മിസ്ഡ് കോള്‍

“ഹലോ, 329 xxxx അല്ലേ?” ഞാന്‍ ആരാഞ്ഞു.
“അതെ!” മറുതലയ്ക്കല്‍ നിന്നും സ്ത്രീശബ്ദം.
“എന്‍റെ പേര് സന്തോഷ്. കുറച്ചു നേരം മുമ്പ് ഈ നമ്പറില്‍ നിന്ന് എന്‍റെ മൊബൈല്‍ ഫോണിലേയ്ക്ക് ഒരു മിസ്ഡ് കോള്‍ കണ്ടു?”
(മകന്‍ സതീശനോടാവണം) “എടാ സതീശോ, ദേണ്ട നോക്കടാ, ആരാണ്ടാ വിളിച്ച് എന്താണ്ടാ പറേണ്!”
“ഹലോ,” സതീശന്‍ ഫോണെടുത്തു.
“ഹലോ, എന്‍റെ പേര് സന്തോഷ്. കുറച്ചു നേരം മുമ്പ് ഈ നമ്പറില്‍ നിന്ന് എന്‍റെ മൊബൈല്‍ ഫോണിലേയ്ക്ക് ഒരു മിസ്ഡ് കോള്‍ കണ്ടു. തെറ്റിദ്ധരിക്കരുത്, ഇത്രമാത്രമേ ഞാന്‍ അമ്മയോടും പറഞ്ഞിട്ടുള്ളൂ.”

* * *

“ഹലോ സുരേഷ് ചേട്ടനാണോ?” മറുതലയ്ക്കല്‍ നിന്നും ഹലോ കേട്ടയുടനെ ഞാന്‍ ചോദിച്ചു.
“അല്ല, രാമചന്ദ്രനാണ്.”
“ക്ഷമിക്കണം, റോംഗ് നമ്പര്‍.”
“ഇതാരാണ്? ആരെയാണ് വേണ്ടത്?”

റോംഗ് നമ്പര്‍ കറക്കി വിളിക്കുന്നവരോടും സംസാരിക്കാന്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നവരുണ്ടെന്നത് പുതിയ അറിവ്‍!

* * *

“വണ്ടി ഇന്നലെ കൊല്ലത്തിനു പോയിരുന്നോ?” ഫോണെടുത്തയുടന്‍ വന്നൂ, മറുവശത്തു നിന്നു ചോദ്യം.
“ഇല്ല, കൊല്ലത്തിനു പോയില്ലല്ലോ.” ഞാന്‍ പറഞ്ഞു.
“അതു വെറുതേ, ഞാന്‍ പാരിപ്പള്ളിയില്‍ വച്ച് കണ്ടല്ലോ!”
“ഓ, അതോ? ഇന്നലെ ചാത്തന്നൂര്‍ പോയിരുന്നു.” വീട്ടാവശ്യത്തിനുള്ള ചില ചില്ലറ സാധനങ്ങള്‍ വാങ്ങാന്‍ ചാത്തന്നൂരുള്ള ഒരു ഹാര്‍ഡ്‍വെയര്‍ കടയില്‍ പോയത് ശരിയാണ്.
“അതു പറ! ലോഡ് കിട്ടിയോ?”
“വാങ്ങാന്‍ പോയതെല്ലാം കിട്ടിയില്ല. പക്ഷേ ബാക്കിയുള്ളത് അവര്‍ കൊണ്ടു വന്നു തരും.”
“അപ്പോള്‍ എന്‍റെ കാശ്?”
“ങേ? എന്തു കാശ്? ഇത് ആരാണ്?”
“ഇത് 265 xxxx അല്ലേ?”
“അല്ല, ഇത് 268 xxxx ആണ്.”

* * *

“എടാ, നീ പോയില്ലേ?” ഫോണെടുത്ത് ഹലോ പറഞ്ഞയുടന്‍ ചോദ്യം വന്നു.
“ഇല്ല, ഞാന്‍ അടുത്തയാഴ്ചയാ പോകുന്നത്.”
“ഞാനിപ്പോള്‍ വന്നാല്‍ നീ അവിടെ കാണുമോ?”
ഇത്രയുമായപ്പോള്‍ എനിക്കൊരു സംശയം: “ഡേയ്, നീ വിനോദാഡേയ്?” ഞാന്‍ ആരാഞ്ഞു.
“നിനക്കെന്നെ മനസ്സിലായില്ലേടാ പട്ടീ?” അടുത്ത ബന്ധുവാണെങ്കിലും ഇതുവരെ ശത്രുതയൊന്നുമില്ലാതെ കഴിഞ്ഞിരുന്ന വിനോദില്‍ നിന്നും ഇങ്ങനെ ഒന്നു പ്രതീക്ഷിക്കാത്തതിനാല്‍ ഞാനല്പം വിഷണ്ണനായ് ചമഞ്ഞു.
“എനിക്കു നിന്നെ മനസ്സിലായി, പക്ഷേ നിനക്ക് എന്നെ മനസ്സിലായോ എന്ന് സംശയം…”
ഒരു നിമിഷം നിശ്ശബ്ദത. അതിനു ശേഷം വന്നു മറുപടി: “അണ്ണാ, അണ്ണനായിരുന്നാണ്ണാ? അണ്ണന്‍റേം അഭിലാഷിന്‍റേം ഒച്ച ഒരുപോലിരുക്കുന്നണ്ണാ!”

* * *

ഈ അടുത്ത കാലത്ത് കേരളത്തിലായിരുന്നപ്പോളുണ്ടായ ചില ഫോണ്‍ സംഭാഷണങ്ങളാണിവ. ഫോണ്‍ കോളുകള്‍ വഴി ഈ ലേഖകനു പറ്റിയ ചില അമളികള്‍ ‘എഴുത്തുകാരന്‍റെ സ്വാതന്ത്ര്യം’ എന്ന സൌകര്യം ഉപയോഗിച്ച് ഇവിടെ വെളിപ്പെടുത്തുന്നില്ല. ഒന്നുണ്ട്: മുന്‍‍പരിചയമില്ലാത്തവരോട് സംസാരിക്കുമ്പോള്‍ പോലും ഫോണ്‍ ചെയ്യുന്നയാള്‍ താന്‍ ആരാണെന്നതും തനിക്ക് ആരോടാണ് സംസാരിക്കേണ്ടതെന്നതും വെളിപ്പെടുത്തുന്നതിനു മുമ്പ് സംഭാഷണം ആരംഭിച്ച് അവസാനിപ്പിക്കുന്നതാണ് എന്‍റെ പ്രദേശത്ത് പൊതുവില്‍ കണ്ട രീതി.

Published in:  on January 10, 2008 at 2:05 am Comments (17)

ചേയ്ഞ്ചില്ല

അതിമനോഹരമായി പണിതിരിക്കുന്ന മുംബൈ ഡൊമസ്റ്റിക് റ്റെര്‍മിനലിന്‍റെ സൌന്ദര്യം മതിയാവോളം നുകര്‍ന്നു നടക്കവേയാണ് കടുപ്പത്തിലൊരു മസാല ചായ കുടിച്ചാലോ എന്നു തോന്നിയത്. എന്നാല്‍പ്പിന്നെ കയ്യിലിരിക്കുന്ന ഇരുപത് ഡോളര്‍ രൂപയാക്കാമെന്നു വച്ചു. 37.45 ആണ് റേയ്റ്റ് ആയി എഴുതിവച്ചിരിക്കുന്നത്. പാസ്പോര്‍ട്ട് കൊടുത്തു കഴിഞ്ഞപ്പോള്‍ വിശദീകരണം വന്നു: 2% കമ്മീഷന്‍ എടുക്കും. അതു കഴിഞ്ഞാല്‍ രൂപാ 734.02.

രണ്ടു പൈസയൊക്കെ പണ്ടുപണ്ടേ അപ്രത്യക്ഷമായതിനാല്‍ 734 രൂപയും പ്രതീക്ഷിച്ചു നിന്ന എനിക്ക് 730 രൂപ വച്ചു നീട്ടിയിട്ട് ഞാനൊന്നുമറിഞ്ഞില്ലേ എന്ന ഭാവത്തിലിരിക്കുകയാണ് കൌണ്ടറിലിരിക്കുന്ന മാന്യദേഹം.

ബാക്കി നാലുരൂപ എവിടെപ്പോയെന്ന് ആലോചിക്കുന്ന എന്നെക്കണ്ട് അസുഖം മനസ്സിലാക്കിയ അദ്ദേഹം മൊഴിഞ്ഞു: “നോ ശേഞ്ച്!”

ഒരു സെന്‍റു വരെ കൃത്യമായി ബാക്കി കിട്ടി ശീലിച്ചിട്ടാവണം അറിയാതെ ചോദിച്ചു പോയി: “നാലു രൂപ ഇല്ലെങ്കില്‍ പിന്നെത്രയുണ്ട് കയ്യില്‍?” എന്‍റെ മുറി ഹിന്ദി കേട്ട് സഹാതാപം പൂണ്ട മുതലാളി മൊഴിഞ്ഞു: “മൂന്നു രൂപയേയുള്ളൂ!”

ആഹാ, നാലുരൂപ തരേണ്ടിടത്ത് മൂന്നു രൂപയേ ചേയ്ഞ്ചുള്ളൂ എന്ന കാരണത്താല്‍ ഒരു രൂപയും തരാതിരിക്കുക. “ഉള്ളതാവട്ടെ, ആ മൂന്നിങ്ങുതരൂ!” മലയാളത്തില്‍ത്തന്നെ പറഞ്ഞുകൊണ്ട് കൈ നീട്ടുമ്പോള്‍ ‘ഇവനേത് പിശുക്കന്‍’ എന്ന ഭാവത്തിലുള്ള നോട്ടത്തിനെ സൌകര്യപൂര്‍വം അവഗണിക്കേണ്ടി വന്നു.

രൂപയൊക്കെ മാറിയ സ്ഥിതിയ്ക്ക്, ഒരു കാപ്പി കുടിച്ചേക്കാം എന്നു കരുതി ആര്‍ഭാടം അധികമില്ലാത്ത ‘ദേശി കഫേ’യിലേയ്ക്കു നടന്നു. കമ്പ്യൂട്ടര്‍ ഉപയോഗിക്കാനുള്ള സൌകര്യമുള്ളതിനാലും ഫ്ലൈറ്റിനു വേണ്ടി നാലുമണിക്കൂറോളം കാത്തിരിക്കേണ്ടതിനാലും കാപ്പികുടിയോടൊപ്പം ഒരു ചെറുകടിയുമാവാമെന്നു വച്ചു. 192 രൂപ. 200 രൂപ കൊടുത്തപ്പോള്‍ ബാക്കി തരാന്‍ ചേയ്ഞ്ചില്ല!

ഫീയുടെ കാര്യത്തില്‍ ഏറ്റവും കത്തിയായ സിറ്റി കാര്‍ഡുപയോഗിച്ച് പണം കൊടുത്താല്‍, അവരുപോലും “ഫോറിന്‍ റ്റ്രാന്‍സാക്ഷന്‍ ഫീ” എന്ന പേരില്‍ 3% മാത്രമേ പിടുങ്ങൂ.

Published in:  on December 4, 2007 at 5:03 pm Comments (13)

മറക്കുന്നില്ല ഞാന്‍

‘ഞാന്‍ മറന്നേ പോയി!’ എന്ന പരിഭവ വാചകത്തിന് വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്നു. ഓര്‍മ്മപ്പെടുത്തലുകളുടെ ഇക്കാലത്ത്, സന്ദര്‍ഭത്തിനൊത്ത് സൌകര്യപൂര്‍വ്വമോ, അഥവാ സത്യമായും അറിയാതെയോ മറന്നു പോകുമ്പോള്‍ കിട്ടുന്ന ആ സുഖാനുഭൂതിക്ക് ഇനി നാമെവിടെപ്പോവും?

കാല്‍കുലേയ്റ്ററുകളുടെ ഉപയോഗം വ്യാപകമായതോടെ മാനവരാശിയുടെ കണക്കുകൂട്ടലുകള്‍ പിഴയ്ക്കുന്നതിന് അറുതിയായി. GPS കണ്ടു പിടിച്ചതോടെ അപഥസഞ്ചാരവും നിലച്ചു. മറവിയുടെ വേരറുക്കുന്ന ഈ കടന്നുകയറ്റമെങ്കിലും നാം കണ്ടില്ലെന്ന് നടിച്ചുകൂടാ.

(ഫോണിന്‍റെ സ്ക്രീന്‍ഷോട് സോറ്റി പോകറ്റ് കണ്‍‍ട്രോളര്‍ പ്രൊ. ഉപയോഗിച്ച് എടുത്തത്.)

ജാതകം

‘സാര്‍ കുട്ടിയുടെ ആരാണ്?’
‘അപ്പൂപ്പന്‍.’
‘അപ്പൂപ്പനെന്ന് പറയുമ്പോള്‍?’
‘അമ്മയുടെ അച്ഛന്‍…’
‘കുട്ടി ബഹു മിടുക്കനായി വളരും. അവന്‍റെ എല്ലാ ഐശ്വര്യങ്ങള്‍ക്കും കാരണം സര്‍വ്വഗുണസമ്പന്നയായ കുട്ടിയുടെ മാതാവായിരിക്കും…’

കുട്ടിയുടെ അച്ഛന്‍ (ഫോണിലൂടെ): ‘ബാക്കി പറയണമെന്നില്ല. ശേഷം ഞാന്‍ ചിന്തിച്ചോളാം.’

Published in:  on November 9, 2007 at 5:58 am Comments (9)

അച്ചുവിന് മൂന്നു വയസ്സ്

ഒന്നല്ല, രണ്ടല്ല, മൂന്നാണു നിന്‍ പ്രായ‍-
മെന്നൊത്തു കണ്ടിട്ടു മൊഞ്ചത്തികള്‍ കൂടി,
നിന്നങ്ങു ചുറ്റിത്തിരിഞ്ഞെന്നു വന്നാലെ-
നിന്നാണെ, യച്ഛന്നു കോപം ശമിക്കില്ല!

ആരും കാണാത്ത തക്കത്തിന് തരക്കാരായ പെണ്‍കുട്ടികളെ ‘ഹഗ്ഗും’ ‘കിസ്സും’ ചെയ്യുന്ന, പ്രായത്തിനു ചേരാത്ത ഒരു സ്വഭാവം നിനക്കു വന്നു ചേര്‍ന്നതായി അച്ഛന്‍ അറിയുന്നു. സൂക്ഷിച്ചാല്‍ എന്‍റെ കയ്യിലിരിക്കുന്നതു (പെണ്ണുങ്ങളുടെ കയ്യിലിരിക്കുന്നതും) വാങ്ങിക്കൂട്ടാതെ കഴിക്കാം!

ഈ വിഷയത്തിലുള്ള പഴയൊരു പോസ്റ്റ്: അച്ചുവിന് രണ്ടു വയസ്സ്.

പിന്നെഴുത്ത്: എന്നോടുള്ള ദേഷ്യം തേങ്ങയോട് കാട്ടണമെന്നില്ല.

നാടകമേ ഉലകം

അളിയാ, അളിയന്‍റെ ക്ലോസ് ഫ്രണ്ട് ഷൈജു അഭിനയിച്ച നാടകമുണ്ട് ഇന്ന് സ്കൂള്‍ ഓഡിറ്റോറിയത്തില്‍, നമുക്ക് പോണം, കേട്ടോ?
ഷൈജുവും ഞാനും എട്ടാം ക്ലാസില്‍ ഫ്രണ്ട്സ് ആയിരുന്നു, പക്ഷേ അതു കഴിഞ്ഞ് ഇപ്പോള്‍ വര്‍ഷം കുറേ ആയില്ലേ?

ഇത് വെറും നാടകമല്ലളിയാ! കേരളത്തിലാകമാനം അറുനൂറ് സ്റ്റേജ് കളിച്ച നാടകമാണ്: ജനനായകന്‍ നായനാര്‍. ഷൈജു നായനാരായാണ് അഭിനയിക്കുന്നത്.
കാര്യമൊക്കെ ശരി, വൈകുന്നേരം നല്ല മഴയാവും. ഞാനില്ല.

അതല്ലന്നേ, ഷൈജുവിന് അളിയനെ നേരിട്ട് കാണണമെന്ന്…
ഏയ്, അവന്‍ അങ്ങനെയൊന്നും പറയാന്‍ വഴിയില്ല. നമ്മള്‍ കണ്ടിട്ട് പതിനഞ്ചു കൊല്ലത്തോളമാവുന്നു.

അളിയനേയും കൊണ്ട് ചെല്ലണം എന്നു പറഞ്ഞ് ദാ, മുന്‍ നിരയില്‍ രണ്ട് കോം‍പ്ലിമെന്‍ററി റ്റിക്കറ്റ് തന്നയച്ചിട്ടുണ്ട്.
ഓ, ഞാനില്ലെടാ. പെരുമഴയത്ത് മൂന്നു നാലു മണിക്കൂര്‍ നാടകം കാണാനുള്ള സ്പിരിട്ടൊക്കെ പോയി മകനേ.

വരുന്നില്ലേല്‍ വേണ്ട. അളിയന്‍റെ ബാച്ചിലെ എല്ലാരേം ക്ഷണിച്ചിട്ടുണ്ടെന്നാ കേട്ടത്.
ങേ, എല്ലാരേം ക്ഷണിച്ചിട്ടുണ്ടോ? അവരെല്ലാരും വരുമോ?

എല്ലാരും വരുമോന്നൊന്നും എനിക്കറിയില്ല. പക്ഷേ, അളിയന്‍റെ അടുത്ത കൂട്ടുകാരൊക്കെ വരും എന്നാ കേട്ടത്.
സത്യമാണോടാ പറയുന്നത്? അവര് നമ്മുടെ കക്ഷികളെയൊക്കെ വിളിച്ചിട്ടുണ്ടോ?

ഉണ്ടെന്നേ! അളിയനാണെങ്കില്‍ അവരെയൊക്കെ കണ്ടിട്ട് കുറേക്കാലമായില്ലേ?
അതെ, അതെ. ഈ നാടകത്തില്‍ എനിക്ക് വലിയ താല്പര്യമുണ്ടായിട്ടല്ല. പിന്നെ, മുന്‍ നിരയില്‍ കോം‍പ്ലിമെന്‍ററി റ്റിക്കറ്റൊക്കെയുള്ളപ്പോ…

അതാ, ഞാനും പറഞ്ഞത്…

[സ്കൂള്‍ ഓഡിറ്റോറിയത്തില്‍ അനൌണ്‍സ്മെന്‍റ്: കമ്യൂണിസ്റ്റ് മാര്‍ക്സിസ്റ്റ് പാര്‍ട്ടി മടവൂര്‍ ഘടകത്തിന്‍റെ ധനശേഖരണാര്‍ഥം...]

അളിയാ, ഒരു മൂവായിരം രൂപയിങ്ങടുത്തേ…
എടാ, നമ്മുടെ കക്ഷികളെയൊന്നും കാണുന്നില്ലല്ലോ?

അവരൊക്കെ വരുമളിയാ, ഒന്ന് ക്ഷമിക്ക്!
എന്നാലും ഇവിടെ എന്‍റെ ബാച്ചിലെ ഒരു കുഞ്ഞു പോലുമില്ലല്ലോടാ. വെറുതേ നിന്ന് മഴകൊള്ളാതെ തിരിച്ച് പോയാലോ?

അളിയന്‍ സമയം കളയാതെ കാശെടുക്ക്… കോം‍പ്ലിമെന്‍ററി റ്റിക്കറ്റിന്‍റെ പൈസാ ചോദിച്ച് അവര് ദാ, പിറകേ നടക്കുന്നു.
നമ്മുടെ കക്ഷികള്‍?

അളിയന്‍ ഇങ്ങനെ ആയിപ്പോയല്ലോ!
ഇതിലും ഭേദം നിന്‍റെ കയ്യീന്ന് എല്‍. ഐ. സി. എടുക്കുന്നതായിരുന്നു.

Published in:  on October 16, 2007 at 7:09 am Comments (6)

സൂക്ഷിക്കണം

അമ്മ: എടാ, അവളവിടെ ഇല്ലാത്തതല്ലേ? നീ തുണി തേയ്ക്കാനൊന്നും നില്‍ക്കണ്ട, കേട്ടോ!
മകന്‍: അവളിവിടെ ഇല്ലാത്തതും തുണി തേയ്ക്കുന്നതും തമ്മിലെന്തു ബന്ധം? അല്ലെങ്കിലും ഞാനാ എന്‍റെ തുണി തേയ്ക്കണത്…
അമ്മ: കൈതറത്തെ ദേവകീടെ മരുമോള് ന്നാളാ തുണി തേച്ചോണ്ടിരുന്നപ്പം കറണ്ടടിച്ച് ചത്തത്. വീട്ടിലാരുമില്ലാത്തപ്പം സൂക്ഷിക്കണം.

* * *

ഭാര്യ: അതേ, ഞാനില്ലാത്തപ്പഴേ ഷര്‍ട്ട് അയണ്‍ ചെയ്യാതെ ഇട്ടാല്‍ മതി, കേട്ടോ?
ഭര്‍ത്താവ്‍: പിന്നേ, ഞാനൊന്നു മിനുങ്ങി നടക്കുമ്പോള്‍ ഭ്രമിക്കുന്നോര് ഭ്രമിക്കട്ടെ!
ഭാര്യ: കഷ്ടം! അയണ്‍ ബോക്സ് ഓഫ് ചെയ്യാതെ പോയി വെറുതേ എന്തിനാ കറണ്ടു ബില്ലു കൂട്ടുന്നത് എന്നോര്‍ത്ത് പറഞ്ഞതാ.

Published in:  on October 1, 2007 at 10:36 pm Comments (9)

ഒറ്റയ്ക്കാവുമ്പോള്‍

ഒറ്റയ്ക്കാവുമ്പോള്‍ എനിക്ക് ഭയമാണ്. ഇരുണ്ട മുറികളിലെ നിശ്ശബ്ദതകളില്‍ എന്നെ കീഴ്പെടുത്താന്‍ പ്രേതങ്ങള്‍ ഒരുങ്ങുന്നുണ്ടാവാം. പഴുക്കടയ്ക്കാഭരണിയില്‍ കയ്യിടുമ്പോള്‍ തലയ്ക്കുമുകളില്‍ വവ്വാല്‍ക്കുഞ്ഞുങ്ങള്‍ പറന്നുമാറും. ചിലന്തിവലകള്‍ക്കും കൂറക്കൂട്ടങ്ങള്‍ക്കുമിടയില്‍ പഴയലിപികള്‍ നിറഞ്ഞുനില്‍ക്കും.

ഒറ്റയ്ക്കാവുമ്പോള്‍ എനിക്ക് വേദനയാണ്. ഉരുണ്ടു കൂടുന്ന സൂചിക്കുത്തുകള്‍ ഇടതു നെഞ്ചില്‍ ചേക്കേറുന്നു. സൌഹൃദഭാവം പൂണ്ടുവരുന്ന ഊര്‍ജ്ജസ്രോതസ്സുകള്‍ക്ക് ഞാന്‍ അടിമപ്പെടുന്നു.

ഒറ്റയ്ക്കാവുമ്പോള്‍ എനിക്ക് ചീത്തകൂട്ടുകെട്ടുകളാണ്. പോളിഷ് പ്രോവെര്‍ബുകളും എന്‍. എന്‍. പിള്ളയും അബു നുവാസും എന്‍റെ മനസ്സിനെ പങ്കിലമാക്കുന്നു. ക്രീഡവര്‍ണ്ണനകളുടെ പേജുകള്‍ക്ക് എന്നെ നിത്യപരിചയമാണ്.

ഒറ്റയ്ക്കാവുമ്പോള്‍ എനിക്ക് ഉല്‍ക്കണ്ഠയാണ്. വേദനിപ്പിച്ചവരും വേദനിപ്പിക്കാനുള്ളവരും തമ്മിലുള്ള വടം വലിയില്‍ തോറ്റതാരാണെന്നറിയാനുള്ള ഉല്‍ക്കണ്ഠ. പറങ്കിമാവിന്‍ ചുവട്ടിലെ കരിയിലക്കൂട്ടങ്ങള്‍ക്ക് വേലി തീര്‍ക്കാനാവുന്നില്ലല്ലോ എന്ന ഉല്‍ക്കണ്ഠ.

ഒറ്റയ്ക്കാവുമ്പോള്‍ എന്‍റെ രാത്രികള്‍ക്ക് കൂടുതല്‍ കറുപ്പാണ്. സമയം തെറ്റിയെത്തുന്ന താരവും തിങ്കളും എന്നോട് അനീതി കാട്ടുന്നല്ലോ.

ഒറ്റയ്ക്കാവുമ്പോള്‍ എനിക്ക് നിറകണ്ണുകളാണ്. ഓര്‍മ്മകളുടെ ഓണമാണ് പിന്നെ. പുറത്ത് സൂര്യന്‍ കത്തിക്കാളുന്ന ശനിയാഴ്ചകളില്‍ ഉത്തരമറിയാത്ത ത്രികോണമിതി പ്രശ്നങ്ങള്‍ക്ക് ചങ്ങമ്പുഴക്കവിതയായിരുന്നല്ലോ കൂട്ടുവന്നത്.

ഒറ്റയ്ക്കാവുമ്പോള്‍ എനിക്ക് നിരാശയാണ്. മുപ്പത്തിമൂന്നു കൊല്ലം കൊണ്ടു വാങ്ങിക്കൂട്ടിയ മൂന്ന് അടിയും മൂന്നുകൊല്ലം കൊണ്ട് വിറ്റുതുലച്ച മുപ്പതോളം അടിയും പിച്ചും നുള്ളും ഒരുമിച്ച് ചേര്‍ത്തുവച്ചു വരച്ച ഗ്രാഫ് താഴേയ്ക്കുതന്നെ പോകുന്നു. ഇനി ഉയര്‍ച്ചയില്ലാത്തപോല്‍. കാലം-7, ഞാന്‍-1.

ഒറ്റയ്ക്കാവുമ്പോള്‍, പക്ഷേ, എനിക്ക് സ്നേഹവുമാണ്. കേള്‍ക്കേണ്ടവര്‍ കേള്‍ക്കാനില്ലാത്തപ്പോഴാണല്ലോ സ്നേഹവാക്കുകള്‍ പറയാന്‍ തോന്നുന്നത്!

Published in:  on September 24, 2007 at 10:39 pm Comments (14)

നൂറ്!

നൂറു ‘കാലറി’യുഷസ്സിലും, പകലു നൂറൊഴിഞ്ഞ1 കറി, ചോറതും
നൂറു കാര്യമതു ചായയൊപ്പ; മില നൂറു2 കൂട്ടിയതു സന്ധ്യയില്‍
നൂറു3 മാറിയതു പൂരിയാകു വരെ നൂറു മില്ലിയതു മോന്തണം
നൂറുതന്‍ ഗുണമറിഞ്ഞ മാനുഷനു നൂറുവട്ടമഭിവന്ദനം!

1. സ്റ്റാര്‍ച്ചില്ലാത്ത
2. ചുണ്ണാമ്പ്
3. മാവ്

[ചിന്ത്യത്തിലെ നൂറാമത്തെ പോസ്റ്റ്.]

Published in:  on July 20, 2007 at 7:01 am Comments (11)

വര്‍ഷങ്ങള്‍ പോയതറിയുമ്പോള്‍

1992 ജൂലായ് 4 ശനി

മറ്റു പണിയെന്നും കണ്ടെത്താനായില്ല എന്നതുകൊണ്ട് ചന്തയില്‍ പോകേണ്ടി വന്നു. വാളമീന്‍ വാങ്ങി, 8 രൂപയ്ക്ക്. പക്ഷേ, പ്രതീക്ഷിച്ച പ്രതികരണം തന്നെ: മീന്‍ കൊള്ളൂല്ലാ പോലും. തിരക്കുകള്‍ക്കിടയില്‍ മീന്‍ നല്ലതോ ചീത്തയോ എന്ന് പഠിക്കാന്‍ പറ്റീട്ടില്ല എന്ന് മറുപടി.

കിഷോറിന്‍റെ കത്തുവന്നു. പ്രസാദണ്ണന് ഒരു കത്തയച്ചു.

ഉച്ചയ്ക്കു ശേഷം മെച്ചപ്പെട്ട ഉറക്കം കാഴ്ചവച്ചു. അഗാസി-മക്കെന്‍‍റോ കളി കണ്ടു. വൈകുന്നേരം ഷട്ടില്‍ കളിക്കിടയില്‍ അഭിലാഷുമായി ഭീകര സംഘട്ടനം. സ്റ്റാറ്റിസ്റ്റിക്സിന്‍റെ പുസ്തകം കാണുന്നില്ല. തീയിട്ടെന്നാണ് റിപ്പോര്‍ട്ട്.

വൈകുന്നേരത്ത് അപ്പച്ചിയും ഭര്‍ത്താവും വന്നിരുന്നു. അങ്ങേര്‍ക്ക് എന്നെ കണ്ണെടുത്താല്‍ കണ്ടൂട. എനിക്കാണെങ്കില്‍ അതിലൊട്ടു വിഷമവുമില്ല എന്ന കാര്യം പുള്ളിയെ അലോസരപ്പെടുത്തുന്നുണ്ട്.

സ്റ്റെഫി-സെലസ് മത്സരം നടക്കുന്നു. കറണ്ടുകട്ട് 8-8:30 ആയതിനാല്‍ അവസാന നിമിഷങ്ങള്‍ കാണാന്‍ പറ്റിയേക്കും.

2007 ജൂലായ് 4 ബുധന്‍

ചന്തയില്‍ പോയില്ല. ആരുടേയും കത്തു വന്നില്ല, ആര്‍ക്കും കത്തയച്ചുമില്ല. ഉച്ചയ്ക്കുറങ്ങിയില്ല. ആരോടും അടിവച്ചില്ല. ആരും വിരുന്നു വന്നില്ല. കറണ്ടുകട്ടും ഇല്ല.

രാവിലെ 8 മുതല്‍ 11 വരെ ക്രിക്കറ്റ് കളിച്ചു. ഉച്ചയ്ക്ക് ജെസ്റ്റീന്‍-സെറീന മത്സരത്തിന്‍റെയും നാഡാല്‍-സോഡെറിംഗ് മത്സരത്തിന്‍റെയും പ്രധാന ഭാഗങ്ങള്‍ കണ്ടു.

Published in:  on July 5, 2007 at 4:51 pm Comments (21)