രാജാ (ഗോസ്നെല്‍) കയ്യേ വച്ചാ

ആയാസരഹിതമായി ബര്‍മ്യൂഡയെത്തകര്‍ത്ത് ബംഗ്ലാദേശ്, ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ സൂപ്പര്‍-8 മോഹങ്ങള്‍ പൂര്‍ണ്ണമായും തല്ലിക്കെടുത്തിയതിന്‍റെ സങ്കടം, ട്രൈഗ്ലിസറൈഡിന്‍റെ അതിപ്രസരം കാരണം, നമ്മുടെ മനസ്സിനിണങ്ങും വിധം തീര്‍ക്കുന്നത് അസാധ്യമാണെന്ന തിരിച്ചറിവാണ് അപകടം പിടിച്ചതെങ്കിലും സാധ്യമായ മറ്റൊരു രീതിക്ക് എന്നെ പ്രേരിപ്പിച്ചത്.

ദത്തെടുത്ത ആറു കുട്ടികളുള്‍പ്പെടെ പത്തു മക്കളുടെ അമ്മയായ ഹെലനും (റെനേ റുസ്സോ) സ്വന്തമായി എട്ടുമക്കളുള്ള ഫ്രാങ്കും (ഡെന്നിസ് ക്വയ്ഡ്) അപ്രതീക്ഷിതമായി വീണ്ടും കണ്ടുമുട്ടുന്നു. ഹെലനും ഫ്രാങ്കും സ്കൂള്‍ കാലം മുതല്‍ ആകൃഷ്ടരായിരുന്നു. പിന്നീട് ഇരുവരും ഇരുവഴിക്കായെങ്കിലും ഇത് സ്വപ്നതുല്യമായ പുനസ്സമാഗമവേളയാണ്. ഹെലന്‍റെ ഭര്‍ത്താവും ഫ്രാങ്കിന്‍റെ ഭാര്യയും മരണപ്പെട്ടിട്ട് മൂന്നോ നാലോ വര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കുന്നു.

ഹെലനും ഫ്രാങ്കും കല്യാണം കഴിച്ച്, പതിനെട്ടു കുട്ടികളുമായി ഒരുമിച്ചു ജീവിക്കാനാരംഭിക്കുന്ന കഥ പറയുകയാണ് Yours, Mine & Ours എന്ന സിനിമ. 2005-ല്‍ റിലീസായ ഈ സിനിമയുടെ നിരൂപണമൊന്നും വായിക്കാതെ സിനിമ കാണാനിരുന്നത് എന്‍റെ തെറ്റ്.

സിനിമ തുടങ്ങി 15:37 മിനിട്ട് ആയപ്പോഴുള്ള ഈ സംഭാഷണമൊഴികെ മറ്റു സന്ദര്‍ഭങ്ങളും സംഭാഷണങ്ങളും ഒരു ചെറു പുഞ്ചിരി പോലും ഉണ്ടാക്കാന്‍ വിഷമിക്കുന്നതരത്തിലുള്ളവയാണ്:

ഫ്രാങ്ക്: “I was up all night, I was Googling her!”
ഡാരല്‍ (സുഹൃത്ത്): “Jeez, Frank, you Googled another man’s wife?”
ഫ്രാങ്ക്: “Yeah, what do you think that means?”
ഡാരല്‍: “I don’t know. Something dirty?”

രാജാ ഗോസ്നെലിന്‍റെ സം‌വിധാനം കുറ്റമില്ലാത്തതാണ്. പക്ഷേ, കഥയും തിരക്കഥയും സിനിമയെ നശിപ്പിച്ചു. കൈരളി റ്റി. വി.-യില്‍ സൂം ഇന്‍ (Zoom In) എന്ന പരിപാടിയുടെ പരസ്യമായി ശരത് ദാസ്, ‘നല്ല കഥയ്ക്കാണിവിടെ പഞ്ഞം’ എന്നു പറഞ്ഞു കേള്‍ക്കുമ്പോള്‍ എനിക്ക് ചിരിവരും. എന്നാലും ശരത് പറയുന്നതിലും കാര്യമുണ്ടെന്ന് ഇപ്പൊഴാ മനസ്സിലായത്!

വിഷമം മാറാനെന്തുണ്ടു വഴി? സുഹൃത്ത് ദേവപ്രസാദ് പറയുന്നതു പോലെ, “കിലുക്കം ഒന്നൂടെ കണ്ടാലോ!”

സിനിമ: Yours, Mine & Ours
സം‌വിധായകന്‍: രാജാ ഗോസ്നെല്‍
ശുപാര്‍ശ: കണ്ടേക്കല്ലേ!

Published in: on March 26, 2007 at 5:44 am Comments (4)

കുടുംബ പ്രവര്‍ത്തനം

ലോകത്തിന്‍റെ ഒരു മൂലയില്‍ വസിക്കുന്ന പ്രവാസിയായതിനാല്‍ പതിനഞ്ചോ അതിലധികമോ വരുന്ന മലയാളം ചാനലുകള്‍ കാണാനുള്ള ഭാഗ്യം എന്‍റെ നല്ലപാതിക്ക് ഇല്ല. മുജ്ജന്മ സുകൃതത്തിന്‍റെ സ്റ്റോക്ക് എന്നെക്കെട്ടിയ വകയില്‍ തീര്‍ന്നു പോയതിനാലും കഴിഞ്ഞ ജന്മത്തില്‍ ഞാന്‍ അധികം സുകൃതം ചെയ്തിട്ടില്ലാത്തതിനാലും എണ്ണിച്ചുട്ട അപ്പം പോലെ കിട്ടുന്ന ചാനലുകളായ കൈരളിയും സൂര്യയും മാത്രമാണ് നമ്മുടെ മലയാളം ദൂരദര്‍ശനമോഹങ്ങളെ ചെറുതായെങ്കിലും പൂവണിയിക്കുന്നത്.

ചൊറിഞ്ഞു കേറുന്ന പരിപാടികളുടെ ആധിക്യം കാരണം (ഉദാ: 1, 2), ന്യൂസിനും ക്രിക്കറ്റുകളിയുടെ തുണ്ടുകള്‍ കാണുന്നതിനും മാത്രമാണ് ഞാന്‍ ഇവയെ ആശ്രയിക്കാറ്. മറ്റെല്ലാ വീടുകളിലേയും പോലെ, ഒന്നും കണ്ടില്ലെങ്കിലും റ്റി. വി. ഓണ്‍ ആയിരിക്കണമെന്ന തത്വം കൃത്യമായി പാലിക്കുന്ന കൂട്ടരായതിനാല്‍ കൌതുകം ജനിപ്പിക്കുന്ന മറ്റുപരിപാടികളൊക്കെ കണ്ടു കഴിയുമ്പോള്‍ യാന്ത്രികമായി റ്റി. വി. ചാനല്‍ എണ്ണൂറോ എണ്ണൂറ്റിയൊന്നോ (സൂര്യയോ കൈരളിയോ) ആയി മാറും.

അങ്ങനെയുള്ള വൈകുന്നേരങ്ങളിലൊന്നിലാണ് ഞാന്‍ പളുങ്ക് എന്ന സിനിമയുടെ പ്രസക്ത ഭാഗങ്ങള്‍ കാണുന്നത്.

അവതാരിക: “തൊട്ടതെല്ലാം പൊന്നാക്കുന്ന, മലയാള സിനിമാ സം‌വിധായകരില്‍ അഗ്രഗണ്യനായ ബ്ലസ്സി…”
ഞാന്‍: “ഓ, പിന്നേയ്… (ഭാര്യയോട്) എടീ, അഗ്രഗണ്യന്‍ എന്ന വാക്കിന്‍റെ അര്‍ഥമെന്താണെന്ന് നിനക്കറിയാമോ?”
ദിവ്യ: “പ്രധാനപ്പെട്ടവന്‍? മുന്‍‍നിരയിലുള്ളവന്‍? അങ്ങേയറ്റത്തവന്‍?”
ഞാന്‍: “ഏറ്റവും നല്ലവന്‍, വഴികാട്ടുന്നവന്‍, നേതൃത്വം നല്‍കുന്നവന്‍, സര്‍വശ്രേഷ്ഠന്‍, പ്രഥമഗണനീയന്‍, പൂജ്യസ്ഥാനീയന്‍, മേന്മയും തികവും ഔന്നത്യവും വൈശിഷ്ട്യവും കുലീനതയും നിറഞ്ഞവന്‍…”
ദിവ്യ: “പാവങ്ങളല്ലേ… ജീവിച്ചു പോട്ടെ. ഇന്ന് വേറേയാരേയും കിട്ടിയില്ലേ കുതിരകേറാന്‍?”

ഇതൊന്നും വകവയ്ക്കാതെ, റ്റി. വി.-ക്കാരി കസര്‍ത്തു തുടരുകയാണ്. ഇടയ്ക്കിടയ്ക്ക് സിനിമയുടെ ചില ഭാഗങ്ങള്‍ കാണിക്കുന്നുമുണ്ട്. പകുതി ശ്രദ്ധ റ്റി. വി. യിലാക്കി, ഞാന്‍ ക്രിക്ഇന്‍ഫോയില്‍ സ്കോട്‍ലന്‍ഡ് അയര്‍ലന്‍ഡിനെ തോല്പിച്ച വാര്‍ത്ത വായിക്കാനിരുന്നു. പെട്ടന്നാണ് മമ്മൂട്ടിയും നായികയും തമ്മിലുള്ള ഈ സംഭാഷണം ശ്രദ്ധിക്കുന്നത്:

നായിക: “ഈ വീട്ടില്‍ ഇന്നേ വരെ കുടുംബ പ്രവര്‍ത്തനം നടന്നിട്ടുണ്ടോ?”*

ഞാന്‍ ചെറുതായൊന്നു ഞെട്ടി. എന്തായിരിക്കും നായിക ഉദ്ദേശിച്ച ഈ ‘കുടുംബ പ്രവര്‍ത്തനം’?

റ്റി. വി. യില്‍ നോക്കിയപ്പോള്‍ മമ്മൂട്ടി കട്ടിലില്‍ കിടക്കുന്നു, നായിക തറയില്‍ പായ് വിരിച്ച് അതിലും. മുകളില്‍ പറഞ്ഞ ചോദ്യം ചോദിക്കാന്‍ പറ്റിയ സെറ്റപ്പ്.

ഞാന്‍ (ദിവ്യയോട്): “ഇന്നേ വരെ ഈ വീട്ടില്‍ എന്ത് നടന്നിട്ടുണ്ടോന്ന്?”
ദിവ്യ: “ആ… എന്തോ കുടുംബ…”

ഞാന്‍ മീഡിയാ സെന്‍റര്‍ റീവൈന്‍ഡ് ചെയ്തു. (ഷെയിം‍ലെസ് പ്ലഗ് എന്നതിന്‍റെ മലയാളം എന്താണാവോ: നാണമില്ലാത്ത പരസ്യം എന്നാണോ?) വീണ്ടും കേട്ടു നോക്കി.

ഞാന്‍: “കൊള്ളാം, വീട്ടില്‍ കുടുംബ പ്രവര്‍ത്തനം നടന്നിട്ടുണ്ടോന്ന്! ഗ്രാമീണയായ നായിക ഇങ്ങനെ നേരേ വാ എന്ന രീതിയില്‍ ഭര്‍ത്താവിനോട് ‘പ്രവര്‍ത്തനമില്ലായ്മ’യെപ്പറ്റി പരാതി പറയുന്നതു കൊള്ളാമല്ലോ. ഇനി ഇതിലും വായില്‍ക്കൊള്ളാത്ത രണ്ട് ഡയലോഗ് മോളെന്നു പറയുന്ന പെങ്കൊച്ചിന്‍റെ വായില്‍ കൂടി തിരുകി വച്ചാല്‍ ബ്ലസ്സിക്ക് സം‌വിധായകരിലെ അഗ്രഗണ്യപദവി നിലനിറുത്താന്‍ ബുദ്ധിമുട്ടേയില്ല…”

“ആ റിമോട്ടിങ്ങു തന്നേ, ഞാന്‍ ഒന്നു കൂടെ കേള്‍ക്കട്ടെ.”
“ഇതൊന്നും അച്ചു കേള്‍ക്കേണ്ട, അവന്‍റെ ചെവി പൊത്തിക്കോ!” ഞാന്‍ തമാശയായി പറഞ്ഞു.

സീന്‍ റീവൈന്‍ഡാകുന്നു. ജൂറി പുറത്ത്: “അതേ, ആ ചെവി ഒന്ന് ഡോക്ടറെക്കാണിക്കുമോ? അവള്‍ ചോദിച്ചത്, ‘ഈ വീട്ടില്‍ കുടുംബ പ്രാര്‍ഥന നടന്നിട്ടുണ്ടോ’ എന്നാണ്!”

[*ഇതെഴുതുന്നതിനു മുമ്പ് നായികയുടെ ചോദ്യവും അതിനു മമ്മൂട്ടി നല്‍കുന്ന ഉത്തരവും ഒരിക്കല്‍ കൂടി കാണാന്‍ ശ്രമിച്ചെങ്കിലും ഇതുവരെ നടന്നിട്ടില്ല.]

Published in: on February 6, 2007 at 12:19 am Comments (43)

എന്നാലും എന്‍റെ സ്പീല്‍ബര്‍ഗ്ഗേ!

സ്റ്റീവന്‍ സ്പീല്‍ബര്‍ഗ്ഗിന്‍റെ പടമല്ലേ, അയ്യേ, കണ്ടിട്ടില്ലേന്ന് പ്രായമേറെച്ചെല്ലുമ്പോള്‍ ആരെങ്കിലും ചോദിച്ചാലോ എന്നു കരുതിയാണ്, അദ്ദ്യേം 2004-ല്‍ പടച്ച ‘ദ റ്റെര്‍മിനല്‍’ എന്ന സിനിമ, ഇല്ലാത്ത നേരം ഉണ്ടാക്കി, കാണാനിരുന്നത്.

സിനിമയുടെ ദൈര്‍ഘ്യം രണ്ട് മണിക്കൂര്‍ എട്ട് മിനിട്ട് എന്നു കണ്ട് ഞെട്ടിയെങ്കിലും, സ്പീല്‍ബര്‍ഗ്ഗിന്‍റെ മാന്ത്രികത ഇന്നെങ്കിലും പുറത്തു വരുമെന്ന് വിശ്വസിച്ച് നീളം സഹിക്കാമെന്നു വച്ചു. നായിക, കൊല്ലങ്ങള്‍ക്കുമുമ്പ് നല്ലകാലം കഴിഞ്ഞുപോയ കാറ്ററീന്‍ സീറ്റ ജോണ്‍സ്. മൈക്കല്‍ ഡഗ്ലസിനെക്കെട്ടി തടിച്ചിയായ ശേഷം അവളുടെ അഭിനയശേഷിയില്‍ എനിക്ക് വിശ്വാസമില്ലാതായിത്തുടങ്ങിയിരുന്നു (അവളിനി എങ്ങനെ ജീവിക്കുമോ ആവോ?). നായകനാണെങ്കില്‍ റ്റോം ഹാങ്ക്സും. തെറ്റില്ലാതെ അഭിനയക്കുന്ന ഈ മാന്യന്‍, കഴിഞ്ഞ കുറേക്കാലമായി തല്ലിപ്പൊളിപ്പടങ്ങള്‍ അടങ്കലെടുത്തിരിക്കുന്ന വ്യക്തിയാണ്. എന്നാലും സ്പീല്‍ബര്‍ഗ്ഗല്ലേ, ക്രിയേറ്റിവിറ്റിയുടെ സ്പാര്‍ക്കല്ലേ, കുന്തമല്ലേ, കുടച്ചക്രമല്ലേ, എന്നൊക്കെപ്പറഞ്ഞ് ഒരു ധൈര്യത്തില്‍ പടം കാണല്‍ ആരംഭിച്ചു.

തുടക്കം തെറ്റില്ലല്ലോ. റ്റോം ഹാങ്ക്സ്, മാനറിസങ്ങള്‍ മാറ്റിവച്ച് അല്പാല്പമായി തിളങ്ങാന്‍ തുടങ്ങുന്നു. ‘യാരടേ എവള്’ എന്ന് ചോദിപ്പിക്കുമാറ്, സ്ലിം ബ്യൂട്ടിയായി കാറ്ററീന്‍ സീറ്റ ജോണ്‍സും സ്റ്റേജില്‍. അല്പം തമാശയും അടക്കമുള്ള റൊമാന്‍സുമായി പടം മുന്നേറുന്നു.

ഏതാണ്ട് ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍, പടത്തിന്‍റെ നിലവാരം മൈക്രോസൊഫ്റ്റിന്‍റെ സ്റ്റോക്ക് പോലെ താഴോട്ടുള്ള പ്രയാണം ആരംഭിച്ചു. നായകനും നായികയും, സം‌വിധായകന്‍റെ വരുതിയില്‍ നില്‍ക്കാതെ എങ്ങോട്ടോ പോകുന്നു. സീന്‍ റ്റോണുകള്‍ അടിക്കടി മാറി കണ്ണിന് ആയാസമുണ്ടാവുന്ന വിധമാവുന്നു. ഡയലോഗുകള്‍ കൃത്രിമമാവുന്നു. സീനുകള്‍ ഏച്ചുകെട്ടിയപോലെ മുഴച്ചിരിക്കുന്നു. റ്റോം ഹാങ്ക്‍സ് നെറ്റി ചുഴിക്കുന്നു. കാറ്ററീന്‍ സീറ്റ ജോണ്‍സ് ചുണ്ടറ്റം മുകളിലേയ്ക്കാക്കി മലര്‍ത്തിയിട്ട റ പോലെ പിടിച്ച് ചിരിച്ചെന്നു വരുത്തുന്നു. എല്ലാം കഴിഞ്ഞ് കൈമാക്സ് അതിലും വിചിത്രം. കൂടുതല്‍ പറയുന്നില്ല.

പ്രിയദര്‍ശന്‍ സം‌വിധാനം ചെയ്ത്, മോഹന്‍ലാലും സ്വപ്നയും അഭിനയിച്ച ‘കടത്തനാടന്‍ അമ്പാടി’ കാണണോ, സ്റ്റീവന്‍ സ്പീല്‍ബര്‍ഗ്ഗ് സം‌വിധാനം ചെയ്ത്, റ്റോം ഹാങ്ക്സും കാറ്ററീന്‍ സീറ്റ ജോണ്‍സും അഭിനയിച്ച ‘ദ റ്റെര്‍മിനല്‍’ കാണണോ എന്ന് ആരെങ്കിലും ചോദിച്ചാല്‍ അറച്ചു നില്‍ക്കാതെ, മടിച്ചു നില്‍ക്കാതെ പറഞ്ഞോളൂ, ‘കടത്തനാടന്‍ അമ്പാടി’ കാണണമെന്ന്: ഒന്നുമില്ലെങ്കിലും പാട്ടെങ്കിലും ഫോര്‍വേഡ് ചെയ്യാമല്ലോ.

Published in: on May 10, 2006 at 6:29 pm Comments (24)

റണ്‍ ലോലാ റണ്‍

കുറച്ചുനാള്‍ മുമ്പു മനോജ് ശുപാര്‍ശചെയ്തതാണെങ്കിലും റണ്‍ ലോലാ റണ്‍ കാണാന്‍ തരമായതിന്നാണ്.

കഥപറയുന്നില്ല. ഇത്രയും പറഞ്ഞുവയ്ക്കാം: ഇരുപത് മിനുട്ട് നേരത്തെ സംഭവങ്ങളാണ് പ്രതിപാദ്യ വിഷയം. ഒരു ചെറിയ-വളരെ ചെറിയ-സംഭവം കഥാഗതിയെ (ജീവിതത്തെ) എങ്ങനെ ബാധിക്കാം എന്നു പല രീതിയില്‍ വരച്ചുകാട്ടുകയാണ് ഈ സിനിമ.

മമെന്‍റോ (ഇംഗ്ലീഷ് ഗജനി), സ്ലൈഡിംഗ് ഡോഴ്സ് (ഇതാണ് തമിഴിലെ‍ 12B എന്ന് പ്രാപ്ര) എന്നിവയെപ്പോലെ കഥയിലെ വ്യത്യസ്തതമൂലം മറ്റുസിനിമകളില്‍ നിന്നും വേറിട്ടുനില്‍ക്കുന്നു റണ്‍ ലോലാ റണ്‍.

റിലീസ്: 1998
ഭാഷ: ജര്‍മന്‍
സം‍വിധായകന്‍: ടോം റ്റൈക്വെര്‍

വിഭാഗം: കുറിപ്പുകള്‍

Published in: on March 8, 2006 at 7:24 am Comments (3)

ഖ്യൂരിയസ് ജോര്‍ജ്

അച്ചുവും ദിവ്യയും കൂടി ഇന്നലെ ഖ്യൂരിയസ് ജോര്‍ജ് കാണാന്‍ പോയി. അച്ചു നല്ല ഉറക്കമായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിച്ചത്. അച്ചുവിന്‍റെ അമ്മയ്ക്ക് പടം ക്ഷ പിടിച്ചുപോലും. കൊച്ചുങ്ങള്‍ ഉള്ളവര്‍ക്കും ഇല്ലാത്തവര്‍ക്കും ഉണ്ടാകാന്‍ പോകുന്നവര്‍ക്കും ഉണ്ടാക്കാന്‍ പദ്ധതിയിടുന്നവര്‍ക്കും കാണാന്‍ കൊള്ളാമത്രേ.

Published in: on February 21, 2006 at 6:15 pm Comments (20)