ഭാഷയുടെ അപൂര്‍ണ്ണത

ഒരേ ഭാഷ സംസാരിക്കുന്നവര്‍ തമ്മില്‍ പോലും ആശയവിനിമയം നടത്തുമ്പോള്‍ വരാവുന്ന പാകപ്പിഴകളെപ്പറ്റി കവി പാടിയിട്ടുണ്ടല്ലോ. ഭാഷ കണ്ടു പിടിച്ചവരെ പുലഭ്യം പറയുന്ന രീതിയിലേയ്ക്ക് കാര്യങ്ങള്‍ പുരോഗമിക്കുമ്പോള്‍ ഭാഷാരഹിതമായ ലോകം കൂടുതല്‍ സുന്ദരമായിരിക്കുമോ എന്നു സ്വയം ചോദിക്കുന്നത് നല്ലതായിരിക്കും. പുഷ്പകവിമാനം എന്ന സിനിമ നാം എത്രകണ്ട് ആസ്വദിച്ചു എന്നതാവരുത് ഈ ചോദ്യത്തിന് ഉത്തരം നല്‍കുമ്പോള്‍ മാനദണ്ഡമാവേണ്ടുന്നത്. നിശ്ശബ്ദതയെ പൂജിക്കുന്നവര്‍ പൂജ കഴിഞ്ഞ് ഉത്തരം നല്‍കിയാല്‍ മതിയാവും.

ജന്തുക്കള്‍ക്കും ഭാഷയുണ്ടെന്ന പ്രസ്താവന ഏറെ ചിന്തിപ്പിച്ചിട്ടുള്ള ഒന്നാണ്. ജന്തുക്കള്‍ക്ക് ഭാഷയുണ്ടെങ്കില്‍ ആ ഭാഷയെ, അവ അധിവസിക്കുന്ന സാഹചര്യങ്ങളും ചുറ്റുപാടുകളും എത്രമാത്രം സ്വാധീനിക്കുന്നു? നാടന്‍ പോത്തും കാട്ടുപോത്തും ‘ഒരേ ഭാഷ’യിലാണോ സം‌വദിക്കുക? ആഫ്രിക്കന്‍ ആനയും ബീഹാറീ ആനയും തമ്മില്‍ ഏതു ഭാഷയില്‍ അടക്കം പറയും?

ശബ്ദോന്മുഖമായ ഭാഷയിലാണ് മനുഷ്യരൊഴികെയുള്ള ജീവികള്‍ കൂടുതലും സം‌വദിക്കുന്നത് എന്നാണ് എന്‍റെ കണ്ടെത്തല്‍. പൂവന്‍ കോഴിയും പിടക്കോഴിയും തമ്മില്‍ കണ്ണും കണ്ണും നോക്കി കഥകള്‍ കൈമാറുന്നത് കണ്ടിട്ടില്ല എന്നത് ശാസ്ത്രീയമായ തെളിവായി അംഗീകരിക്കാന്‍ പ്രയാസമില്ലല്ലോ!

ശബ്ദഭാഷ വൈവിധ്യമാര്‍ന്നതായ സ്ഥിതിക്ക് ആംഗ്യഭാഷയെങ്കിലും ഏകീകൃതമാവണമല്ലോ. അല്ലെന്നതാണ് സത്യം. അതിനാലാണ് ക്യാനഡയിലെയും ഐസ്‍ലാന്‍റിലെയും കരടികള്‍ക്ക് തമ്മില്‍ത്തമ്മില്‍ കൂട്ടുകൂടാനറിയാത്തത്. അതുകൊണ്ടാണ് മലയാളികള്‍ ആലിംഗനം ചെയ്യാത്തത്! പറയാനും എഴുതാനും ഉപയോഗിക്കുന്ന മറ്റുഭാഷകളെപ്പോലെ ആംഗ്യഭാഷയും കാല, ദേശ, സംസ്കാരങ്ങളോടു ബന്ധപ്പെട്ടിരിക്കുന്നു.

ഒന്നുരണ്ട് ഉദാഹരണം വഴി ഇത് വ്യക്തമാക്കാന്‍ ശ്രമിക്കാം.

ഭരതം എന്ന സിനിമയില്‍ കഥാപാത്രത്തോടും കഥാസന്ദര്‍ഭത്തോടും യോജിക്കാതെ വേറിട്ടുനില്‍ക്കുന്ന ആ അഭിനയമുഹൂര്‍ത്തം ഓര്‍ക്കുന്നില്ലേ? മോഹന്‍‍ലാല്‍ പാടാനൊരുങ്ങുമ്പോഴുള്ള ഉര്‍വ്വശിയുടെ ‘ഥംപ്സ് അപ്’ ആംഗ്യം?


ചിത്രം: ഥംപ്സ് അപ് (കടപ്പാട്: മൈക്രോസോഫ്റ്റ് ക്ലിപ്‍ആര്‍ട് ഗ്യാലറി)

ഈ സിനിമ കണ്ടുകൊണ്ടിരിക്കുന്ന ഓസ്റ്റ്രേലിയക്കാരന്‍, ഉര്‍വ്വശിക്കെന്താണ് മോഹന്‍‍ലാലിലോടിത്ര ദേഷ്യം എന്നു തോന്നിയാല്‍ അത്ഭുതപ്പെടരുത് (ഓസ്റ്റ്രേലിയക്കാര്‍ക്ക് ‘ഥംപ്സ് അപ്’ ഒരു റൂഡ് സൈന്‍ ആണ്). ‘നടക്കില്ല മോനേ!’ എന്ന അര്‍ഥത്തില്‍ നാം (ഇന്ത്യാക്കാര്‍) ‘ഥംപ്സ് അപ്’ ആംഗ്യം കാണിക്കുന്നതിനോടൊപ്പം തള്ളവിരല്‍ ഇടത്തേയ്ക്കും വലത്തേയ്ക്കും ആട്ടുന്നതും ഓര്‍ക്കുക. ജപ്പാന്‍ പോലുള്ള രാജ്യങ്ങളില്‍ ഈ ആംഗ്യം കാണിക്കുന്നത് ആരോഗ്യത്തിന് നല്ലതാവണമെന്നില്ല.

നാം പലപ്പോഴും കാണിക്കുന്ന മറ്റൊരാംഗ്യമാണല്ലോ ഓ. കെ. ആംഗ്യം (OK sign). യു. എസിലും ക്യാനഡയിലും ഇത് സമ്മതത്തിന്‍റെ ചിഹ്നമാണെങ്കില്‍, ജപ്പാന്‍കാര്‍ക്ക് ഇത് പണത്തെ സൂചിപ്പിക്കുന്നു. ഡെന്മാര്‍ക്ക്, നോര്‍വേ എന്നിവിടങ്ങളില്‍ ആള്‍ക്കാരെ അധിക്ഷേപിക്കാന്‍ ഇങ്ങനെ കാട്ടിയാല്‍ മതി. ഫ്രാന്‍സുകാരാവട്ടെ, ഇതിനെ പൂജ്യമായി (zero) കാണുന്നു. എന്നാല്‍ പരാഗ്വേ, സ്പെയിന്‍, ഗ്രീസ്, ബലാറസ്, ഗ്വാറ്റിമാല, റഷ്യ തുടങ്ങിയ രാജ്യങ്ങളില്‍ ഓ. കെ. ആംഗ്യം കാണിക്കുന്നവന്‍റെ അടപ്പൂരും!

ജീവന്‍റെ നിലനില്പിനാവശ്യമായ കാര്യം സാധിച്ചെടുക്കണമെന്ന് മറ്റൊരാളിനെ അറിയിക്കാന്‍ ഭാഷ വേണമെന്നില്ല. അതില്‍ കവിഞ്ഞ എന്തു കാര്യത്തിനും ഭാഷയില്ലാതെ തരമില്ല എന്നു മനസ്സിലായില്ലേ? ഇല്ലെങ്കില്‍ എന്‍റെ കുറ്റമല്ല. മലയാള ഭാഷയുണ്ടാക്കിയവരെ ദ്രോഹികള്‍ എന്നു വിളിക്കുക.

Published in:  on September 19, 2007 at 11:18 pm Comments (8)

അതിരറിയാത്ത അയല്‍ക്കാര്‍

ഭൂലോകത്ത് ഇന്നും പരിഹരിക്കപ്പെടാതെ കിടക്കുന്ന, അന്താരാഷ്ട്ര സംഘടനകളുടെ തര്‍ക്കപ്രദേശ പട്ടികയില്‍ സ്ഥാനം പിടിച്ച, അറുപതോളം അതിര്‍ത്തിത്തര്‍ക്കങ്ങളില്‍ പത്തെണ്ണത്തിലെങ്കിലും വാദിയായോ പ്രതിയായോ ഇന്ത്യ ഭാഗഭാക്കാണ്. പതിമൂന്നു തര്‍ക്കങ്ങളില്‍ പങ്കാളിയായി ചൈന നമ്മുടെ മുന്നിലുള്ളതിനാല്‍ ‘ഏറ്റവും വലിയ വഴക്കാളി’ എന്ന പട്ടികയില്‍ നിന്ന് ഒഴിവായിക്കിട്ടി എന്നത് ആശ്വാസകരമാണെങ്കിലും അഭിമാനിക്കാവുന്ന സംഗതിയല്ല.

തര്‍ക്ക വിഷയമായ പ്രദേശങ്ങളെന്ന് വിളിക്കപ്പെടുന്നവയില്‍ ഇന്ത്യ ഉള്‍പ്പെടുന്നത് ഏതിലൊക്കെ എന്നു നോക്കാം. (ഭാരതീയ പൌരന്‍ എന്ന നിലയില്‍ ഭാരത സര്‍ക്കാറിന്‍റെ മാര്‍ഗ്ഗ നിര്‍ദ്ദേശമാണ് ഈ വിഷയത്തില്‍ ലേഖകന്‍റെ അഭിപ്രായം. ഈ ലേഖനം, അന്താരാഷ്ട്ര സംഘടനകളുടെ കയ്യിലുള്ള തര്‍ക്കബാധിത പ്രദേശങ്ങളില്‍ ഇന്ത്യയുള്‍പ്പെടുന്നവയേതെന്ന് പരിശോധിക്കുക മാത്രമേ ചെയ്യുന്നുള്ളൂ; ആരാണ് വാദി, ആരാണ് പ്രതി എന്ന് വിശകലനം ചെയ്യുന്നില്ല.)

അരുണാചല്‍ പ്രദേശ്: അരുണാചല്‍ പ്രദേശിലുള്ള ഇന്ത്യാ-ചൈന അതിര്‍ത്തി രേഖയാണ് മക്മഹന്‍ രേഖ. 1914-ലാണ് ഇത് നിലവില്‍ വന്നതെങ്കിലും 1930-ലാണ് ഇന്ത്യ ഇത് അംഗീകരിച്ചത്. ചൈന ഇതുവരെ മക്മഹന്‍ രേഖ അംഗീകരിച്ചതായി അറിവില്ല. പ്രശ്നഭരിതം എന്ന് വിശേഷിപ്പിക്കാനാവില്ലെങ്കിലും ഇന്ത്യാ-ചൈനാ ബന്ധം നിര്‍വ്വചിക്കുന്നതില്‍ “ഒരു പുല്‍നാമ്പുപോലും വളരാത്ത” അരുണാചല്‍ പ്രദേശിലെ ഈ ഭാഗത്തിന് വലിയ പങ്കുണ്ട്. ഈ പ്രദേശത്തിന്‍റെ ഭരണം ഇന്ത്യയുടെ കൈവശമാണ്.

അക്സായി ചിന്‍: ജമ്മു കാഷ്മീരിന്‍റെ വടക്കു കിഴക്കുഭാണ് അക്സായി ചിന്‍ എന്നറിയപ്പെടുന്നത്. 1950-കളുടെ ആദ്യം ചൈന ഇവിടം അധീനത്തിലാക്കി. 1962-ല്‍ അക്സായി ചിന്‍ പൂര്‍ണ്ണമായും ചൈനയുടെ നിയന്ത്രണത്തിലായെന്ന് വിശ്വസിക്കപ്പെടുന്നു.

ആസാദ് കാശ്മീര്‍: ജമ്മു കാശ്മീര്‍ തര്‍ക്കത്തിലെ ഏറ്റവും വലിയ ചോദ്യചിഹ്നമാണ് ആസാദ് കാശ്മീര്‍ പ്രശ്നം. 1950-കളിലെ ചെറുയുദ്ധങ്ങളുടെ പരിണതഫലമായി പാകിസ്ഥാനി സൈനികര്‍ ആസാദ് കാശ്മീര്‍ അധിനിവേശപ്പെടുത്തി. 1956-ല്‍ പാകിസ്ഥാന്‍ ഭരണഘടന ആസാദ് കാശ്മീരിനെ ഒരു പാകിസ്ഥാന്‍ സംസ്ഥാനമായി അംഗീകരിച്ചെങ്കിലും ഇന്ത്യ ഇത് അംഗീകരിക്കുകയോ പാകിസ്ഥാന്‍ അസംബ്ലിയില്‍ ആസാദ് കാശ്മീരിന്‍റെ പ്രാതിനിധ്യം ഉണ്ടാവുകയോ ചെയ്തിട്ടില്ല. ആസാദ് കാഷ്മീരിന് സ്വന്തമായി പ്രസിഡന്‍റും പ്രധാനമന്ത്രിയും നിയമനിര്‍മ്മാണ സഭയുമുണ്ട്.

പാക്-അധിനിവേശ കാഷ്മീര്‍: പാക്-അധിനിവേശ കാഷ്മീര്‍ എന്ന് ഇന്ത്യയും നോര്‍ത്-വെസ്റ്റ് ഫ്രണ്ടിയര്‍ റ്റെറിറ്റൊറി എന്ന് പാകിസ്ഥാനും വിളിക്കുന്ന കാഷ്മീരിന്‍റെ വടക്കു ഭാഗം ഇന്ത്യയുടേതാണെന്ന് ഇന്ത്യ അവകാശപ്പെടുന്നു. 1849-ല്‍ രണ്ടാം സിഖ് യുദ്ധം കഴിഞ്ഞാണ് ഈ പ്രദേശം ബ്രിട്ടീഷുകാരുടെ അധീനതയിലാവുന്നത്. 1955 മുതല്‍ 1970 വരെ ഈ പ്രദേശം അവിഭക്ത പാകിസ്ഥാന്‍റെ ഭാഗമായിരുന്നു. അതിനുശേഷമാണ് സിയാചെന്‍ ഗ്ലേഷര്‍ പോയിന്‍റ് ഉള്‍പ്പെടുന്ന ഈ പ്രദേശം കൂടുതല്‍ സൈനിക നീക്കങ്ങള്‍ക്ക് കാരണമായി തുടരുന്നത്.

കൌഇരിക്: കിഴക്കന്‍ ഹിമാചല്‍ പ്രദേശും ചൈനയുമായുള്ള അതിര്‍ത്തി പ്രദേശമാണ് കൌഇരിക്. ഈ പ്രദേശവും തര്‍ക്ക വിഷയമായത് മക്മഹന്‍ രേഖ മൂലമാണ്.


ചിത്രം: കൌഇരിക്

ലാപ്താള്‍: ഉത്തരാഞ്ചലും ചൈനയുമായുള്ള അതിര്‍ത്തിയിലുള്ള ലാപ്താള്‍ പ്രദേശം പല ഭൂപടങ്ങളിലും വേറിട്ട പ്രദേശമായാണ് അടയാളപ്പെടുത്തിയിട്ടുള്ളത്.


ചിത്രം: ലാപ്താള്‍

പാ-ലി-ചിയ-സ്സു: ജമ്മു-കാഷ്മീരിന്‍റെ തെക്കു കിഴക്കുഭാഗത്തായുള്ള ഈ പ്രദേശവും തര്‍ക്കവിമുക്തമല്ല.


ചിത്രം: പാ-ലി-ചിയ-സ്സു

സംഗ്: അക്സായി ചിന്‍ ഉള്‍പ്പെടുന്ന അതിര്‍ത്തിത്തര്‍ക്കത്തിലെ മറ്റൊരു പ്രധാന പ്രദേശമാണ് സംഗ്. ഉത്തരാഞ്ചലും ഹിമാചല്‍ പ്രദേശും വേര്‍തിരിയുന്ന കിഴക്കന്‍ അതിര്‍ത്തിയാണ് സംഗ് സ്ഥിതിചെയ്യുന്നത്.


ചിത്രം: സംഗ്

(ഭൂപടങ്ങള്‍ മാപ്‍പോയിന്‍റില്‍ നിന്നും.)

ന്യൂ മൂര്‍ ദ്വീപ്: പര്‍ബാഷാ എന്നോ ന്യൂ മൂര്‍ ദ്വീപ് എന്നോ ഇന്ത്യയും തെക്കന്‍ താല്പതി ദ്വീപ് എന്ന് ബംഗ്ലാദേശും വിളിക്കുന്ന ഈ ചെറിയ പ്രദേശം ഹരിഭംഗാ നദി ബംഗാള്‍ ഉള്‍ക്കടലില്‍ പതിക്കുന്നതിനടുത്ത്, 1970-ലെ പ്രളയത്തിന്‍റെ അനന്തരഫലമായുണ്ടായതാണ്. 1970-കളുടെ അവസാനം ബംഗ്ലാദേശ് മീന്‍പിടുത്തക്കാര്‍ ആള്‍വാസമില്ലാത്ത ഈ ദ്വീപില്‍ പോകാറുണ്ടായിരുന്നെന്ന് പറയപ്പെടുന്നു. 1980-ല്‍ ഇന്ത്യയുടെ അതിര്‍ത്തി രക്ഷാസേന ഈ ദ്വീപില്‍ ഒരു ചെറിയ താവളം സ്ഥാപിച്ചതു മുതല്‍ സമാധാനപരമായി ഇതിന്‍റെ അവകാശത്തര്‍ക്കം അവസാനിപ്പിക്കണമെന്ന് ബംഗ്ലാദേശ് ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു.

കാലാപാനി: ഇന്ത്യ, ചൈന, നേപ്പാള്‍ എന്നീ രാജ്യങ്ങള്‍ സം‌യോജിക്കുന്ന കാലാപാനി പ്രദേശത്തുള്ള മൂന്നു ഗ്രാമങ്ങള്‍ 1962-ല്‍ ഇന്ത്യയുടെ കൈവശമായതോടെയാണ് ഈ പ്രദേശം തര്‍ക്കത്തിനാധാരമായത്. അതിര്‍ത്തിയായി പരിഗണിച്ചു വന്ന ശാരദാനദിയില്‍ (നേപ്പാളിന് ഇത് മഹാകാളീനദിയാണ്), 1997-ല്‍ ജലവൈദ്യുത പദ്ധതിയുണ്ടാക്കാനുള്ള നേപ്പാള്‍ പാര്‍ലമെന്‍റിന്‍റെ തീരുമാനത്തെത്തുടര്‍ന്ന് തര്‍ക്കം മൂര്‍ദ്ധന്യത്തിലെത്തിയിരുന്നു.

തജ്കിസ്ഥാനുമായുള്ള അതിര്‍ത്തിത്തര്‍ക്കങ്ങള്‍ പറഞ്ഞു തീര്‍ത്തതോടെ, ചൈന തങ്ങളുടെ പേരിലുള്ള തര്‍ക്കങ്ങളുടെ എണ്ണം പതിമൂന്നായി കുറച്ചിരിക്കുകയാണ്. ഇന്ത്യ പങ്കാളിയായ തര്‍ക്കങ്ങള്‍ അതേപടി തുടരുകയും മറ്റുരാജ്യങ്ങളുമായുള്ള തര്‍ക്കങ്ങള്‍ ചൈന പരിഹരിക്കുകയും ചെയ്താല്‍ ‘വലിയ വഴക്കാളിപ്പട്ടം’ (ശരിയായോ തെറ്റായോ) ഇന്ത്യയുടെ മേല്‍ പതിയും. വഴക്കാളികളായ അയല്‍ക്കാരുള്ളതാണ് ഇതിനു കാരണമെന്നത് നല്ലൊരു വാദമാണെങ്കിലും അത് വീണ്ടും വഴക്കടിക്കാനുള്ള ന്യായമാവാന്‍ പാടില്ല. സ്പര്‍ധയിലിരിക്കുന്ന രണ്ടു പേര്‍ക്കും അംഗീകൃതമായ സമവായം ഉണ്ടാവണമെങ്കില്‍ രണ്ടു കൂട്ടരും ത്യാഗത്തിന് തയ്യാറാവാതെ തരമില്ലല്ലോ. ഇന്ത്യയുള്‍പ്പെടുന്ന തര്‍ക്കങ്ങളുടെ പട്ടികയിലൂടെ കണ്ണോടിച്ചാല്‍, പകുതിയിലധികവും കൊടും തണുപ്പുറഞ്ഞു കിടക്കുന്ന ഉപയോഗരഹിതമായ ഭൂഭാഗങ്ങള്‍ക്കു വേണ്ടിയാണെന്നു കാണാം. പെട്ടെന്നൊരുനാള്‍ ഈ തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ നിങ്ങളെ ചുമതലപ്പെടുത്തിയാല്‍ ഏതെല്ലാം പ്രദേശമാവും “കൊണ്ടു പോട്ടെ!” എന്ന് നിങ്ങള്‍ കരുതുക?

Published in:  on August 15, 2007 at 11:41 pm Comments (8)

ഇന്നു കടം, നാളെ രൊക്കം!

സീയാറ്റിലിലെ കേരള അസോസിയേഷന്‍ വര്‍ഷാവര്‍ഷം ജൂലൈ മാസത്തില്‍ അംഗങ്ങള്‍ക്കായി പിക്നിക് നടത്താറുണ്ട്. ദിവസം മുഴുവന്‍ നീണ്ടുനില്‍ക്കുന്ന ഈ സംഗമത്തില്‍ വച്ചാണ് സാധാരണയായി പുതുതായി സീയാറ്റിലില്‍ വന്നവര്‍ സൌഹൃദങ്ങള്‍ തുടങ്ങുകയും പഴമക്കാര്‍ സൌഹൃദങ്ങള്‍ പുതുക്കുകയും ചെയ്യുന്നത്.

കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ദിവസം മുഴുവന്‍ ഉല്ലസിക്കുവാന്‍ തക്കവിധം സൌഹൃദസല്ലാപങ്ങളും മത്സരങ്ങളും മത്സരേതര കായിക വിനോദങ്ങളും സംഘടിപ്പിക്കാനും, വിജയിക്കുന്ന എല്ലാവര്‍ക്കുമെന്നപോലെ, പങ്കെടുക്കുന്ന എല്ലാ കുട്ടികള്‍ക്കും സമ്മാനങ്ങളും മറ്റും വാരിക്കോരി കൊടുക്കുവാനും സംഘാടകര്‍ ശ്രദ്ധിക്കാറുണ്ട്. മലയാളം മാത്രമേ സംസാരിക്കാവൂ തുടങ്ങിയ ചെറിയ ചെറിയ നിഷ്കര്‍ഷകളിലൂടെ മലയാളത്തോട് കുട്ടികള്‍ക്കുള്ള പ്രതിപത്തി നിലനിറുത്താനും പിക്നിക് ഉപകരിക്കുന്നു. ഇതിനെല്ലാമുപരി, പങ്കെടുക്കുന്ന എല്ലാ അംഗങ്ങള്‍ക്കും ഉച്ചഭക്ഷണവും മറ്റു ലഘു ഭക്ഷണ/പാനീയങ്ങളും അസോസിയേഷന്‍റെ ചെലവില്‍ നല്‍കാറുമുണ്ട്.

ഭക്ഷണം സൌജന്യമായി നല്‍കുന്നു എന്നു പറഞ്ഞെങ്കിലും, അതിലൊരു ചെറിയ ഫുട്നോട്ട് കൂടി ഉള്‍പ്പെടുത്തണം എന്ന് പറയേണ്ടതില്ലല്ലോ. ദിവസം മുഴുവന്‍ നിറയുന്ന ആഹ്ലാദത്തിനും ആരവങ്ങള്‍ക്കും മൂകസാക്ഷിയായി, ഒരു സംഭാവനപ്പെട്ടി, പിക്നിക് നടക്കുന്ന പാര്‍ക്കിന്‍റെ ഒരു മൂലയിലുണ്ടാവും. പിക്നിക് സംഘടിപ്പിക്കുന്നതിന്‍റെ ചെലവുകള്‍ (പാര്‍ക് റിസര്‍വു ചെയ്യുക, മത്സരങ്ങള്‍ സംഘടിപ്പിക്കുക, സമ്മാനങ്ങള്‍ വാങ്ങുക, ഭക്ഷണം തരപ്പെടുത്തുക) സ്വമേധയായുള്ള സംഭാവനകളിലൂടെ അംഗങ്ങളില്‍ നിന്ന് പിരിഞ്ഞു കിട്ടണമെന്നതാണ് അസോസിയേഷന്‍ ആഗ്രഹിക്കുന്നത്.

ഇക്കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി, പലവട്ടം അസോസിയേഷന്‍ ഭാരവാഹിയായ അനുഭവം വച്ച്, ഈ മാതൃക ഒരിടത്തും വിജയിക്കില്ല എന്ന സ്വാഭാവികമായ അനുമാനത്തില്‍ ഞാന്‍ എത്തിയിരുന്നു. മൊത്തം ചെലവിന്‍റെ പത്തു മുതല്‍ ഇരുപത് ശതമാനം വരെ മാത്രമേ സംഭാവന എന്ന രീതിയില്‍ അസോസിയേഷനു ലഭിച്ചിരുന്നുള്ളൂ. അതില്‍ തന്നെ, പകുതിയിലധികവും ഭാരവാഹികള്‍ തന്നെ നല്‍കുന്ന സംഭാവനയത്രേ!

അങ്ങനെയിരിക്കവേയാണ് ഞാന്‍ റ്റെറാ ബൈറ്റിനെക്കുറിച്ച് കേള്‍ക്കുന്നത്. എസ്പ്രസോയും, സാന്‍ഡ്‍വിചുകളും, ഡിസേര്‍ടുകളും, കോഫിയും സൌജന്യമായി കൊടുക്കുന്ന കട! പൂര്‍ണ്ണമായും സൌജന്യം എന്നു പറഞ്ഞുകൂട: മനസ്സുണ്ടെങ്കില്‍ പണം കൊടുത്താല്‍ മതി. അവരുടെ സൈറ്റു പ്രകാരം,

Terra Bite Lounge is an upscale voluntary payment cafe/deli. Patrons choose what to pay, and are encouraged to pay what they would elsewhere. We also cheerfully serve those who cannot pay, in a non-stigmatizing customer setting, with no political or religious message, and with full-time availability.

ഫ്രീ കിട്ടിയാല്‍ ഫീനോളും കുടിക്കുന്ന തരക്കാരെ ഈ വരികളിലൂടെയാണ് അവര്‍ അകറ്റി നിറുത്തുന്നത്:

We exclude those who ruin the experience for others.

ഇതു മാത്രമോ, ഈ കടയ്ക്കുള്ളില്‍ വയര്‍ലെസ് ഇന്‍റര്‍നെറ്റ്, X-Box/PS3 ഗെയിം ഖണ്‍സോളുകള്‍ എന്നിവ ഉപഭോക്താക്കള്‍ക്ക് സൌജന്യമായി ലഭിക്കും. അവരുടെ ഉദ്ദേശലക്ഷ്യങ്ങള്‍ വിവരിക്കുന്ന പേജില്‍, ഈ സം‌വിധാനം കുറ്റമില്ലാതെ പ്രവര്‍ത്തിക്കുന്നതായി സാക്ഷ്യപ്പെടുത്തുന്നു.

ലോകത്തിന്‍റെ ഏതോ കോണിലല്ല ഇതു നടക്കുന്നത്, ഞാന്‍ താമസിക്കുന്നതിനടുത്തു തന്നെ. അതിനാല്‍, ഇപ്പറഞ്ഞതെല്ലാം സത്യമാണെന്ന് സ്ഥിരീകരിക്കാന്‍ എനിക്കു സാധിക്കുന്നു. ഇത്തരം സം‌വിധാനം മറ്റെവിടെയെങ്കിലും നിലവിലുള്ളതായി അറിയുമോ?

മിറവേള്‍ഡ് റ്റിവി

വിന്‍ഡോസ് വിസ്ത അള്‍ടിമേയ്റ്റോ വിന്‍ഡോസ് വിസ്ത ഹോം പ്രീമിയമോ ഉപയോഗിക്കുന്നവര്‍ക്ക് ഇന്‍സ്റ്റോള്‍ ചെയ്യാവുന്ന ഒരു മീഡിയാസെന്‍റര്‍ ആപ്ലിക്കേഷനാണ് മിറവേള്‍ഡ് റ്റി. വി. ലോകത്തിലെ വിവിധരാജ്യങ്ങളില്‍ നിന്നുള്ള ഒട്ടനവധി വിഡിയോ സ്റ്റ്രീമുകള്‍ ഇതിലൂടെ കാണാവുന്നതാണ്. ദൂരദര്‍ശന്‍ ന്യൂസ് ഉള്‍പ്പടെ ഇന്ത്യയില്‍ നിന്നുള്ള പന്ത്രണ്ട് ചാനലുകള്‍ മിറവേള്‍ഡ് റ്റി. വി. യിലൂടെ ഇപ്പോള്‍ ലഭിക്കും.

പലനാള്‍ കള്ളന്‍

വെറുതേയിരുന്നു പാട്ടു കേട്ടുകൊണ്ടിരുന്ന അച്ചുവിനെ പാര്‍ക്കില്‍ കൊണ്ടുപോയി അത്യധ്വാനം ചെയ്യിപ്പിച്ചിട്ട് തിരിച്ചു വന്ന് റ്റി. വി. ഭാഷ ഇംഗ്ലീഷിലേയ്ക്ക് മാറ്റിയാലോയെന്നാലോചിച്ച് റിമോട്ടില്‍ കൈ വച്ചപ്പോഴാണ് അത് സംഭവിച്ചത്:

“ഇനിയെങ്കിലും ഒന്ന് നന്നാവാന്‍ നോക്കു മനുഷ്യാ!”

കേട്ടു നല്ല പരിചയമുള്ള സ്വരമാണെങ്കിലും, ഇതാരാണ് ഇത്ര സ്നേഹമില്ലാതെ സംസാരിക്കുന്നതെന്നറിയാന്‍ ചുറ്റും നോക്കിയ എനിക്ക് കാണാന്‍ കഴിഞ്ഞത്, “അമ്മേ, ദേവി”-യില്‍ ദേവിയായി അഭിനയിക്കാന്‍ ശ്രമിച്ച് പരാജയപ്പെടുന്ന സീരിയല്‍ നടിയെപ്പോലെ സംഹാരരുദ്രരൂപം പൂണ്ടെന്ന് വരുത്തി നില്‍ക്കുന്ന നല്ലപാതിയെയാണ്. ആരോപിക്കപ്പെടാത്ത കുറ്റം സ്വമേധയാ സമ്മതിക്കുന്നത് ആത്മഹത്യാപരമാണെന്ന് അറിയാവുന്നതുകൊണ്ട്, ഞാന്‍ തല്ക്കാലം നിശ്ശബ്ദത പാലിച്ചു.

“കഷ്ടം, മാന്യന്‍ വന്നിരിക്കുന്നു!”

എനിക്ക് കാര്യം മനസ്സിലാവുന്നില്ല. എന്തായിരിക്കും കാരണം? അടുത്ത കാലത്തൊന്നും മാന്യത കുറഞ്ഞ എന്തെങ്കിലും ചെയ്തതായി ഓര്‍ക്കാന്‍ കഴിയുന്നില്ല. കാര്യമെന്തെന്ന് ഉടന്‍ അന്വേഷിക്കുന്നത് ബുദ്ധിയല്ല. അതിനാല്‍ തന്നെ ഞാന്‍ സ്പോര്‍ട്സ്‍സെന്‍റര്‍ കാണാനിരുന്നു.

നേരമേറെ കഴിഞ്ഞിട്ടും, “ഉറങ്ങുന്നില്ലേ?” എന്ന ചോദ്യം പോയിട്ട്, അമ്മയുടെയും കുഞ്ഞിന്‍റെയും അനക്കം പോലും കേള്‍ക്കാതായപ്പോള്‍ റ്റി. വി. ഓഫ് ചെയ്ത് ഞാനും ഉറങ്ങാന്‍ പോയി.

തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും ഉറക്കം വരുന്നില്ല. മാനേജര്‍ റിവ്യൂ സ്കോര്‍ തന്നിട്ട് പറയുന്നതു പോലെയാണിത്: “ശ്രമിച്ചാല്‍ ഇതിലും നല്ല റിവ്യൂ കിട്ടാവുന്നതേയുള്ളൂ!”

“ഇതിലും കൂടുതല്‍ എന്താണ് ചെയ്യേണ്ടത്?”
“റ്റ്രൈ റ്റു എക്സീഡ് എക്സ്പെക്റ്റേഷന്‍സ് ഇന്‍ ഓള്‍ ഫ്രന്‍റ്സ്. മീറ്റിംഗ് ഓള്‍ യുവര്‍ ഗോള്‍സ് ആന്‍ഡ് എക്സീഡിംഗ് ഇന്‍ സം ഒഫ് ദെം ഈസ് നോട്ട് ഗുഡ് ഇനഫ്!”

പിറ്റേന്ന് രാവിലേയ്ക്ക് ഞാന്‍ ഇക്കാര്യം മറന്നിരുന്നില്ലെങ്കിലും മട്ടും ഭാവവും കണ്ടിട്ട്, മാന്യനാവാനുള്ള ആഹ്വാനത്തെപ്പറ്റി ഭാര്യ ഓര്‍ക്കുന്നതായി തോന്നിയില്ല.

ഓഫീസിലേയ്ക്കിറങ്ങും മുമ്പ് പത്രങ്ങളും മറ്റും ഒന്നു ഓടിച്ചു നോക്കാം എന്നു വച്ച് കമ്പ്യൂട്ടറിനുമുന്നില്‍ ചെന്നിരുന്ന എന്നെ എതിരേറ്റത് ഒരു മെസേജ് ബോക്സ് ആണ്. ഒരു നോവലെഴുതാനും മാത്രമുള്ള വിശേഷങ്ങളുള്‍ക്കൊള്ളിച്ച് പടച്ചു വിടാറുള്ള, താഴെ ചിത്രത്തില്‍ കാണുന്ന മാതിരിയുള്ള, വല്ല എക്സല്‍ മെസേജും ആയിരിക്കും എന്നു കരുതി അവഗണിക്കാമെന്ന് വച്ചു.

(എക്സല്‍ മെസേജ് ബോക്സ്: ചിത്രത്തില്‍ ക്ലിക്കു ചെയ്താല്‍ മെസേജ് ബോക്സ് വായിക്കാനുതകുന്ന വലിപ്പത്തിലാവും.)

(പൊടിക്കൈ: നേരമില്ലാത്ത നേരത്ത് ഏതെങ്കിലും ആപ്ലിക്കേഷന്‍ നിങ്ങളുടെ മുന്നില്‍ ഒരു മെസേജ് ബോക്സ് തുറന്നു വച്ചാല്‍, ആ മെസേജ് ബോക്സില്‍ ക്യാന്‍സല്‍ ബട്ടന്‍ ഉണ്ടെങ്കില്‍ മറ്റൊന്നും നോക്കാനില്ല, നേരേ ക്യാന്‍സല്‍ അമര്‍ത്തിക്കോളൂ. യാതൊന്നും സംഭവിക്കില്ല [സംഭവിച്ചു കൂട!] എന്നാല്‍ മെസേജ് ബോക്സില്‍ യെസ്/നോ ചോദ്യമാണെങ്കില്‍ ചോദ്യം വായിച്ചു നോക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണ്.)

അങ്ങനെ മൌസ്, ക്യാന്‍സല്‍ ബട്ടന്‍റെ അരികിലേയ്ക്ക് യാന്ത്രികമായി നീങ്ങിയപ്പോഴല്ലേ വെണ്ടയ്ക്കാ വലിപ്പത്തില്‍ NOTICE എന്നെഴുതിയിരിക്കുന്നത് ശ്രദ്ധിക്കുന്നത്. മാത്രമല്ല, ഇന്‍റര്‍നെറ്റ് എക്സ്പ്ലോളര്‍ എന്ന തലക്കെട്ടും.

നോട്ടീസിലെ ആദ്യവാചകം വായിച്ച് ഹുതാശനശ്ചന്ദനപങ്കശീതളമായിരുന്ന മനസ്സ് ഹുതാശനശ്ചന്ദനപങ്കശീതളമല്ലാതായിത്തീര്‍ന്നു. എന്നിട്ട് മനസ്സിരുത്തി നോട്ടീസ് മുഴുവന്‍ വായിക്കാനാരംഭിച്ചു:

(ഡ്രൈവ്ക്ലീനര്‍ മെസേജ് ബോക്സ്: ചിത്രത്തില്‍ ക്ലിക്കു ചെയ്താല്‍ മെസേജ് ബോക്സ് വായിക്കാനുതകുന്ന വലിപ്പത്തിലാവും.)

അപ്പോള്‍ ഇതായിരുന്നല്ലേ, “നന്നാവാന്‍ നോക്കൂ മനുഷ്യാ!” എന്ന ഉപദേശത്തിനു പിന്നിലെ ഗുട്ടന്‍സ്.

ഇതേപ്പറ്റി ഏകാംഗ കമ്മീഷന്‍ അന്വേഷണം തുടങ്ങുന്നതിനു മുമ്പ്, ഇതു തന്നെയാണ് പ്രതി എന്ന് ഉറപ്പു വരുത്തി. (ആരോപിക്കപ്പെടാത്ത കുറ്റം സ്വമേധയാ സമ്മതിക്കുന്നതില്‍ അര്‍ഥമില്ലാത്തതു പോലെ, പ്രതി ഇതല്ല എങ്കില്‍ വെറുതേ അന്വേഷിച്ച് സമയം കളയുന്നതെന്തിന്?)

ജോലിയും കുടുംബവും തകരാന്‍ എന്തിന് സൈറ്റുകള്‍ തോറും കയറിയിറങ്ങണം, ഇതുപോലുള്ള രണ്ട് സ്വയമ്പന്‍ മെസേജ് ബോക്സുകള്‍ കാണിച്ചാല്‍ പോരേ? ഈ മെസേജ് വന്നത് മ്യൂസിക് ഇന്‍ഡ്യ ഓണ്‍ലൈന്‍ എന്ന സൈറ്റില്‍ നിന്നാണെന്നും (അല്ലാതെ സത്യമായിട്ടും മറ്റേ സൈറ്റുകളില്‍ നിന്നല്ല എന്നും), ഡ്രൈവ് ക്ലീനര്‍ എന്നത് ‘സിസ്റ്റം ക്ലീനിംഗ്’ എന്ന പേരില്‍ ഉപയോക്താക്കളെ പറ്റിച്ചും (ഇതുപോലെ) പേടിപ്പിച്ചും ഇന്‍സ്റ്റോള്‍ ചെയ്യപ്പെടുന്ന സ്പൈവെയറാണെന്നും തെളിവു സഹിതം ബോധ്യപ്പെടുത്താന്‍ അധിക സമയം വേണ്ടി വന്നില്ല എന്നു പറയുന്നത് അമ്മയാണെ അതിശയോക്തിയല്ല.

ID3 റ്റാഗര്‍

എന്‍റെ പരിമിതമായ സി. ഡി. ശേഖരം, നൂറോളം വരുന്ന മലയാള സിനിമാഗാന സി. ഡി.-കളിലൊതുങ്ങുന്നു. പിന്നെ പത്തോളം ഹിന്ദി സി. ഡികളും. എല്ലാം കൂടി ഏറിയാല്‍ ആയിരത്തിയഞ്ഞൂറു പാട്ട്. അവയെ വിന്‍ഡോസ് മീഡിയ പ്ലെയര്‍ ഉപയോഗിച്ച് WMA, MP3 എന്നീ ഫോര്‍മാറ്റുകളിലാക്കി വച്ചത് ക്യൂജാഡ എന്ന സൈറ്റില്‍ മ്യൂസിക് വിഭാഗം നിലവിലുണ്ടായിരുന്നപ്പോഴാണ്. പഴയതും പുതിയതുമായ അനേകം മനോഹരഗാനങ്ങള്‍ ഞങ്ങളില്‍ ചിലര്‍ ആ സൈറ്റിലൂടെ ലഭ്യമാക്കിയിരുന്നു. കാശുകൊടുത്തു വാങ്ങിയ പാട്ടുകളാണെങ്കിലും ചുമ്മാ സൈറ്റിലിട്ടു കേള്‍പ്പിക്കുന്നത് ശരിയല്ലാ എന്ന് ബോധ്യമായ ദിനങ്ങളിലൊന്നിലാണ് ഞങ്ങള്‍ ക്യൂജാഡ പൂട്ടിക്കെട്ടിയത്.

സി. ഡി. യില്‍ നിന്നും എണ്ണമറ്റ ക്യാസറ്റുകളില്‍ നിന്നും ഡിജിറ്റൈസ് ചെയ്തു വച്ച ആ ശേഖരം അല്ലലേതുമില്ലാതെ ആസ്വദിച്ചു വരുമ്പോഴാണ് എനിക്കൊരു ഉള്‍വിളിയുണ്ടാവുന്നത്. എന്തുകൊണ്ട് ഫയലിന്‍റെ പേരുകള്‍ മലയാളത്തിലാക്കിക്കൂടാ? അങ്ങനെ, ഒരു വൈകുന്നേരമിരുന്ന് കൂട്ടത്തിലുള്ള അഞ്ചുപത്തു പാട്ടുകളുടെ പേരുകള്‍ ഇംഗ്ലീഷില്‍ നിന്നും മലയാളത്തിലാക്കി. കാര്യങ്ങളുടെ പുരോഗതി അറിയാനായി ഉടന്‍ തന്നെ അവയിലൊന്നിനെ ‘പാടിപ്പിച്ചു’ നോക്കി.

എന്തോ ഒരു പന്തികേട്. ഇംഗ്ലീഷ് ഫയല്‍ പേരുകള്‍ മലയാളത്തിലാക്കിയതോടെ മീഡിയ പ്ലെയര്‍, ഫയലിന്‍റെ പേരിനു പകരം ശീര്‍ഷകം (Title) പ്രദര്‍ശിപ്പിച്ചു തുടങ്ങി. പ്ലേലിസ്റ്റ് നോക്കി പാട്ടുകള്‍ തിരഞ്ഞെടുക്കാമായിരുന്ന സൌകര്യമാണ് മൊഴിമാറ്റം മൂലം നഷ്ടമായിരുക്കുന്നത്.


ചിത്രം: ഉള്‍വിളിക്കു മുമ്പ്


ചിത്രം: ഉള്‍വിളിക്കു ശേഷം

ചെയ്തത് പുലിവാലായി എന്ന് ബോധ്യമായി. എന്നാലും പാട്ടിന്‍റെ പേരുകള്‍ മലയാളത്തില്‍ കാണാന്‍ കൊതി. പാട്ടുകള്‍ മീഡിയ സെന്‍ററിലേയ്ക്ക് മാറ്റി ഒന്നു കൂടി നോക്കി. പ്രതീക്ഷിച്ചതു പോലെ മീഡിയാസെന്‍ററും ശീര്‍ഷകമാണ് കാണിക്കുന്നത്.


ചിത്രം: മീഡിയസെന്‍റര്‍ പ്ലേലിസ്റ്റ് പോയ പോക്ക്

ID3 റ്റാഗുകള്‍ എന്നറിയപ്പെടുന്ന ഫയലിന്‍റെ ശീര്‍ഷകം, ആല്‍ബത്തിന്‍റെ പേര്, കലാവിഭാഗം, തുടങ്ങിയവ ഓരോ ഫയലിലുമായി എഴുതിച്ചേര്‍ക്കാവുന്നതേയുള്ളൂ. എന്നാലും ഓരോ ഫയലിന്‍റെ പേരും മലയാളത്തിലാക്കുന്നതിനൊപ്പം ഫയലിന്‍റെ ഗുണവിശേഷതകളില്‍ (file properties) ശീര്‍ഷകം കൂടി എഴുതിച്ചേര്‍ക്കുന്നത് ഇരട്ടിപ്പണിയാണല്ലോ. പരിഭാഷാശ്രമം ഉപേക്ഷിക്കണോ എന്നാലോചിച്ചു. എന്‍റെ ആവശ്യത്തിനുതകുന്ന ഒരു റ്റൂള്‍ തപ്പിയിട്ടു കിട്ടിയുമില്ല. ഫയലിന്‍റെ പേര് അതുപോലെയെടുത്ത് ശീര്‍ഷകമാക്കുന്ന ഒരു പ്രോഗ്രാമെഴുതിയാലോ എന്ന ആലോചന നടപ്പാക്കി. അങ്ങനെ ഒന്ന് എഴുതിയുണ്ടാക്കിയപ്പോള്‍ കാര്യം നടന്നു!

മുപ്പതോളം വരികള്‍ മാത്രമുള്ള ഒരു ചെറിയ ഖമാന്‍ഡ് ലൈന്‍ പ്രോഗ്രാമില്‍ നിന്നും മറ്റുള്ളവര്‍ക്കു കൂടി ഉപകാരപ്പെട്ടേക്കുന്ന പ്രോഗ്രാമായി മാറ്റിയപ്പോള്‍ വരികളുടെ എണ്ണം എഴുനൂറ്റമ്പതിലധികമായി! എന്തായാലും മെനക്കെട്ടില്ലേ, അല്പം മലയാളിത്തം പ്രോഗ്രാമിലും ഇരിക്കട്ടെ എന്നും കരുതി. ഇതാ നോക്കൂ:


ചിത്രം: റ്റാഗര്‍ യൂസര്‍ ഇന്‍റര്‍ഫെയ്സ്

ഈ പ്രോഗ്രാമുപയോഗിച്ചാല്‍ ഫയലുകളുടെ പേരുതന്നെ അതിന്‍റെ ശീര്‍ഷകമാക്കാനുള്ള ഓപ്ഷനുണ്ട്. അതല്ല, നിങ്ങള്‍ക്കിഷ്ടമുള്ള മറ്റെന്തെങ്കിലും പേര് നല്‍കുകയുമാവാം. മൊഴിമാറ്റത്തോടൊപ്പം ശീര്‍ഷകവും മാറിയപ്പോള്‍ ദാ ഇങ്ങനെയായിക്കിട്ടി:


ചിത്രം: മീഡിയാപ്ലേയര്‍ എന്‍റെ വരുതിയില്‍


ചിത്രം: മീഡിയസെന്‍റര്‍ അനുസരണയോടെ

താല്പര്യമുള്ളവര്‍ക്ക് പ്രോഗ്രാം ഇവിടെ നിന്നും ഡൌണ്‍ലോഡ് ചെയ്യാം. ഇന്‍സ്റ്റോള്‍ ചെയ്യുന്നവര്‍ readme.txt വായിക്കാന്‍ മറക്കരുതേ. ബഗ്ഗുകളും ഫീച്ചര്‍ റിക്വസ്റ്റുകളും ഇവിടെ ഒരു കമന്‍റായി ഇടുകയോ (എന്നാല്‍ ഈ പോസ്റ്റിന് നൂറടിക്കാന്‍ അധികം നേരം വേണ്ടിവരില്ല!) എനിക്ക് അയച്ചു തരികയോ ചെയ്യുമല്ലോ.

ശ്രദ്ധിക്കേണ്ടവ:
1. ഈ പ്രോഗ്രാം ഇന്‍സ്റ്റോള്‍ ചെയ്യുമ്പോള്‍ വിഷ്വല്‍ സ്റ്റുഡിയോ 2005 റണ്‍റ്റൈം ഇന്‍സ്റ്റോള്‍ ചെയ്യപ്പെടും.
2. ഇത് വിന്‍ഡോസ് ഉപയോക്താക്കള്‍ക്കു മാത്രമേ പ്രയോജനപ്പെടൂ.
3. ഈ പ്രോഗ്രാമില്‍ മൈക്രോസോഫ്റ്റ് ഫോര്‍മാറ്റ് എസ്. ഡി. കെ. ഉപയോഗപ്പെടുത്തിയിട്ടുള്ളതിനാല്‍ നിങ്ങളുടെ കമ്പ്യൂട്ടറില്‍ ഫോര്‍മാറ്റ് എസ്. ഡി. കെ. റണ്‍റ്റൈം ആവശ്യമാണ്. വിന്‍ഡോസ് മീഡിയ പ്ലെയര്‍ പത്തോ പതിനൊന്നോ ഇന്‍സ്റ്റോള്‍ ചെയ്തിട്ടുണ്ടെങ്കില്‍ നിങ്ങളുടെ കമ്പ്യൂട്ടറില്‍ ഈ റണ്‍റ്റൈം ഉണ്ട്.

ചോദ്യം, ഉത്തരം

Nov 11

“പിറന്നാള്‍?”
“അല്ല.”
“ഭാര്യയുടെയോ മകന്‍റെയോ പിറന്നാള്‍?”
“അല്ല.”
“ദില്ലി മീറ്റ്?”
“ഇനിയും ശ്രമിക്കൂ!”
“വിവാഹ വാര്‍ഷികം?”
“അതെ!”

Published in:  on November 11, 2006 at 7:11 pm Leave a Comment