു നോക്കുമ്പോള്‍, ഇക്കാര്യത്തില്‍ മാത്രം വിദേശിയെ അനുകരിക്കാതിരിക്കുന്നതില്‍ അര്‍ഥമില്ലെന്ന് തോന്നുന്നു.

എന്ന് ഞാന്‍ സമര്‍ഥിച്ചിരുന്നു. പച്ചമലയാളത്തില്‍ പറഞ്ഞാല്‍, ‘ഞാനും നീയും’ എന്നതിനു പകരം, സായിപ്പ് പറയുമ്പോലെ ‘നീയും ഞാനും’ എന്ന് പറയുന്നതാണ് മലയാളത്തിനും ഉചിതമെന്ന് പറഞ്ഞുവയ്ക്കുവാന്‍ അന്നെനിക്ക് ജളതയുണ്ടായില്ല.

മറ്റൊരു പ്രശസ്ത വ്യക്തിയായ എം. എല്‍. ബാലകൃഷ്ണനേയും എന്നേയും ഒരു വാക്യത്തില്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള ഒരു കമന്‍റ് കേള്‍ക്കാനിടയായിയായതാണ് എന്‍റെ അഭിപ്രായമാറ്റത്തിന് കാരണമായി ഭവിച്ചത്. തുടര്‍ന്നു വായിക്കുമ്പോള്‍, ഞാന്‍ ചെയ്തത് മഹാപരാധമല്ലെന്നും, സ്വന്തം ഇമേയ്ജിനെപ്പറ്റി ബോധമുള്ള ഏതൊരു മലയാളിയും ചെയ്യുന്നതാണ് ഇത്തരം അഭിപ്രായമാറ്റങ്ങളെന്നും നിങ്ങള്‍ക്ക് മനസ്സിലാവും. (ഒരു കാര്യം പറഞ്ഞേക്കാം: ഇതൊന്നും ചെന്ന് എം. എല്‍. ബാലകൃഷ്ണനോട് ചോദിച്ചേക്കരുത്, രണ്ടുപേര്‍ക്കും അനാവശ്യ പ്രശസ്തി ഇഷ്ടമല്ല.) ആ കമന്‍റിനു മറുപടിയായി, മുകളില്‍ പ്രതിപാദിച്ച നിയമം തെറ്റിക്കാതെ ഞാന്‍ പറഞ്ഞു:

എം. എല്‍. ബാലകൃഷ്ണനും ഞാനും തമ്മില്‍ അജഗജാന്തരമുണ്ട്.

അജഗജാന്തരത്തില്‍ അജം (ആട്) ആദ്യം വരുന്നതിനാലും ഗജം (ആന) എന്നു വിളിക്കപ്പെടാന്‍ തക്ക തടിയുണ്ടെന്ന് സമ്മതിക്കാന്‍ എനിക്ക് വിഷമമായതിനാലും, ഒന്നാലോചിച്ച ശേഷം ഞാന്‍ പറഞ്ഞു:

ഞാനും എം. എല്‍. ബാലകൃഷ്ണനും തമ്മില്‍ അജഗജാന്തരമുണ്ട്.

നല്ല ഡിസൈനറും ആശാരിയും ആയാലും ഇന്ത്യയും ബ്രിട്ടനുമായാലും പുതുതലമുറയും പഴയതലമുറയുമായാലും, അജഗജാന്തരം എന്ന വാക്കുപയോഗിക്കുമ്പോള്‍ ആരെ ആനയാക്കണം എന്ന് ആലോചിച്ചിട്ട് മറ്റേയാളെ ആടാക്കുക എന്നത് വെറും സാമാന്യബോധം മാത്രമാകുന്നു. സ്വന്തം കാര്യമാവുമ്പോള്‍ ഇത് ശ്രദ്ധിക്കേണ്ടത് ഏറ്റവും അത്യാവശ്യവും.

സ്വന്തം കാര്യം വരുമ്പോള്‍ അനുസരിക്കാതിരിക്കാനും, വേണമെങ്കില്‍ തകര്‍ക്കാനും തിരുത്താനുമല്ലെങ്കില്‍ പിന്നെ നമ്മളൊക്കെയെന്തിനാ റൂളുണ്ടാക്കുന്നത്?

Published in:  on January 18, 2008 at 11:43 pm Comments (9)

നെങ്ങലെട്ടാച്ചിരിതി?

ഈ അടുത്ത കാലത്ത് എന്‍റെ സുഹൃത്തുക്കളിലൊരാള്‍ എനിക്ക് ഒരുവാചകം മാത്രമുള്ള ഒരു ഈ-മെയിലയച്ചു:

“Have you met the evil eciffo yet?”

മൈക്രോസോഫ്റ്റിനെപ്പറ്റിയോ ബില്‍ ഗേയ്റ്റ്സിനെപ്പറ്റിയോ സംസാരിക്കുമ്പോള്‍ ‘ഈവിള്‍’ എന്നു ചേര്‍ക്കുന്നത് ഇന്ന് അംഗീകരിക്കപ്പെട്ട പ്രയോഗങ്ങളിലൊന്നാണല്ലോ. എസിഫോ എന്നത് ഇനി പുതിയ പ്രയോഗമോ വിളിപ്പേരോ ആണെന്നറിയാന്‍ സേര്‍ച് ചെയ്തപ്പോള്‍ അധികം പ്രയാസപ്പെടാതെ ചെന്നെത്തിയത് ഈ വെബ് സൈറ്റിലാണ്. അതിലെ ആദ്യ വാചകം തന്നെ എന്‍റെ സംശയം ദൂരീകരിച്ചു.

“ECIFFO, as its name indicates (office spelled backward), …”

രം‍പുന്തനവരുതിയില്‍ എവിടെയോ ഉള്ള ന്തച്ചളകായില്‍ പോയ കഥ പറഞ്ഞു തന്ന അച്ഛന്‍റെയച്ഛനെ ഓര്‍ത്തു പോയി ഞാന്‍. (അപ്പൂപ്പന്‍ തന്നെയാണ് ചൊറിച്ചു മല്ലലില്‍ എനിക്ക് ആദ്യപാഠമോതിത്തന്നതും: നിരന്തര ശിക്ഷണത്തിലൂടെ “മൂക്കില്ലാതെ പട്ടിയിരിക്കുന്നു” എന്ന കോഡുവാചകം മനസ്സിലാക്കാന്‍ സഹായിച്ചുകൊണ്ട്.)

Published in:  on October 16, 2007 at 10:15 pm Comments (4)

ഭാഷയുടെ അപൂര്‍ണ്ണത

ഒരേ ഭാഷ സംസാരിക്കുന്നവര്‍ തമ്മില്‍ പോലും ആശയവിനിമയം നടത്തുമ്പോള്‍ വരാവുന്ന പാകപ്പിഴകളെപ്പറ്റി കവി പാടിയിട്ടുണ്ടല്ലോ. ഭാഷ കണ്ടു പിടിച്ചവരെ പുലഭ്യം പറയുന്ന രീതിയിലേയ്ക്ക് കാര്യങ്ങള്‍ പുരോഗമിക്കുമ്പോള്‍ ഭാഷാരഹിതമായ ലോകം കൂടുതല്‍ സുന്ദരമായിരിക്കുമോ എന്നു സ്വയം ചോദിക്കുന്നത് നല്ലതായിരിക്കും. പുഷ്പകവിമാനം എന്ന സിനിമ നാം എത്രകണ്ട് ആസ്വദിച്ചു എന്നതാവരുത് ഈ ചോദ്യത്തിന് ഉത്തരം നല്‍കുമ്പോള്‍ മാനദണ്ഡമാവേണ്ടുന്നത്. നിശ്ശബ്ദതയെ പൂജിക്കുന്നവര്‍ പൂജ കഴിഞ്ഞ് ഉത്തരം നല്‍കിയാല്‍ മതിയാവും.

ജന്തുക്കള്‍ക്കും ഭാഷയുണ്ടെന്ന പ്രസ്താവന ഏറെ ചിന്തിപ്പിച്ചിട്ടുള്ള ഒന്നാണ്. ജന്തുക്കള്‍ക്ക് ഭാഷയുണ്ടെങ്കില്‍ ആ ഭാഷയെ, അവ അധിവസിക്കുന്ന സാഹചര്യങ്ങളും ചുറ്റുപാടുകളും എത്രമാത്രം സ്വാധീനിക്കുന്നു? നാടന്‍ പോത്തും കാട്ടുപോത്തും ‘ഒരേ ഭാഷ’യിലാണോ സം‌വദിക്കുക? ആഫ്രിക്കന്‍ ആനയും ബീഹാറീ ആനയും തമ്മില്‍ ഏതു ഭാഷയില്‍ അടക്കം പറയും?

ശബ്ദോന്മുഖമായ ഭാഷയിലാണ് മനുഷ്യരൊഴികെയുള്ള ജീവികള്‍ കൂടുതലും സം‌വദിക്കുന്നത് എന്നാണ് എന്‍റെ കണ്ടെത്തല്‍. പൂവന്‍ കോഴിയും പിടക്കോഴിയും തമ്മില്‍ കണ്ണും കണ്ണും നോക്കി കഥകള്‍ കൈമാറുന്നത് കണ്ടിട്ടില്ല എന്നത് ശാസ്ത്രീയമായ തെളിവായി അംഗീകരിക്കാന്‍ പ്രയാസമില്ലല്ലോ!

ശബ്ദഭാഷ വൈവിധ്യമാര്‍ന്നതായ സ്ഥിതിക്ക് ആംഗ്യഭാഷയെങ്കിലും ഏകീകൃതമാവണമല്ലോ. അല്ലെന്നതാണ് സത്യം. അതിനാലാണ് ക്യാനഡയിലെയും ഐസ്‍ലാന്‍റിലെയും കരടികള്‍ക്ക് തമ്മില്‍ത്തമ്മില്‍ കൂട്ടുകൂടാനറിയാത്തത്. അതുകൊണ്ടാണ് മലയാളികള്‍ ആലിംഗനം ചെയ്യാത്തത്! പറയാനും എഴുതാനും ഉപയോഗിക്കുന്ന മറ്റുഭാഷകളെപ്പോലെ ആംഗ്യഭാഷയും കാല, ദേശ, സംസ്കാരങ്ങളോടു ബന്ധപ്പെട്ടിരിക്കുന്നു.

ഒന്നുരണ്ട് ഉദാഹരണം വഴി ഇത് വ്യക്തമാക്കാന്‍ ശ്രമിക്കാം.

ഭരതം എന്ന സിനിമയില്‍ കഥാപാത്രത്തോടും കഥാസന്ദര്‍ഭത്തോടും യോജിക്കാതെ വേറിട്ടുനില്‍ക്കുന്ന ആ അഭിനയമുഹൂര്‍ത്തം ഓര്‍ക്കുന്നില്ലേ? മോഹന്‍‍ലാല്‍ പാടാനൊരുങ്ങുമ്പോഴുള്ള ഉര്‍വ്വശിയുടെ ‘ഥംപ്സ് അപ്’ ആംഗ്യം?

ചിത്രം: ഥംപ്സ് അപ് (കടപ്പാട്: മൈക്രോസോഫ്റ്റ് ക്ലിപ്‍ആര്‍ട് ഗ്യാലറി)

ഈ സിനിമ കണ്ടുകൊണ്ടിരിക്കുന്ന ഓസ്റ്റ്രേലിയക്കാരന്‍, ഉര്‍വ്വശിക്കെന്താണ് മോഹന്‍‍ലാലിലോടിത്ര ദേഷ്യം എന്നു തോന്നിയാല്‍ അത്ഭുതപ്പെടരുത് (ഓസ്റ്റ്രേലിയക്കാര്‍ക്ക് ‘ഥംപ്സ് അപ്’ ഒരു റൂഡ് സൈന്‍ ആണ്). ‘നടക്കില്ല മോനേ!’ എന്ന അര്‍ഥത്തില്‍ നാം (ഇന്ത്യാക്കാര്‍) ‘ഥംപ്സ് അപ്’ ആംഗ്യം കാണിക്കുന്നതിനോടൊപ്പം തള്ളവിരല്‍ ഇടത്തേയ്ക്കും വലത്തേയ്ക്കും ആട്ടുന്നതും ഓര്‍ക്കുക. ജപ്പാന്‍ പോലുള്ള രാജ്യങ്ങളില്‍ ഈ ആംഗ്യം കാണിക്കുന്നത് ആരോഗ്യത്തിന് നല്ലതാവണമെന്നില്ല.

നാം പലപ്പോഴും കാണിക്കുന്ന മറ്റൊരാംഗ്യമാണല്ലോ ഓ. കെ. ആംഗ്യം (OK sign). യു. എസിലും ക്യാനഡയിലും ഇത് സമ്മതത്തിന്‍റെ ചിഹ്നമാണെങ്കില്‍, ജപ്പാന്‍കാര്‍ക്ക് ഇത് പണത്തെ സൂചിപ്പിക്കുന്നു. ഡെന്മാര്‍ക്ക്, നോര്‍വേ എന്നിവിടങ്ങളില്‍ ആള്‍ക്കാരെ അധിക്ഷേപിക്കാന്‍ ഇങ്ങനെ കാട്ടിയാല്‍ മതി. ഫ്രാന്‍സുകാരാവട്ടെ, ഇതിനെ പൂജ്യമായി (zero) കാണുന്നു. എന്നാല്‍ പരാഗ്വേ, സ്പെയിന്‍, ഗ്രീസ്, ബലാറസ്, ഗ്വാറ്റിമാല, റഷ്യ തുടങ്ങിയ രാജ്യങ്ങളില്‍ ഓ. കെ. ആംഗ്യം കാണിക്കുന്നവന്‍റെ അടപ്പൂരും!

ജീവന്‍റെ നിലനില്പിനാവശ്യമായ കാര്യം സാധിച്ചെടുക്കണമെന്ന് മറ്റൊരാളിനെ അറിയിക്കാന്‍ ഭാഷ വേണമെന്നില്ല. അതില്‍ കവിഞ്ഞ എന്തു കാര്യത്തിനും ഭാഷയില്ലാതെ തരമില്ല എന്നു മനസ്സിലായില്ലേ? ഇല്ലെങ്കില്‍ എന്‍റെ കുറ്റമല്ല. മലയാള ഭാഷയുണ്ടാക്കിയവരെ ദ്രോഹികള്‍ എന്നു വിളിക്കുക.

Published in:  on September 19, 2007 at 11:18 pm Comments (8)

അമ്പട ഞാനേ!

മലയാളി ബ്ലോഗര്‍മാരുടെ എഴുത്തില്‍ ഞാന്‍ എന്ന വാക്കിന്‍റെ അതിപ്രസരം കാണണമെങ്കില്‍ മറ്റെങ്ങും പോകേണ്ട ആവശ്യമില്ല. ഇതാ, ഈയുള്ളവന്‍റെ ബ്ലോഗു തുറന്നുവച്ചു രണ്ടുവരി വായിച്ചാല്‍ മതി! സംസാരത്തിലും എഴുത്തിലും വര്‍ദ്ധിച്ചുവരുന്ന ഈ പ്രവണതയേക്കാള്‍ രസകരമെന്ന് തോന്നിയേക്കാവുന്ന മറ്റൊരു കാര്യമാണ്, പക്ഷേ, ഇവിടെ പ്രതിപാദ്യ വിഷയം.

പണ്ട് ഗോപാലപിള്ള സാറ് പറയാറുണ്ടായിരുന്നപോലെ; കുട്ടികളേ, നിങ്ങള്‍ക്കെല്ലാവര്‍ക്കും നിഷ്പ്രയാസം ചെയ്യാവുന്ന ഒരു അഭ്യാസമാണ് ഞാന്‍ നല്‍കാന്‍ പോകുന്നത്. എല്ലാവരും, ശബ്ദമുണ്ടാക്കാതെ ഉത്തരം കണ്ടു പിടിച്ച് ആര്‍ക്കും കാണിച്ചു കൊടുക്കാതെ ഉത്തരപ്പേപ്പറില്‍ എഴുതി പേപ്പര്‍ കമഴ്ത്തി വയ്ക്കുകയും പേന അടച്ചു വയ്ക്കുകയും ചെയ്യുക.

നമുക്കു കണ്ടുപിടിക്കാം:
(പണ്ടുകാലത്തെ മൂന്നാംക്ലാസ് സയന്‍സ് പാഠപുസ്തകത്തോട് കടപ്പാട്.)

൧. സ്വന്തമായി ബ്ലോഗുള്ളവര്‍ എല്ലാവരും അവരവരുടെ ബ്ലോഗ് തുറക്കുക (ബ്ലോഗില്ലാത്തവര്‍ സ്ഥിരം വായിക്കുന്ന ഏതെങ്കിലും നല്ല ബ്ലോഗ് തുറന്നു വയ്ക്കുക)

൨. “ഞാനും” എന്ന വാക്ക് (ഉദ്ധരണി ഉപേക്ഷിച്ച ശേഷം) ആ ബ്ലോഗില്‍ സേര്‍ച് ചെയ്യുക

൩. സേര്‍ച് റിസല്‍റ്റുകള്‍ ഓരോന്നായി പരിശോധിക്കുക

  • ‘ഞാനും’ എന്നത് മറ്റു ആളുകളോടൊപ്പമോ ജീവികളോടൊപ്പമോ അല്ല പ്രയോഗിക്കപ്പെട്ടിട്ടുള്ളതെങ്കില്‍ അടുത്ത റിസല്‍റ്റിലേയ്ക്ക് നീങ്ങുക (ഉദാ: അതു തന്നെ ഞാനും ആലോചിച്ചു.)
  • ‘ഞാനും’ എന്ന വാക്കിനുശേഷം, തൊട്ടടുത്ത വാക്കുകളില്‍, മറ്റാരെയെങ്കിലും പറ്റി പറയുന്നുണ്ടെങ്കില്‍ അങ്ങനെയുള്ളവയുടെ എണ്ണുമെടുക്കുക (ഉദാ: ഞാനും എന്‍റെ സുഹൃത്തും കൂടി അവിടെ പോയി.)
  • ‘ഞാനും’ എന്ന വാക്കിനു മുമ്പ്, തൊട്ടടുത്ത വാക്കുകളില്‍, മറ്റാരെയെങ്കിലും പറ്റി പറയുന്നുണ്ടെങ്കില്‍ അങ്ങനെയുള്ളവയുടെ എണ്ണവും എടുക്കുക (ഉദാ: അനിയനും ഞാനും കൂടി കളിക്കുകയായിരുന്നു.)

ശരിതെറ്റുകളും പ്രയോഗസാധുതയും

ഞാനും സുഹൃത്തും എന്നു പറയുന്നതും സുഹൃത്തും ഞാനും എന്നു പറയുന്നതും തമ്മില്‍ ഭാഷാപരമായി വ്യത്യാസമൊന്നുമില്ല. ഇംഗ്ലീഷ് ഉള്‍പ്പെടെയുള്ള വിദേശ/അന്യ ഭാഷകളില്‍ ‘ഞാനും’ എന്നത് അവസാനം പറയുന്നതിനാണ് പ്രയോഗസാധുതയെന്നു മാത്രം (ഉദാ: My friends and I എന്നതാണ് I and my friends എന്നതിനേക്കാള്‍ അംഗീകരിക്കപ്പെട്ട പ്രയോഗം). നിത്യേന നമ്മുടെ ജീവിതത്തില്‍ നിറയുന്ന ഞാനെന്ന ഭാവത്തിന്‍റെ ആധിക്യം വച്ചു നോക്കുമ്പോള്‍, ഇക്കാര്യത്തില്‍ മാത്രം വിദേശിയെ അനുകരിക്കാതിരിക്കുന്നതില്‍ അര്‍ഥമില്ലെന്ന് തോന്നുന്നു.

Published in:  on August 30, 2007 at 9:39 pm Comments (11)

ആദിയും അന്തവും

തങ്ങളുടെ മൂന്നു മക്കളില്‍ രണ്ടാമന്, യു എന്ന ഇംഗ്ലീഷ് അക്ഷരത്തില്‍ തുടങ്ങുന്ന പേരിട്ട്, സ്കൂള്‍/കോളജ് രജിസ്റ്ററുകളില്‍ അവസാനമാക്കിയതിന്‍റെ പശ്ചാത്താപത്താലാവണം, മൂന്നാമന് ഏ-യില്‍ തുടങ്ങുന്ന പേരിടാന്‍ എന്‍റെ മാതാപിതാക്കള്‍ (മാതാവ് എന്ന് വായിക്കുക) തീരുമാനിച്ചത്. U-വില്‍ തുടങ്ങുന്നതു കൊണ്ടു് എല്ലാ ക്ലാസ്സിലും അവസാനമാകും. അതു നിന്റെ ഭാവിയെ ബാധിക്കും എന്നൊക്കെ വിചാരിച്ച് സ്വന്തം മക്കള്‍ക്ക് നല്ലനല്ല പേരു കണ്ടെത്തുന്നവരുടേയും, ഇത്രയും കഷ്ടപ്പെട്ടു കണ്ടെത്തുന്ന പേരിനെ ജീവിതകാലം വെറുക്കുന്നവരുടേയും കദന കഥ ബ്ലോഗുലോകത്തിന് പുതിയതല്ല.

ഒപ്പം പഠിച്ച അബ്ദുളും (Abdul) സുല്‍ഫിക്കറും (Zulfiqar) ആണ് എനിക്ക് നേരിട്ട് പരിചയമുള്ളവരില്‍ തങ്ങളുടെ പേരു ഇംഗ്ലീഷിലെഴുതിയാല്‍ ഒന്നാമതും അവസാനവും വരിക. ആഭയ്ക്കും (Abha) സുബിനും (Zubin) രണ്ടാം സ്ഥാനം കിട്ടി. അമ്പതിനായിരത്തിലധികമുള്ള കമ്പനി ഡയറക്റ്ററിയില്‍ തപ്പിയപ്പോള്‍ ഒന്നാം സ്ഥാനം: Aable, അവസാന സ്ഥാനം: Zyron.

മലയാളത്തിലെ പരിചിത നാമങ്ങളില്‍ ആദ്യവും അവസാനവും ആരെന്നറിയുമോ? അഖിലയും റോഹനുമാണോ?

Published in:  on July 24, 2007 at 12:08 am Comments (14)

കുത്തും കോമയും

പണ്ട് പണ്ട്, എന്നു വച്ചാല്‍ വളരെപ്പണ്ട്, കൃത്യമായിപ്പറഞ്ഞാല്‍ എന്തായിരിക്കണം ഓഫ് എന്ന് ബൂലോകര്‍ തിരിച്ചറിഞ്ഞിട്ടില്ലാതിരുന്ന കാലത്ത്, ബൌദ്ധിക സം‌വാദങ്ങള്‍ക്ക് പേരുകേട്ട മിടുക്കനായ ഒരു ബ്ലോഗര്‍ക്ക് ഓഫ് റ്റോപിക് ആയി ഒരു സംശയമുദിച്ചു. അന്ന് നിലവിലുണ്ടായിരുന്ന സാമാന്യ തത്വമനുസരിച്ച് അദ്ദേഹം അത് “ഓ.ടോ:” എന്ന രണ്ടക്ഷരം മുന്നില്‍ പിടിപ്പിച്ച് ആദ്യം കണ്ട ബ്ലോഗില്‍ക്കയറി കമന്‍റു വര്‍ഷം നടത്തി. (അതാണല്ലോ ഈ ഓഫ് റ്റോപിക്കിന്‍റെ ഗുണം. ഏത് ബ്ലോഗിലും ധൈര്യമായി കടന്നു ചെല്ലാം. മര്യാദരാമന്മാര്‍, ഓട്ടോ എന്നോ ഓഫ് എന്നോ ചില്ലറയായോ, ഇനി സമയമേറെയുള്ളവര്‍, ഓഫ് റ്റോപിക് എന്ന് മൊത്തമായോ മുന്നില്‍ പിടിപ്പിക്കാറുണ്ടെന്ന് മാത്രം. ഇന്നലെ കിട്ടിയ വാര്‍ത്ത: മിക്ക ബ്ലോഗര്‍മാരും വായനക്കാരും സമയം ഒട്ടും ഇല്ലാത്തവരാണത്രേ.)

ഏതായാലും ചോദ്യം ഇതായിരുന്നു:

ഓ.ടോ: ഈ കോമ (,) എന്ന സാധനം ഇംഗ്ലീഷുകാരനാണോ? അതോ മലയാളത്തിലും‍ ഇത് പണ്ടേ ഉള്ളതാണോ? [ലിങ്ക്]

[ഹൊ, ഈ ചോദ്യം ഒന്ന് തപ്പിയെടുക്കാന്‍ ഞാന്‍ പെട്ട പാട്... ഈ ഉപദേശമൊന്നും ഒട്ടും ഫലിച്ചില്ല.]

ഞാന്‍ “ഐ ഷാല്‍” വിളിച്ചു.

റ്റീം ഗെയിമുകളായ വോളീബോള്‍, ക്രിക്കറ്റ് എന്നിവയൊക്കെ കളിക്കുന്നവര്‍ക്കും കളിച്ചിട്ടുള്ളവര്‍ക്കും കണ്ടിട്ടുള്ളവര്‍ക്കും “ഐ ഷാല്‍” എന്നതിന്‍റെ അര്‍ഥം വിശദീകരിച്ചു കൊടുക്കേണ്ട കാര്യമില്ല. അങ്ങനെ അല്ലാത്തവര്‍ ശ്രദ്ധിക്കുക. ആകാശത്തേയ്ക്കുയര്‍ന്ന പന്ത് പിടിക്കാന്‍ നിന്നോടൊപ്പം ഞാനുമുണ്ടെടാ എന്ന രീതിയില്‍ നമ്മുടെ ഒരു റ്റീംമേയ്റ്റ് ഓടി വരുന്നു എന്ന് കരുതുക. ആ സന്ദര്‍ഭത്തില്‍ “ഞാനെടുക്കണോ അതോ നീയെടുക്കുമോ” എന്നൊക്കെ കൊച്ചു വര്‍ത്താനം ചോദിക്കാന്‍ സമയമില്ലല്ലോ. അപ്പോള്‍, മറ്റുമാര്‍ഗങ്ങളൊന്നുമില്ലെങ്കില്‍, കുറുപ്പിന്‍റെ ഉറപ്പുപോലെ, പകുതിമനസ്സാലേ, നാം മറ്റവന് കൊടുക്കുന്ന ഉറപ്പാണ് “ഐ ഷാല്‍”. എന്നു വച്ചാല്‍ നീ മാറി നില്‍ക്ക്, ഇവനെ ഞാന്‍ കൈകാര്യം ചെയ്തോളാമെന്നര്‍ഥം. ഇവന്‍റെ പൂര്‍ണരൂപം “ഐ ഷാല്‍ ട്രൈ റ്റു റ്റേയ്ക് ഇറ്റ്, ലീവ് ദിസ് റ്റു മി” എന്നാകുന്നു.

ഈ ചോദ്യത്തിനെ ആധികാരികമായി കൈകാര്യം ചെയ്യാനായി ശ്രീ. കുട്ടികൃഷ്ണമാരാരുടെ “മലയാള ശൈലി” എന്ന പുസ്തകം തുറന്നു വച്ചു. പണ്ട് വായിച്ച ഓര്‍മയില്‍ നിന്നും, കുത്തിനെയും കോമയെയും പറ്റി ഈ പുസ്തകത്തില്‍ എന്തൊക്കെയോ പറയുന്നുണ്ട് എന്ന് എനിക്കറിയാമായിരുന്നു. വിഷയാനുക്രമം നോക്കിയ ഞാന്‍ ആഹ്ലാദചിത്തനായിച്ചമഞ്ഞു:

എട്ടാമധ്യായം: വിരാമ ചിഹ്നങ്ങള്‍ (പേജ് 126 മുതല്‍ 145 വരെ).

അയ്യോ, ചതിയായോ! “ഐ ഷാല്‍” എന്ന് പറഞ്ഞത് “ഐ ഷാല്‍ നോട്ട്” എന്നാക്കിയാലോ? അധികം തലപുണ്ണാക്കുന്നതിനു മുമ്പ്, ഇരുപത്തൊന്നു മിനുട്ടുകള്‍ മാത്രം കഴിയവേ, അതാ വന്നു ഉത്തരം:

കോമ നമുക്കു പണ്ടില്ലായിരുന്നു ശ്രീജിത്തേ. ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന്റെ കൂടെ കിട്ടിയതാണു്. [ലിങ്ക്]

ഏതായാലും നനഞ്ഞു, ഇനി കുളിച്ചിട്ട് കേറാം എന്നോര്‍ത്ത് ഞാന്‍ എട്ടാമധ്യായം വായിച്ചു തീര്‍ത്തു. വിരാമചിഹ്നങ്ങളെക്കുറിച്ചുള്ള കുട്ടികൃഷ്ണമാരാരുടെ നിരീക്ഷണങ്ങളും അഭിപ്രായങ്ങളും പകര്‍ത്തിവയ്ക്കാനുദ്ദേശിച്ചുള്ളതല്ല ഈ പോസ്റ്റ് എന്നതിനാല്‍, രസാവഹമായിത്തോന്നിയ തുടക്കം മാത്രം ഉദ്ധരിക്കുന്നു:

വിരാമചിഹ്നങ്ങളെസ്സംബന്ധിച്ച ഈ അധ്യായം തുടങ്ങുമ്പോള്‍, എഴുത്തച്ഛന്‍പാട്ടുപുസ്തകങ്ങളുടെ പഴയ ചില പതിപ്പുകളും മറ്റുമാണ് എന്‍റെ ഓര്‍മ്മയില്‍ വരുന്നത്: പദങ്ങള്‍ക്കിടയില്‍ ഒരകലവുമില്ലാതെ, വരിയെല്ലാം നിരത്തിച്ചേര്‍ത്തു ശീലുകള്‍ തീരുന്നേടത്തു വാക്യം വിരമിച്ചാലും ഇല്ലെങ്കിലും-പദസന്ധിയുണ്ടെങ്കില്‍ക്കൂടി-ഓരോ നക്ഷത്രപ്പുള്ളി (*) യുമിട്ട് അച്ചടിച്ചു തള്ളിയിരുന്ന ആ കോപ്പികള്‍, ആ സമ്പ്രദായം വിട്ടു പദം തിരിയ്ക്കലും വരി തിരിയ്ക്കലും ഇടയ്ക്കു ചില വിരാമചിഹ്നങ്ങള്‍ ചേര്‍ക്കലുമായി അച്ചടി പരിഷ്കരിച്ച് പരിഷ്കരിച്ച്, ഇപ്പോള്‍ കുറേ ബിന്ദു പംക്തിയും കുറേ പ്രശ്നാശ്ചര്യചിഹ്നങ്ങളും (………! ! ??) ചില നക്ഷത്രപ്പുള്ളിവരികളും, അവയ്ക്കെല്ലാമിടയില്‍ കുറേ വാക്കുകളുമായി അച്ചടിക്കപ്പെട്ടതാണ് ഒന്നാംതരം കവിത എന്ന നിലയിലെത്തിയിരിക്കുന്നു.

ഇത് വായിച്ചപ്പോള്‍ പദ്യങ്ങളില്‍ ചിഹ്നങ്ങളിടുന്നതു സംബന്ധിച്ചുണ്ടായ ഒരു സംശത്തിന് ഉമേഷ് ഇങ്ങനെ പറഞ്ഞിരുന്നത് ഓര്‍മ വന്നു:

പണ്ടുള്ള കൃതികളില്‍ പദ്യത്തില്‍ ചിഹ്നങ്ങള്‍ കുറവായിരുന്നു. രണ്ടു വരി കഴിയുമ്പോള്‍ ഒരു . നാലു വരി കഴിയുമ്പോള്‍ . വരി തീര്‍ന്നതവിടെ എന്നറിയാനുള്ള ഈ ചിഹ്നങ്ങളല്ലാതെ മറ്റുള്ളവ കുറവായിരുന്നു. [ലിങ്ക്]

സത്യത്തില്‍ ഞാന്‍ എഴുതാന്‍ ഉദ്ദേശിച്ചത്, ഇന്ന് മലയാളം ബ്ലോഗുകളില്‍ കാണുന്ന ചില ചിഹ്നപ്രയോഗ വൈകല്യങ്ങളെക്കുറിച്ചാണ്. മലയാളം അധ്യാപകനില്‍ നിന്നും എനിക്ക് കിട്ടിയ ഉപദേശം കഴിവതും ഞാന്‍ പിന്തുടരാറുണ്ട്. അതുകൊണ്ടുതന്നെ, അസ്ഥാനത്തും സ്ഥാനം മാറിയും മറ്റുമിടുന്ന കുത്തും കോമയും മറ്റും കണ്ടാല്‍, ഇടശ്ശേരിയുടെ വരികള്‍ ഓര്‍ത്തിട്ടാവണം, എനിക്ക് പലപ്പോഴും ഒന്ന് കമന്‍റാന്‍ തോന്നും.

ഉപദേശത്തെ ശ്രദ്ധാപൂര്‍വമേ കൈക്കൊള്‍വൂ നാം
അപഥങ്ങളില്‍ വീഴുമന്യര്‍ക്കായ് സമ്മാനിക്കാന്‍!

പലപ്പോഴും കമന്‍റാനുള്ള അഭിവാഞ്ഛ ഞാന്‍ അടക്കി വയ്ക്കാറുണ്ട്. മറ്റൊന്നും കൊണ്ടല്ല. “ഓ, എല്ലാമറിയുന്നവന്‍ വന്നേക്കുന്നു, എന്നെ നന്നാക്കാന്‍” എന്ന് ആര്‍ക്കും തോന്നരുതല്ലോ. ഒന്നുരണ്ടു തവണയേ ഞാന്‍ ഇക്കാര്യം പരസ്യമായി പറഞ്ഞിട്ടുള്ളൂ, പറഞ്ഞപ്പോഴെല്ലാം വളരെ പ്രോത്സാഹജനകമായ പ്രതികരണമാണ് എഴുത്തുകാരില്‍ നിന്നുണ്ടായത് എന്ന് പറയുന്നതില്‍ സന്തോഷമുണ്ട്.

സാമ്പിള്‍ വെടിക്കെട്ടുകള്‍:

  1. കുത്ത്, കോമ, ചോദ്യ ചിഹ്നം, മറ്റ് കോപ്രായങ്ങള്‍ എന്നിവയില്‍ ഒട്ട് ശ്രദ്ധ വയ്ക്കുക. [ലിങ്ക്]
  2. വായനയ്ക്ക് ആകെയുള്ള ഒരു ഡിസ്ട്രാക്ഷന്‍, അമിതമായി ഉപയോഗിച്ചിരിക്കുന്ന അതിശയചിഹ്നങ്ങളാണ്. [ലിങ്ക്]

കഴിഞ്ഞ രണ്ടുമൂന്നു മാസങ്ങള്‍ക്കുള്ളില്‍ അനവധി പുതിയ ബ്ലോഗുകള്‍ ഉണ്ടായതില്‍ പലതിലും ഇത്തരം “വൈകല്യങ്ങളുടെ ആഴവും വ്യാപ്തിയും” ഏറിവരുന്നതിനാലും ഇത്തരം സൂക്ഷ്മവശങ്ങള്‍ അപ്പപ്പോള്‍ ചൂണ്ടിക്കാണിക്കുക പ്രായോഗികമല്ലാത്തതിനാലും ഇതേക്കുറിച്ച് ഒരു ചെറിയ കുറിപ്പ് ഇടണമെന്ന് കരുതിയിരിക്കേയാണ് കോമയെപ്പറ്റിയുള്ള ചോദ്യം കണ്ടതും അതിലേയ്ക്ക് ശ്രദ്ധ മാറുകയും ചെയ്തത്. ഇനി അധികം കാടുകയറാതെ പറയാനുള്ളത് പറഞ്ഞിട്ട് പോയേക്കാം.

വിരാമചിഹ്നങ്ങള്‍
അല്പവിരാമം (കോമ), അര്‍ധവിരാമം (സെമിക്കോളന്‍), അപൂര്‍ണവിരാമം (കോളന്‍), പൂര്‍ണ വിരാമം (കുത്ത്) എന്നിവയാണ് സാധാരണയായി ഉപയോഗിക്കുന്ന വിരാമ (നിര്‍ത്തല്‍) ചിഹ്നങ്ങള്‍. ഇവയ്ക്കും ഈ ചിഹ്നങ്ങള്‍ക്ക് തൊട്ടു മുമ്പില്‍ വരുന്ന അക്ഷരത്തിനുമിടയ്ക്ക് അകലം (സ്പെയ്സ്) പാടില്ല. ഈ ചിഹ്നങ്ങള്‍ കഴിഞ്ഞാല്‍ സിംഗിള്‍ സ്പെയ്സ് വേണം താനും. പദങ്ങളെയോ മറ്റോ ചുരുക്കിയെഴുതാനായി പൂര്‍ണ വിരാമം ഉപയോഗിക്കുമ്പോഴും ഈ നിയമം ബാധകമാണ്. (പൂര്‍ണ വിരാമം കഴിഞ്ഞ് രണ്ട് സ്പെയ്സ് ആകാം/വേണം എന്ന് വാദിക്കുന്നവര്‍ ഉണ്ട്. പല എഡിറ്റിംഗ് സോഫ്റ്റ്വെയറുകളും ഇത് അംഗീകരിക്കുന്നുമുണ്ട്.)

ഉദാഹരണങ്ങള്‍:
ഒരു സംശയമുദിച്ചു . (തെറ്റ്)
ഒരു സംശയമുദിച്ചു. (ശരി)
പണ്ട് പണ്ട് , വളരെപ്പണ്ട് (തെറ്റ്)
പണ്ട് പണ്ട്,വളരെപ്പണ്ട് (തെറ്റ്)
പണ്ട് പണ്ട്, വളരെപ്പണ്ട് (ശരി)
ഓഫ് ടോപിക് എന്നത് ചുരുക്കി ഓ.ടോ. (തെറ്റ്)
ഓഫ് ടോപിക് എന്നത് ചുരുക്കി ഓ. ടോ. (ശരി)

ആശ്ചര്യചിഹ്നം
വളരെ ലളിതം, അമിതമായ ആശ്ചര്യചിഹ്ന പ്രയോഗം ഒഴിവാക്കുക.

ഉദാഹരണം:
എന്‍റെ ചങ്കൊന്നു കാളി! അവന്‍ മുന്നില്‍ നില്‍ക്കുന്നു! ഞാന്‍ തിരിഞ്ഞോടി! അവന്‍ പുറകേ വരരുതേയെന്ന് ഞാന്‍ പ്രാര്‍ഥിച്ചുകൊണ്ടിരുന്നു!

കുട്ടികൃഷ്ണമാരാരുടെ വാക്കുകളില്‍, വിസ്മയം, വിഷാദം, ആഹ്ലാദം, പ്രാര്‍ഥന, നിന്ദ, പരിഹാസം മുതലായ ഭാവങ്ങള്‍ക്കുപയോഗിക്കുന്ന ചിഹ്നമാണ് ആശ്ചര്യചിഹ്നം അഥവാ സ്തോഭചിഹ്നം. ഇത് രണ്ടും നാലും നിരത്തി പ്രയോഗിക്കുന്നതും നിഷ്പ്രയോജനമത്രേ.

ഉദാഹരണം:
ഹൊ, എന്തൊരു ചൂട്!!! (അനാവശ്യം)
ഹൊ, എന്തൊരു ചൂട്! (ശരി)

ഇല്ലിപ്സിസ്
വാക്കുകളുടെ അഭാവമോ, വാചകത്തിന്‍റെ നിര്‍ത്തലോ സൂചിപ്പിക്കുന്ന ഇല്ലിപ്സിസ് (ellipsis) മൂന്ന് പൂര്‍ണ വിരാമങ്ങളുടെ സഞ്ചയമാണ്. ചിലര്‍ രണ്ട് പൂര്‍ണ വിരാമങ്ങള്‍ മാത്രമുപയോഗിക്കുന്നു. ചിലരാകട്ടെ മൂന്നില്‍ കൂടുതലും.

ഉദാഹരണങ്ങള്‍:
ശബ്ദം കൂടി വരുന്നുണ്ടോ…. (തെറ്റ്)
ശബ്ദം കൂടി വരുന്നുണ്ടോ.. (തെറ്റ്)
ശബ്ദം കൂടി വരുന്നുണ്ടോ … (തെറ്റ്)
ശബ്ദം കൂടി വരുന്നുണ്ടോ… (ശരി)

ഉദ്ധാരണചിഹ്നങ്ങള്‍
ഒറ്റയായും ഇരട്ടയായുമുള്ള ഉദ്ധാരണചിഹ്നങ്ങളുടെ ഉപയോഗത്തില്‍ ചില പ്രശ്നങ്ങള്‍ കാണുന്നുണ്ട്. ഒന്നാമത്തേത്, ഒറ്റയായാലും ഇരട്ടയായാലും തുടക്കത്തിലുള്ള ചിഹ്നത്തിനു ശേഷവും അവസാനിക്കുന്ന ചിഹ്നത്തിനു മുമ്പിലും അകലം ഇടുന്നു എന്നതാണ്. ഈ സ്പെയ്സ് അനാവശ്യമാകയാല്‍ ഒഴിവാക്കേണ്ടതാണ്.

ഉദാഹരണം‍:
“ ഉണരുക നീയെന്‍ കുഞ്ഞേ!” (തെറ്റ്)
“ഉണരുക നീയെന്‍ കുഞ്ഞേ! ” (തെറ്റ്)
“ഉണരുക നീയെന്‍ കുഞ്ഞേ!” (ശരി)

രണ്ടാമത് കാണുന്ന പ്രശ്നം, വിരാമചിഹ്നങ്ങള്‍ ഉദ്ധരണിക്ക് പുറത്തേയ്ക്ക് കൊണ്ടുപോകുന്നതാണ്.

ഉദാഹരണം‍:
“ദാ പേന”, ആരോ അവനോടു മന്ത്രിച്ചു. (തെറ്റ്)
“ദാ പേന,” ആരോ അവനോടു മന്ത്രിച്ചു. (ശരി)

അടുത്തത് ഇന്ന് ബൂലോഗത്തില്‍ കാണുന്ന ഏറ്റവും സാധാരണമായ നോട്ടപ്പിശകാണ്. ഇതിന് എഴുത്തുകാരേക്കാള്‍ അവര്‍ ഉപയോഗിക്കുന്ന സോഫ്റ്റ്വെയറിനെയാണ് കുറ്റം പറയേണ്ടത്. അടയുന്ന ഒറ്റയും ഇരട്ടയുമായ ഉദ്ധാരണചിഹ്നങ്ങള്‍ക്കു പകരം (”, ’), തുറക്കുന്ന ഉദ്ധാരണചിഹ്നങ്ങള്‍ (“, ‘)വന്നുപെടുന്നതാണിത്. ഒന്നു ശ്രദ്ധിച്ചാല്‍ ഒഴിവാക്കാവുന്ന ഈ പിശക് കമന്‍റുകളിലും മറ്റും ധാരാളമായി കാണാം.

ഉദാഹരണം‍:
“അങ്ങിനെതന്നെയാണ്, യാതൊരു സംശയവുമില്ല.“ (തെറ്റ്)
“അങ്ങിനെതന്നെയാണ്, യാതൊരു സംശയവുമില്ല.” (ശരി)
സംഗതി ‘ലൈവ്‘ ആണ്. (തെറ്റ്)
സംഗതി ‘ലൈവ്’ ആണ്. (ശരി)

നിങ്ങള്‍ പോസ്റ്റു ചെയ്യുമ്പോള്‍ അടയുന്ന ഉദ്ധാരണചിഹ്നങ്ങള്‍ക്കു പകരം തുറക്കുന്ന ഉദ്ധാരണചിഹ്നങ്ങളാണ് വരുന്നതെങ്കില്‍, ഒരിക്കല്‍ക്കൂടി (അല്ലെങ്കില്‍ അടയുന്ന ഉദ്ധാരണചിഹ്നങ്ങള്‍ പ്രത്യക്ഷമാകുന്നതുവരെ) ആ കീ അമര്‍ത്തുക. അതിനുശേഷം അധികമായി പ്രത്യക്ഷമായ ചിഹ്നങ്ങള്‍ ഡിലീറ്റു ചെയ്തുകളഞ്ഞാല്‍ മതി.

വിസര്‍ഗം
വിസര്‍ഗത്തിനു (ഃ) പകരം കോളന്‍റെ (:) ഉപയോഗം ഇടയ്ക്കിടെ കാണാറുണ്ട്.

ഉദാഹരണം:
ദു:ഖം (തെറ്റ്)
ദുഃഖം (ശരി)

നെടുവര
ഒരു വാക്യത്തിനകത്ത് ആ വാക്യത്തോട് ബന്ധമുള്ള മറ്റൊരു വാക്യം വന്നാല്‍ ഇവയെ വേര്‍തിരിക്കുന്നതിന് നെടുവരകള്‍ ഉപയോഗിക്കാം. ബ്ലോഗര്‍മാര്‍ ഈ സമ്പ്രദായം അധികം ഉപയോഗിച്ചു കണ്ടിട്ടില്ല. നെടുവരകള്‍ക്ക്-അവ ഇണകളായാണ് വരിക-മുമ്പും ശേഷവും അകലം പാടില്ല.

ഉദാഹരണം:
നെടുവരകള്‍ക്ക് – അവ ഇണകളായാണ് വരിക-മുമ്പും ശേഷവും അകലം പാടില്ല. (തെറ്റ്)
നെടുവരകള്‍ക്ക് -അവ ഇണകളായാണ് വരിക- മുമ്പും ശേഷവും അകലം പാടില്ല. (തെറ്റ്)
നെടുവരകള്‍ക്ക്-അവ ഇണകളായാണ് വരിക – മുമ്പും ശേഷവും അകലം പാടില്ല. (തെറ്റ്)
നെടുവരകള്‍ക്ക്-അവ ഇണകളായാണ് വരിക-മുമ്പും ശേഷവും അകലം പാടില്ല. (ശരി)

വലയചിഹ്നങ്ങള്‍
തുടക്കത്തിലുള്ള വലയചിഹ്നത്തിനു ശേഷവും അവസാനിക്കുന്ന വലയചിഹ്നത്തിനു മുമ്പിലും അകലം ഇടാന്‍ പാടില്ല. എന്നാല്‍ തുടക്കത്തിലുള്ള വലയചിഹ്നത്തിനു മുമ്പും അവസാനിക്കുന്ന വലയചിഹ്നത്തിനു ശേഷവും അകലം വേണം താനും.

ഉദാഹരണം:
നിങ്ങള്‍ അയാളെ(പ്രതിയെ)കണ്ടോ? (തെറ്റ്)
നിങ്ങള്‍ അയാളെ ( പ്രതിയെ) കണ്ടോ? (തെറ്റ്)
നിങ്ങള്‍ അയാളെ (പ്രതിയെ ) കണ്ടോ? (തെറ്റ്)
നിങ്ങള്‍ അയാളെ (പ്രതിയെ) കണ്ടോ? (ശരി)

വലയചിഹ്നവും വിരാമചിഹ്നവും ഒരുമിച്ച് വരുമ്പോള്‍ എവിടെ വിരാമചിഹ്നം ഇടണം എന്ന് ചില സന്ദേഹങ്ങളുണ്ടാവുക സ്വാഭാവികമാണ്. ഒരു വാചകം മുഴുവന്‍ വലയചിഹ്നത്തിനകത്താണെങ്കില്‍ ആ വാചകാന്ത്യത്തിലെ വിരാമചിഹ്നവും വലയത്തിനകത്താവണം. വാചകത്തിലെ അവസാനഭാഗം മാത്രമാണ് വലയചിഹ്നത്തിനകത്തെങ്കില്‍, വിരാമചിഹ്നം വലയത്തിന് പുറത്താവണം.

ഉദാഹരണങ്ങള്‍:
രാജാവും കാളിദാസനും തമ്മില്‍ നടന്ന സംഭാഷണമാണു് ഈ ശ്ലോകമെന്ന് പറയുന്ന ഒരു കഥ ഐതിഹ്യമാലയില്‍ കാണാം. (ആ കണക്കിനു് ഇതു കാളിദാസനും ഭോജരാജാവും കൂടി എഴുതിയതാണു്). (തെറ്റ്)
രാജാവും കാളിദാസനും തമ്മില്‍ നടന്ന സംഭാഷണമാണു് ഈ ശ്ലോകമെന്ന് പറയുന്ന ഒരു കഥ ഐതിഹ്യമാലയില്‍ കാണാം. (ആ കണക്കിനു് ഇതു കാളിദാസനും ഭോജരാജാവും കൂടി എഴുതിയതാണു്.) (ശരി)

ഇതാണ് സര്‍പ്പിണിയുടെ ത്ര്യക്ഷരഗണങ്ങളുടെ ലക്ഷണം (ഗണങ്ങള്‍ക്കാദി ഗുരുവാം വേറൊന്നും ത്ര്യക്ഷരങ്ങളില്‍.) (തെറ്റ്)
ഇതാണ് സര്‍പ്പിണിയുടെ ത്ര്യക്ഷരഗണങ്ങളുടെ ലക്ഷണം (ഗണങ്ങള്‍ക്കാദി ഗുരുവാം വേറൊന്നും ത്ര്യക്ഷരങ്ങളില്‍). (ശരി)

ഏതായാലും ഇത്രയും പറഞ്ഞസ്ഥിതിക്ക് സാമാന്യമായി കാണപ്പെടുന്ന മറ്റുരണ്ടു ന്യൂനതകള്‍ കൂടി ശ്രദ്ധയില്‍ പെടുത്താം.

അക്ഷരത്തെറ്റുകള്‍
ധാരാളമായി കാണുന്ന അക്ഷരത്തെറ്റുകളാണ് മറ്റൊരു കല്ലുകടി. അക്ഷരത്തെറ്റുകള്‍ക്കു കാരണം രണ്ടാണ്. പലപ്പോഴും ഒരു വാക്കോ ചിഹ്നമോ എങ്ങനെ കൃത്യമായി എഴുതും എന്നറിയില്ലാത്തതിനാലാണ് തെറ്റുകള്‍ വരുത്തുന്നത്. ഈ വിഭാഗത്തില്‍ വരുന്ന വാക്കുകളാണ് ഹൃദയം, അച്ഛന്‍ തുടങ്ങിയവ. ഇതും ഇതും ഈ പ്രശ്നം ഒരു പരിധിവരെ ഇല്ലാതാക്കും എന്ന് കരുതുന്നു. എന്നാല്‍ ചിലപ്പോഴാകട്ടെ, പദങ്ങളോടുള്ള പരിചയക്കുറവും അക്ഷരത്തെറ്റിന് കാരണമാവുന്നു. മേഖം, മയൂഘം എന്നൊക്കെയെഴുതുന്നത് അക്കാരണത്താലാണ്.

ഖണ്ഡിക തിരിക്കല്‍
വായനയ്ക്ക് അവശ്യം വേണ്ടുന്ന ഒന്നാണ് സമാനാശയങ്ങളോ സംഭവമോ വിവരിക്കുന്ന വാചകങ്ങള്‍ ഒരുമിച്ച് ചേര്‍ത്ത് ഒരു ഖണ്ഡികയാക്കല്‍. ഇങ്ങനെ ചെയ്യുന്നതുവഴി വായനാ സുഖം കൂടും. വായനക്കാരന്‍റെ കണ്ണിനും ആനന്ദമുണ്ടാവും. മനസ്സിന് ഏകാഗ്രത കിട്ടും. ചില ആശയങ്ങളോ മറ്റോ വ്യക്തമാവാതെ പുനര്‍വായന വേണ്ടി വരുമ്പോള്‍ തൊട്ടു മുന്നിലെ പ്രായോഗിക തുടക്കമായ ഖണ്ഡികയുടെ തുടക്കത്തിലേയ്ക്ക് വായനക്കാരന് അനായാസം പോകാം.

ഇതൊക്കെ ഒറ്റനോട്ടത്തില്‍ കണ്ട ചില പ്രശ്നങ്ങളാണ്. ഇനിയും ഇത്തരം വല്ലതും കാണുമ്പോഴോ ആരെങ്കിലും ചൂണ്ടിക്കാണിച്ചാലോ ഈ പട്ടികയിലേയ്ക്ക് ചേര്‍ക്കാം. ഈ ലേഖനത്തിലെ തെറ്റുകളും ചൂണ്ടിക്കാണിക്കാന്‍ മടിക്കരുത്. നല്ല മലയാളം എഴുതുന്നതോടൊപ്പം നല്ല രീതിയില്‍ എഴുതുന്നതും എഴുത്തിന്‍റെ ഭംഗി കൂട്ടുകയേയുള്ളൂ.

Published in:  on August 7, 2006 at 6:21 pm Comments (62)

Published in:  on at 11:21 am Comments (21)

കഷ്ടം, സാറേ!

ഡോ. ഡി. ബഞ്ചമിന്‍ ചിന്ത.കോമില്‍ എഴുതിയ വാരഫലവും സാഹിത്യ വിമര്‍ശനവും എന്ന ലേഖനത്തിന് ഒരു കമന്‍റിടാന്‍ വളരെ ശ്രമിച്ചു. ഏതോ മുന്നുപാധികള്‍ തോറ്റത്രേ (Precondition Failed)! അതിനാല്‍ അതിന്‍റെ മറുപടി എഴുതിയതുപോലെ ഇവിടെ കൊടുക്കുന്നു.

കഷ്ടം, ഒരു ചെളി വാരിയെറിയലില്‍ നിന്നും അല്പം പോലും ഉയരുന്നില്ലെല്ലോ ബഞ്ച്മിന്‍ സാറേ, ഈ ജല്പനങ്ങള്‍!

  1. താങ്കളുടെ ആദ്യ ഖണ്ഡികയിലെ ധ്വനി മനസ്സിലായി. താങ്കള്‍ക്ക് മറുപടി പറയാന്‍, താങ്കള്‍ അവിശുദ്ധ കൂട്ടുകെട്ടായി പ്രഖ്യാപിച്ചവര്‍ ജീവിച്ചിരിപ്പില്ലാത്തത് നല്ലത്. എന്നാലും അല്പം പ്രതിപക്ഷബഹുമാനം അധ്യാപകര്‍ക്കും നല്ലതുതന്നെ. എം. കൃഷ്ണന്‍നായര്‍ എഴുതിത്തുടങ്ങിയ സാഹചര്യം കാണിച്ച് ആ എഴുത്തിനെ വിലയിരുത്തേണ്ട കാര്യമില്ല. അങ്ങ്, കേരള യൂണിവേഴ്സിറ്റിയുടെ ഉത്തുംഗ ശൃംഗങ്ങളിലിരുന്ന് എഴുതുന്ന കാരണം, ആ എഴുത്തുകള്‍ ഇനി ഉദാത്തമാണെന്നു വരുമോ?
  2. “എം. കൃഷ്ണന്‍ നായരുടെ പംക്തിക്ക് സാധാരണക്കരായ വായനക്കാര്‍ ധാരാളമുണ്ടെന്ന ധാരണയാണ് ഈ പ്രതികരണങ്ങള്‍ക്കു പിന്നില്‍” എന്നു എഴുതിയിരിക്കുന്നു. താങ്കള്‍ ഈ ലോകത്തിലല്ലേ ജീവിക്കുന്നത്? അല്ലെങ്കില്‍ ഇതാ കേട്ടോളൂ, എം. കൃഷ്ണന്‍ നായരുടെ പംക്തിക്ക് സാധാരണക്കരായ വായനക്കാര്‍ ധാരാളമുണ്ടായിരുന്നു. അതൊരു മിഥ്യാ ധാരണയല്ല, വെറും സത്യാവസ്ഥ മാത്രം. അതുകൊണ്ടുതന്നെ എഴുത്ത് വയറ്റിപ്പിഴപ്പാക്കാന്‍ നോക്കി നടക്കുന്നവര്‍ അദ്ദേഹത്തിന്‍റെ അഭിപ്രായത്തിനു വിലവച്ചിരുന്നു. “ഒട്ടൊരു ലൈംഗികതാ സപര്‍ശമോ നര്‍മസ്പര്‍ശമോ ഉള്ള ഭാഷയില്‍” അദ്ദേഹം എഴുതിയിരുന്നത് എത്ര നേരം വേണമെങ്കിലും കോട്ടുവായിടാതെ വായിച്ചു കൊണ്ടിരിക്കാമായിരുന്നു. താങ്കളുടെ ഈ കുഞ്ഞു ലേഖനം തന്നെ ഉറക്കം വരാതെ കണ്ണു മിഴിച്ചിരുന്ന് വായിച്ചത്, ഇതിനൊരു മറുകുറി എഴുതണമെന്നു തോന്നിയതുകൊണ്ടുമാത്രമാണ്. കൂട്ടത്തില്‍പ്പറയട്ടേ, “അത്യന്തം അതിശയോക്തി കലര്‍ത്തി ലാഘവത്തോടെ നടത്തുന്ന പരാമര്‍ശങ്ങള്‍” ഉണ്ടല്ലോ, അതു തന്നെയാണ് നമ്മള്‍ സാധാരണക്കാര്‍ക്ക് വേണ്ടിയിരുന്നതും. (അല്ലാതെ അത് നമുക്ക് തിരിച്ചറിയാന്‍ കഴിയാതിരുന്ന ഒരു ‘സത്യ’മാണെന്ന് താങ്കള്‍ എഴുതിയത് സാഹിത്യാസ്വാദകരായ ഞങ്ങള്‍ സാധാരണക്കാരോടുള്ള താങ്കളുടെ അവജ്ഞ പുറത്തുകൊണ്ടു വരുന്നു. എന്നു മാത്രമല്ല, ഞങ്ങളെക്കുറിച്ചുള്ള താങ്കളുടെ ഈ മുന്‍‍വിധിയുണ്ടല്ലോ, അത് ഉപേക്ഷിക്കേണ്ടുന്ന സമയം അതിക്രമിച്ചു പോയിരിക്കുന്നു എന്നു ഇതിനാല്‍ ഓര്‍മപ്പെടുത്തുകയും ചെയ്യുന്നു). താങ്കളുള്‍പ്പെടുന്ന (?) വിമര്‍ശക കേസരികള്‍ ശാസ്ത്രീയമായ രീതിയില്‍ നടത്തുന്ന കുത്തിക്കീറലുകള്‍ക്ക് വെറും അക്കാദമിക മൂല്യം മാത്രമേയുള്ളൂ. ഞാന്‍ മലയാള സാഹിത്യത്തില്‍ ഒരു ഡോക്റ്ററേറ്റ് എടുക്കാന്‍ ഉദ്ദേശിക്കുന്ന വ്യക്തിയാണെങ്കില്‍ മാത്രമേ താങ്കളുടെ ഈ ശാസ്ത്രീയ ശസ്ത്രക്രിയ എനിക്ക് താല്പര്യമായി ഭവിക്കൂ.
  3. മുകളില്‍ പറഞ്ഞ കാര്യം തന്നെ ഒന്നു കൂടി വിശദമാക്കാം (താങ്കള്‍ക്ക് പൂര്‍ണ്ണമായും മനസ്സിലാകണമല്ലോ). ആഴ്ചയില്‍ 100 കണക്കിനു വരുന്ന കഥകളുടേയും മറ്റിതര രചനകളുടേയും ഒരു സമ്പൂര്‍ണ്ണാപഗ്രഥനമല്ല, ഞങ്ങള്‍ എം. കൃഷ്ണന്‍നായരില്‍ നിന്നും പ്രതീക്ഷിച്ചത്. അദ്ദേഹത്തിന് സാധാരണക്കാരനായ ഒരു സാഹിത്യാസ്വാദകന്‍റെ മനസ്സുമായുള്ള താദാത്മ്യം കാരണം, അദ്ദേഹം “നല്ലത്” എന്ന് പറയുമ്പോള്‍ അത് ഇഷ്ടപ്പെടാന്‍ സാധ്യതയുള്ള ഒരു നല്ല ശതമാനം വായനക്കാരുണ്ടായിരുന്നു. (ഇവിടെ, അങ്ങനെ ഉണ്ടായിരുന്നില്ല എന്നാണ് താങ്കള്‍ വാദിക്കുന്നതെങ്കില്‍, 40 കൊല്ലക്കാലം സാഹിത്യ വാരഫലം നിലനില്‍ക്കുമായിരുന്നില്ല എന്നതാണ് എന്‍റെ മറുപടി.) ഏറ്റവും കുറഞ്ഞ അപഗ്രഥനത്തിലൂടെ ഒരു കൃതി നല്ലതോ ചീത്തയോ എന്നു പറയുന്ന അദ്ദേഹത്തിന്‍റെ രീതി ഒരു പോരായ്മയല്ല, മറിച്ച് പല നിരൂപക കേസരികള്‍ക്കുമില്ലാത്ത ഒരു കഴിവാണ്. “ദേശീയമോ രാഷ്ട്രാന്തരീയമോ ആയ വിമര്‍ശന സങ്കല്‍പ്പങ്ങ”ളൊക്കെ വെറും അക്കാദമിക കാര്യങ്ങളാണു സാറേ, ഞങ്ങള്‍ സാധാരണക്കാര്‍ക്ക്.
  4. “ജീവിതത്തിലാദ്യമായൊരാളെഴുതിയ കഥയെ നോബല്‍ സമ്മാന ജേതാവായ ഒരെഴുത്തുകാരന്റെ കഥയുമായി താരതമ്യം ചെയ്തിട്ട് പുതിയ എഴുത്തുകാരന്റെ രചന പരിഹാസ്യമാം വിധം മോശമാണെന്ന് വിധിക്കുക. അതിന്റെ പേരില്‍ അയാളുടെ പ്രപിതാമഹന്മാരെ വരെ ആക്ഷേപിക്കുക. ഒരു കോടതിയും ഇന്നുവരെ ആര്‍ക്കും വിധിച്ചിട്ടില്ലാത്ത ക്രൂരമായ ശിക്ഷ വിധിക്കുയും ചെയ്യുക. – ഇതിനെയും വിമര്‍ശനമെന്നോ വിളിക്കേണ്ടത്?”
    അല്ല. താങ്കളുടെ ലേഖനത്തിലെ രണ്ടാമത്തെ ഖണ്ഡിക ഒരാവര്‍ത്തികൂടി വായിച്ചു നോക്കൂ. അപ്പോള്‍ താങ്കള്‍ക്ക് മനസ്സിലാവും ഇതിനെ എന്തു പേരിട്ട് വിളിക്കണമെന്ന്. സാറേ, ലേഖനങ്ങള്‍ ഒറ്റയിരുപ്പിലിരുന്ന് എഴുതൂ, എന്നാലേ എകാഗ്രത കിട്ടുകയുള്ളൂ.
  5. “ഈ ആരോപണങ്ങളില്‍ ഏതെങ്കിലും തെളിവുകളുടെ അടിസ്ഥാനത്തില്‍ സ്ഥാപിക്കാനോ വേണമങ്കില്‍ കോടതില്‍ വച്ചു സമര്‍ഥിക്കാനോ അദ്ദേഹം മെനക്കെട്ടില്ല. ”
    ഒരു കൃതി മറ്റൊരു കൃതിയുടെ തനി അനുകരണമാണെന്നോ വിദൂരാനുകരണമാണെന്നോ പറയുമ്പോള്‍ത്തന്നെ അതിന്‍റെ കാരണവും എം. കൃഷ്ണന്‍നായര്‍ പറയാറുണ്ട്. (അങ്ങനെയല്ലാത്ത ഒരു ഉദാഹരണം കാണിച്ചു തരൂ.) പിന്നെ, കോടതി കയറി, അതിന്‍റെ കര്‍ത്താവിനെയോ, പബ്ലിഷരെയോ, ജഡ്ജിയേയോ ബോധിപ്പിക്കേണ്ടുന്ന ചുമതല വിമര്‍ശകനില്ല. ഇല്ലാക്കാര്യം പറഞ്ഞ് സ്വന്തം വിശ്വാസ്യത തകര്‍ക്കാന്‍ താങ്കള്‍ മുതിരുമോ? അനുകരണമാണെങ്കിലും ഇല്ലെങ്കിലും ഒരു കൃതി വായിക്കണോ വേണ്ടയോ എന്നു ആത്യന്തികമായി തീരുമാനിക്കേണ്ടത് വായനക്കാരനാണ്, കോടതികളല്ല. പിന്നെ താങ്കള്‍ പറയുന്ന താരതമ്യസാഹിത്യവും സ്വാധീനവും വേറേ, നാണമില്ലാത്ത മോഷണം വേറേ. താങ്കള്‍ ഇത്ര നാളും വായിച്ചു കൂട്ടിയതിനേക്കാളും ഒരു പക്ഷേ ഇനി വായിക്കാനിരിക്കുന്നതിനേക്കാളും പുസ്തകങ്ങള്‍ വായിച്ചിട്ടുള്ള എം. കൃഷ്ണന്‍നായര്‍ക്ക് തരതമ്യസാഹിത്യവും സ്വാധീനവും മറ്റു നിരൂപണ സങ്കേതങ്ങളും ഇനി താങ്കള്‍ പറഞ്ഞുകൊടുത്തിട്ടു വേണമല്ലോ പഠിച്ചെടുക്കാന്‍.
  6. ശ്രീ. പെരുമ്പടവും താങ്കളും “സ്വാധീന”മെന്ന് വിളിക്കുന്ന ആ സൌകര്യമുണ്ടല്ലോ, അതിനു തെളിവായി താങ്കള്‍ നിരുത്തുന്നത് വെറും നീര്‍ക്കുമിളകളാണ്. തര്‍ജമയുമായി തട്ടിച്ചു നോക്കി മൌലികത നിശ്ചയിക്കാനോ? നല്ല തമാശ! തര്‍ജമക്കാര്‍ക്ക് മറ്റൊന്നും നോക്കാനില്ല, പെരുമ്പടവത്തിന് പിടിക്കപ്പെടാതെ നോക്കാനുണ്ട്. അല്പം മൌലികത ഉണ്ടാവുമല്ലോ, പെരുമ്പടവമല്ലേ എഴുതുന്നത്? അദ്ദേഹം തര്‍ജമ ചെയ്തിരുന്നെങ്കില്‍ മറ്റു തര്‍ജമകളെക്കാള്‍ നന്നാവുമായിരുന്നു എന്നെനിക്കുറപ്പുണ്ട്.
  7. എന്നെ ഏറ്റവും അമ്പരപ്പിച്ചത് താങ്കളുടെ ഉച്ചാരണ വിരോധമാണ്. തെറ്റ് തിരുത്തിക്കൊടുക്കുന്നതാണോ താങ്കള്‍ കണ്ട “ഭാഷാപരമായ പൊങ്ങച്ചം”? താങ്കളൊരധ്യാപകനാണോ? താങ്കള്‍ പഠിപ്പിച്ചുകൊടുക്കുന്ന കാര്യം കുട്ടികള്‍ ശരിയായി പഠിക്കാതെ, “സാറ് എങ്ങനെ വേണമെങ്കിലും പറഞ്ഞു തരാന്‍ ശ്രമിച്ചോ, ഞങ്ങള്‍ ഇങ്ങനയേ പറയൂ/പഠിക്കൂ” എന്നു പറയുന്ന വിദ്യാര്‍ത്ഥികളെയാണോ താങ്കള്‍ക്കിഷ്ടം? ഒരു ചൂരല്‍ക്കമ്പുമായി എം. കൃഷ്ണന്‍നായര്‍ താങ്കളുടെയടുത്തു വന്നില്ലല്ലോ, താങ്കള്‍ രക്ഷാകര്‍ത്താവെന്നാണൊ അല്ലയോ പറയുന്നതെന്ന് നൊക്കാന്‍? അദ്ദേഹം തന്‍റെ രീതിയില്‍ ശ്രമിച്ചു ഒരു ജനതയുടെ ഉച്ചാരണ/ഉപയോഗ വൈകല്യങ്ങള്‍ മാറ്റാന്‍. അതിന് താങ്കളുടെ ആക്ഷേപമല്ല അദ്ദേഹം അര്‍ഹിക്കുന്നത്. ഡോ. ബഞ്ചമിന്‍ ഒരു വാധ്യാരാണെങ്കില്‍, മഹുമാന്യനായ ശ്രീ. കൃഷ്ണന്‍നായര്‍, താങ്കള്‍ ഡോ. ഡി. ബഞ്ചമിനോട് ക്ഷമിച്ചാലും. താങ്കള്‍ ഏതോ നാട്ടില്‍ പോയി ഒരു ബനഡിറ്റോ ക്രോച്ചെയെപ്പിടിച്ചു കൊണ്ടുവന്നില്ലേ? ഇതാ ഗാന്ധിജി ഭാഷയെപ്പറ്റിപ്പറഞ്ഞത് കാണുക: “A language is an exact reflection of the character and growth of its speakers.”

    വൈദേശിക പദങ്ങളുടെ ഉച്ചാരണത്തെപ്പറ്റി: താങ്കള്‍ വൈദേശിക പദങ്ങള്‍ തെറ്റായിത്തന്നെ ഉച്ചരിച്ചോളൂ. ഇടയ്ക്ക് കളിയാക്കപ്പെടുമ്പോള്‍, LKG-യില്‍ പഠിക്കുന്ന കൊച്ചുമോളോട് ചോദിച്ച് കൃത്യമായ ഉച്ചാരണം മനസ്സിലാക്കിക്കോളൂ. കഷ്ടം. പിന്നെ, താങ്കളുടെ “ബ്രിട്ടീഷുകാര്‍ ഇന്ത്യയിലെ സ്ഥലപ്പേരുകളെല്ലാം…” എന്ന ഉദാഹരണം. ഒന്നാലോച്ചു നോക്കൂ. ആ ഉദാഹരണത്തിന്‍റെ കാലികമായ പ്രസക്തിയില്ലായ്മ അപ്പോള്‍ മനസ്സിലാവും. “അന്യഭാഷ പഠിക്കുമ്പോള്‍ നമ്മുടെ ഉച്ചാരണശീലം ഒട്ടൊക്കെ അതില്‍ കടന്നു കൂടുമെന്ന അനിവാര്യത ഉദാരമനസ്സോടെ അംഗീകരിക്കുകയാണ് ഭംഗി.” ഇത് എല്ലാ പാഠങ്ങള്‍ക്കും ബാധകമാണോ? ജര്‍മന്‍ ചരിത്രം പഠിപ്പിക്കുമ്പോള്‍ നമ്മുടെ ചരിത്രം “ഒട്ടൊക്കെ അതില്‍ കടന്നു കൂടുമോ”?

  8. താങ്കള്‍ എഴുതിയതില്‍ ഞാന്‍ യോജിക്കുന്ന ഒരേ ഒരു വാദം വാക്കുകള്‍ക്ക് കാലത്തിലൂടെ അര്‍ത്ഥപരിണാമവും രൂപപരിണാമവും സംഭവിക്കാറുണ്ട് എന്നതാണ്. അത് അംഗീകരിക്കാന്‍ എം. കൃഷ്ണന്‍നായര്‍ വിമുഖനായിരുന്നു. ഇവിടെ മാത്രമാണ് താങ്കള്‍ ഒരു ലേഖകനു വേണ്ടുന്ന പക്വത കാണിച്ചിട്ടുള്ളതും. ഇനി ഇതു മാത്രമായിരുന്നു ഒരു “കണ്‍‍വിന്‍സിംഗ് ഐറ്റം” ആയി താങ്കളുടെ പക്കല്‍ ഉണ്ടായിരുന്നത് എന്നു വരുമോ?
  9. എം. കൃഷ്ണന്‍നായരുടെ മറ്റു കൃതികളെല്ലാം മോശമാണ് എന്ന താങ്കളുടെ കണ്ടുപിടിത്തവും അപാരം തന്നെ. ‘ഏകാന്തതയുടെ നൂറുവര്‍ഷങ്ങളെ’ക്കുറിച്ചെഴുതിയ ലേഖനം, അതിന്‍റെ ആസ്വാദകരെ തൃപ്തിപ്പെടുത്തുന്നു. എം. എ. വിദ്യാര്‍ത്ഥികള്‍ പഠിച്ച കൃഷ്ണന്‍‌നായരുടെ ‘മാജിക്കല്‍ റിയലിസം’ ഞാന്‍ വായിച്ചിട്ടില്ല. മാജിക്കല്‍ റിയലിസത്തെക്കുറിച്ചുള്ള അവസാന വാക്ക് എന്ന രീതിയിലാണോ എം. എ. വിദ്യാര്‍ത്ഥികള്‍ ഈ ലേഖനം പഠിച്ചിരുന്നത് എന്നു പരിശോധിക്കേണ്ടതുണ്ട്. ഏത് പഠന ലേഖനങ്ങളെടുത്താലും “അതിനേക്കാള്‍ നല്ലത്” കണ്ടെത്താന്‍ പ്രയാസമുണ്ടാവില്ല. പ്രത്യേകിച്ച് മുണ്ടും മടക്കിക്കുത്തി കൊല്ലാനിരിക്കുന്നവര്‍ക്ക്. പണ്ട് പ്രീ-ഡിഗ്രിക്ക് എം. എന്‍. വിജയന്‍റെ “സ്വര്‍ണ്ണ മത്സ്യങ്ങള്‍” പഠിക്കാനുണ്ടായിരുന്നു. ഇപ്പോഴും ഏതെങ്കിലും ക്ലാസ്സില്‍ പഠിക്കാന്‍ കാണും. എം. എന്‍. വിജയനെതിരെ ഒരു ലേഖനമെഴുതുന്നയാളിന് സ്വര്‍ണ്ണ മത്സ്യങ്ങളെക്കാള്‍ ആ വിഷയം നല്ല രീതിയില്‍ കൈകാര്യം ചെയ്യുന്ന വേറൊരു ലേഖനം കണ്ടെത്താന്‍ വിഷമമുണ്ടാവില്ല. അത് മൂലം എം. എന്‍. വിജയന്‍റെ ധിഷണയ്ക്കോ, പഠിച്ച വിദ്യാര്‍ത്ഥികള്‍ക്കോ യാതൊരബദ്ധവും വന്നു ചേരുന്നില്ലല്ലോ. (സാറ് ഇനിയും എഴുതൂ, ഭാവിയിലാരെങ്കിലും സാറിനേയും പഠിക്കും.)

അല്ലാ, സാറ് എന്തിനുള്ള പുറപ്പാടാണ്? എം. കൃഷ്ണന്‍‌നായരെ ആക്ഷേപിക്കാനാണ് താങ്കള്‍ തുനിഞ്ഞിറങ്ങിയിരിക്കുന്നതെങ്കില്‍, അതിനെ വളം വയ്ക്കാന്‍ ഞങ്ങള്‍ കുറച്ചു പേരെങ്കിലും സമ്മതിക്കില്ല. ഒരു കാലഘട്ടത്തിന്‍റെ വായനയുടെ പ്രതീകമായിരുന്ന ആ വിശുദ്ധാത്മാവിനെ കരിവാരിത്തേച്ച് സാഹിത്യ നിരൂപകന്‍ ചമയുന്ന ഇത്തരം ശാസ്ത്രജ്ഞന്മാരാണ് മലയാള വായനയുടെ ശാപം.

Published in:  on March 25, 2006 at 12:06 am Comments (19)